ബോളിവുഡിൽ ഒരുകാലത്ത് ചുംബനരംഗങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇമ്രാൻ ഹാഷ്മി. സിനിമകളിലെ തുടർച്ചയായ ചുംബനരംഗങ്ങൾ താരത്തിന് 'സീരിയൽ കിസ്സർ' എന്ന വിശേഷണവും നേടിക്കൊടുത്തു. വർഷങ്ങൾ പിന്നിട്ടിട്ടും ആ പേര് ഇമ്രാനെ വിട്ടുപോയിട്ടില്ല.

To advertise here,

ഇപ്പോഴിതാ തന്റെ ഈ ഇമേജിന് പിന്നിൽ സംവിധായകൻ ആദിത്യ ദത്താണെന്ന് തമാശരൂപത്തിൽ കുറ്റപ്പെടുത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ 'ഗൺമാസ്റ്റർ ജി9'ന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു രസകരമായ പ്രതികരണം.

'ടിവിയിൽ എന്റെ സിനിമ വന്നാൽ കുട്ടികളോട് ഉറങ്ങാൻ പറയും'

തന്റെ സിനിമകൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ഉറങ്ങാൻ പറഞ്ഞുവിട്ടിരുന്ന കാലത്തെക്കുറിച്ചാണ് ഇമ്രാൻ സംസാരിച്ചത്.'എന്റെ സിനിമകളിലൊന്ന് ടിവിയിൽ വരുമ്പോഴെല്ലാം മാതാപിതാക്കൾ കുട്ടികളോട് ഉറങ്ങാൻ പോകാൻ പറയും.

ഇതിനെല്ലാം കാരണം ആദിത്യ ദത്താണ്. കഴിഞ്ഞ 20 വർഷമായി അതിന്റെ പ്രത്യാഘാതങ്ങൾ ഞാൻ അനുഭവിക്കുകയാണ്' എന്നായിരുന്നു ഇമ്രാന്റെ തമാശ നിറഞ്ഞ വാക്കുകൾ.

ആദിത്യ ദത്തിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഗൺമാസ്റ്റർ ജി9'. ഇരുവരും നേരത്തെ ഒന്നിച്ച 'ആഷിഖ് ബനായാ ആപ്‌നേ', 'ദിൽ ദിയാ ഹൈ' എന്നീ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

വീണ്ടും ഒരുമിച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ നിരവധി ആശയങ്ങൾ തങ്ങളുടെ മുന്നിലുണ്ടായിരുന്നുവെന്നും പ്രേക്ഷകർ തിയേറ്ററിൽ ആസ്വദിക്കുന്ന തരത്തിലുള്ള സിനിമ ഒരുക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഇമ്രാൻ പറഞ്ഞു.

ചിത്രത്തിന്റെ വമ്പൻ ബിഗ് സ്‌ക്രീൻ അനുഭവം പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹരിദ്വാർ, ഡൽഹി, ഋഷികേശ് എന്നിവിടങ്ങളിലെ യഥാർഥ ലൊക്കേഷനുകളിൽ ഏകദേശം 60 ദിവസത്തോളം സംഘം ചെലവഴിച്ചു.

സ്റ്റുഡിയോ സെറ്റുകളെയും ഗ്രീൻ സ്‌ക്രീനുകളെയും മാത്രം ആശ്രയിക്കാതെ തിരക്കേറിയ പൊതുസ്ഥലങ്ങളിൽവെച്ചാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. ജനത്തിരക്കുള്ള സ്ഥലങ്ങളിൽ ഷൂട്ടിങ് നടത്തുന്നത് എളുപ്പമായിരുന്നില്ലെങ്കിലും പ്രദേശവാസികളുടെയും അധികൃതരുടെയും പിന്തുണ ലഭിച്ചെന്നും ഇമ്രാൻ വ്യക്തമാക്കി.

നവംബർ 27നാണ് 'ഗൺമാസ്റ്റർ ജി9' റിലീസ് ചെയ്യുന്നത്. ഇമ്രാൻ ഹാഷ്മിക്കൊപ്പം ജെനീലിയ ദേശ്മുഖ്, അപർശക്തി ഖുറാന, അഭിഷേക് സിങ്, അവ്‌നീത് കൗർ, സ്‌നേഹിൽ മെഹ്‌റ, ഇനായത്ത് വർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തന്റെ 'സീരിയൽ കിസർ' വിശേഷണം മറക്കാത്ത ഇമ്രാന്റെ തമാശ നിറഞ്ഞ പ്രതികരണമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.