ഇൻഫ്‌ളുവൻസറായ റെന ഫാത്തിമയ്‌ക്കെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണവും തുടരുകയാണ്. ഒരു റീൽ പങ്കുവെച്ചതിനെത്തുടർന്നാണ് റെന വിവാദത്തിലായത്. പിന്നാലെ തന്നെ വിമർശിച്ച ഒരു സ്ത്രീയുടെ മകളുടെ ചിത്രം ഉപയോഗിച്ച് റെന നടത്തിയ പ്രതികരണവും വലിയ ചർച്ചയായി. സംഭവത്തിൽ റെന പിന്നീട് മാപ്പ് പറഞ്ഞെങ്കിലും വിമർശനങ്ങൾ അവസാനിച്ചില്ല. ഇതിനിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിക്കാൻ ശ്രമം നടക്കുന്നതായും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് റെന.ഇനി തന്റെ അക്കൗണ്ടിലൂടെ സംസാരിക്കാൻ കഴിയുമോ എന്നുപോലും അറിയില്ലെന്നാണ് റെന പറയുന്നത്. ഓരോ ദിവസവും തന്റെ അക്കൗണ്ട് റിപ്പോർട്ട് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന പോസ്റ്റുകൾ റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും താൻ സഹകരിക്കുന്ന ബ്രാൻഡുകൾക്ക് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മെയിലുകൾ അയക്കുന്നുണ്ടെന്നും റെന ആരോപിക്കുന്നു. ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ജീവിതത്തിൽ ഇതുവരെ ഇത്രയധികം ഭയം തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

To advertise here,

ഏഴ് ദിവസമായി ഉറക്കമില്ല, കരച്ചിലാണ്'

തനിക്ക് ഒരു തെറ്റ് സംഭവിച്ചുവെന്നും അതിൽ ക്ഷമ ചോദിച്ചുവെന്നുമാണ് റെനയുടെ വിശദീകരണം. എന്നാൽ അതിനുശേഷവും തുടരുന്ന ആക്രമണങ്ങൾ മാനസികമായി തളർത്തുകയാണെന്ന് താരം പറയുന്നു.'ഏഴ് ദിവസമായി ഉണരുന്നത് മുതൽ ഉറങ്ങുന്നതുവരെ കരച്ചിലാണ്. എല്ലാം മറന്ന് മുന്നോട്ടുപോകാനും നിങ്ങളുടെ മുന്നിൽ എനിക്ക് കുഴപ്പമില്ലെന്ന് അഭിനയിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ എനിക്ക് ശരിക്കും കുഴപ്പമുണ്ട്. ഇതിന് മുമ്പൊരിക്കലും ഇത്രയും ഭയം തോന്നിയിട്ടില്ല. എന്റെ എല്ലാ ഊർജവും ഇവർ ഊറ്റിയെടുക്കുകയാണ്. ഒരു തെറ്റ് പറ്റി, അതിന് മാപ്പ് ചോദിക്കുകയും ചെയ്തു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല,' റെന പറഞ്ഞു.അക്കൗണ്ട് ബാൻ ചെയ്യപ്പെടുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും മറ്റ് രണ്ട് അക്കൗണ്ടുകൾ കൂടി ഉണ്ടെന്നും റെന വ്യക്തമാക്കി. എന്നാൽ സംഭവത്തെ മറ്റൊരു രീതിയിൽ അവതരിപ്പിച്ച് തന്നെ വംശീയവാദിയായി ചിത്രീകരിക്കുന്നതാണ് വേദനിപ്പിക്കുന്നതെന്നും താരം പറയുന്നു.

ഇതിലും ഭേദം ജയിലിൽ കിടക്കുന്നത്

തനിക്കെതിരെ കേസെടുക്കാനും ജയിലിലാക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്നാണ് റെനയുടെ ആരോപണം. സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളും ഭീഷണികളും സഹിക്കുന്നതിനേക്കാൾ ജയിലിൽ പോകുന്നതാണ് ഭേദമെന്ന് തോന്നുന്നുവെന്നും താരം പ്രതികരിച്ചു.'എന്റെ അക്കൗണ്ട് പൂട്ടിക്കാനും എന്നെ ക്യാൻസൽ ചെയ്യാനും എനിക്കെതിരെ കേസെടുക്കാനും നിങ്ങൾ ഇത്രയധികം അധ്വാനിക്കുന്നുണ്ടല്ലോ. ഈ ശ്രമം പീഡകരെയും ലൈംഗിക അതിക്രമം നടത്തുന്നവരെയും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെയും കണ്ടെത്താൻ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്നെ ഭീഷണിപ്പെടുത്തുന്നവർ സ്വന്തം ജീവിതത്തിൽ അത്രയും പെർഫെക്ട് ആണോ എന്നും ചിന്തിച്ചുപോകുന്നു,' റെന പറഞ്ഞു.

കുടുംബം പോറ്റേണ്ടത് ഞാൻ, സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കാനാവില്ല'

സോഷ്യൽ മീഡിയയിൽനിന്ന് കുറച്ചുകാലം വിട്ടുനിൽക്കാൻ ആലോചിച്ചിരുന്നെങ്കിലും സാമ്പത്തിക ഉത്തരവാദിത്തങ്ങൾ കാരണം അതിന് കഴിയില്ലെന്നും റെന വെളിപ്പെടുത്തി. വീടിന്റെ വാടക നൽകുന്നതും കുടുംബത്തിന്റെ ചെലവുകൾ നോക്കുന്നതും താനാണെന്നും അതിനാൽ സോഷ്യൽ മീഡിയയിൽനിന്ന് ഇടവേളയെടുത്താൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാകുമെന്നും താരം പറയുന്നു.'എന്റെ കാര്യവും കുടുംബത്തിന്റെ കാര്യവും നോക്കേണ്ടത് ഞാനാണ്. സോഷ്യൽ മീഡിയയിൽനിന്ന് ബ്രേക്ക് എടുത്താൽ ഒന്നും നടക്കില്ല. സത്യത്തിൽ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നെ പിന്തുണയ്ക്കുന്നവരും ഒരുപാടുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്നത് ദയവായി അവസാനിപ്പിക്കണം,' റെന അഭ്യർഥിച്ചു.അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ആ വിഷയത്തിൽ അവരുമായി കാര്യങ്ങൾ സംസാരിച്ച് പരിഹരിച്ചിട്ടുണ്ടെന്നുമാണ് റെനയുടെ വാദം. ആവശ്യമെങ്കിൽ കുട്ടിയുടെ മാതാപിതാക്കളോടും സംസാരിക്കാൻ തയ്യാറാണെന്നും റെന വ്യക്തമാക്കി.