
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളായിരിക്കും. ഗുജറാത്ത് സ്വദേശിയായ ക്ഷമ ബിന്ദുവിനും തന്റെ വിവാഹത്തെക്കുറിച്ച് കൃത്യമായ സങ്കൽപമുണ്ടായിരുന്നു. സ്വയം വിവാഹം കഴിക്കുക എന്നതായിരുന്നു അത്. ക്ഷമയുടെ തീരുമാനത്തെ ഭ്രാന്തമെന്ന് കളിയാക്കിവരും കുറ്റപ്പെടുത്തിയവരും ഏറെയായിരുന്നു. സംഗതി വിവാദമായതോടെ തീരുമാനിച്ചതിനേക്കാൾ നേരത്തേ വിവാഹിതയായിരിക്കുകയാണ് ക്ഷമ.
വഡോദര സ്വദേശിയായ ക്ഷമ ബിന്ദു എന്ന 24-കാരിയാണ് ഒടുവിൽ സോളോഗമി വിവാഹം നടത്തിയത്. ഒരു വ്യക്തി അയാളെ തന്നെ ഇണയായി തിരഞ്ഞെടുക്കുന്നതിനേയാണ് സോളോഗമി എന്ന് പറയുന്നത്.
ഒടുവിൽ വിവാഹിതയായതിൽ ഞാൻ വളരെയധികം സന്തുഷ്ടയാണ്- വിവാഹത്തിനു ശേഷം ക്ഷമ മാധ്യമങ്ങളോട് പ്രതികരിച്ചു. പരമ്പരാഗത ചടങ്ങുകളെല്ലാം ഉൾക്കൊണ്ട ആർഭാട വിവാഹമായിരുന്നു ക്ഷമയുടേത്.
ജൂൺ 11-നായിരുന്നു ക്ഷമയുടെ വിവാഹം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാദ കമന്റുകൾ ഉയർന്നതോടെ വിവാഹദിനം മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ക്ഷമ നേരത്തേ വിവാഹം കഴിക്കുകയായിരുന്നു. ആരൊക്കെയോ തന്റെ വിവാഹദിനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തോന്നിയിരുന്നു, തന്റെ സ്പെഷൽ ഡേ മോശമാക്കരുതെന്ന് ഉദ്ദേശിച്ചാണ് നേരത്തേ നടത്താൻ തീരുമാനിച്ചത്- ക്ഷമ പറയുന്നു.
തിടുക്കത്തിൽ നടന്ന വിവാഹ ചടങ്ങായതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തുപേരോളം മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് ക്ഷമ പറയുന്നു. മറ്റു വധുമാരെപ്പോലെ വിവാഹശേഷം വീടുവിട്ടു പോകേണ്ട എന്നതാണ് തന്റെ വിവാഹത്തിലെ പ്രത്യേകത എന്ന് ക്ഷമ പറയുന്നത്. മെഹന്ദി, ഹൽദി സെറിമണികൾ ഉൾപ്പെടെ വിവാഹത്തിന് മുന്നോടിയായി നടന്നിരുന്നു.
'ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവാഹങ്ങൾ മുൻപ് നടന്നിട്ടുണ്ടോയെന്ന് താൻ അന്വേഷിച്ചുവെന്നും എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. വിവാഹം കഴിക്കുന്നുവെങ്കിൽ അത് ഏറ്റവും അധികം സ്നേഹിക്കുന്ന ഒരാളെയാകണം എന്നാണ് വിശ്വസിക്കുന്നത്. ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്നെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മാതാപിതാക്കളും പൂർണ പിന്തുണയായി കൂടെയുണ്ട്'- ക്ഷമ പറഞ്ഞു.
Content Highlights: kshama bindu finally weds herself, sologamy in india
Published: 09 Jun 2022, 02:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented