വസ്ത്രങ്ങളിലൂടെ ശരീരം മറയ്ക്കുകയോ അലങ്കരിക്കുകയോ ചെയ്യുക എന്നതിനേക്കാള്, ഈ ഭൂമിയിലെ ജീവല്പ്രശ്നങ്ങളോട് പ്രതികരിക്കാന് കഴിവില്ലെങ്കില് ആ കലയ്ക്ക് യാതൊരു മൂല്യവുമില്ല, ഹന്ന ഡാള്ട്ടണും സ്റ്റീവന് രാജും പറയുന്നു

പരമ്പരാഗതമായ ദൃശ്യഭംഗിക്കും ലക്ഷ്വറി ലൈഫ് സ്റ്റൈലിനുമപ്പുറം ഫാഷനെ മൂർമച്ചയേറിയ രാഷ്ട്രീയ പ്രതിരോധത്തിനുള്ള മാധ്യമമാക്കി മാറ്റി മറ്റിയേഴ്സ് ഫെക്കാൾസ്. പാരീസ് ഫാഷൻ വീക്കിലെ തങ്ങളുടെ കന്നിപ്രകടനത്തിലൂടെ ലോകോത്തര ഡിസൈൻ രംഗത്ത് വൻവിപ്ലവമാണ് ഈ കൂട്ടായ്മ സൃഷ്ടിച്ചിരിക്കുന്നത്. പാരീസിലെ ചരിത്രപ്രസിദ്ധമായ പ്ലേസ് ഡി ലാ റിപ്പബ്ലിക് ചത്വരത്തെ വൻകിട മുതലാളിത്തത്തിനെതിരെയുള്ള പ്രതിഷേധവേദിയാക്കി മാറ്റിയാണ് അവർ ചരിത്രം കുറിച്ചത്. ദി നൈന്റി നൈൻ പെർസെന്റ് എന്ന് പേരിട്ട സ്പ്രിംഗ്/സമ്മർ കളക്ഷനിലൂടെ, ആഗോളതലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അഭയാർഥികളുടെയും സാധാരണക്കാരുടെയും ശബ്ദമായി മാറുകയായിരുന്നു മറ്റിയേഴ്സ് ഫെക്കാൾസ്.
ലോകത്തിലെ സമ്പത്തിന്റെ 99 ശതമാനവും അനുഭവിക്കുന്ന, സാധാരണക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും തഴഞ്ഞ്, വെറും ഒരുശതമാനം വരുന്ന വരേണ്യവർഗ്ഗത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ആഡംബര ഫാഷൻ ബിസിനസ്സിനെതിരെയുള്ള വിമർശനം. ഫ്രാൻസിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റക്കാർക്കെതിരെയുള്ള നിയമങ്ങൾ കർശനമാക്കുകയും വംശീയ അധിക്ഷേപങ്ങൾ വർധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് മറ്റിയേഴ്സ് ഫെക്കാൾസ് പാരീസ് ഫാഷൻ വീക്കിൽ ഇത്തരമൊരു വേറിട്ട നിലപാട് സ്വീകരിച്ചത്. ആഫ്രിക്കൻ, മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്ന് യുദ്ധവും പട്ടിണിയും കാരണം പലായനം ചെയ്ത് പാരീസിലെത്തുന്ന ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളോ താമസസ്ഥലമോ നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന വിമർശനം ശക്തമാണ്. ഫാഷൻ വീക്ക് നടക്കുമ്പോൾ പാരീസ് നഗരത്തിലെ ചേരികളും കുടിയേറ്റ ടെന്റുകളും അധികൃതർ ബലമായി ഒഴിപ്പിക്കാറുണ്ട്.
വൻകിട ഫാഷൻ ഷോകൾക്ക് വേദിയാകാറുള്ള അടച്ചിട്ട ഹാൾ മുറികൾക്ക് പകരം, പാരീസിലെ ജനകീയ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ പ്ലേസ് ഡി ലാ റിപ്പബ്ലിക് റൺവേയായി തിരഞ്ഞെടുത്തുകൊണ്ട് അതിനോട് പ്രതിഷേധിക്കുകയായിരുന്നു മറ്റിയേഴ്സ് ഫെക്കാൾസ്. ഷോ കാണാൻ ആയിരക്കണക്കിന് സാധാരണക്കാരാണ് തടിച്ചുകൂടിയത്. ലോകത്തെ പ്രമുഖ ഫാഷൻ ബ്രാൻഡുകൾ ആഡംബരത്തിന്റെ തിളക്കത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, മുതലാളിത്ത വ്യവസ്ഥിതി തള്ളിക്കളഞ്ഞ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിത യാഥാർഥ്യങ്ങളിലേക്കാണ് മറ്റിയേഴ്സ് ഫെക്കാൾസ് വെളിച്ചം വീശിയത്.
കളക്ഷന്റെ പേര് അന്വർത്ഥമാക്കുംവിധം കൃത്യമായി 99 മോഡലുകളാണ് റൺവേയിൽ അണിനിരന്നത്. മുൻനിര ഫാഷൻ രംഗത്ത് സ്ഥിരമായി കാണാറുള്ള സുന്ദരന്മാരായ മോഡലുകൾക്ക് പകരം വ്യത്യസ്ത വർഗ്ഗങ്ങളിലും വിഭാഗങ്ങളിലും പെട്ട 99 വ്യക്തികളാണ് ഇതിൽ പങ്കെടുത്തത്. ഡിസൈനർമാരുടെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പ്രദേശവാസികൾ, ഫാഷൻ റൺവേയിൽ മുൻപരിചയമില്ലാത്ത സാധാരണക്കാർ എന്നിവർ റാംപ് കീഴടക്കി. ശതകോടീശ്വരന്മാരുടെ നിഷ്‌ക്രിയ രൂപങ്ങളെ ചുമലിലേറ്റി മോഡലുകൾ അണിനിരന്നത് വൻകിടക്കാരുടെ വർധിച്ചുവരുന്ന സാമ്പത്തിക അനീതിക്കെതിരെയുള്ള ശക്തമായ സന്ദേശമായി മാറി. ഫാഷനെ കേവലം ദൃശ്യചാരുതയ്ക്കപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ പ്രതിരോധത്തിനുള്ള ആയുധമാക്കാമെന്ന് കൂടി ഇവർ തെളിയിച്ചു.
കനേഡിയൻ തലസ്ഥാനമായ മോൺട്രിയൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റീവൻ രാജ് ഭാസ്‌കരൻ, ഹന്ന റോസ് ഡാൾട്ടൻ എന്നീ ഡിസൈനർ ജോഡികളാണ് മറ്റിയേഴ്സ് ഫെക്കാൾസിന് പിന്നിൽ. കോർപ്പറേറ്റ് ലോകത്തെ അതിരുകടന്ന ധനസമ്പാദനത്തെയും വൻകിടക്കാരുടെ സ്വാർത്ഥതയെയും ചൂണ്ടിക്കാട്ടി ഇവർ നേരത്തേ അവതരിപ്പിച്ച 'ദി വൺ പെർസെന്റ്' എന്ന കളക്ഷന്റെ തുടർച്ചയാണ് പുതിയ പ്രമേയം.
ഫാമിലി, ട്രൈബ്, ഗോഡ്സ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത അധ്യായങ്ങളായാണ് പ്രദർശനം ആസൂത്രണം ചെയ്തത്. ഓരോ ഘട്ടവും സമൂഹത്തിലെ വ്യത്യസ്ത യാഥാർത്ഥ്യങ്ങളെയും വകഭേദങ്ങളെയും പ്രതിനിധീകരിച്ചു. ഷോയുടെ തുടക്ക അധ്യായമായ 'ഫാമിലി'യിൽ ബ്ലേസറുകളും സ്‌കർട്ടുകളും ഉൾപ്പെടുന്ന പരമ്പരാഗത അനായാസ വസ്ത്രധാരണ ശൈലിയാണ് കണ്ടത്. സിൽക്ക്, ട്യൂൾ ടെക്സ്ചറുകളിലുള്ള അതിമനോഹരമായ വസ്ത്രങ്ങൾ അവതരിപ്പിച്ചു. ഡിസൈനറായ സ്റ്റീവൻ രാജ് ഭാസ്‌കരൻ തന്റെ അമ്മയോടും സഹോദരിയോടും അനന്തരവളോടുമൊപ്പംനടന്നുനീങ്ങിയത് കുടുംബബന്ധങ്ങളുടെയും വേരുകളുടെയും പ്രാധാന്യം വിളിച്ചോതി.
രണ്ടാം ഘട്ടമായ ട്രൈബ് കൂടുതൽ കടുപ്പമേറിയ രാഷ്ട്രീയ പ്രതിഷേധത്തിന്റെ വേദിയായി മാറി. മിലിട്ടറി ട്യൂൾ ട്വീഡ് സെറ്റുകൾ, തകർച്ചയുടെയും ജീർണ്ണതയുടെയും ലക്ഷണങ്ങൾ കാണിക്കുന്ന ലെതർ കേപ്പുകൾ, അഴിഞ്ഞുവീഴുന്ന വസ്ത്രധാരണ രീതികൾ, പങ്ക് ശൈലിയിലുള്ള ആക്സസറികൾ എന്നിവ വഴി അധികാര വർഗ്ഗത്തോടുള്ള ചെറുത്തുനിൽപ്പാണ് ഇവർ വരച്ചുകാട്ടിയത്.
നാടകീയ രംഗങ്ങളോടെയായിരുന്നു അവസാന അധ്യായമായ ഗോഡ്സ് അരങ്ങേറിയത്. ഫാഷൻ ലോകത്തെ അമ്പരപ്പിച്ച ഈ ഘട്ടത്തിൽ, മോഡലുകൾ ശതകോടീശ്വരന്മാരുടെ നിഷ്‌ക്രിയമായ ജീവനറ്റ രൂപങ്ങളെ ചുമലിലേന്തിയാണ് റൺവേയിലൂടെ നടന്നത്. തങ്ങളുടെ പഴയ വൺ പെർസെന്റ് ഷോയിൽ വൻകിട സമ്പന്നരെ കുറിക്കാൻ ഉപയോഗിച്ച ഡോളർ നോട്ടിന്റെ മാസ്‌കുകൾ ധരിപ്പിച്ച രൂപങ്ങളായിരുന്നു ഇവ. ധനികർ ഉണ്ടാക്കിവെച്ച സാമ്പത്തികഭാരവും ചൂഷണവും സാധാരണക്കാർ ചുമക്കേണ്ടിവരുന്നു എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയത്.
സ്പ്രിങ്/സമ്മർ 27 കളക്ഷന്റെ വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വിഹിതം എൽ.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് അഭയാർഥികൾക്ക് പാർപ്പിടം നൽകുന്ന ലാ മൈസൺ ഡി അലാന എന്ന ഫ്രഞ്ച് സന്നദ്ധ സംഘടനയ്ക്ക് സംഭാവന നൽകുമെന്നും ഇവർ പ്രഖ്യാപിച്ചു. ഫാഷൻ എന്നത് നിഷ്പക്ഷമായിരിക്കേണ്ട ഒന്നല്ലെന്നും അത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള പോരാട്ടഭൂമിയാക്കി മാറ്റാമെന്നും തെളിയിച്ചിരിക്കുകയാണ് മറ്റിയേഴ്സ് ഫെക്കാൾസ്. സൗന്ദര്യസങ്കൽപങ്ങളെ പുനർനിർവചിക്കുന്നതോടൊപ്പം സാമൂഹിക അനീതിക്കെതിരെ ശക്തമായ ശബ്ദമുയർത്താനും ഫാഷനിലൂടെ കഴിയുമെന്ന് ഇവർ കാണിച്ചുതരുന്നു.
ഹന്ന ഡാൾട്ടൺ, ഇന്ത്യൻ വംശജനായ സ്റ്റീവൻ രാജ് ഭാസ്‌കരൻ എന്നീ ഡിസൈനർ ദമ്പതിമാർ ചേർന്ന് രൂപീകരിച്ച ബ്രാൻഡാണ് മാറ്റിയേർസ് ഫെക്കേൽസ്. പേരിൽതന്നെയുള്ള പ്രകോപനപരമായ സ്വഭാവം ഇവരുടെ ഓരോ ഡിസൈനിലും പ്രകടമാണ്. മനുഷ്യന്റെ പരമ്പരാഗത സൗന്ദര്യ സങ്കൽപങ്ങളെ പൂർണ്ണമായി വെല്ലുവിളിക്കുന്ന പ്രോസ്തെറ്റിക്സ്, വിചിത്രമായ ഹെയർസ്റ്റൈലുകൾ, ബോഡി മോഡിഫിക്കേഷൻ ലൈനുകൾ എന്നിവയാണ് ഇവരുടെ സിഗ്നേച്ചർ ശൈലി. ഫാഷൻ ഇൻഡസ്ട്രി ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം, ഫാസ്റ്റ് ഫാഷൻ സംസ്‌കാരം, വംശീയത എന്നിവയ്‌ക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്നവരാണ് ഇരുവരും. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇവർ, ഫാഷൻ എന്നാൽ കേവലം വസ്ത്രധാരണം മാത്രമല്ലെന്നും അത് ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണെന്നും വിശ്വസിക്കുന്നു.
മറ്റിയേഴ്സ് ഫെക്കാൾസിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫാഷൻ ലോകത്ത് വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. പ്രമുഖ ഫാഷൻ പ്രസിദ്ധീകരണങ്ങൾ ഈ നീക്കത്തെ ഫാഷൻ വീക്കിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ സാമൂഹിക ഇടപെടലായി വിശേഷിപ്പിച്ചു. ചടങ്ങിനെത്തിയ കാണികളും സോഷ്യൽ മീഡിയയിലെ ജനങ്ങളും ഇതാണ് യഥാർത്ഥ ഫാഷൻ എന്ന് പ്രഖ്യാപിച്ചു. വാർത്തകളിൽ ഇടംനേടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് എന്ന് വിളിച്ച് ചിലർ തള്ളിക്കളയാൻ ശ്രമിച്ചെങ്കിലും, പൊതുജന പിന്തുണ മാറ്റിയേർസ് ഫെക്കേൽസിനൊപ്പമായിരുന്നു.
വസ്ത്രങ്ങളിലൂടെ ശരീരം മറയ്ക്കുകയോ അലങ്കരിക്കുകയോ ചെയ്യുക എന്നതിനേക്കാൾ, പ്രശ്നങ്ങളോട് പ്രതികരിക്കാൻ കഴിവില്ലെങ്കിൽ ആ കലയ്ക്ക് യാതൊരു മൂല്യവുമില്ലെന്ന് ഹന്ന ഡാൾട്ടണും സ്റ്റീവൻ രാജും പറയുന്നു.
Content Highlights: Paris fashion week transforms into a stage for political protest, highlighting the voices of marginalized communities and challenging luxury fashion norms.
Published: 30 Sept 2026, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented