മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങൾ തീരുന്നില്ല. ബോഡിബിൽഡറായ ലിബിൻ മാത്യുവുമായി ശനിയാഴ്ചയാണ് വിവാഹം നടന്നത്. മുംബൈ ഡോംബിവല്ലിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.മകളുടെ വിവാഹസത്കാരത്തിൽ കിടിലൻ ഡാൻസുമായെത്തിയ അമ്മ റാണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ നൃത്തം ചെയ്യുന്ന റാണിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

To advertise here,

പെണ്ണേ , പെണ്ണേ നിൻ കല്യാണമായി എന്ന പാട്ടിനൊപ്പമാണ് റിമിയുടെ അമ്മ ചുവടു വച്ചത്. വേദിയിൽ നിന്ന് ലിബിനും റിമിയും അമ്മയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്. മകളെ ആശംസിച്ചുകൊണ്ടുള്ള നൃത്തത്തിന് വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്്.റിമിയുടെ ഗാനത്തിനൊപ്പമാണ് കുടുംബാംഗങ്ങൾ വിളക്കു തെളിയിച്ചത്. സഹോദരൻ റിങ്കു ടോമിയും ഭാര്യയും നടിയുമായ മുക്തയും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. അമ്മയുടെ ചുറുചുറുക്കുന്ന ആവേശവുമുള്ള സ്വഭാവം കണ്ട് റിമിയ്ക്ക് ഈ പ്രകൃതം അമ്മയിൽ നിന്നും കിട്ടിയെന്നാണ് ആരാധകർ പറയുന്നത്.റിമിയെപ്പോലെതന്നെ എപ്പോഴും ചിരിച്ച് എല്ലാവരോടും സംസാരിച്ചു സന്തോഷത്തോടെ പെറുമാറുന്ന റാണിയെ വിവാഹത്തിലുടനീളം കാണാം. മകളുടെ പുതിയ ജീവിതത്തിൽ അമ്മയുടെ സന്തോഷം മുഖത്തുണ്ടെന്നാണ് ആരാധകർ പറയുന്നത്. റിമിയുടെ സഹോദരൻ റിങ്കുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു റിമിയുടെ വിവാഹം.

ചെറുപ്പം മുതലേ നൃത്തത്തെ അത്രയേറെ സ്‌നേഹിച്ചിരുന്ന വ്യക്തിയാണ് റാണി. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ശാസ്ത്രീയ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച അവർ, പിന്നീട് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഡിപ്ലോമ നേടി കലാരംഗത്ത് തന്റെ കഴിവ് തെളിയിച്ചു. എന്നാൽ, അക്കാലത്തെ മിക്ക സ്ത്രീകളെയും പോലെ വിവാഹശേഷം കുടുംബത്തിനും മക്കളുടെ വളർച്ചയ്ക്കുമായി അവർ നൃത്തത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തു.

വർഷങ്ങൾക്കിപ്പുറം മക്കളെല്ലാം അവരവരുടെ ജീവിതത്തിൽ സ്ഥിരത കൈവരിച്ചപ്പോഴാണ് ഉള്ളിൽ ഉറങ്ങിക്കിടന്ന ആ പഴയ കലാകാരിയെ റാണി വീണ്ടും ഉണർത്തിയത്. ആറാം ക്ലാസ്സിൽ പഠിച്ച നൃത്തച്ചുവടുകൾ പൊടിതട്ടിയെടുക്കണമെന്ന ആഗ്രഹത്തോടെ അവർ വീണ്ടും നൃത്തക്ലാസ്സുകളിൽ ചേർന്നു. ഡിപ്ലോമ നേടിയിട്ടുണ്ടെങ്കിൽ പോലും, ഒരു തുടക്കക്കാരിയുടെ ആവേശത്തോടെ ഇന്നും നൃത്തം ചെയ്യുന്നു. സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ തിരിച്ചുവരവ് നിരവധി വീട്ടമ്മമാർക്ക് പുതിയൊരു ഊർജ്ജമാണ് നൽകുന്നത്.ശാസ്ത്രീയ നൃത്തത്തിനൊപ്പം തന്നെ സിനിമാ ഗാനങ്ങൾക്കൊപ്പമുള്ള റാണിയുടെ ഊർജ്ജസ്വലമായ നൃത്തച്ചുവടുകളും ആരാധകർക്കിടയിൽ ശ്രദ്ധനേടിയിട്ടുണ്ട്. മകൾ റിമി ടോമിക്കും മരുമകളും നടിയുമായ മുക്തയ്ക്കുമൊപ്പം ചുവടുവെക്കുന്ന വീഡിയോകളും മുൻപേ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

അതേപോലെ റിമിയുടെ വിവാഹ റിസപ്ഷനിൽ ഗോൾഡൻ സിൽക്ക് സാരി അണിഞ്ഞ് നടത്തിയ നൃത്തവും ചർച്ചയായിരിക്കുകയാണ്.റിമി ടോമിയുടെ വേദികളിലെ ആ വലിയ ഊർജ്ജത്തിന്റെ രഹസ്യം അമ്മ തന്നെയാണെന്നാണ് ആരാധകർ സ്‌നേഹത്തോടെ പറയുന്നത്.

മലയാളിയായ മുംബൈ സ്വദേശിയാണ് ലിബിൻ. വിവാഹ ശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം.മുംബൈയിലെ ഡോംബിവല്ലിയിലായിരിക്കും വിവാഹം നടക്കുകയെന്ന് റിമി നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. ലിബിൻ ജനിച്ചുവളർന്ന സ്ഥലമായതിനാലാണ് ഡോംബിവല്ലി തിരഞ്ഞെടുത്തത്. സിനിമാലോകത്തെ സുഹൃത്തുക്കളെ പോലും ഒഴിവാക്കി തികച്ചും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മാത്രം വിവാഹം നടത്താനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് റിമി വ്‌ളോഗിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.