എല്ലായിടത്തും ഒരുപോലെ ആരാധകരുള്ള ബോളിവുഡ് താരമാണ് തബു. താരത്തിന്റെ വൈവിധ്യമാര്‍ന്ന ഫാഷനും പലപ്പോഴായി ആളുകളെ ആകര്‍ഷിക്കാറുണ്ട്. കഴിഞ്ഞ ദിവസം ആര്‍ട്ട് മുംബൈ എന്ന പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ഇപ്പോഴും തബുവിനുള്ള സ്വാധീനത്തെ ചൂണ്ടിക്കാട്ടുന്നു.

To advertise here,

അബു ജാനി, സന്ദീപ് ഘോസ്‌ല എന്നീ പ്രശസ്ത ഡിസൈനര്‍മാരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ശേഖരമായ 'എ തൗസന്‍ഡ് ആന്‍ഡ് വണ്‍ നൈറ്റ്‌സി'നെ പ്രതിനിധീകരിച്ചാണ് താരം പരിപാടിയില്‍ പങ്കെടുത്തത്. ധൈര്യം, അതിജീവനം, സര്‍ഗ്ഗാത്മകത, ആഘോഷം, ജീവിതത്താേടുള്ള അടങ്ങാത്ത സ്‌നേഹം എന്നിവയായിരുന്നു ഡിസൈനിന്റെ പ്രമേയം. എട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടെന്ന് കരുതുന്ന മധ്യപൂര്‍വേഷ്യന്‍ നാടോടി കഥകളുടെ ശേഖരത്തിന്റെ പേരാണ് ആയിരത്തൊന്ന് രാവുകള്‍. പിന്നീട് ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും 'അറേബ്യന്‍ നൈറ്റ്‌സ്' എന്ന് പേര് നല്‍കുകയും ചെയ്തു.

ചാരുതയും കരുത്തും ഒരുപോലെ കൂടിച്ചേര്‍ന്ന കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് തബു ധരിച്ചത്. ചെറിയ ഞൊറികളുള്ള ട്യൂണിക് ഡ്രസ്സിന്റെ കൂടെ അണിഞ്ഞ നീളത്തിലുള്ള കോട്ടായിരുന്നു ആളുകളെ ആകര്‍ഷിച്ച പ്രധാന ഘടകം. ഡ്രസ്സിന്റെ കോളറിലും സ്ലീവുകളിലുമായി വെള്ളി നിറത്തിലുള്ള ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്തിരുന്നു. ആയിരം രാവുകളിലെ നക്ഷത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലായിരുന്നു എംബ്രോയ്ഡറികള്‍ .

അറബിക് വാസ്തുവിദ്യയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ള കമാനങ്ങളും, താഴികക്കുടങ്ങളും വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു. പൗരാണികമായ ലോകത്തിലെ പൈതൃക സ്ഥലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനുകളായിരുന്നു അവ. സാറ്റിന്‍, ക്രേപ്പ്, എന്നീ തുണിത്തരങ്ങളുടെ വ്യത്യാസം മികച്ച രീതിയില്‍ ഉപയോഗിച്ചുകൊണ്ടാണ് ഡിസൈന്‍. കോട്ടിന്റെ അതേ മോഡലിലുള്ള കറുത്ത പാരലല്‍ പാന്റ് കൂടി ധരിച്ച് തബു തന്റെ ലുക്ക് പൂര്‍ത്തിയാക്കിയത്. ഡ്രസ്സിന്റെ ഭംഗി കൃത്യമായി ആളുകളിലേക്ക് എത്താന്‍ താരം ആഭരണങ്ങള്‍ ഒഴിവാക്കി. ഇതിന്റെ കൂടെ മിനിമലായ മേക്കപ്പും കൂടി ആയതോടെ ലുക്ക് പൂര്‍ണമായി.