വിവാഹച്ചടങ്ങുകൾക്കായി വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ലഹങ്കയാണോ സാരിയാണോ അതോ രണ്ടിന്റെയും ഭംഗി ഒത്തുചേരുന്ന മറ്റൊരു വസ്ത്രമാണോ വേണ്ടതെന്ന ആശയക്കുഴപ്പം പലർക്കുമുണ്ടാകാറുണ്ട്. എന്നാൽ പരമ്പരാഗത വസ്ത്രങ്ങളിൽ ചെറിയൊരു ആധുനിക മാറ്റം കൊണ്ടുവന്നാൽ തന്നെ വേറിട്ട ലുക്ക് സ്വന്തമാക്കാം. അത്തരമൊരു സ്‌റ്റൈലിങ് ആശയവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാൻ.ഡിസൈനർ ഗോപി വൈദ് ഒരുക്കിയ കസ്റ്റം ലഹങ്കയിൽ സാറ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർണാഭമായ ലഹങ്കയ്‌ക്കൊപ്പം താരം ധരിച്ച ബാക്‌ലെസ് ബ്ലൗസാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം. ഹാൾട്ടർ നെക്ക് ഡിസൈൻ, മനോഹരമായ അലങ്കാരപ്പണികളും പിന്നിൽ കെട്ടും ചേർന്ന ബ്ലൗസ് പരമ്പരാഗത വസ്ത്രത്തിന് കൂടുതൽ ആധുനിക ഭംഗി നൽകുന്നു.ബ്ലൗസിന്റെ ഡിസൈൻ കൂടി ശ്രദ്ധിച്ചാൽ ലഹങ്കയുടെ മൊത്തത്തിലുള്ള ലുക്ക് എത്രത്തോളം വ്യത്യസ്തമാക്കാമെന്ന് സാറയുടെ വസ്ത്രധാരണം കാണിച്ചുതരും. വിവാഹച്ചടങ്ങുകൾക്കായി വസ്ത്രം തിരഞ്ഞെടുക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ചില ആശയങ്ങളും ഈ ലുക്കിലുണ്ട്.

To advertise here,

വർണാഭമായ ലഹങ്ക, വ്യത്യസ്തമായ ബ്ലൗസ്

ഡിസൈനർ ഗോപി വൈദ് ഒരുക്കിയ മൾട്ടി കളർ ലഹങ്കയിലാണ് സാറ എത്തിയത്. പിങ്ക്, പർപ്പിൾ, പച്ച എന്നീ നിറങ്ങൾ ചേർന്ന ലഹങ്കയിൽ മനോഹരമായ പൂക്കളുടെ എംബ്രോയ്ഡറി വർക്കും മിറർ വർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് അനുയോജ്യമായ തിളക്കവും ഭംഗിയും വസ്ത്രത്തിന് നൽകുന്നത് ഈ അലങ്കാരപ്പണികളാണ്.എന്നാൽ ബ്ലൗസിലാണ് താരം കൂടുതൽ പരീക്ഷണം നടത്തിയത്. പർപ്പിൾ നിറത്തിലുള്ള ഹാൾട്ടർ നെക്ക് ചോളിയിൽ രത്‌നങ്ങൾ, വെള്ളി നിറത്തിലുള്ള സീക്വിൻസ്, എംബ്രോയ്ഡറി വർക്കുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൗസിന്റെ താഴ്ഭാഗത്തുള്ള തൂവൽപോലുള്ള അലങ്കാരവും കൂടുതൽ ഭംഗി നൽകുന്നു. പിന്നിൽ രണ്ട് നേർത്ത നൂലുകൾ ഉപയോഗിച്ചാണ് ബ്ലൗസ് കെട്ടിയിരിക്കുന്നത്. ഇതോടെ മനോഹരമായ ബാക്ക്ലെസ് ലുക്കും ലഭിക്കുന്നു.മുടി ഭംഗിയായി മുകളിലേക്ക് കെട്ടിവച്ചാണ് സാറ ഈ ലുക്ക് പൂർത്തിയാക്കിയത്. ബ്ലൗസിന്റെ പിന്നിലെ ഡിസൈൻ വ്യക്തമായി കാണാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. വെള്ളി നിറത്തിലുള്ള വലിയ വളകളും കമ്മലുകളുമാണ് ആഭരണങ്ങളായി തിരഞ്ഞെടുത്തത്. നേരിയ സ്‌മോക്കി ഐ മേക്കപ്പും തിളക്കമുള്ള ബ്രൗൺ ലിപ് കളറും താരത്തിന്റെ ഗ്ലാമറസ് ലുക്കിന് മാറ്റുകൂട്ടി.

പരീക്ഷിക്കാം ബാക്‌ലെസ് ബ്ലൗസ് ഡിസൈനുകൾ

ലഹങ്കയുടെ ഭംഗി കൂട്ടുന്നതിൽ ബ്ലൗസിനും വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ബാക്ക്ലെസ് ഡിസൈനുകൾ പരമ്പരാഗത വസ്ത്രങ്ങൾക്ക് ആധുനികമായൊരു മാറ്റം നൽകും. പരീക്ഷിക്കാവുന്ന നാല് ഡിസൈനുകൾ ഇതാ.

ഡോറി ടൈ ബാക്‌ലെസ് ബ്ലൗസ് -പിന്നിൽ നേർത്ത വള്ളികളോ ഡോറികളോ ഉപയോഗിച്ച് കെട്ടിവയ്ക്കുന്ന രീതിയിലുള്ള ബ്ലൗസാണിത്. പുറംഭാഗം കൂടുതൽ തുറന്നുകാണുന്ന ഈ ഡിസൈനിൽ ടാസലുകൾ, മുത്തുകൾ, ചെറിയ അലങ്കാരങ്ങൾ എന്നിവ ചേർക്കാം. കനത്ത എംബ്രോയ്ഡറി വർക്കുള്ള ലഹങ്കകൾക്കും പരമ്പരാഗത സിൽക്ക് സ്‌കർട്ടുകൾക്കുമൊപ്പം ഈ ഡിസൈൻ നന്നായി ചേരും.

ഡീപ് യു ഷേപ്പ് ബാക്ക് ബ്ലൗസ്-അധികം തുറന്ന ഡിസൈൻ ഇഷ്ടമല്ലാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന മനോഹരമായൊരു മോഡലാണിത്. പിന്നിൽ ആഴത്തിലുള്ള യു ആകൃതിയിലുള്ള കട്ടാണ് ഈ ബ്ലൗസിന്റെ പ്രത്യേകത. കൂടുതൽ ശരീരഭാഗം തുറന്നുകാണിക്കാതെ തന്നെ ബാക്ക്ലെസ് ലുക്ക് സ്വന്തമാക്കാം. ലളിതമായ എംബ്രോയ്ഡറി ലഹങ്കകൾക്കും ബനാറസി സ്‌കർട്ടുകൾക്കുമൊപ്പം ഇത് പരീക്ഷിക്കാം.

ഹാൾട്ടർ നെക്ക് ബാക്‌ലെസ് ബ്ലൗസ്-സാറ അലി ഖാന്റെ വസ്ത്രധാരണത്തിൽ കണ്ടതുപോലെ പരമ്പരാഗത ബ്ലൗസിന് ആധുനിക ഭംഗി നൽകാൻ ഹാൾട്ടർ നെക്ക് ഡിസൈൻ സഹായിക്കും. കഴുത്തിന് ചുറ്റുമുള്ള ഡിസൈൻ തോളുകളുടെ ഭംഗി എടുത്തുകാണിക്കുമ്പോൾ പിന്നിലെ തുറന്ന ഭാഗം വസ്ത്രത്തിന് കൂടുതൽ ആകർഷകത്വം നൽകുന്നു. വൈകുന്നേരത്തെ വിവാഹാഘോഷങ്ങൾക്ക് അലങ്കാരപ്പണികളുള്ള ഹാൾട്ടർ ബ്ലൗസുകളും ലളിതമായ ലുക്കിന് കുറച്ച് ഡിസൈനുകളുള്ള മോഡലുകളും തിരഞ്ഞെടുക്കാം.

ക്രിസ്‌ക്രോസ് ബാക്ക് ബ്ലൗസ്-പിന്നിൽ കെട്ടും സ്ട്രാപ്പുകളും കുറുകെ ചേർന്നുവരുന്ന രീതിയിലുള്ള ഡിസൈനാണിത്. സാധാരണ ബാക്ക്ലെസ് ബ്ലൗസുകളിൽനിന്ന് വ്യത്യസ്തമായി പിന്നിൽ മനോഹരമായൊരു പാറ്റേൺ രൂപപ്പെടുത്താൻ ഈ മോഡലിലൂടെ സാധിക്കും. സ്ട്രാപ്പുകളുടെ വീതി, അലങ്കാരങ്ങൾ, കെട്ടിവയ്ക്കുന്ന രീതി എന്നിവയിൽ വ്യത്യസ്ത പരീക്ഷണങ്ങളും നടത്താം. മോഡേൺ ലഹങ്കകൾ, പ്രീ ഡ്രേപ്പ് സാരികൾ, ഫ്യൂഷൻ വസ്ത്രങ്ങൾ എന്നിവയ്‌ക്കൊപ്പം ഈ ഡിസൈൻ നന്നായി ചേരും.

ബാക്‌ലെസ് ബ്ലൗസ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ബ്ലൗസിന് കൂടുതൽ പ്രാധാന്യമുള്ള വസ്ത്രധാരണമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ബാക്കിയുള്ള സ്‌റ്റൈലിങ്ങും അതിനനുസരിച്ചായിരിക്കണം.ബ്ലൗസിന്റെ പിന്നിലെ ഡിസൈൻ വ്യക്തമായി കാണാൻ മുടി ബൺ ആക്കുകയോ ഹൈ പോണിടെയിൽ കെട്ടുകയോ ചെയ്യാം. മുടി അഴിച്ചിടാനാണ് ഇഷ്ടമെങ്കിൽ ഒരു വശത്തേക്ക് മാറ്റിയിടാം.ഹാൾട്ടർ നെക്ക് ബ്ലൗസുകൾക്കൊപ്പം വലിയ ജുംകകൾ, ചാന്ദ്ബാലി കമ്മലുകൾ, ഇയർ കഫുകൾ എന്നിവ പരീക്ഷിക്കാം. കഴുത്തിൽ വലിയ മാല കൂടി ധരിക്കേണ്ടതില്ല.ബാക്‌ലെസ് ബ്ലൗസുകൾ ശരീരത്തിന് കൃത്യമായി ചേരുന്ന രീതിയിൽ തയ്‌ക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് നെഞ്ചിനും തോളുകൾക്കും ആവശ്യമായ സപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അനുയോജ്യമായ ഫിറ്റിങ്ങും ഹുക്കുകളും ടെയ്ലറുമായി ചർച്ച ചെയ്ത് തീരുമാനിക്കാം. ലഹങ്കയിൽ കനത്ത മിറർ വർക്കോ എംബ്രോയ്ഡറിയോ ഉണ്ടെങ്കിൽ ബ്ലൗസിലെ അലങ്കാരങ്ങൾ അതിനോട് ചേരുന്നതായിരിക്കണം. സംഗീതും കോക്ടെയ്ൽ പാർട്ടിയും വൈകുന്നേരത്തെ വിവാഹസൽക്കാരവുമൊക്കെയാണെങ്കിൽ ബാക്‌ലെസ് ബ്ലൗസുകൾ പരീക്ഷിക്കാം.