നടി സോഹ അലി ഖാനും ഭർത്താവ് കുനാൽ ഖേമുവും 2017 സെപ്റ്റംബറിലാണ് മകൾ ഇനായയെ വരവേറ്റത്. എന്നാൽ അമ്മയാകുന്നതിന് മുൻപ് ഗർഭധാരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് സോഹ. ഇനായയുടെ ജനനത്തിന് മുൻപ് രണ്ട് തവണ കെമിക്കൽ പ്രഗ്‌നൻസി (Chemical Pregnancy) ഉണ്ടായിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.സ്വന്തം പോഡ്കാസ്റ്റായ 'ഓൾ എബൗട്ട് ഹെർ' എന്ന പരിപാടിയിലായിരുന്നു സോഹയുടെ തുറന്നുപറച്ചിൽ. ഗർഭധാരണം, മാതൃത്വം, ഗർഭം ,അബോർഷൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ നടി ഗൗഹർ ഖാനും ഡോ. രോഹൻ പൽഷേട്കറും അതിഥികളായെത്തിയിരുന്നു. ഗർഭധാരണത്തിനുള്ള തയ്യാറെടുപ്പുകളും മാതൃത്വവുമായിരുന്നു ചർച്ചാവിഷയം.
രണ്ട് തവണ കെമിക്കൽ പ്രഗ്‌നൻസി
സംഭാഷണത്തിനിടെ തനിക്ക് രണ്ട് തവണ ഗർഭം അലസിയ അനുഭവമുണ്ടായിരുന്നുവെന്ന് ഗൗഹർ ഖാൻ വെളിപ്പെടുത്തി. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടതിന് ശേഷമായിരുന്നു ആദ്യത്തെ ഗർഭം അലസൽ. രണ്ടാമത്തെ തവണ ഗർഭത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ഗർഭം നഷ്ടമായത്. അന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും ഗൗഹർ പറഞ്ഞു.ആ സമയത്ത് ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നോ എന്ന് സോഹ ഗൗഹറിനോട് ചോദിച്ചു. ആർത്തവചക്രം കൃത്യമായി നിരീക്ഷിച്ചിരുന്നതിനാൽ ഗർഭധാരണം തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെന്നായിരുന്നു ഗൗഹറിന്റെ മറുപടി.
also read : 15-ാം വയസ്സിൽ ആദ്യ മെഴ്സിഡസ്; 21-ൽ ഋഷി കപൂറിനെ വിവാഹം കഴിക്കുമ്പോൾ 5 പ്രോപ്പർട്ടികളുടെ ഉടമ-നീതു കപൂർ
ഇതിനോട് പ്രതികരിക്കവെയാണ് കെമിക്കൽ പ്രഗ്‌നൻസി എന്ന അവസ്ഥയെക്കുറിച്ചും സ്വന്തം അനുഭവത്തെക്കുറിച്ചും സോഹ സംസാരിച്ചത്.'ആർത്തവചക്രം നിരീക്ഷിക്കാത്തവരാണെങ്കിൽ പലപ്പോഴും ഗർഭിണിയായിരുന്നുവെന്ന് പോലും അറിയാതെ പോകാം. സാധാരണ ആർത്തവം വന്നതാണെന്ന് കരുതിയേക്കാം. കെമിക്കൽ പ്രഗ്‌നൻസി അഥവാ വളരെ നേരത്തെയുണ്ടാകുന്ന ഗർഭനഷ്ടം എന്നൊരു അവസ്ഥയുണ്ട്. അഞ്ച് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ ഇത് സംഭവിക്കാം. എനിക്കും രണ്ട് തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്', എന്നായിരുന്നു സോഹയുടെ വാക്കുകൾ.
ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സംഭവിക്കുന്ന കെമിക്കൽ പ്രഗ്‌നൻസിയിൽ പല സ്ത്രീകളും തങ്ങൾ ഗർഭിണിയായിരുന്നുവെന്ന് തിരിച്ചറിയാറില്ലെന്നും സോഹ കൂട്ടിച്ചേർത്തു. എന്നാൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടതിന് ശേഷം ഗർഭം നഷ്ടപ്പെടുന്നത് വല്ലാത്ത അനുഭവമാണെന്നും ഗൗഹറിനോട് താരം പറഞ്ഞു. രണ്ടാമത്തെ ഗർഭം അലസലിന് ശേഷം എളുപ്പത്തിൽ വീണ്ടും ഗർഭിണിയാകാൻ കഴിഞ്ഞുവെന്ന് ഗൗഹർ വെളിപ്പെടുത്തി. എന്നാൽ ആദ്യത്തെ ഗർഭം നഷ്ടപ്പെട്ടതിന് ശേഷം തന്റെ പ്രായവും ഗർഭധാരണത്തിനുള്ള സമയപരിധിയും സംബന്ധിച്ച് ആശങ്കകൾ തുടങ്ങിയിരുന്നുവെന്നും താരം പറഞ്ഞു.
ഗർഭധാരണത്തിന്റെ വളരെ ആദ്യഘട്ടത്തിൽ സംഭവിക്കുന്ന ഗർഭനഷ്ടത്തെയാണ് കെമിക്കൽ പ്രഗ്‌നൻസി എന്ന് വിളിക്കുന്നത്. സാധാരണയായി ഗർഭത്തിന്റെ അഞ്ചാം ആഴ്ചയ്ക്ക് മുൻപോ ആ സമയത്തോ ആണ് ഇത് സംഭവിക്കുന്നത്.
ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ വിശദീകരണമനുസരിച്ച്, ഗർഭപരിശോധനയിൽ ആദ്യം പോസിറ്റീവ് ഫലം ലഭിക്കുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ പരിശോധനാഫലം നെഗറ്റീവായി മാറുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്.ബീജസങ്കലനത്തിന് ശേഷം രൂപപ്പെടുന്ന ഭ്രൂണം ഗർഭാശയത്തിന്റെ ഉള്ളിലെ പാളിയിൽ സ്ഥാപിക്കപ്പെടുന്നു. എന്നാൽ പിന്നീട് ഭ്രൂണത്തിന്റെ വളർച്ച നിലയ്ക്കുകയും ഗർഭം തുടരാനാകാതെ വരികയും ചെയ്യുന്നു.
ALSO READ : റിമി ടോമി വിവാഹിതയായി; ലിബിന്‍റെ കൈപിടിച്ച് പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് ഗായിക
ഗർഭധാരണത്തിന്റെ ഇത്രയും ആദ്യഘട്ടത്തിൽ സംഭവിക്കുന്നതിനാൽ പല സ്ത്രീകൾക്കും തങ്ങൾ ഗർഭിണിയായിരുന്നുവെന്നോ ഗർഭം അലസിയെന്നോ തിരിച്ചറിയാൻ പോലും കഴിയാറില്ല.ഗർഭത്തിന്റെ ആദ്യ 20 ആഴ്ചയ്ക്കുള്ളിൽ ഏകദേശം 25 ശതമാനം ഗർഭധാരണങ്ങളും ഗർഭനഷ്ടത്തിൽ അവസാനിക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഏകദേശം 80 ശതമാനം ഗർഭം അലസലുകളും ആദ്യഘട്ടത്തിലാണ് സംഭവിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlights: Soha Ali Khan revealed she had two chemical pregnancies before the birth of her daughter Inaya in 2017., The actress shared her experience on her podcast 'All About Her' featuring guest Gauahar Khan., Chemical pregnancy refers to a very early miscarriage that happens within the first 5 to 6 weeks of pregnancy., Many women might not even realize they had a chemical pregnancy as it mimics a normal menstrual cycle.
Published: 15 Nov 2026, 04:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented