ഫാഷൻ റാംപിൽ വേറിട്ട സ്‌റ്റൈലുമായി ശ്രദ്ധനേടി ബോളിവുഡ് താരം ഖുഷി കപൂർ. മുംബൈയിൽ അജിയോ ലക്‌സ് വീക്കെൻഡിന്റെ ആദ്യദിനത്തിൽ 'ദ റൺവേ' ഫാഷൻ ഷോയിൽ ഷോസ്റ്റോപ്പറായെത്തിയ താരത്തിന്റെ വേഷമാണ് ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയത്. കടുത്ത ബർഗണ്ടി നിറത്തിലുള്ള ബ്ലേസർ കോ-ഓർഡ് സെറ്റിലാണ് ഖുഷി റാംപിലെത്തിയത്. ഷാർപ്പ് ഷോൾഡറുകളും നോച്ച്ഡ് ലാപ്പലുകളും ഉള്ള സ്ട്രക്‌ചേർഡ് ബ്ലേസർ വസ്ത്രത്തിന് പവർഫുൾ ലുക്ക് നൽകി. ബ്ലേസർ ഒരു ഡ്രസ് പോലെയാണ് ഇത് സ്‌റ്റൈൽ ചെയ്തത്. ഇതിനൊപ്പം അതേ നിറത്തിലുള്ള മൈക്രോ ഷോർട്‌സും അണിഞ്ഞിരുന്നു.

To advertise here,

 

എന്നാൽ വേഷത്തിലെ ഏറ്റവും ശ്രദ്ധേയമായത് അരക്കെട്ടിലെ സ്‌റ്റൈലിങ് പരീക്ഷണമാണ്. സാധാരണ നെക്ടൈ ധരിക്കുന്ന രീതിയിൽനിന്ന് മാറി, പാറ്റേൺ ഡിസൈനിലുള്ള സിൽക്ക് നെക്ക് ടൈ അരയിൽ ചുറ്റി സാഷ് ബെൽറ്റ് പോലെയാണ് ഖുഷി സ്‌റ്റൈൽ ചെയ്തത്. മോണോക്രോം വേഷത്തിന് കോൺട്രാസ്റ്റും വ്യത്യസ്തമായ ഘടനയും നൽകാൻ ഈ പരീക്ഷണത്തിന് കഴിഞ്ഞു.

ആഭരണങ്ങളുടെ കാര്യത്തിൽ മിനിമൽ സ്‌റ്റൈലാണ് താരം തിരഞ്ഞെടുത്തത്. തിളങ്ങുന്ന ഒരു ബ്രേസ്ലെറ്റ് മാത്രമാണ് അണിഞ്ഞത്. മെറ്റാലിക് ഫിനിഷിലുള്ള പോയിന്റഡ് ടോ ഹീൽസും ലുക്കിന് കൂടുതൽ ആകർഷണീയത നൽകി. സോഫ്റ്റ് വേവ്‌സ് നൽകിയ അഴിച്ചിട്ട മുടിയും നാച്ചുറൽ ന്യൂഡ് മേക്കപ്പുമായിരുന്നു മറ്റ് പ്രത്യേകതകൾ.

 

മുംബൈയിലെ ജിയോ വേൾഡ് ഗാർഡനിൽ ഞായറാഴ്ച വരെയാണ് ആറാമത് അജിയോ ലക്‌സ് വീക്കെൻഡ് നടക്കുന്നത്. ഫാഷൻ, ബ്യൂട്ടി, ആർട്ട്, ഹോം ഡെക്കർ, ഡിസൈൻ, വാച്ചുകൾ, ആഭരണങ്ങൾ, വാഹനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 250-ലധികം ബ്രാൻഡുകൾ പരിപാടിയുടെ ഭാഗമാണ്.

അന്തരിച്ച നടി ശ്രീദേവിയുടെയും ചലച്ചിത്ര നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ഖുഷി കപൂർ. സോയ അക്തർ സംവിധാനം ചെയ്ത 'ദ ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നടി ജാൻവി കപൂറാണ് സഹോദരി.