നെഞ്ചില്‍ ആരോ വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ ശ്വാസം മുട്ടല്‍, കൂടെ മുറിയുടെ ഇരുളില്‍ ഏതോ ഒരു അദൃശ്യ സാന്നിധ്യം നിങ്ങളെത്തന്നെ തുറിച്ചുനോക്കുന്നു എന്ന വിഭ്രാന്തി.

രാത്രിയുടെ നിശ്ശബ്ദതയിൽ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ശരീരം പൂർണമായും തളർന്നുപോയതായി അനുഭവപ്പെട്ടിട്ടുണ്ടോ? കണ്ണുകൾ തുറന്നിരിക്കാം, ചുറ്റുമുള്ള മുറിയും കാഴ്ചകളും വ്യക്തമായി കാണാം; എന്നാൽ കൈകാലുകളൊന്ന് അനക്കാനോ, ഒരു വാക്ക് പോലും ശബ്ദമുയർത്തി സംസാരിക്കാനോ സാധിക്കാത്ത അവസ്ഥ. നെഞ്ചിൽ ആരോ വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ ശ്വാസം മുട്ടൽ, കൂടെ മുറിയുടെ ഇരുളിൽ ഏതോ ഒരു അദൃശ്യ സാന്നിധ്യം നിങ്ങളെത്തന്നെ തുറിച്ചുനോക്കുന്നു എന്ന വിഭ്രാന്തി. നൂറ്റാണ്ടുകളായി ആത്മാക്കളുടെ ഉപദ്രവമായും അമാനുഷിക ശക്തികളുടെ കടന്നുകയറ്റമായും വ്യാഖ്യാനിക്കപ്പെട്ടിരുന്ന ഒരു പ്രതിഭാസമാണിത്. എന്നാൽ, ആധുനിക മനോരോഗ ശാസ്ത്രത്തിന്റെയും ന്യൂറോസയൻസിന്റെയും വെളിച്ചത്തിൽ, മനുഷ്യ മനസ്സിന്റെയും തലച്ചോറിന്റെയും സങ്കീർണ്ണമായ പ്രവർത്തനങ്ങളും വൈകല്യങ്ങളുമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ലണ്ടനിലെ ഗോൾഡ്‌സ്മിത്ത്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ക്രിസ് ഫ്രെഞ്ച്.
ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു വ്യക്തി ഉറങ്ങാൻ തുടങ്ങുമ്പോഴോ അല്ലെങ്കിൽ ഉറക്കത്തിൽ നിന്ന് പൂർണമായി ബോധത്തിലേക്ക് ഉണരുമ്പോഴോ അനുഭവപ്പെടുന്ന താത്കാലികമായ ചലനശേഷിയില്ലായ്മയാണ് സ്ലീപ്പ് പാരലിസിസ്. ഈ അവസ്ഥയിൽ വ്യക്തിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെക്കുറിച്ച് ബോധമുണ്ടാകും, എന്നാൽ സ്വന്തം ശരീരത്തിലെ പേശികളെ നിയന്ത്രിക്കാനോ ശബ്ദമുണ്ടാക്കാനോ സാധിക്കില്ല. ഈ അവസ്ഥ സാധാരണമായി ഏതാനും സെക്കൻഡുകൾ മുതൽ ഒന്നോ രണ്ടോ മിനിറ്റുവരെ നീണ്ടുനിൽക്കാം.
ഉറക്കത്തിന് രണ്ടുഘട്ടങ്ങളുണ്ട്. നോൺ റെം ഉറക്കവും റെം ഉറക്കവും. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ, റെം ഘട്ടത്തിലെത്തുമ്പോൾ തലച്ചോറ് സ്വപ്നങ്ങൾ കാണാൻ തുടങ്ങും. ഈ സമയത്ത് സ്വപ്നത്തിലെ ചലനങ്ങൾക്കനുസരിച്ച് കൈകാലുകൾ ഇളക്കി നമുക്കോ മറ്റുള്ളവർക്കോ അപകടം ഉണ്ടാവാതിരിക്കാൻ, തലച്ചോറ് ഒരു സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ശരീരത്തിലെ പേശികളുടെ ചലനം താത്കാലികമായി തടഞ്ഞുവെക്കുന്നു. ഇതിനെ ശാസ്ത്രീയമായി അറ്റോണിയ (Atonia) എന്ന് വിളിക്കുന്നു. ഈ അവസ്ഥയിലായിരിക്കുമ്പോൾ തന്നെ ഒരു വ്യക്തിയുടെ ബോധമണ്ഡലം ഉണരുകയും, എന്നാൽ പേശികളുടെ തളർച്ച മാറാതിരിക്കുകയും ചെയ്യുമ്പോഴാണ് സ്ലീപ്പ് പാരലിസിസ് സംഭവിക്കുന്നത്. അതായത്, തലച്ചോറ് ഉണരുകയും ശരീരം ഇനിയും ഉറക്കത്തിൽ തുടരുകയും ചെയ്യുന്ന അവസ്ഥ.
റെം ഉറക്കത്തിലെ സ്വപ്ന ദൃശ്യങ്ങൾ ഉണർന്നിരിക്കുന്ന ബോധത്തിലേക്ക് കടന്നുവരുന്നതുകൊണ്ട് വ്യക്തിക്ക് ചില ഭീതിജനകമായ അനുഭവങ്ങൾ ഉണ്ടാകാം. അതിലൊന്നാണ്
ഇൻട്രൂഡർ ഹാലൂസിനേഷൻ, അതായത് മുറിയിൽ ആരോ അനാവശ്യമായി കടന്നുകൂടിയിട്ടുണ്ടെന്നോ, അദൃശ്യനായ ഒരു ശത്രു അടുത്ത് നിൽക്കുന്നുണ്ടെന്നോ ഉള്ള അത്യന്തം ഭീതിജനകമായ തോന്നൽ.
അടുത്തത് ഇൻക്യുബസ് ഹാലൂസിനേഷൻ എന്ന് പറയും. ഇതിൽ നെഞ്ചിൽ ആരോ അമർത്തിപ്പിടിച്ചിരിക്കുകയാണെന്നോ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയാണെന്നോ എന്ന് തോന്നും. മൂന്നാമത്തേതാണ്
വെസ്റ്റിബുലാർ-മോട്ടാർ ഹാലൂസിനേഷൻ അതായത് ശരീരം വായുവിൽ പൊങ്ങിപ്പറക്കുകയാണെന്നോ, കിടക്കയിലേക്ക് താണുപോകുകയാണെന്നോ ഉള്ള തോന്നലുകൾ. സ്ലീപ്പ് പാരലിസിസ് അനുഭവപ്പെടുമ്പോൾ കൈകാലുകളോ തലയോ ഇളക്കാൻ സാധിക്കില്ല, ഉറക്കത്തിൽ നിന്ന് ആളെ വിളിക്കാനോ നിലവിളിക്കാനോ ശ്രമിച്ചാലും ശബ്ദം പുറത്തുവരില്ല, നെഞ്ചിൽ വലിയ സമ്മർദ്ദമോ ഭാരമോ അനുഭവപ്പെടാം, പെട്ടെന്ന് ശരീരം അനക്കാൻ കഴിയാത്തത് മൂലം തീവ്രമായ ഭീതിയും അനുഭവപ്പെടും. സ്വാഭാവികമായും ഏതോ അമാനുഷിക ശക്തിയുടെ സാന്നിധ്യം ഉള്ളതായി തെറ്റിദ്ധരിക്കപ്പെടും.
സ്ലീപ്പ് പാരലിസിസ് ഏതെങ്കിലും ഗുരുതരമായ ശാരീരിക രോഗമല്ല. സമൂഹത്തിൽ നാല്പത് ശതമാനത്തോളം ആളുകൾക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഇത് അനുഭവപ്പെടാം. എന്നാൽ ഇത് നിരന്തരമായി ഉണ്ടാകാൻ ചില കാരണങ്ങളുണ്ട്. ഉറക്കം ക്രമരഹിതമാകുന്നവർക്കാണ് അതിലൊരു സാധ്യത. വൈകി ഉറങ്ങുക, ഉറക്കത്തിന്റെ സമയം അടിക്കടി മാറ്റുക, രാത്രി ജോലി ചെയ്യുന്നവർ എന്നിവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു. അതുപോലെ ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കലും വശങ്ങളിലേക്ക് ചരിഞ്ഞു കിടക്കാതെ മലർന്നു കിടന്ന് ഉറങ്ങുന്നവരിലും ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.കടുത്ത ഡിപ്രഷൻ, സ്‌ട്രെസ്, പി.ടി.എസ്.ഡി എന്നിവ അനുഭവിക്കുന്നവർക്കും പകലിൽ പെട്ടെന്ന് അനിയന്ത്രിതമായി ഉറങ്ങിപ്പോകുന്ന ഒരു നാഡീവ്യൂഹ വൈകല്യം ഉള്ളവർക്കും ഇത് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. എ.ഡി.എച്ച്.ഡി അല്ലെങ്കിൽ വിഷാദ രോഗത്തിന് കഴിക്കുന്ന മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴും ഒരുപക്ഷേ സ്ലീപ് പരാലിസിസ് അനുഭവപ്പെട്ടേക്കാം.
പ്രേതാനുഭവങ്ങളെന്ന് തെറ്റിദ്ധരിക്കുന്ന മാനസികാവസ്ഥയുടെ മറ്റൊരു കാരണം പാരൈഡോലിയയാണ്. വെളിച്ചക്കുറവുള്ള സമയങ്ങളിലോ ക്രമമില്ലാത്ത വസ്തുക്കളെ കാണുമ്പോഴോ അവയിൽ മനുഷ്യരൂപങ്ങളോ പരിചിതമായ ഭാവങ്ങളോ വെറുതെ സങ്കൽപ്പിച്ചെടുക്കുന്ന മാനസികാവസ്ഥയാണ് പാരൈഡോലിയ. വ്യക്തതയില്ലാത്ത കാഴ്ചകളിലും ശബ്ദങ്ങളിലും തങ്ങൾക്ക് പരിചയമുള്ള രൂപങ്ങളും പാറ്റേണുകളും കണ്ടെത്താൻ മനുഷ്യ മനസ്സ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.ഇരുട്ടിൽ കിടക്കുന്ന ഒരു വസ്ത്രത്തിന്റെ നിഴൽ കണ്ട് മനുഷ്യന്റെ രൂപമാണെന്ന് തെറ്റിദ്ധരിക്കുക. കാറ്റിന്റെ ശബ്ദത്തിലോ പാത്രങ്ങൾ വീഴുന്ന ശബ്ദത്തിലോ ആരോ സംസാരിക്കുന്നതായി സങ്കൽപ്പിക്കുക. തലച്ചോറിന്റെ ഇത്തരം പ്രതികരണങ്ങളാണ് ആളുകളെ പ്രേതരൂപങ്ങൾ കണ്ടതായി വിശ്വസിപ്പിക്കുന്നത്. വെസ്റ്റ് ജോർജിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ക്രിസ്റ്റിൻ സിമ്മണ്ട്‌സ്-മൂർ പറയുന്നു.
അമാനുഷിക കാര്യങ്ങളിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന മാനസിക ഘടകമാണ് കൺഫർമേഷൻ ബയസ് അല്ലെങ്കിൽ സ്വന്തം വിശ്വാസങ്ങളെമാത്രം ശരിവെക്കുന്ന പ്രവണത.പ്രൊഫസർ ക്രിസ് ഫ്രെഞ്ച് ചൂണ്ടിക്കാണിക്കുന്നത് പോലെ മരണശേഷവും ഒരു ജീവിതമുണ്ടെന്ന ആശയത്തോട് നമുക്ക് ആഗ്രഹമുണ്ടെങ്കിൽ, പ്രേതങ്ങൾ യഥാർത്ഥത്തിൽ നിലനിൽക്കുന്നുണ്ടാകാം എന്ന ചിന്തയെ സ്വീകരിക്കാൻ നമ്മൾ കൂടുതൽ സന്നദ്ധരായിരിക്കും. തങ്ങളുടെ മുൻവിധികൾക്കും വിശ്വാസങ്ങൾക്കും അനുകൂലമായ തെളിവുകൾമാത്രം സ്വീകരിക്കുകയും, ശാസ്ത്രീയ വിശദീകരണങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന മനുഷ്യസഹജമായ ശീലമാണിത്. ഒരു മുറിയിൽ തണുപ്പ് അനുഭവപ്പെട്ടാലോ ഒരു ചെറിയ ശബ്ദം കേട്ടാലോ, അമാനുഷിക കാര്യങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ അതിനെ പെട്ടെന്ന് പ്രേതസാന്നിധ്യവുമായി ബന്ധിപ്പിക്കുന്നു.
ഇങ്ങനെ പേടിക്കുന്നതിന് പകരം ഇതെല്ലാം ഇഷ്ടപ്പെടുന്ന കുറച്ചുപേരുമുണ്ട്. ഹൊറർ സിനിമകളും പുസ്തകങ്ങളും വായിച്ചുരസിക്കുന്നവരെ കണ്ടിട്ടില്ലേ? ഹൊറർ സിനിമകളോടും ഭീതിജനകമായ കഥകളോടും ആളുകൾക്കുള്ള ആകർഷണത്തിന് പിന്നിൽ കേവലം അഡ്രിനാലിൻ ഹോർമോണിന്റെ പെട്ടെന്നുള്ള ഉത്തേജനം മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. ഒന്നുകിൽ പോരാടുക അല്ലെങ്കിൽ ഓടിരക്ഷപ്പെടുക എന്നുള്ളതാണ് അക്കൂട്ടത്തിൽ ആദ്യം. ഭയപ്പെടുത്തുന്ന ഒരു കാഴ്ച കാണുമ്പോൾ ശരീരം പെട്ടെന്ന് അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വേഗത്തിലാവുകയും രക്തധമനികൾ വികസിക്കുകയും ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും ചെയ്യും. എന്നാൽ തങ്ങൾ നിൽക്കുന്നത് യഥാർത്ഥ അപകടത്തിലല്ല, മറിച്ച് തിയേറ്ററിലോ ഹൊറർ ഹൗസിലോ ഉള്ള ഒരു സുരക്ഷിത അന്തരീക്ഷത്തിലാണെന്ന് തലച്ചോറ് തിരിച്ചറിയുമ്പോൾ, ഈ അഡ്രിനാലിൻ തരംഗത്തോടൊപ്പം സന്തോഷം നൽകുന്ന ഡോപാമൈൻ, എൻഡോർഫിൻ എന്നീ രാസവസ്തുക്കൾ കൂടി സ്രവിക്കപ്പെടുന്നു.ഇതാണ് സുരക്ഷിതമായ ഭയം എന്ന് മനഃശാസ്ത്രജ്ഞർ വിളിക്കുന്ന അവസ്ഥ. ഈ രാസപ്രവർത്തനമാണ് ആളുകൾക്ക് റോളർ കോസ്റ്റർ റൈഡുകളിൽ കയറുമ്പോഴും ഹൊറർ സിനിമകൾ കാണുമ്പോഴും ഒരു പ്രത്യേക ലഹരിയും രസവും നൽകുന്നത്. അതുപോലെ, ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തിൽ തങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് സ്വയം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. സമ്മർദ്ദഘട്ടങ്ങളിൽ സ്വന്തം മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നുണ്ടോ എന്ന് ഇവർ പരിശോധിക്കുന്നു. ഇത്തരം അനുഭവങ്ങളിലൂടെ ആത്മവിശ്വാസം വർധിക്കുന്നതായി ഇവർക്ക് അനുഭവപ്പെടും. സ്വന്തം ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളെയും ഉത്കണ്ഠകളെയും മറികടക്കാൻ ഭീതിജനകമായ കഥകളെ ഒരു മാധ്യമമായി ഉപയോഗിക്കുന്നവരാണ് ഇവർ. നിയന്ത്രിക്കാനാവുന്ന ഒരു സാഹചര്യത്തിൽ ഭയം അനുഭവിക്കുമ്പോൾ, അത് യഥാർത്ഥ ജീവിതത്തിലെ ഭയങ്ങളെ നേരിടാനുള്ള ഒരു പരിശീലനമായി മാറുന്നു. കോവിഡ്-19 തുടക്കകാലത്ത് നടത്തിയ പഠനങ്ങളിൽ, ഇത്തരം ഹൊറർ വിനോദങ്ങളിൽ ആകൃഷ്ടരായ വ്യക്തികൾ കൂടുതൽ മാനസിക പ്രതിരോധശേഷി പ്രദർശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Learn about the causes of paranormal sleep paralysis, including sleep patterns, stress, and hallucinations, as explained by neuroscience and psychology experts.
Published: 01 Nov 2026, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented