സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതല്ല ഒരു പ്രണയവുമെന്ന് പറയുകയാണ് ഗായിക അഞ്ജു ജോസഫ്. പ്രണയമോ ദാമ്പത്യമോ സൗഹൃദമോ ഏതൊരു ബന്ധത്തിലും പരസ്പര ബഹുമാനമാണ് പ്രധാനമെന്നും അഞ്ജു പറയുന്നു. മാനസികാരോഗ്യത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മനസ്സു തുറക്കുകയാണ് അഞ്ജു ജോസഫ്.

To advertise here,

അഞ്ജു എന്നാൽ ഇപ്പോഴും മലയാളികൾക്ക് റിയാലിറ്റി ഷോയിലെ കുട്ടി. ആ അയൽവക്കത്തെ കുട്ടി ഇമേജിനെയും ആ സ്‌നേഹത്തെയും എങ്ങനെയാണ് കാണുന്നത്. അത് എപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടുണ്ടോ? 

എപ്പോഴും ഒരു അയൽവക്കത്തെ കുട്ടി ഇമേജുണ്ട്. അത് എനിക്ക് ഇഷ്ടമാണ്. ഒരു സമയത്ത് ആ ലേബൽ എനിക്കൊരു ഭാരമാകുന്നത് പോലെ തോന്നി. കാരണം ആ ലേബൽ കാരണം ചില കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ വരുമല്ലോ. നമ്മൾ സോഷ്യൽ മീഡിയയിൽ കൊടുക്കുന്നത് വെച്ചാണല്ലോ നമ്മൾ പറയുന്നത്. അതിൽ എന്റെ ജീവിതത്തിന്റെ എത്ര ശതമാനമുണ്ടാകും. എന്റെ കുറച്ചു സന്തോഷമുള്ള മൊമന്റ്‌സ് അല്ലെങ്കിൽ അതിന്റെ വളരെ പുറത്തുകൂടിയുള്ള സംഭവമേ അവർക്ക് അറിയുള്ളൂ. ഞാൻ ശരിക്കും എന്താണെന്ന് വീട്ടിൽ വന്നു നോക്കിയാല്ലല്ലേ അറിയൂ. പൊതുവേ ഞാൻ എപ്പോഴും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിക്കുന്നയാളാണ്. എല്ലാ മനുഷ്യരേയും പോലെ സന്തോഷമായും സമാധാനമായുമിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. പക്ഷേ, സോഷ്യലാണോ ചോദിച്ചാൽ അല്ല. എന്നാൽ ഒരു ഗ്രൂപ്പിലെന്നെ കൊണ്ടിട്ടാൽ ഞാൻ എല്ലാവരോടും സംസാരിക്കും. അതേസമയം, സ്റ്റേജിൽ കയറുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. താഴെ നിൽക്കുന്നയാളേയല്ല സ്റ്റേജിൽ കയറുമ്പോൾ.

പാട്ടുകാരിയാകണമെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നോ?

ഒരിക്കലുമല്ല. ആകസ്മികമായി ആയിപ്പോയതാണ്. റിയാലിറ്റി ഷോയിലേക്ക് വീട്ടിൽ നിന്ന് ഉന്തിത്തള്ളി പറഞ്ഞുവിട്ടതാണ്. പിന്നെ ആ സമയത്തൊക്കെ എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. പിന്നെ പ്രശസ്തി ഇഷ്ടപ്പെടുന്ന ഒരു ഘട്ടമെത്തുമല്ലോ, അത് കഴിഞ്ഞ് ശരിക്കും പാട്ടിനെ ഇഷ്ടപ്പെടുന്ന ഒരു സമയം വന്നു. എല്ലാവർക്കും ഇങ്ങനെ ആണെന്നല്ല, എന്റെ കാര്യമാണ് പറയുന്നത്. അങ്ങനെ പാട്ട് ഇഷ്ടപ്പെടുന്ന സമയം വന്നുകഴിഞ്ഞപ്പോൾ ഞാൻ സ്വപ്‌നം കാണാൻ തുടങ്ങി, അത് പാഷനായി. അന്ന് ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. അമിതഭാരമായായിരുന്നു ആ സമയത്ത് തോന്നിയിരുന്നത്. എന്നാൽ ഇപ്പോഴങ്ങനെയല്ല. ഞാൻ ശരിക്കും ആസ്വദിച്ചാണ് ജോലി ചെയ്യുന്നത്. അന്ന് എന്റെ മാതാപിതാക്കൾ ഉന്തിത്തള്ളി ഇതിലേക്ക് വിട്ടതിൽ ഇന്ന് എനിക്ക് നന്ദിയുണ്ട്. എന്റെ കുറച്ച് ഒറിജിനൽ സോങ്ങ്‌സ് വരാനിരിക്കുകയാണ് ഈ വർഷം. ഇഷ്ടപ്പെട്ട എഴുത്തുകാരെ കൊണ്ട് എഴുതിപ്പിച്ച പാട്ടുകളുണ്ട്.

placeholder
 Photo: Facebook.com/Anjujoseph

പാട്ട് കഴിഞ്ഞാൽ താത്പര്യം എന്തിനോടാണ്.

എനിക്ക് വായിക്കാൻ വലിയ ഇഷ്ടമാണ്. ദിവസവും ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും വായിക്കുന്നത് ഞാൻ ഒരു ദിനചര്യ പോലെ പിന്തുടരാറുണ്ട്. ആദിത്യയും അത് ചെയ്യാറുണ്ട്. ഒരു പത്തുപേജെങ്കിലും ഞങ്ങൾ രണ്ടുപേരും വായിച്ചിട്ടാണ് കിടന്നുറങ്ങുന്നത്. ഷോസിന്റെ തിരക്ക് കാരണം തുടർച്ചയായി ഇരുന്നു വായിക്കാനിപ്പോൾ സമയം കിട്ടാറില്ല. വായിക്കാൻ പറ്റിയാൽ അത്രയും സന്തോഷം.

ആദിത്യക്ക് സിനിമ കാണാൻ ഇഷ്ടമാണ്. ഞാൻ സിനിമ പേഴ്‌സണല്ല, കുറച്ചുകൂടി സീരീസ് പേഴ്‌സണാണ്.വായന കൊണ്ട് ഒരുപാട് വ്യത്യാസമുണ്ടായി. കറേജ് ടു ബി ഡിസ്ലൈക്ക്ഡ് എന്നൊരു പുസ്തകമുണ്ട്. അത് എന്റെ ജീവിതത്തിൽ ഒരുപാട് വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. ഞാൻ ഗുഡ് ഗേൾ സിൻഡ്രമൊക്കെയുള്ളയാളായിരുന്നു. മറ്റൊരാൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും അത് സാരമില്ല എന്നൊരു പോയിന്റിലെത്തിക്കാൻ ആ പുസ്തകം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ ഡിവോഴ്‌സിന്റെ സമയത്താണ് ആദിത്യ മാർക്ക് മാൻസന്റെ ദി സട്ടിൽ ആർട്ട് ഓഫ് നോട്ട് ഗിവിങ് എ ഫക്ക് എന്ന പുസ്തകം വായിക്കാൻ നിർദേശിക്കുന്നത്. അന്ന് ആദിത്യ എന്റെ സുഹൃത്തായിരുന്നു. ആ പുസ്തകവും എന്റെ കാഴ്ചപ്പാടിൽ ഒരുപാട് മാറ്റം വരുത്തി. ഇത് രണ്ടും ഇഷ്ടമുള്ള പുസ്തകങ്ങളാണ്. ഇപ്പോൾ വായിക്കാൻ കുറച്ചുകൂടി ഇഷ്ടം ഫിക്ഷനാണ്. മലയാറ്റൂരിന്റെ യക്ഷി ഭയങ്കര ഇഷ്ടമുള്ള പുസ്തകമാണ്.

ഇതിനിടയിൽ അഭിനയത്തിലുമൊരു കൈ നോക്കിയല്ലോ?

അവർ വിളിച്ചപ്പോൾ പോയി ചെയ്തു. കാരണം അന്നേ നോ പറയാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടാണ്. അപ്പോൾ വിളിച്ചപ്പോഴെങ്ങനെയാ നോ പറയുക എന്ന് കരുതി ചെയ്തതാണ്. പക്ഷേ ചെന്നുകഴിഞ്ഞപ്പോഴാണ് മനസ്സിലായത് പാട്ട് പാടുന്നത് പോലെ അത്ര എളുപ്പമല്ല ഈ അഭിനയിക്കുന്ന പരിപാടിയെന്ന്. ശരിക്കും ക്ഷീണിപ്പിക്കുന്ന പണിയാണ്. അവരുടെ സമയക്രമമൊക്കെ നമുക്ക് തീരെ പറ്റാത്തതാണ്. പണ്ടൊക്കെ സിനിമയൊക്കെ കണ്ട് കഴിഞ്ഞുവന്ന് മോശമാണെന്ന് ഒക്കെ പറയും. ഇപ്പോഴത് പറയാറേ ഇല്ല. കാരണം, അതിനകത്ത് പോയി കഴിഞ്ഞപ്പോൾ എന്റെ പൊന്നേ എല്ലാവരേയും ഞാൻ കൈയെടുത്ത് തൊഴുന്നു എന്നുള്ള അവസ്ഥയിലായി.

ടോക്‌സിക്ക് ആയ ഒരു ബന്ധത്തിൽനിന്ന് പുറത്തുകടക്കുന്നത്, പ്രത്യേകിച്ച് സ്ത്രീകൾ ചെയ്യുന്നത് ഇന്നും നമ്മുടെ സമൂഹത്തിൽ ഒരു ടാബു ആയാണ് കണക്കാക്കുന്നത്. 

സ്ത്രീകൾക്ക് മാത്രമല്ല,ടോക്‌സിക് ആയിട്ടുള്ള ഒരു റിലേഷൻഷിപ്പിൽനിന്ന് പുറത്തുകടക്കാൻ എല്ലാവർക്കും ഒരു റിലേഷൻഷിപ്പിൽ ഉള്ളവർക്ക് തമ്മിൽ അത് ചിലപ്പോൾ ടോക്‌സിക്കായിരിക്കും. ഗാർഹിക പീഡനമോ വഞ്ചനയോ ആ ബന്ധത്തിലുണ്ടാവണമെന്നില്ല. പക്ഷേ രണ്ട് പേരും മനുഷ്യരാണ് കുറച്ചു വർഷങ്ങൾ കൊണ്ട് ഒരാൾ ഇവോൾവ് ചെയ്തു, മറ്റേയാൾക്ക് കൂടെ വളരാൻ പറ്റിയില്ല. അല്ലെങ്കിൽ ദേ ഗ്രോ ഔട്ട് ഓഫ് . അങ്ങനെയുള്ള സാഹചര്യങ്ങളിൽ വിവാഹമോചനമല്ലാതെ മറ്റു മാർഗങ്ങളില്ല. അല്ലെങ്കിൽ തല്ലിക്കൊട്ടി ഇങ്ങനെ കൊണ്ടുപോകാമെന്നേയുള്ളൂ. ടോക്‌സിക് ആവുക എന്നത് സബ്‌ജെക്ടീവായിട്ടുള്ള കാര്യമാണ്. 

ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയിട്ടും ബന്ധം അവസാനിപ്പിക്കാതെ അത് പിടിച്ചുവെക്കാൻ ചിലർ ശ്രമിക്കാറുണ്ട്

ഞാൻ പിടിച്ചുവെച്ചിരുന്ന ഒരാളാണ്. അത് എന്റെ ഭാഗത്തെ പ്രശ്‌നമാണ്. മുന്നോട്ട് കൊണ്ടുപോവാനാകാത്ത ഒരുബന്ധത്തിൽ തന്നെ കടിച്ചുതൂങ്ങി നിൽക്കണ്ട എന്നത് ഒരുപാട് വൈകിയാണ് ഞാൻ മനസ്സിലാക്കുന്നത്. ചില സാഹചര്യങ്ങളിൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുള്ളപ്പോൾ പോലും ട്രോമ ബോണ്ടിങ് കാരണം അവിടെ തന്നെ കുടുങ്ങിപ്പോകാറുമുണ്ട്. ആ ആളും നമ്മളും തമ്മിൽ യോജിച്ചുപോകില്ല എന്ന്  മനസ്സിലാക്കിയാൽ പോലും കുട്ടികൾ എന്ന കാരണം കൊണ്ട് നിൽക്കുന്നവരുണ്ടാകാം. സ്വിച്ച് ഇട്ടപ്പോൾ ലൈറ്റ് കത്തിയില്ല എന്ന കാരണത്തിന് ഡിവോഴ്‌സ് ചെയ്യണം എന്ന് പറയുന്ന ആളല്ല ഞാൻ. ഡിവോഴ്‌സ് ഒരിക്കലും എളുപ്പവുമല്ല. വിവാഹബന്ധമോ പ്രണയബന്ധമോ സൗഹൃദമോ പോലും അവസാനിക്കുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. വൈകാരികമായി ഏറെ തളർത്തുന്ന ഒന്നാണ് ഡിവോഴ്‌സ്. നിയമകുരുക്കുകൾ വേറെ. അതുകൊണ്ട് തന്നെ ഡിവോഴ്‌സിലൂടെ ആരും കടന്നുപോകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ ഒത്തുപോകാനാകില്ലെങ്കിൽ എന്തിന് ബുദ്ധിമുട്ടണം. സന്തോഷത്തോടെയും സമാധാനമായും ജീവിക്കുന്നതല്ലേ നല്ലത്. സന്തോഷവും സമാധാനവുമായി നമ്മുടെ കുട്ടികളെ വളർത്തുന്നതല്ലേ നല്ലത്. നമ്മൾ സന്തോഷത്തോടെയിരുന്നാലല്ലേ സമൂഹത്തിലും നന്മയും സന്തോഷവുമൊക്കെ ഉണ്ടാകൂ. അല്ലാതെ എല്ലാം വെട്ടിക്കളയണമെന്നല്ല ഉദ്ദേശിക്കുന്നത്. അത് എല്ലാവരും തെറ്റായി എടുക്കാറുണ്ട്.

placeholder
 Photo: Facebook.com/Anjujoseph

ഡിവോഴ്‌സ് എന്ന തീരുമാനമെടുക്കാനുള്ള ആത്മധൈര്യമെങ്ങനെയാണ് നേടിയത്

ഒരുപാട് നാളുകൊണ്ടാണ്  ആ ധൈര്യം ലഭിച്ചത്. ഒരു മനുഷ്യന് ഒരാളെ സ്‌നേഹിച്ചിട്ട് അത് നിർത്താൻ പറ്റുന്നത് എങ്ങനെയാണെന്ന് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യചിഹ്നമായിരുന്നു. അത് മനസ്സിലാക്കിയെടുത്തപ്പോൾ ആ തീരുമാനമെടുക്കാനായി. അന്ന് ഒപ്പം നിന്നത് സുഹൃത്തുക്കളാണ്. പക്ഷേ ആരോടും പറയാതെയാണ് ആ തീരുമാനമെടുത്തത്. ഒറ്റയ്ക്ക് തീരുമാനമെടുത്തു. ആ തീരുമാനം സൈക്കോളജിസ്റ്റിനെ വിളിച്ച് അറിയിച്ചു. അദ്ദേഹത്തോടാണ് മുൻപങ്കാളിയോട് കാര്യമറിയിക്കാൻ പറഞ്ഞത്. ആ തീരുമാനമെടുക്കുന്നത് വരെയുള്ളൂ പ്രശ്‌നം. ആ വലിയ തീരുമാനം നമ്മളെടുത്ത് കഴിഞ്ഞു. പിന്നെ വരുന്ന കുടുംബത്തിലെ പ്രശ്‌നമോ നാട്ടുകാരുടെ പ്രശ്‌നമോ ഒന്നും നമ്മളെ ബാധിക്കില്ല. എന്ത് വന്നാലും കുലുക്കമില്ല എന്ന ആറ്റിറ്റിയൂഡാണ്. എന്നാൽ അയാളോട് സ്‌നേഹം വെച്ചുകൊണ്ട് ആ തീരുമാനം എടുക്കാൻ പറ്റുക എന്നത് ബുദ്ധിമുട്ടാണ്. അവരെ വെറുക്കേണ്ട എന്ന് പഠിക്കും. അവരോട് സൗഹൃദം നിലനിർത്തിക്കൊണ്ട് തന്നെ ബന്ധം അവസാനിപ്പിക്കാം എന്ന് മനസില്ലാക്കാം. നമുക്ക് അല്ലെങ്കിൽ മറ്റേയാൾക്ക് ടോക്‌സിക് ആണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അവസാനിപ്പിക്കുന്നത് അല്ലേ നല്ലത്. എന്നിട്ട് നമ്മുടെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കി തിരുത്താൻ ശ്രമിക്കുക. അവർക്ക് തിരുത്താൻ ആഗ്രഹമുണ്ടെങ്കിൽ അവരും തിരുത്തട്ടെ. അതല്ലേ നല്ലത്. 

ജീവിതത്തിൽ സൗഹൃദത്തിന് മൂല്യം നൽകുന്നയാളാണോ? 

ഏതൊരു ബന്ധത്തിലും അതിന്റേതായ എഫേർട്ടിടുന്നയാളാണ്. എന്റെയൊരു കാഴ്ചപ്പാടിൽ ബന്ധങ്ങൾ ഈസിയായിരിക്കണം. അവരെ പറഞ്ഞ് മനസ്സിലാക്കി ബന്ധം മുന്നോട്ട് കൊണ്ടുപോവേണ്ടി വരരുത്. ഞാനും ഐശുവുമാണെങ്കിലും ഞങ്ങൾ ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നവരാണ്. ഒന്നിച്ചുണ്ടാവുന്ന സമയം വളരെ കുറവാണ്. ഒന്നിച്ചിരിക്കുന്ന സമയത്ത് ഞങ്ങൾ ചില്ല് ചെയ്യും. എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ വിളിക്കും. അപ്പോൾ ഇന്നലെ സംസാരിച്ച് തീർന്നത് പോലെ ഒരു മാസം കഴിഞ്ഞോ രണ്ട് മാസം കഴിഞ്ഞോ ഞങ്ങൾക്ക് സംസാരിക്കാൻ കഴിയും. എല്ലാ കൂട്ടുകെട്ടുകളിലും അങ്ങനെയാണ്. എല്ലാ റിലേഷനിൽ ഞാൻ എഫേർട്ട് ഇടും പക്ഷേ വേണ്ട സമയത്ത് മാത്രം. 

2025-ലും മാനസികാരോഗ്യം മോശമാണെന്ന് പറയുന്നതും സൈക്കോളജിസ്റ്റിനെ കാണുന്നതുമൊക്കെ അപരാധമാണെന്ന ചിന്താഗതി നിലനിൽക്കുന്നുണ്ട്. അതിൽ മാറ്റം വേണ്ടതില്ലേ. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും ഏതൊരു അസുഖം പോലെ ചികിത്സ വേണ്ടതാണ് മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾക്കെന്നും തിരിച്ചറിയേണ്ടതില്ലേ.

മാറ്റം വരുത്തേണ്ടതാണ്. നമ്മളെല്ലാവരും മാറ്റത്തോട് വിമുഖതയുള്ളവരാണല്ലോ. നമ്മുടെ ദിനചര്യ ഒന്ന് മാറിയാൽ പോലും ബുദ്ധിമുട്ടാണ്. അത് തന്നെയാണ് ഇക്കാര്യത്തിലും. കൂടുതലാളുകൾ തെറപ്പിയിലേക്ക് എത്തണമെന്നുണ്ട്. അതിന് തെറപ്പിസ്റ്റുകൾ ഫീസ് കുറയ്ക്കണമെന്നും എനിക്ക് അഭിപ്രായമുണ്ട്. ഏറെ ചെലവേറിയതാണ്. എല്ലാവർക്കും താങ്ങാനാകുന്ന ചെലവിൽ തെറപ്പി ലഭ്യമാകണം. പക്ഷേ ആ സ്റ്റിഗ്മ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എത്ര പഠിപ്പും വിവരവുമുള്ള ആളുകളാണെങ്കിൽ പോലും അതുണ്ട്. ഞാൻ തെറപ്പിക്ക് പോകുന്നത് കണ്ട് എന്റെ ചെയ്ഞ്ച് കണ്ടിരിക്കുന്ന ആളുകളുണ്ട്. ഞാൻ എവിടെയായിരുന്നു എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. നിലത്ത് കിടന്ന് ഇഴഞ്ഞുകൊണ്ടിരുന്ന അവസ്ഥയിൽ നിന്ന് ഇപ്പോൾ ഞാൻ നടന്ന് ഒരു രണ്ട് സ്റ്റെപ്പ് എങ്കിലും മുകളിൽ കയറിയിട്ടുണ്ടെങ്കിൽ അതിനൊരു പ്രധാന കാരണം തെറപ്പിയാണ്. തെറപ്പിക്ക് പോയതുകൊണ്ട് മാത്രം കാര്യമില്ല അതിനകത്ത് പറയുന്ന കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ‌ നടപ്പിലാക്കുകയും വേണം. നമ്മൾ അതിന്റെ പുറകിൽ വർക്ക് ചെയ്യാൻ തയ്യറാണെങ്കിൽ മാത്രമേ വ്യത്യാസം ഉണ്ടാകൂ. തെറപ്പിക്ക് പോയിട്ടും യാതൊരു മാറ്റവുമില്ല എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. തെറപ്പിസ്റ്റിനെ കുറ്റം പറയും. പക്ഷേ അവർ‌ പറയുന്ന കാര്യങ്ങൾ ചെയ്തെങ്കിൽ മാത്രമേ മാറ്റം വരൂ. ഒരു  പാട്ട് നമ്മളെ പാട്ട് പഠിപ്പിക്കുകയാണെങ്കിൽ പഠിപ്പിക്കാനേ പറ്റുകയുള്ളൂ, പഠിക്കുക എന്നുള്ളത് നമ്മുടെ കൈയിലാണ്. 

പിന്നെ മറ്റൊരു കാര്യം, എന്റെ മാറ്റം കണ്ടിട്ടും ചികിത്സ തേടാൻ വിസമ്മതിക്കുന്നവരുണ്ട്. ഞാൻ കൂടെ കൊണ്ടുപോയി അവരെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. പക്ഷേ അവർ വിമുഖത കാണിക്കും. ആദ്യത്തെ ഒരു സെഷൻ പോകും അതുകഴിഞ്ഞിട്ട് പേടിയാകും. മാറ്റത്തിനോടുള്ള പേടി തന്നെയാണ്. ഒരു കപ്പിളിനെ നമ്മൾ തെറപ്പിക്ക് വിട്ടാൽ അവർ ആദ്യം ചിന്തിക്കുക ദൈവമേ ഇവർ ഇത് തല്ലിപ്പിരിക്കുമോ എന്നായിരിക്കും. പക്ഷെ  കപ്പിൾ തെറപ്പി തല്ലിപ്പിരിക്കാനുള്ളതല്ല നമ്മുടെ നല്ലതിന് വേണ്ടിയിട്ടാണ്. 

placeholder

ഒരു റിലേഷൻഷിപ്പ് വിജയിച്ചില്ലെങ്കിൽ പുതിയതിലേക്ക് കടക്കാൻ പേടിയുണ്ടാകാറുണ്ട്. പഴയ ബന്ധം പോലെ തന്നെയാകുമോ അല്ലെങ്കിൽ വർക്ക് ഔട്ട് ആയില്ലെങ്കിൽ അയാളുമായിട്ടുള്ള സൗഹൃദം പോകുമോ എന്നിങ്ങനെ. ആദിത്യയുമായുള്ള റിലേഷനിൽ അങ്ങനെ ഒരു പേടി ഉണ്ടായിരുന്നോ?

തീർച്ചയായിട്ടും ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും സിം​ഗിളായിരുന്നു ആ സമയത്ത്. ആദ്യം പറയുമ്പോൾ കുറച്ച് പേടിയായിരുന്നു. ഇതെങ്ങാനും പൊട്ടിയാൽ ആ സൗഹൃദം നശിച്ചു പോകും എന്നുള്ള ഒരു ടെൻഷൻ തന്നെയായിരുന്നു ആദ്യം. രണ്ടുപേർക്കും ട്രസ്റ്റ് ഇഷ്യൂസുമുണ്ട്. വർക്ക് ചെയ്തു കഴിഞ്ഞപ്പോൾ മനസ്സിലായി നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെ പാർട്നറായി വരുന്നത് മനോഹരമായ കാര്യമാണെന്ന്. എന്ത് പ്രശ്നമുണ്ടെങ്കിലും എനിക്ക് വിളിക്കാം. ഞാൻ ഒന്ന് നോക്കിയാൽ അതെന്തിനാണെന്ന് ആദിത്യക്കും തിരിച്ച് ആദിത്യയെ എനിക്കും മനസ്സിലാക്കാൻ പറ്റും. പ്രണയം എന്ന ഘട്ടത്തിലേക്ക് കയറാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. ഒന്ന് രണ്ട് വർഷമെടുത്തു അതിലേക്കെത്താൻ. മൂന്ന് നാല് വ‍ർഷം ‍ഡേറ്റ് ചെയ്തു നോക്കിയിട്ട് വർക്ക് ഔട്ടായാൽ വിവാഹത്തിലേക്ക് പോകാം അല്ലെങ്കിൽ ബെയ് പറയാമെന്നോർത്തു. 

ഒരു പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്

ഇത് പറഞ്ഞാൽ എന്റെ തെറപ്പിസ്റ്റ് എന്നെ ഓടിക്കും. നമ്മുടെ ബേസിക്കായ വാല്യൂ സിസ്റ്റം മാറ്റേണ്ട ആവശ്യമുണ്ടെന്ന് എപ്പോഴും എന്നോട് പറയാറുണ്ട്. അന്നും ഇന്നും എന്റെ വാല്യൂ സിസ്റ്റം എന്ന് പറഞ്ഞാൽ സത്യസന്ധതയും ഇൻ്റ​ഗ്രിറ്റിയുമാണ്. സത്യസന്ധതയും ഇന്റഗ്രിറ്റിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് വെച്ചാൽ, ഞാനും എന്റെ പാർട്ണറും സത്യസന്ധമായി കാര്യങ്ങൾ ചെയ്യുക ഇന്റഗ്രിറ്റി എന്ന് പറയുമ്പോൾ ഞാൻ നോക്കാത്ത സമയത്തും അയാൾ വിശ്വസ്തത കാണിക്കുക എന്നുള്ളതാണ്. പിന്നെ മറ്റൊന്ന് ആത്മാർഥതയുണ്ടായിരിക്കണം, ബ​ഹുമാനമുണ്ടായിരിക്കണം. പിന്നെ ഉപദ്രവവും അക്രമവുമൊന്നും പാടില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തന്നെ നമുക്ക് തമ്മിലിരുന്ന് സംസാരിച്ച് തീർക്കാമല്ലോ. അടിയുടെയും ഇടിയുടെയും ആവശ്യമില്ലല്ലോ. അങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ. പിന്നെ ഒരു റിലേഷൻഷിപ്പിലേക്ക് ഇറങ്ങുമ്പോൾ കുറച്ച് എഫേർ‌ട്ടൊക്കെ ഇടണ്ടേ. പരസ്പര ബഹുമാനമാണ് ഏറ്റവും പ്രധാനം. ഒത്തുപോകുന്നില്ല എന്ന് കണ്ടാൽ അടിയിലേക്കെത്തുന്നത് വരെ നിൽക്കരുത്. സ്വന്തം ജീവനും ജീവിതത്തിനും പ്രാധ്യാന്യം കൊടുക്കുക. അതിനേക്കാൾ മുകളിലല്ല ഒരു പ്രണയവും. നിങ്ങൾ ഇതിനകത്ത് നിന്ന് മരിക്കേണ്ട ആവശ്യമില്ല. പലരും എന്നോട് പറഞ്ഞിട്ടുണ്ട്  ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ അഞ്ജു ആത്മഹത്യ ചെയ്യുന്നതായിരുന്നു നല്ലതെന്ന്. ഇത് ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഡിവോഴ്സ് ഒരിക്കലും കുടുംബമോ സമൂഹമോ അം​ഗീകരിക്കുന്നതല്ല. പക്ഷേ നിങ്ങളാവണം നിങ്ങളുടെ പ്രയോരിറ്റി.

ഈ വർഷം ജീവിതത്തിൽ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന മാറ്റമെന്താണ്. ലോകത്തിലാ​ഗ്രഹിക്കുന്ന മാറ്റമെന്താണ്.

ഞാനങ്ങനെ വലിയ റെസൊല്യൂഷൻസ് എടുക്കുന്ന ആളൊന്നുമല്ല. കാരണം റെസൊല്യൂഷൻസ് എടുത്താൽ അങ്ങനെ പാലിക്കാൻ പറ്റാറില്ല. വലിയ റെസൊല്യൂഷൻസ് ഒന്നുമില്ല. കുറച്ചുകൂടി കർശനമായി നോ പറയണമെന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിൽ കൊണ്ടുവരണമെന്നാഗ്രഹിക്കുന്ന മാറ്റം. ബൗണ്ടറി വെക്കാനൊക്കെ പഠിച്ചുവരുന്നതേയുള്ളൂ. തുടങ്ങിയിട്ടേയുള്ളൂ യുദ്ധം. നോ പറയാൻ ശ്രമിക്കാറുണ്ട്. പക്ഷേ പറഞ്ഞു ശീലമില്ലാത്തതുകൊണ്ട് കുറച്ചു സമയമെടുക്കും പറയാൻ. കുറച്ചുകൂടി പെട്ടെന്ന് നോയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ട്. 

ഞാനൊക്കെ തന്തവൈബിന്റെയും തള്ളവൈബിന്റെയും അറ്റത്തുള്ള ആളാണെന്നാണ് തോന്നുന്നത്. കാരണം ഞാനൊരു സോഷ്യൽ പേഴ്സണല്ല. പിള്ളേരൊക്കെ ഡ്രിങ്ക് ചെയ്യാനായി വിളിച്ചാൽ ഞാൻ അതിനകത്തൊന്നുമില്ലാത്ത ആളാണ്. അപ്പോ തന്നെ തള്ളവൈബ് എന്ന് എഴുതി തള്ളി. കുറച്ചുനേരമൊക്കെ പിടിച്ചുവെക്കും. പക്ഷേ ഒരു പത്തരയായി കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങണമെന്നേയുള്ളൂ. പിന്നെ നമുക്ക് എല്ലാവർക്കുമൊരു ഫേസുണ്ടല്ലോ, റോക്ക് കേൾക്കുക പോപ്പ് കേൾക്കുക അങ്ങനെ. ഞാനിപ്പോഴും അങ്ങനത്തെ പാട്ടുകൾ കേൾക്കാറുണ്ട് പാട്ടുകാരിയെന്ന നിലയിൽ നമ്മൾ അപ്‌ഡേറ്റഡായിരിക്കണമെല്ലോ. പക്ഷേ കാറോടിക്കുമ്പോൾ ജോൺസൺ മാഷിന്റെ പാട്ടുകൾ,വിദ്യാസാഗർ സാറിന്റെ പാട്ടുകൾ അങ്ങനെ ആ ഒരു മൂഡിലേക്ക് കേറിയിട്ടുണ്ട്. അത് തേർട്ടി പ്ലസിൽ വന്നൊരു വ്യത്യാസമാണ്. ഒന്നും ചെയ്യാനില്ല. ഞാൻ അത് ആസ്വദിക്കുന്നുണ്ട്. മറ്റേ ഫേസും നമ്മൾ ആസ്വദിച്ചിരുന്നെല്ലോ. ഒരു തേർട്ടി പ്ലസിൽ അങ്ങനെ ഒരുപാട് മാറ്റങ്ങൾ വരും. പിന്നെ ശാരീരികപരമായി നമുക്ക് വ്യത്യാസങ്ങളുണ്ടാകാറുണ്ടന്നെ. നടുവേദനയും കാലുവേദനയുമങ്ങനെ. പണ്ടൊക്കെ ഒരു പരിപാടി കഴിഞ്ഞുവന്നാൽ ആരെങ്കിലും സോഷ്യലൈസ് ചെയ്യമാന്നൊക്കെ പറഞ്ഞുവന്നാൽ ഞാൻ മുന്നിലുണ്ടാകും. ഇപ്പോ രണ്ടുമണിക്കൂർ ഷോ ഒക്കെ കഴിഞ്ഞുവന്നാൽ കുളിക്കണം, എവിടെയെങ്കിലും കിടക്കണമെന്നേ ഉള്ളൂ. ഞാൻ ഒട്ടും വീടിനു പുറത്തേക്കിറങ്ങുന്ന ആളല്ല. പറ്റിയാൽ പുസ്തകം വായിച്ച് വീട്ടിലിരിക്കും.

പിന്നെ ലോകത്തിൽ ഉണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്ന മാറ്റം ആളുകൾ കുറച്ചുകൂടി ദയയോടെ പെരുമാറണമെന്നാണ്. ആ ഒരു മാറ്റം ഞാൻ എപ്പോഴും പ്രതീക്ഷിക്കുന്നതാണ്. ഒരുപാട് ആളുകൾ വെറുപ്പ് പടർത്തുന്നു. അതിന്റെ ഒന്നും ആവശ്യമില്ല. നമ്മളെല്ലാവരും മനുഷ്യരല്ലേ നമുക്ക് മറ്റേ മനസമാധാനമായിട്ട് ജീവിച്ചാൽ പോരേ. ജീവിക്കുക ജീവിക്കാനനുവദിക്കുക. മറ്റുള്ളവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ അവർക്ക് സമാധാനമായിട്ട് സന്തോഷമായി ജീവിച്ചോട്ടെ.