​ഗ്രാമി പുരസ്കാരവേദിയിൽ ലേഡി ​ഗാ​ഗ കാണിച്ച സ്നേഹ സഹായത്തെ വാഴ്ത്തുകയാണ് സാമൂഹികമാധ്യമങ്ങളിപ്പോൾ. ഊന്നുവടിയിലെത്തിയ അമേരിക്കൻ ​ഗായിക എസ്.സെഡ്.എ. (സൊനാലി ഇമാനി റോവ്) യുടെ വസ്ത്രം ശരിയാക്കിക്കൊടുത്ത് അവരെ സ്റ്റേജിലേക്ക് കയറാൻ സഹായിക്കുകയായിരുന്നു ​ഗാ​ഗ.  

To advertise here,

പുരസ്കാരമത്സരത്തിൽ ലേഡി ​ഗാ​ഗയടക്കമുള്ളവരെ മറികടന്ന് ഏറ്റവും മികച്ച പോപ് ഡുവോ വിഭാ​ഗത്തിൽ ഡോജോ കാറ്റും എസ്.സെഡ്.എ.യും പുരസ്കാരം സ്വന്തമാക്കിയിരുന്നു. തനിക്ക് ഈ വിഭാ​ഗത്തിൽ പുരസ്കാരമില്ലെന്നറിഞ്ഞിട്ടും  എസ്.സെഡ്.എ.യെ സഹായിക്കാൻ ​ഗാ​ഗ കാണിച്ച മനസ്സിനെ ആരാധകരും ഏറ്റെടുത്തു.  

ഊന്നുവടിയുമായെത്തിയ എസ്.സെഡ്.എ. നീളൻ വസ്ത്രമിട്ട് വേദിയിലേക്ക് കയറാൻ അൽപം പരിഭ്രമിച്ചിരുന്നു. ഉടൻ സീറ്റിൽ നിന്ന് എഴുന്നേറ്റുവന്ന് ​കുനിഞ്ഞ് ഗാ​ഗ വസ്ത്രം ശരിയാക്കിക്കൊടുക്കുകയായിരുന്നു. 

ഈ ലോകത്തിന് വേണ്ട എല്ലാമാണ് നിങ്ങൾ, 2022 ​ഗ്രാമി പുരസ്കാരവേദിയിലെ അനൗദ്യോ​ഗികജേതാവാണ് ലേഡി ​​ഗാ​ഗ, വിലപ്പെട്ട നിമിഷങ്ങളിൽ നമ്മൾ പ്രതീക്ഷിക്കുന്ന സുഹൃത്താണ് ലേഡി ​ഗാ​ഗ, എസ്.സെഡ്.എ.യുടെ വസ്ത്രത്തിൽ തൊട്ട് ​ഗാ​ഗ അവരെ സാന്ത്വനിപ്പിച്ചു  തുടങ്ങിയ കമന്റുകളാണ് ​ഗാ​ഗയെക്കുറിച്ച് ആരാധകർ ട്വിറ്ററിൽ കുറിച്ചത്.

മികച്ച പരമ്പരാ​ഗത പോപ് വോക്കൽ ആൽബം വിഭാ​ഗത്തിൽ ടോണി ബെന്നെറ്റിനൊപ്പം ഇത്തവണ ​ഗാ​ഗ പുരസ്കാരം നേടിയിട്ടുണ്ട്.