കൃത്യമായ നിറങ്ങളുടെ തിരഞ്ഞെടുപ്പും, വസ്ത്രത്തിന്റെ ഘടനയും, അനുയോജ്യമായ ആഭരണങ്ങളുമാണ് ഈ ലുക്കിന്റെ വിജയം.

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായുള്ള വിവാഹത്തിന് ഗ്രീസിൽവെച്ച് കാവ്യ മാരൻ അണിഞ്ഞ വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. അമിതമായ തിളക്കങ്ങളോ കടും നിറങ്ങളോ ഇല്ലാതെ, തികച്ചും ലളിതവും എന്നാൽ രാജകീയവുമായ രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രശസ്ത ഡിസൈനർ തരുൺ തഹിലിയാനി കാവ്യയെ ഒരുക്കിയത്.
വിവാഹദിനത്തിൽ ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു കാവ്യയുടെ വേഷം. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ത്രീജി ഫ്‌ളോറൽ എംബ്രോയ്ഡറിയും സീക്വൻസുകളും മുത്തുകളും ഈ ലെഹങ്കയ്ക്ക് സവിശേഷമായ ഭംഗി നൽകി. മറ്റൊരു ചടങ്ങിനായി ഷാംപെയ്ൻ നിറത്തിലുള്ള എംബെല്ലിഷ്ഡ് കോർസെറ്റ് ബ്ലൗസും, ഒഴുകിക്കിടക്കുന്ന ഡസ്റ്റി മോക്ക-ബ്രൗൺ സ്‌കർട്ടുമാണ് കാവ്യ തിരഞ്ഞെടുത്തത്.
ഡിസൈനർ വസ്ത്രങ്ങൾക്ക് വലിയ വിലയാകുമെങ്കിലും, കാവ്യയുടെ സ്‌റ്റൈലിങ് നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് തന്നെ പരീക്ഷിക്കാവുന്നതാണ്.
ഇളം പിങ്കും മറ്റ് പേസ്റ്റൽ നിറങ്ങളും തിരഞ്ഞെടുക്കാം
കാവ്യയുടെ വിവാഹ വസ്ത്രത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത് അതിന്റെ നിറമാണ്. സാധാരണ വധുക്കൾ തിരഞ്ഞെടുക്കുന്ന കടും പിങ്ക് നിറത്തിന് പകരം, വസ്ത്രത്തിലെ എംബ്രോയ്ഡറി വർക്കുകൾ എടുത്തുകാണിക്കുന്ന തരത്തിലുള്ള ഇളം 'ബ്ലഷ് പിങ്ക്' നിറമാണ് അവർ തിരഞ്ഞെടുത്തത്.
ബ്ലഷ് പിങ്ക്, ഡസ്റ്റി റോസ്, പൗഡർ ബ്ലൂ, ഷാംപെയ്ൻ, ഐവറി അല്ലെങ്കിൽ ഇളം സേജ് ഗ്രീൻ എന്നീ നിറങ്ങളിലുള്ള ലെഹങ്കകളോ കുർത്ത സെറ്റുകളോ സാരികളോ തിരഞ്ഞെടുക്കാം.
വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ പ്രൗഢി നൽകും. പകൽ സമയത്തെ ചടങ്ങുകൾക്ക് പേസ്റ്റൽ നിറത്തിലുള്ള എംബ്രോയ്ഡറി കുർത്ത സെറ്റിനൊപ്പം ലളിതമായ കമ്മലുകളും മെറ്റാലിക് പാദരക്ഷകളും അണിയുന്നത് മികച്ച ലുക്ക് നൽകും.
ഫ്‌ളോറൽ എംബ്രോയ്ഡറി
കാവ്യയുടെ ലെഹങ്കയിലെ ത്രീഡി ഫ്‌ളോറൽ എംബ്രോയ്ഡറിയാണ് വസ്ത്രത്തിന് വ്യത്യസ്തമായ ഭംഗി നൽകിയത്. അമിതമായ തിളക്കത്തിന് പകരം, നേർത്ത സീക്വൻസുകളും മുത്തുകളും പൂക്കളുടെ ഡിസൈനിന് കൂടുതൽ മിഴിവേകി. ത്രെഡ് എംബ്രോയ്ഡറി, ഫ്‌ലോറൽ ആപ്ലിക്, നേർത്ത സീക്വൻസ് വർക്കുകൾ എന്നിവയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.
പലതരം ഡിസൈനുകൾ കുത്തിനിറയ്ക്കുന്നതിന് പകരം ഏതെങ്കിലും ഒരു പ്രധാന ഡിസൈനിന് മാത്രം പ്രാധാന്യം നൽകുന്നതാണ് ഉചിതം. കാവ്യയുടെ രണ്ടാമത്തെ വേഷം പരമ്പരാഗത ലെഹങ്കകളിൽ നിന്നുള്ള ഒരു മാറ്റമായിരുന്നു. സിൽവർ, റോസ്-ഗോൾഡ് എംബ്രോയ്ഡറികളുള്ള സ്ലീവ്ലെസ് ഹൈ-നെക്ക് കോർസെറ്റ് ബ്ലൗസിനൊപ്പം ഡസ്റ്റി മോക്ക-ബ്രൗൺ നിറത്തിലുള്ള ഷീയർ സ്‌കർട്ടാണ് അവർ അണിഞ്ഞത്.
ഒരു ഡിസൈനർ സെറ്റ് തന്നെ വാങ്ങണമെന്നില്ല. ഷാംപെയ്ൻ, ബീജ് അല്ലെങ്കിൽ ഗോൾഡ് നിറത്തിലുള്ള എംബെല്ലിഷ്ഡ് ടോപ്പിനൊപ്പം പ്ലെയിൻ ബ്രൗൺ, മോക്ക നിറത്തിലുള്ള മാക്‌സി സ്‌കർട്ട് പെയർ ചെയ്യാം. അതിനൊപ്പം സ്റ്റേറ്റ്മെന്റ് കമ്മലുകൾ കൂടി അണിഞ്ഞാൽ മോഡേൺ ആൻഡ് ട്രെൻഡി ആയ വിവാഹ ലുക്ക് ലഭിക്കും.
കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിനായി സോഫ്റ്റ് വേസ്റ്റ്ബാൻഡ് ഉള്ള സ്‌കർട്ടുകൾ തിരഞ്ഞെടുക്കാം. പേസ്റ്റൽ നിറങ്ങൾ മാത്രമല്ല, ഐവറി, ബീജ്, ക്രീം, ഷാംപെയ്ൻ തുടങ്ങിയ നിറങ്ങളും ലളിതമായ ആഡംബര ലുക്ക് നൽകാൻ സഹായിക്കും.
വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഒരു വസ്ത്രമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ, ഐവറി നിറത്തിലുള്ള എംബ്രോയ്ഡറി കുർത്ത സെറ്റോ ചിക്കൻകാരി വസ്ത്രമോ തിരഞ്ഞെടുക്കാം. ലളിതമായ ലുക്കിനായി മുത്തുകൾ കൊണ്ടുള്ള ആഭരണങ്ങളും, കൂടുതൽ ആഘോഷപ്പൊലിമയ്ക്കായി ആന്റിക്-ഗോൾഡ് ആഭരണങ്ങളും ഇതിനൊപ്പം അണിയാവുന്നതാണ്.
വിവാഹദിനത്തിൽ രണ്ട് നിരകളുള്ള ഡയമണ്ട് നെക്ലേസും, ഡ്രോപ്പ് കമ്മലുകളും, വളകളും, മോതിരങ്ങളുമാണ് കാവ്യ അണിഞ്ഞിരുന്നത്. എന്നാൽ ആഭരണങ്ങൾ വസ്ത്രത്തിന്റെ ഭംഗിയെ മറയ്ക്കാത്ത വിധത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. വിലകൂടിയ ഡയമണ്ട് ആഭരണങ്ങൾക്ക് പകരം നേർത്ത ചോക്കറുകൾ, പേൾ ഡ്രോപ്പ് കമ്മലുകൾ, ലളിതമായ കുന്ദൻ ആഭരണങ്ങൾ, നേർത്ത ബ്രേസ്ലെറ്റുകൾ എന്നിവ തിരഞ്ഞെടുക്കാം.
വസ്ത്രത്തിന്റെ കഴുത്തിന്റെ ആകൃതി അനുസരിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കുക. ഹൈ-നെക്ക് ബ്ലൗസുകൾക്കൊപ്പം വലിയ കമ്മലുകൾ മാത്രം അണിയുന്നതാണ് ഭംഗി. വസ്ത്രത്തിൽ ധാരാളം എംബ്രോയ്ഡറി വർക്കുകൾ ഉണ്ടെങ്കിൽ ആഭരണങ്ങൾ പരമാവധി ലളിതമാക്കാൻ ശ്രദ്ധിക്കുക.
കടും നിറങ്ങളോ അമിതമായ അലങ്കാരങ്ങളോ ഇല്ലാതെ തന്നെ എങ്ങനെ ശ്രദ്ധാകേന്ദ്രമാകാം എന്നതാണ് കാവ്യ മാരന്റെ വിവാഹ വേഷത്തിന്റെ പ്രത്യേകത. കൃത്യമായ നിറങ്ങളുടെ തിരഞ്ഞെടുപ്പും, വസ്ത്രത്തിന്റെ ഘടനയും, അനുയോജ്യമായ ആഭരണങ്ങളുമാണ് ഈ ലുക്കിന്റെ വിജയം.
Content Highlights: Kavya Maran's wedding attire in Greece featured intricate floral embroidery, showcasing a unique blend of subtle sequins and pearls for a stunning look.
Published: 13 Nov 2026, 11:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented