
മുംബൈയിൽ നടന്ന എർത്ത്ഷോട്ട് പ്രൈസ് പുരസ്‌കാരച്ചടങ്ങിൽ ഇന്ത്യൻ വസ്ത്രങ്ങളണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ബ്രിട്ടീഷ് രാജകീയ ദമ്പതികളായ കേറ്റ് മിഡിൽടണും വില്യം രാജകുമാരനും. ചുവന്ന അനാർക്കലി വസ്ത്രത്തിൽ പരമ്പരാഗത സൗന്ദര്യത്തിന്റെ ചാരുതയുമായാണ് കേറ്റ് എത്തിയത്. പ്രശസ്ത ഇന്ത്യൻ ഡിസൈനർ മഹിമ മഹാജനാണ് ഈ വസ്ത്രം ഒരുക്കിയത്. അതേസമയം, മണീഷ് മൽഹോത്ര ഡിസൈൻ ചെയ്ത കറുത്ത ബന്ദ്ഗല അണിഞ്ഞാണ് വില്യം രാജകുമാരൻ ചടങ്ങിനെത്തിയത്. നീളമുള്ള ചുവന്ന അനാർക്കലിയായിരുന്നു കേറ്റിന്റെ വസ്ത്രം. വസ്ത്രത്തിലുടനീളം കാണപ്പെട്ട സ്വർണനിറത്തിലുള്ള ചെറിയ അലങ്കാര രൂപങ്ങൾ ലുക്കിന് കൂടുതൽ മനോഹാരിത നൽകി. ശരീരത്തോട് ചേർന്നുനിൽക്കുന്ന ബോഡീസിൽനിന്ന് വിശാലമായ സ്‌കർട്ടിലേക്ക് ഒഴുകിയിറങ്ങുന്ന ഡിസൈനായിരുന്നു വസ്ത്രത്തിന്റേത്.
നെക്ക്‌ലൈൻ, കൈമുട്ടിന് സമീപമുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ പച്ചയും വെള്ളിയും കലർന്ന നിറങ്ങളിലുള്ള സങ്കീർണമായ എംബ്രോയ്ഡറി വർക്കുകളും ഒരുക്കിയിരുന്നു. ചുവപ്പും പച്ചയും വെള്ളിയും ചേർന്ന നിറക്കൂട്ടുകൾ വസ്ത്രത്തിന് വ്യത്യസ്തമായ ഭംഗി നൽകി.ലുക്കിന് മാറ്റുകൂട്ടാൻ ലെയേർഡ് ഡയമണ്ട് നെക്ലേസുകളും ശ്രദ്ധേയമായ ഡ്രോപ്പ് കമ്മലുകളുമാണ് കേറ്റ് തിരഞ്ഞെടുത്തത്. വസ്ത്രത്തിന് ചേരുന്ന ചുവന്ന ക്ലച്ചും കൈയിലുണ്ടായിരുന്നു. മുടി പകുതി കെട്ടിവെച്ചും ബാക്കി അഴിച്ചിട്ടുമുള്ള ഹെയർസ്‌റ്റൈലായിരുന്നു. കണ്ണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയ മേക്കപ്പും ഇളം നിറത്തിലുള്ള ലിപ്സ്റ്റിക്കും ലുക്കിനെ കൂടുതൽ മനോഹരമാക്കി.
also read : ബ്രേക്കപ്പിന് പിന്നാലെ ഹെയർകട്ട്; മുടി മുറിക്കാനുള്ള തോന്നലിന് പിന്നിലെ രഹസ്യമെന്ത്?
മനീഷ് മൽഹോത്രയുടെ ബന്ദ്ഗലയിൽ വില്യം രാജകുമാരൻ
ക്ലാസിക് ലുക്കിലാണ് വില്യം രാജകുമാരൻ ചടങ്ങിനെത്തിയത്. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര പ്രത്യേകം രൂപകൽപ്പന ചെയ്ത കറുത്ത ബന്ദ്ഗലയാണ് അദ്ദേഹം ധരിച്ചത്. ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള ഘടനയും ഉയർന്ന കോളറും മുൻവശത്തെ ബട്ടണുകളും വസ്ത്രത്തിന്റെ പ്രത്യേകതകളായിരുന്നു. കറുത്ത ട്രൗസറും അതേ നിറത്തിലുള്ള ഫോർമൽ ഷൂസും ലുക്കിനൊപ്പം അണിഞ്ഞു.2016-ൽ ഇന്ത്യ സന്ദർശിച്ച രാജകീയ ദമ്പതികൾ പത്തുവർഷത്തിന് ശേഷമാണ് വീണ്ടും ഒരുമിച്ച് ഇന്ത്യയിലെത്തുന്നത്.
എർത്ത്ഷോട്ട് പുരസ്‌കാരച്ചടങ്ങിൽ താരനിരയും
നിരവധി പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സച്ചിൻ ടെൻഡുൽക്കർ, ആലിയ ഭട്ട്, റാമി മാലെക്, ശ്രേയ ഘോഷാൽ, സോനം കപൂർ, സിമോൺ ആഷ്ലി എന്നിവർക്കൊപ്പം എർത്ത്ഷോട്ട് അംബാസഡർമാരായ റോബർട്ട് ഇർവിനും നൊംസാമോ എംബാത്തയും ചടങ്ങിന്റെ ഭാഗമാകും.കരൺ ജോഹറാണ് പുരസ്‌കാരച്ചടങ്ങിന്റെ അവതാരകൻ. അഞ്ച് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 15 ഫൈനലിസ്റ്റുകളെയാണ് ചടങ്ങിൽ ആദരിക്കുക.
പ്രകൃതിയെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക, വായുമലിനീകരണം കുറയ്ക്കുക, സമുദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുക, മാലിന്യമുക്ത ലോകം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുക എന്നിവയാണ് അഞ്ച് വിഭാഗങ്ങൾ. ഓരോ വിഭാഗത്തിൽനിന്നും ഒരാൾ വീതം അഞ്ച് വിജയികളെ പുരസ്‌കാരരാവിൽ പ്രഖ്യാപിക്കും.
Content Highlights: Kate Middleton wore a red anarkali by Mahima Mahajan at the Earthshot Prize in Mumbai., Prince William wore a black bandhgala designed by Manish Malhotra., The royal couple returned to India after 10 years since their 2016 visit., Several prominent celebrities attended the star-studded Earthshot Prize ceremony.
Published: 18 Nov 2026, 03:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented