കായികരംഗത്ത് ഫാഷന് എന്താണ് കാര്യം? കാര്യമുണ്ടെന്നാണ് കറുത്ത വർഗക്കാരായ കായികതാരങ്ങൾ വർഷങ്ങളായി ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുപക്ഷെ അവരിൽ ഏറ്റവും ഒടുവിൽ ലോകം ചർച്ച ചെയ്യുന്ന ആളാകാം ടെന്നീസ് താരം നവോമി ഒസാക. ഒരാൾ ധരിക്കുന്ന വസ്ത്രം ശരീരാവരണം എന്നതിലുപരി അയാളുടെ സർഗാത്മകതയുടെ, ആവിഷ്‌ക്കാരത്തിന്റെ, ചിന്തകളുടെ, കാഴ്ചപ്പാടുകളുടെ, ആവിഷ്‌ക്കാരത്തിന്റെ പ്രതിഫലനമാണ്. ഒരു വ്യക്തി ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും ക്രമീകരണവും നോക്കി അയാളുടെ വ്യക്തിത്വം മനസ്സിലാക്കാൻ സാധിക്കുമെന്ന് ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയുടെ ഫാഷൻ ഫോർവേഡിന്റെ ഹെഡ് സ്‌റ്റൈലിസ്റ്റായ കൈലർ ഡിക്‌സൺ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

To advertise here,

ലോകം കണ്ട മികച്ച അത്‌ലറ്റ് എന്നതിലുപരി കായികരംഗത്ത് ഫാഷൻ വിപ്ലവത്തിന് തുടക്കം കുറിച്ച ഫാഷൻ ഐക്കണാണ് ഫ്‌ളോ ജോ, ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നർ. എൺപതുകളിൽ അവർ ട്രാക്കിൽ അവതരിപ്പിച്ച വസ്ത്രധാരണരീതിയാണ് ഇന്ന് ആഗോളതലത്തിൽ ട്രെൻഡായിക്കൊണ്ടിരിക്കുന്ന അത്ലീഷർ ഫാഷന്റെ അടിസ്ഥാനം. 88ലെ സിയോൾ ഒളിമ്പിക്‌സിൽ ക്യാറ്റ് സ്യൂട്ടും നീളമുള്ള ആക്രിലിക് നെയിൽ ആർട്ടുകളും ആഭരണങ്ങളും ധരിച്ച് ഫ്‌ളോ ജോ ട്രാക്കിലേക്കിറങ്ങിയപ്പോൾ ലോകം അത്ഭുതത്തോടെയാണ് അവളെ നോക്കിക്കണ്ടത്. കായികമായി മുന്നേറാൻ സഹായിക്കുന്ന വസ്ത്രങ്ങൾ മാത്രം ധരിച്ച് കായികതാരങ്ങൾ ട്രാക്കിലിറങ്ങിയ കാലത്താണ് ആകെ തിളങ്ങി ഫ്‌ളോജോ ട്രാക്കിലിറങ്ങുന്നത്. ഒരു അത്‌ലറ്റിന് ഭംഗിയായി വസ്ത്രം ധരിക്കാനും, സൗന്ദര്യം ആഘോഷിക്കാനും സാധിക്കുമെന്നുകൂടി തെളിയിക്കുകയായിരുന്നു ഫ്‌ളോ ജോ. തനിക്ക് ആത്മവിശ്വാസവും കരുത്തും ലഭിക്കാൻ മികച്ചരീതിയിലുള്ള വസ്ത്രധാരണം സഹായിക്കുന്നുണ്ടെന്ന് ഫ്‌ളോ ജോ പറഞ്ഞിട്ടുമുണ്ട്. ഫ്‌ളോ-ജോ അക്കാലത്ത് ധരിച്ച ക്യാറ്റ്സ്യൂട്ടുകളും ബൈക്ക് ഷോർട്ടുകളും ബോഡിസ്യൂട്ടുകളും ഇന്ന് ഏറ്റവും വലിയ ഫാഷൻ ട്രെൻഡുകളാണ്. ഫ്‌ളോ-ജോയുടെ വസ്ത്രധാരണ രീതി കേവലം ഫാഷൻ പരീക്ഷണമായിരുന്നില്ല. കറുത്ത വർഗ്ഗക്കാരുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ആത്മാഭിമാനത്തിന്റെയും ആഘോഷത്തിന്റെയും പ്രഖ്യാപനമായിരുന്നു അത്. കറുത്തവർഗ്ഗക്കാരുടെ സംസ്‌കാരത്തിൽ ഭംഗിയായും ആകർഷകമായും വസ്ത്രം ധരിക്കുക എന്നത് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.

ഫ്ളോജോ ഒരു തുടക്കമായിരുന്നു, ഇന്ന് കറുത്തവർഗക്കാരായ കായിക താരങ്ങൾ മൈതാനങ്ങളെ റെഡ് കാർപ്പെറ്റുകളാക്കി മാറ്റുന്ന കാഴ്ചയാണ്. നന്നായി ഓടണമെങ്കിൽ ഭംഗിയായി വസ്ത്രം ധരിക്കണം എന്ന ആത്മവിശ്വാസം മുതൽ വംശീയവും സാംസ്‌കാരികവുമായ സ്വത്വപ്രഖ്യാപനം വരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് അവർ അണിഞ്ഞൊരുങ്ങുന്നത്. അടിച്ചമർത്തലുകളിലൂടെ കടന്നുപോയ കറുത്തവർഗക്കാർക്ക് മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്നത് അവരുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകം കൂടിയായാണ്. അടിമവ്യാപരം നിലനിന്നിരുന്ന കാലത്ത് അടിമകളാക്കപ്പെട്ട മനുഷ്യർക്ക് വിലകുറഞ്ഞ പരുക്കൻ വസ്ത്രങ്ങൾ ധരിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. സ്വതന്ത്രരായ കറുത്തവർഗക്കാർ മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്നത് നിയമപ്രകാരം തടയാൻ പോലും ശ്രമിച്ചിരുന്നു. അതിനോട് കറുത്തവർഗക്കാർ പ്രതികരിച്ചത് വസ്ത്രങ്ങളിൽ പ്രത്യേകതുന്നലുകളും പാറ്റേണുകളും കൂട്ടിച്ചേർത്ത് സ്വന്തംശൈലി രൂപപ്പെടുത്തിയാണ്. ജാപ്പനീസ്-ഹെയ്തിയൻ ടെന്നീസ് താരം നവോമി ഒസാക്കയാകട്ടെ, അല്ലെങ്കിൽ ടെക്സസിലെ വേദിയിൽ ചിറ്റപ്പുലിയുടെ പാറ്റേണിലുള്ള സ്യൂട്ടുകളണിഞ്ഞെത്തിയ ഡി.ആർ കോംഗോ ഫുട്‌ബോൾ ടീമാകട്ടെകായിക ലോകത്ത് ഫാഷൻ ഇപ്പോൾ വെറുമൊരു അലങ്കാരമല്ല. മത്സരത്തിൽ പങ്കെടുക്കുക എന്നതിലുപരി, കാണികൾക്ക് തങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു സാംസ്‌കാരിക അനുഭവം നൽകുക കൂടിയാണ് ഇവർ ചെയ്യുന്നത്.

ഈ വർഷം നടന്ന വിവിധ ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ ഒസാക്ക നടത്തിയ ഫാഷൻ പരീക്ഷണങ്ങൾ വലിയ ചർച്ചയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ നവോമി ധരിച്ചുവന്ന ജെല്ലിഫിഷ് ഗൗൺ അതിലൊന്നാണ്. ആറ് മാസത്തെ പ്രസവാവധിക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ഒസാക്ക ആരാധകരോട് സംവദിക്കാൻ തിരഞ്ഞെടുത്ത മാധ്യമമായിരുന്നു ആ വസ്ത്രമെന്നും വ്യാഖ്യാനമുണ്ട്. മകൾ ഷായിക്ക് കഥ വായിച്ചുകൊടുക്കുന്നതിനിടയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ജെല്ലിഫിഷ് വസ്ത്രം ഡിസൈൻ ചെയ്യപ്പെട്ടത്. റോബർട്ട് വൂൺ ഡിസൈൻ ചെയ്ത ജെല്ലിഫിഷ് ഗൗൺ ചർച്ചയായതിന് പിന്നാലെ ഫ്രഞ്ച് ഓപ്പണിൽ ഈഫൽ ഗോപുരത്തിന്റെ മാതൃകയിലുള്ള തിളങ്ങുന്ന ബ്രോൺസ് ഡ്രസ്സ് ധരിച്ച് അവരെത്തി. വെളുത്ത വസ്ത്രം എന്ന ചട്ടക്കൂടുള്ള വിംബിൾഡണിൽ അവളെത്തിയത് വെളുത്ത കിമോണ ധരിച്ചാണ്. യുഎസ് ഓപ്പണിലാകട്ടെ ആധുനിക സ്ട്രീറ്റ്വെയറും ഹൈ-ഫാഷനും സംയോജിപ്പിച്ചുകൊണ്ട് എൻ.ബി.എ ഇതിഹാസം ആലൻ ഐവേഴ്സണോടുള്ള പ്രത്യേക ആദരവ് അർപ്പിക്കുന്ന വസ്ത്രത്തിലാണ് അവർ പ്രത്യക്ഷപ്പെട്ടത്.

നവോമിക്ക് മുന്നേ ടെന്നീസ് കോർട്ടിൽ ഫാഷൻ വിപ്ലവം നടത്തിയ താരമാണ് സെറീന വില്യംസ്. വെളുത്ത മുത്തുകൾ കോർത്ത മുടിയിഴകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് സ്വന്തം ഫാഷൻ സ്റ്റേറ്റ്‌മെന്റുൾക്ക് തുടക്കമിട്ട സെറീന 2018-ൽ ഫ്രഞ്ച് ഓപ്പണിൽ ബ്ലാക്ക് ക്യാറ്റ്സ്യൂട്ട് ധരിച്ച് ഒരു യോദ്ധാവിനെപ്പോലെയാണ് എത്തിയത്. 2021-ൽ ഫ്‌ളോ-ജോയോടുള്ള ആദരസൂചകമായി വീണ്ടും ഒരൊറ്റ കാലുള്ള ക്യാറ്റ്സ്യൂട്ടിൽ സെറീന പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സ്‌റ്റൈൽ തിരഞ്ഞെടുപ്പുകൾ കായികരംഗത്തെ കർശനമായ വസ്ത്രധാരണ ചട്ടങ്ങളുമായി ഏറ്റുമുട്ടിയിട്ടുള്ള ചരിത്രവുമുണ്ട്. 2005-06 കാലഘട്ടത്തിൽ എൻ.ബി.എ കറുത്തവർഗ്ഗക്കാരായ കളിക്കാർക്കിടയിൽ ജനപ്രിയമായിരുന്ന, ഹിപ്-ഹോപ്പ് സംസ്‌കാരത്തിലൂടെ വ്യവസായത്തിലേക്ക് കടന്നുവന്ന, ഡ്യൂറാഗുകളും അയഞ്ഞ ടീ-ഷർട്ടുകളും നിരോധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് താരങ്ങളെ കൂടുതൽ സർഗ്ഗാത്മകമായി വസ്ത്രം ധരിക്കാൻ പ്രേരിപ്പിക്കുകയാണുണ്ടായത്. കറുത്തവർഗ്ഗക്കാരായ ബാസ്‌കറ്റ്‌ബോൾ കളിക്കാർക്കിടയിൽ 'പ്രീ-ഗെയിം ഫിറ്റ്‌സ്' എന്ന പുതിയൊരു മത്സര സംസ്‌കാരത്തിന് കാരണമായത് ഈ നീക്കമാണ്. കറുത്തവർഗ്ഗക്കാരായ ഒരു വ്യക്തി ലോകവേദിയിൽ നിൽക്കുമ്പോൾ ആ സമൂഹത്തിന്റെ മുഴുവൻ പ്രതിനിധിയായാണ് അവർ സ്വയം കരുതുന്നത്.