വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ തുടർച്ചയായി രണ്ടാം വർഷവും ചുവടുവെച്ചതോടെ ശ്രദ്ധനേടിയിരിക്കുകയാണ് ഇന്ത്യൻ വേരുകളുള്ള മോഡൽ ലൂണ യോഹന്നാൻ. എന്നാൽ മോഡലിങ് മാത്രമല്ല ലൂണയുടെ കഴിവ്. ഫാഷൻ ലോകത്തെ പ്രമുഖ താരങ്ങളെയും അവരുടെ വസ്ത്രങ്ങളെയും മനോഹരമായ ചിത്രങ്ങളാക്കി മാറ്റുന്ന ചിത്രകാരി കൂടിയാണ് ഈ യുവതി. ലൂണയുടെ ചിത്രങ്ങൾക്ക് ലോകപ്രശസ്ത ഫാഷൻ മാസികയായ വോഗിലും ഇടം ലഭിച്ചിട്ടുണ്ട്.
ലൂയി വിറ്റോൺ, ഡോൾചെ ആൻഡ് ഗബ്ബാന, മോസ്‌കീനോ തുടങ്ങിയ പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ റാംപുകളിലും ഇതിനകം സാന്നിധ്യമറിയിച്ചിച്ചുണ്ട് ലൂണ. താൻ ധരിക്കുന്ന വസ്ത്രങ്ങളും റാംപിൽ കാണുന്ന ഫാഷൻ ലുക്കുകളും ചിത്രങ്ങളാക്കി ലൂണ മാറ്റും.
ന്യൂയോർക്കിൽ ജനനം, ഇന്ത്യൻ-ഡൊമിനിക്കൻ പാരമ്പര്യം
അമേരിക്കയിലെ ന്യൂയോർക്കിലാണ് ലൂണ യോഹന്നാൻ ജനിച്ചത്. ഇന്ത്യൻ, ഡൊമിനിക്കൻ പാരമ്പര്യങ്ങളുള്ള കുടുംബത്തിൽ ജനിച്ച ലൂണയുടെ വ്യക്തിത്വത്തിൽ രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സ്വാധീനമുണ്ട്. ലൂണയുടെ ഇന്ത്യൻ വേരുകൾ കേരളത്തിലേക്കാണ് നീളുന്നതെന്നും അവർ പാതി മലയാളിയാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മാതാപിതാക്കളെക്കുറിച്ചോ കേരളത്തിലെ കുടുംബബന്ധങ്ങളെക്കുറിച്ചോ കൂടുതൽ സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യൻ വംശജരായ മോഡലുകൾക്ക് അന്താരാഷ്ട്ര ഫാഷൻ വേദികളിൽ ലഭിക്കുന്ന ശ്രദ്ധയുടെ മറ്റൊരു ഉദാഹരണമാണ് ലൂണ. കേരളത്തിൽ നിന്നുള്ള റവ്ലീൻ വർഗീസ് 2026-ലെ വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, ലൂണ തുടർച്ചയായ രണ്ടാം വർഷമാണ് ഈ വേദിയിലെത്തിയത്.2025-ലാണ് ലൂണ ആദ്യമായി വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ പങ്കെടുത്തത്. 2026-ലും അവസരം ലഭിച്ചതോടെ ഈ വേദിയിലെ ലൂണയുടെ സാന്നിധ്യം തുടർന്നു.ഈ വർഷത്തെ ഷോയിൽ ലൂണയുടെ വസ്ത്രധാരണം ഏറെ വ്യത്യസ്തമായിരുന്നു.
റസ്റ്റോറന്റിലെ ജോലിക്കിടെ അപ്രതീക്ഷിതമായി ലഭിച്ച അവസരം
ലൂണയുടെ മോഡലിങ് കരിയറിന്റെ തുടക്കം ഒരു സിനിമാക്കഥയെ ഓർമിപ്പിക്കുന്നതാണ്. മോഡലാവണമെന്ന ലക്ഷ്യവുമായി ഓഡിഷനുകൾ തേടിനടന്നതിലൂടെയല്ല ലൂണ ഫാഷൻ ലോകത്തെത്തിയത്. ന്യൂയോർക്കിലെ പ്രശസ്തമായ ഇൻഡോചൈൻ റസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവിതം മാറ്റിമറിച്ച അവസരം തേടിയെത്തിയത്. ഫാഷൻ രംഗത്തെ പ്രമുഖർ പതിവായി സന്ദർശിക്കുന്ന റസ്റ്റോറന്റായിരുന്നു ഇൻഡോചൈൻ. അവിടെ അതിഥികളെ സ്വീകരിക്കുന്ന ജോലിയായിരുന്നു ലൂണയ്ക്ക്. ഒരു ദിവസം റസ്റ്റോറന്റിലെത്തിയ ഒരാൾ ലൂണയോട് ഏത് മോഡലിങ് ഏജൻസിയുമായാണ് കരാറിലുള്ളതെന്ന് ചോദിച്ചു. എന്നാൽ ചോദ്യം കാര്യമായി എടുക്കാതിരുന്ന ലൂണ, അദ്ദേഹത്തോട് റസ്റ്റോറന്റിൽ റിസർവേഷനുണ്ടോയെന്നാണ് തിരിച്ചു ചോദിച്ചത്. പിന്നീട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അദ്ദേഹത്തിന് നൽകിയശേഷം ലൂണ ജോലിയിലേക്ക് മടങ്ങി. ആ വ്യക്തിക്ക് പ്രമുഖ മോഡലിങ് ഏജൻസിയായ ഡിഎൻഎ മോഡൽസിലെ സ്‌കൗട്ടായ ബട്ടർഫ്‌ലൈ കെയ്ലിയുമായി ബന്ധമുണ്ടെന്ന് പിന്നീടാണ് ലൂണ മനസ്സിലാക്കിയത്. അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ചയാണ് മോഡലിങ് രംഗത്തേക്കുള്ള വഴിതുറന്നത്. 2025 ഒക്ടോബറിൽ വോഗിന് നൽകിയ അഭിമുഖത്തിലാണ് ലൂണ ഈ അനുഭവം പങ്കുവെച്ചത്.
ബയോകെമിക്കൽ എൻജിനീയറിങ് പഠിക്കാൻ ആഗ്രഹിച്ച പെൺകുട്ടി
ഫാഷൻ ലോകത്തേക്കുള്ള ലൂണയുടെ വരവ് നേരത്തേ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. 2025-ലെ വോഗ് റിപ്പോർട്ട് പ്രകാരം, അന്ന് 19 വയസ്സുണ്ടായിരുന്ന ലൂണ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയശേഷം ഒരു വർഷത്തെ ഇടവേളയെടുക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള വെസ്ലിയൻ സർവകലാശാലയിൽ ബയോകെമിക്കൽ എൻജിനീയറിങ് പഠിക്കാനായിരുന്നു ആഗ്രഹം. ശാസ്ത്രവിഷയങ്ങളോടുള്ള താൽപര്യത്തിനൊപ്പം യാത്രകളോടും കലയോടും ലൂണയ്ക്ക് ഇഷ്ടമുണ്ടായിരുന്നു. പഠനത്തിനിടയിലെ ഇടവേളയിൽ ബാക്ക്പാക്കുമായി ഓസ്‌ട്രേലിയയിലൂടെ യാത്ര ചെയ്യാനും ലൂണ പദ്ധതിയിട്ടിരുന്നു. എന്നാൽ മോഡലിങ് അവസരം ലഭിച്ചതോടെ ജീവിതത്തിന്റെ ദിശ മാറി. മോഡലിങ് ഏജൻസിയുമായി കരാറിലേർപ്പെട്ടശേഷം പരിശീലനത്തിനും പോർട്ട്‌ഫോളിയോ തയ്യാറാക്കുന്നതിനുമായി ലൂണ ഓസ്‌ട്രേലിയയിലെത്തി. പിന്നീട് ബാക്ക്പാക്കിങ് യാത്രയെന്ന ആഗ്രഹവും നിറവേറ്റി. ന്യൂയോർക്കിൽ തിരിച്ചെത്തിയശേഷമാണ് മോഡലിങ് കരിയറിൽ കൂടുതൽ സജീവമായത്.
സെലീൻ റാംപിൽ തുടക്കം; പിന്നീട് ലോകപ്രശസ്ത ബ്രാൻഡുകളിലേക്ക്
2025 ജൂലൈയിൽ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ സെലീന്റെ ഷോയിലൂടെയാണ് ലൂണ അന്താരാഷ്ട്ര റാംപിൽ അരങ്ങേറ്റം കുറിച്ചത്. ഡിസൈനർ മൈക്കൽ റൈഡർ സെലീനുവേണ്ടി അവതരിപ്പിച്ച ആദ്യ ഷോയായിരുന്നു അത്. ആദ്യ അവസരത്തിന് പിന്നാലെ ലൂണയ്ക്ക് പ്രമുഖ ബ്രാൻഡുകളിൽനിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ടോറി ബർച്ച്, അൽതുസാറ, കോച്ച്, റാൽഫ് ലോറൻ, ജേസൺ വു തുടങ്ങിയ ബ്രാൻഡുകളുടെ ന്യൂയോർക്ക് ഫാഷൻ ഷോകളിൽ ലൂണ പങ്കെടുത്തു. ലൂയി വിറ്റോൺ, ഡോൾചെ ആൻഡ് ഗബ്ബാന, മോസ്‌കീനോ, റബാൻ തുടങ്ങിയ ബ്രാൻഡുകളുടെ ഷോകളിലും ലൂണ റാംപിലെത്തി. മോസ്‌കീനോയുടെ ഷോയിൽ ആദ്യ ലുക്ക് അവതരിപ്പിച്ചതും റബാന്റെ ഷോയിൽ അവസാന ലുക്ക് അവതരിപ്പിച്ചതും കരിയറിലെ ശ്രദ്ധേയമായ നേട്ടങ്ങളായി. 2026 സ്പ്രിങ് ഫാഷൻ സീസണിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ പത്ത് പുതുമുഖ മോഡലുകളുടെ പട്ടികയിൽ വോഗ് ലൂണയെയും ഉൾപ്പെടുത്തി.
മോഡലിങ് മാത്രമല്ല, പുസ്തകശാലയിലും ജോലി
അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ തിരക്കേറിയപ്പോഴും മറ്റ് ജോലികളോടുള്ള താൽപര്യം ലൂണ ഉപേക്ഷിച്ചിരുന്നില്ല. പല ജോലികൾ ഒരേസമയം ചെയ്യുന്ന വ്യക്തിയെന്നാണ് ലൂണ സ്വയം വിശേഷിപ്പിക്കുന്നത്. 2025-ൽ വോഗിനോട് സംസാരിക്കുമ്പോൾ ഇൻഡോചൈൻ റസ്റ്റോറന്റിലെ ജോലിക്കൊപ്പം ന്യൂയോർക്കിലെ പ്രശസ്തമായ സ്ട്രാൻഡ് പുസ്തകശാലയിലും ജോലി ചെയ്യുന്നുണ്ടെന്ന് ലൂണ പറഞ്ഞിരുന്നു. ഇടയ്ക്ക് ഈസ്റ്റ് റിവർ പ്രദേശത്ത് ഓയിസ്റ്റർ ഷക്കറായും ജോലി ചെയ്തിരുന്നു. താൽപര്യമുള്ള കാര്യങ്ങളെല്ലാം പരീക്ഷിച്ചുനോക്കാനാണ് ഇഷ്ടമെന്നായിരുന്നു ലൂണയുടെ വിശദീകരണം. ഫാഷൻ റാംപിലെ തിളക്കത്തിനപ്പുറം വ്യത്യസ്തമായ അനുഭവങ്ങൾ തേടുന്ന വ്യക്തിത്വമാണ് ഈ യുവമോഡലിന്റേത്.
ചിത്രരചനയോടുള്ള ഇഷ്ടത്തിന് പിന്നിൽ അച്ഛൻ
ചെറുപ്പം മുതൽ ചിത്രരചനയോട് താൽപര്യമുള്ള ലൂണയെ കലാരംഗത്തേക്ക് ആകർഷിച്ചതിൽ അച്ഛനും പ്രധാന പങ്കുണ്ട്. പ്രശസ്ത കോമിക് പ്രസാധകരായ മാർവലിൽ കളറിസ്റ്റായി പ്രവർത്തിച്ച വ്യക്തിയാണ് ലൂണയുടെ അച്ഛൻ. കോമിക് ചിത്രങ്ങൾക്ക് നിറം നൽകുന്ന ജോലിയാണ് കളറിസ്റ്റിന്റേത്. മോഡലിങ് രംഗത്തെത്തിയശേഷവും ചിത്രരചന ലൂണ ഉപേക്ഷിച്ചില്ല. മറിച്ച് തന്റെ രണ്ട് താൽപര്യങ്ങളെയും ഒരുമിപ്പിക്കാനുള്ള മാർഗമാണ് കണ്ടെത്തിയത്. റാൽഫ് ലോറന്റെ ഫാഷൻ ഷോയിൽ ധരിച്ച വസ്ത്രമാണ് ലൂണ ആദ്യമായി ഇത്തരത്തിൽ ചിത്രമാക്കിയത്. ആ വസ്ത്രത്തിൽ താൻ വളരെ സുന്ദരിയായി തോന്നിയെന്നും അതുകൊണ്ടാണ് ചിത്രം വരച്ചതെന്നും ലൂണ പറഞ്ഞിരുന്നു.
പിന്നീട് ഓരോ ഷോയിലും ധരിക്കുന്ന വസ്ത്രങ്ങൾ ചിത്രങ്ങളാക്കി മാറ്റാൻ തുടങ്ങി. ഫിറ്റിങ്ങിനിടെ പരീക്ഷിക്കുന്ന വസ്ത്രങ്ങളും മോഡലിങ് കാസ്റ്റിങ്ങുകളിൽ കാണുന്ന സഹമോഡലുകളെയും ലൂണ വരയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ഫാഷൻ ലോകത്തും ശ്രദ്ധനേടി. സാധാരണ ഫാഷൻ സ്‌കെച്ചുകളിൽനിന്ന് വ്യത്യസ്തമായി, പോസ്റ്റർ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ശൈലിയിലാണ് ലൂണയുടെ സൃഷ്ടികൾ.
ശ്രദ്ധ പിടിച്ചുപറ്റിയ സ്‌കെച്ചുകൾ
ലൂണയുടെ ചിത്രങ്ങൾ വോഗിന്റെ ശ്രദ്ധയിൽപ്പെടുന്നതും രസകരമായ സംഭവമാണ്. വോഗിന്റെ ഗ്ലോബൽ കാസ്റ്റിങ് ഡയറക്ടറായ ഇഗ്‌നാസിയോ മുറില്ലോയാണ് ലൂണയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളെക്കുറിച്ച് വോഗ് ലേഖകൻ ഹോസെ ക്രിയാലെസ്-ഉൻസുവേറ്റയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മോഡലുകൾ ധരിക്കുന്ന വസ്ത്രങ്ങൾ ചിത്രങ്ങളായി രേഖപ്പെടുത്തുന്ന രീതി ഫാഷൻ ലോകത്ത് പുതിയ കാര്യമല്ല. ഫാഷൻ ഷോകളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ എളുപ്പത്തിൽ ലഭ്യമല്ലാതിരുന്ന കാലത്ത് ഫാഷൻ എഡിറ്റർമാർ സ്‌കെച്ചുകളെ ആശ്രയിച്ചിരുന്നു. പ്രശസ്ത ഫാഷൻ എഡിറ്റർ ഗ്രേസ് കോഡിങ്ടണും ഇത്തരത്തിൽ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന് ഫോട്ടോഗ്രാഫുകളും വീഡിയോകളും ഉടൻ ലഭ്യമാകുന്ന കാലത്താണ് ലൂണ പഴയ ഈ ശൈലിയെ സ്വന്തം രീതിയിൽ തിരിച്ചുകൊണ്ടുവരുന്നത്. വസ്ത്രങ്ങളുടെ രൂപകൽപ്പന മാത്രമല്ല, അവ ധരിക്കുന്ന വ്യക്തികളുടെ ഭാവവും ചിത്രങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.
നിക്കോൾ കിഡ്മാനും കെൻഡൽ ജെന്നറും ലൂണയുടെ ചിത്രങ്ങളിൽ
പാരാമൗണ്ട് സ്റ്റുഡിയോസിൽ നടന്ന വോഗ് വേൾഡ്: ഹോളിവുഡ് പരിപാടിയിലും ലൂണ പങ്കെടുത്തിരുന്നു. സിനിമയും ഫാഷനും ഒരുമിച്ചെത്തിയ പരിപാടിയിൽ ഹോളിവുഡ് താരങ്ങളും പ്രമുഖ മോഡലുകളും അണിനിരന്നു. നിക്കോൾ കിഡ്മാൻ, കെൻഡൽ ജെന്നർ, അനോക് യായ്, ജൂലിയ ഗാർണർ, അയോ എഡെബിരി തുടങ്ങിയ താരങ്ങളുടെ ലുക്കുകൾ ലൂണ തന്റെ സ്‌കെച്ച്ബുക്കിൽ പകർത്തി. പരിപാടിയിൽ ലൂണ തന്നെ ധരിച്ച വസ്ത്രത്തിനും സിനിമയുമായി ബന്ധമുണ്ടായിരുന്നു. സോഫിയ കൊപ്പോള സംവിധാനം ചെയ്ത ങചിത്രത്തിലെ കോസ്റ്റ്യൂമുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിക്കോളാസ് ഗെസ്‌കിയേർ ഒരുക്കിയ ലൂയി വിറ്റോൺ വസ്ത്രമാണ് ലൂണ അവതരിപ്പിച്ചത്. സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായ മിലേന കാനോനെറോയുടെ സൃഷ്ടികളായിരുന്നു ഇതിന് പ്രചോദനം. പരിപാടിയിലെ താരങ്ങളെയും വസ്ത്രങ്ങളെയും ചിത്രീകരിച്ച ലൂണയുടെ സ്‌കെച്ചുകൾ വോഗ് പ്രത്യേക ഫീച്ചറായി പ്രസിദ്ധീകരിച്ചു. താരങ്ങളുടെ യഥാർഥ ഫോട്ടോഗ്രാഫുകൾക്കൊപ്പം ലൂണ വരച്ച ചിത്രങ്ങളും അവതരിപ്പിച്ചു.
ഫാഷനും കലയും ഒരുമിക്കുന്ന ജീവിതം
മോഡലിങ് എന്നത് വസ്ത്രങ്ങൾ ധരിച്ച് റാംപിലൂടെ നടക്കുക മാത്രമല്ലെന്നാണ് ലൂണയുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. വസ്ത്രങ്ങളുടെ രൂപകൽപ്പനയും നിറങ്ങളും അവ അവതരിപ്പിക്കുന്ന രീതിയും ഉൾപ്പെടെ കലാപരമായ നിരവധി ഘടകങ്ങൾ അതിലുണ്ട്. ചിത്രരചനയുമായി മോഡലിങ്ങിന് ഏറെ സാമ്യമുണ്ടെന്നും ഈ മേഖലയിലെ സർഗാത്മകതയാണ് തന്നെ ആകർഷിക്കുന്നതെന്നും ലൂണ പറഞ്ഞിട്ടുണ്ട്. വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ തുടർച്ചയായ രണ്ടാം വർഷവും പങ്കെടുത്തതോടെ ലൂണ യോഹന്നാൻ വീണ്ടും ശ്രദ്ധനേടുകയാണ്.
Content Highlights: Luna Yohannan walked the Victoria's Secret Fashion Show for the second consecutive year in 2026., She has multi-ethnic roots, including Indian/Malayali heritage from her father's side and Dominican heritage., Apart from international modelling for brands like Louis Vuitton and Dolce & Gabbana, she is an accomplished fashion artist whose sketches have been featured in Vogue.
Published: 22 Oct 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented