നഗരജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം തേടി വെൽനസ് റിസോർട്ടുകളിലേക്ക് എത്തുന്ന സഞ്ചാരികൾക്കായി ഇന്ത്യയിലെ വിവിധ റിസോർട്ടുകൾ വേറിട്ടൊരു വിശ്രമരീതി അവതരിപ്പിക്കുകയാണ്. പശുക്കളെ തഴുകുക, കുതിരകളെ പരിപാലിക്കുക, നായ്ക്കൾക്കൊപ്പം നടക്കുക തുടങ്ങി കൃഷിയിടങ്ങളിലെ മൃഗങ്ങളുമായി സമയം ചെലവഴിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് രാജ്യത്തെ മുൻനിര വെൽനസ് കേന്ദ്രങ്ങൾ. മൃഗങ്ങളുമായുള്ള ഇത്തരം സമ്പർക്കം മനുഷ്യന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്.

To advertise here,

പല മനുഷ്യർക്കും മൃഗങ്ങൾ നൽകുന്നത് യാതൊരു മുൻവിധികളുമില്ലാത്ത സൗഹൃദമാണ്. ഇത് വ്യക്തികളിലെ ഒറ്റപ്പെടൽ ഇല്ലാതാക്കാനും സമ്മർദ്ദമില്ലാതെ കാര്യങ്ങൾ ചെയ്യാനും സഹായിക്കും. മൃഗങ്ങളെ തഴുകുമ്പോഴും തൊടുമ്പോഴും നമ്മുടെ ശ്രദ്ധ ആവർത്തിച്ചുണ്ടാകുന്ന മാനസിക വിഷമങ്ങളിൽ നിന്ന് മാറി വർത്തമാനകാലത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും.മൃഗങ്ങളുമായുള്ള ഇടപഴകൽ മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് മുംബൈ സർ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. മെഹസാബിൻ ദോർഡി പറയുന്നു.

മൃഗങ്ങളുമായി ഇടപഴകുമ്പോൾ മസ്തിഷ്‌കത്തിൽ സന്തോഷവും നല്ല മാനസികാവസ്ഥയും നൽകുന്ന ഓക്‌സിടോസിൻ, സെറടോണിൻ തുടങ്ങിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടും. ഇത് രക്തത്തിലെ സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

വെൽനസ് ആക്റ്റിവിറ്റിയും അനിമൽ തെറാപ്പിയും തമ്മിലുള്ള വ്യത്യാസം

റിസോർട്ടുകളിൽ നൽകുന്ന ഇത്തരം മൃഗപരിപാലനവും യഥാർത്ഥ അനിമൽ തെറാപ്പിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഡോ. ദോർഡി വ്യക്തമാക്കുന്നു. പരിശീലനം ലഭിച്ച ആരോഗ്യ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ, കൃത്യമായ ലക്ഷ്യങ്ങളോടെ ചികിത്സയുടെ ഭാഗമായി നൽകുന്ന രീതിയാണ് അനിമൽ തെറാപ്പി. ഇതിന് വിദഗ്ധ പരിശീലനം ലഭിച്ച മൃഗങ്ങളെയും സുരക്ഷാ മാനദണ്ഡങ്ങളെയും ആവശ്യമുണ്ട്. റിസോർട്ടുകളിൽ കാണുന്ന പശുക്കളെ തഴുകലും കുതിരകളുമൊത്തുള്ള നടത്തവും മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്ന വെൽനസ് ആക്റ്റിവിറ്റി മാത്രമാണ്.

ചില വെൽനെസ്സ് കേന്ദ്രങ്ങൾ പരിചയപ്പെടാം

സ്വസ്തിക് വെൽബീയിംഗ് സാങ്ച്വറി - ആന്ധ്രാപ്രദേശിൽ നിന്നുള്ള കുറ്റികുറുപ്പന്മാരായ 'പുംഗനൂർ' ഇനത്തിൽപ്പെട്ട പശുക്കളെ തൊട്ടുതലോടാനും അവയ്ക്ക് ഭക്ഷണം നൽകാനും ഇവിടെ അവസരമുണ്ട്. കൃത്യമായ നിയമങ്ങളൊന്നുമില്ലാതെ പശുക്കൾക്കരികിൽ ശാന്തമായി ഇരിക്കാനും അവയെ പരിപാലിക്കാനും അതിഥികൾക്ക് സാധിക്കും. ചിന്തകളെ ശാന്തമാക്കാനും മനസ്സിനെ ഒരു പോയിന്റിലേക്ക് കൊണ്ടുവരാനും ഇത് ഏറെ സഹായിക്കുമെന്ന് ഇവിടുത്തെ ഡയറക്ടർ ഡോ. മിലിന്ദ് സാളുംഖെ പറയുന്നു. മസാജ്, സൗണ്ട് ഹീലിംഗ്, ധ്യാനം എന്നിവയ്‌ക്കൊപ്പമാണ് ഈ സേവനം നൽകുന്നത്.

ഫസ്‌ലാനി നേച്ചർസ് നെസ്റ്റ് – സഹ്യാദ്രി മലനിരകളുടെ പശ്ചാത്തലത്തിൽ 68 ഏക്കറോളം പരന്നുകിടക്കുന്നതാണ് ഈ കേന്ദ്രം. ഇരുപതിലധികം കുതിരകളുള്ള ഒരു വലിയ സ്റ്റഡ് ഫാം തന്നെ ഇവിടെയുണ്ട്. യഥാർത്ഥ ഇകൈ്വൻ തെറാപ്പി, കുതിരകളെ ഉപയോഗിച്ചുള്ള തെറാപ്പി, നൽകുന്ന ഇന്ത്യയിലെ അപൂർവ്വം റിസോർട്ടുകളിൽ ഒന്നാണിത്. ആദ്യദിനം ആരും കുതിരപ്പുറത്ത് കയറാറില്ല; പകരം കുതിരകളെ കഴുകുക, ഭക്ഷണം നൽകുക, അവയ്‌ക്കൊപ്പം നടക്കുക എന്നിവയിലൂടെ അവയുമായി സൗഹൃദത്തിലാവുകയാണ് ചെയ്യുന്നത്. വിദഗ്ദ്ധ പരിശീലകരുടെ മേൽനോട്ടത്തിലാണ് ഇവിടുത്തെ സെഷനുകൾ നടക്കുന്നത്.