ആ തയ്യല്ക്കാരന് തന്റെ കരവിരുതില്‍ തുന്നിയ ഗൗണ്‍ മിസ് ഇന്ത്യ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ 'വിന്നിങ് ഗൗണ്‍' ആയി മാറി

ആഗോള സൗന്ദര്യവേദികളിൽ ഇന്ത്യയുടെ പതാക വാനോളമുയർത്തിയ താരമാണ് സുസ്മിത സെൻ. 1994-ൽ 'ഫെമിന മിസ് ഇന്ത്യ' കിരീടവും, തൊട്ടുപിന്നാലെ ഇന്ത്യയ്ക്ക് ആദ്യത്തെ 'മിസ് യൂണിവേഴ്‌സ്' പട്ടവും നേടിത്തന്ന ആ ബംഗാളി സുന്ദരി പിന്നീട് ബോളിവുഡിന്റെയും സിനിമാപ്രേമികളുടെയും പ്രിയങ്കരിയായി മാറി.
കോടികൾ വിലമതിക്കുന്ന ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാൻ ഇന്ന് സുസ്മിതയ്ക്ക് കഴിയും. എന്നാൽ ഇന്നത്തെ ഗ്ലാമർ ലോകത്തിന് സങ്കൽപ്പിക്കാൻ കഴിയാത്തൊരു കഥയുണ്ട് സുസ്മിതയുടെ ആ ചരിത്രവിജയത്തിന് പിന്നിൽ. മിസ് ഇന്ത്യ കിരീടം ചൂടിയ അവിസ്മരണീയ നിമിഷത്തിൽ സുസ്മിത ധരിച്ചിരുന്ന മനോഹരമായ ഗൗൺ സെലിബ്രിറ്റി ഡിസൈൻ കളക്ഷനിലുള്ളതോ ലക്ഷങ്ങൾ വിലമതിക്കുന്നതോ അല്ല. മറിച്ച് ഡൽഹിയിലെ സരോജിനിനഗർ മാർക്കറ്റിൽ നിന്നും വാങ്ങിയ വിലകുറഞ്ഞ തുണിയുപയോഗിച്ച് ഗരേജിലെ സാധാരണ ഒരു തയ്യൽക്കാരൻ തയ്ച്ചതാണ്. ഈ സത്യം ഇന്നും പലർക്കും അറിയില്ല.
വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പഴയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെയും സൗന്ദര്യമത്സരത്തെയും കുറിച്ച് സുസ്മിത തുറന്നുപറഞ്ഞത് ചർച്ചയാകുന്നത്.
ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നായിരുന്നു സുസ്മിതയുടെ വരവ്. മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ പങ്കെടുക്കാൻ നാല് വ്യത്യസ്ത ഡിസൈനർ വസ്ത്രങ്ങൾ ആവശ്യമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി ആ കുടുംബത്തിനുണ്ടായിരുന്നില്ല.
'വലിയ ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞ് വേദിയിലെത്താനുള്ള സാമ്പത്തിക ശേഷിയൊന്നും അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു. മത്സരത്തിന് നാല് ഔട്ട്ഫിറ്റുകൾ വേണമായിരുന്നു. ഞങ്ങൾ തികച്ചും മധ്യവർഗ്ഗക്കാരായിരുന്നു, ഞങ്ങളുടെ സാമ്പത്തിക പരിമിതികൾ ഞങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു,' ആ ദിവസങ്ങളെക്കുറിച്ച് സുസ്മിത ഓർത്തെടുത്തു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുന്നിൽ മകളുടെ സ്വപ്നം അടിയറവ് വെക്കാൻ സുഷ്മിതയുടെ അമ്മ തയ്യാറായിരുന്നില്ല. മകൾക്ക് ആത്മവിശ്വാസം പകർന്നുനൽകിക്കൊണ്ട് അമ്മ പറഞ്ഞ വാക്കുകൾ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 'അതിനെന്താ മോളേ? ആളുകൾ നിന്റെ വസ്ത്രങ്ങൾ കാണാനല്ല വരുന്നത്, നിന്നെ കാണാനാണ്- എന്നായിരുന്നുവത്.
സോക്‌സ് കൊണ്ടുണ്ടാക്കിയ ഗ്ലൗസ്
അമ്മയുടെ ആ വാക്കുകളിൽ നിന്നാണ് പിന്നീട് ചരിത്രമായി മാറിയ ആ ഗൗൺ പിറവിയെടുത്തത്. സരോജിനി നഗർ മാർക്കറ്റിൽ നിന്ന് അവർ ലളിതമായ ഒരു തുണി വാങ്ങി. ശേഷം അവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാരേജിൽ പെറ്റിക്കോട്ട് തുന്നിയിരുന്ന ഒരു സാധാരണ തയ്യൽക്കാരന് അത് നൽകിയിട്ട് അമ്മയിങ്ങനെയാണ് പറഞ്ഞത്-. 'നോക്കൂ ഭയ്യാ, ഇത് ടെലിവിഷനിൽ വരാൻ പോകുന്നതാണ്, നന്നായി തുന്നണം'
ആ തയ്യൽക്കാരൻ തന്റെ കരവിരുതിൽ തുന്നിയ ഗൗൺ മിസ് ഇന്ത്യ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ 'വിന്നിങ് ഗൗൺ' ആയി മാറി. വസ്ത്രം തുന്നിയ ശേഷം ബാക്കിവന്ന ചെറിയ തുണ്ടുകൾ കൊണ്ട് സുസ്മിതയുടെ അമ്മ അതിമനോഹരമായ ഒരു റോസാപ്പൂവുണ്ടാക്കി ഗൗണിൽ തുന്നിപ്പിടിപ്പിച്ചു. വസ്ത്രത്തിനൊപ്പം ധരിക്കാനുള്ള ഗ്ലൗസ് വാങ്ങാനും പണമുണ്ടായില്ല, അതിനായി കടയിൽ നിന്ന് തികച്ചും പുതിയതായ കറുത്ത സോക്‌സുകൾ വാങ്ങി, അത് മുറിച്ച് ഇലാസ്റ്റിക് പിടിപ്പിച്ചാണ് സുസ്മിത തന്റെ കൈകളിൽ അണിഞ്ഞത്.
ഏറ്റവും ലളിതമായ ഡിസൈൻ ചെയ്ത ആ വസ്ത്രമണിഞ്ഞാണ് സുസ്മിത സെൻ 1994-ൽ 'ഫെമിന മിസ് ഇന്ത്യ' വേദിയിൽ ഒന്നാമതെത്തിയത്. അന്ന് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് പിന്നീട് ലോകസുന്ദരിപ്പട്ടം നേടിയ ഐശ്വര്യാ റായ് ആയിരുന്നു
'ആ വസ്ത്രമണിഞ്ഞ് മിസ് ഇന്ത്യ പട്ടം നേടിയ ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണ്. ഒരാൾക്ക് എന്തെങ്കിലും നേടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അതിന് പണമല്ല ആവശ്യം, കൃത്യമായ ലക്ഷ്യബോധവും ആത്മാർത്ഥമായ ആഗ്രഹവുമാണ് വേണ്ടത് എന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു-' സുസ്മിത പറഞ്ഞു.
ഇന്ത്യൻ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുതിയ നിർവ്വചനം നൽകിയ സുസ്മിത, മിസ് ഇന്ത്യ മത്സരത്തിനു ശേഷം ഫിലിപ്പീൻസിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലും വിജയിച്ച് ചരിത്രം കുറിച്ചു. തുടർന്ന് 1996-ൽ പുറത്തിറങ്ങിയ 'ദസ്തക്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സുസ്മിത 'ബീവി നമ്പർ 1', 'മൈൻ ഹൂ നാ', 'മൈനേ പ്യാർ ക്യോ കിയ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നടിയായി മാറി.
Content Highlights: Sushmita Sen won the 1994 Femina Miss India crown in a simple gown., The fabric was bought cheaply from Sarojini Nagar market in Delhi., A local garage tailor stitched the historic winning gown., The matching gloves were ingeniously crafted from new black socks., Defeated Aishwarya Rai in the 1994 pageant to secure the title.
Published: 25 Aug 2026, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented