അമ്മയാകാനുള്ള കാത്തിരിപ്പിലാണ് നടി ദീപിക പദുക്കോൺ. കുഞ്ഞിനെ വരവേൽക്കുന്ന വിവരം പങ്കുവെച്ചതിനു പിന്നാലെ താരത്തിന്റെ ചിത്രങ്ങൾക്ക് കീഴെ ആരാധകർ ആശംസകളറിയിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസം മഞ്ഞനിറത്തിലുള്ള ഔട്ട്ഫിറ്റിൽ അതിസുന്ദരിയായെത്തിയ ദീപികയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ​ഗൗരി&നൈനിക ഡിസൈൻ ചെയ്ത വസ്ത്രത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ആ വസ്ത്രം ചാരിറ്റി പ്രവർത്തനത്തിനായി വിറ്റിരിക്കുകയാണ് ദീപിക.

To advertise here,

ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആ വസ്ത്രം വിൽപനയ്ക്ക് വെക്കുകയാണെന്ന് ദീപിക പോസ്റ്റ് ചെയ്തിരുന്നു. മാനസികാരോ​ഗ്യപ്രശ്നങ്ങളും വിഷാദരോ​ഗവുമുള്ളവർക്ക് പിന്തുണ ലഭിക്കാനായി ദീപിക ആരംഭിച്ച ലിവ് ലവ് ലാഫ് ഫൗണ്ടേഷനു വേണ്ടിയാണ് വസ്ത്രം വിറ്റത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് വസ്ത്രം വിറ്റതിനേക്കുറിച്ച് താരം പങ്കുവെച്ചത്.  മുപ്പത്തിനാലായിരം രൂപയ്ക്കാണ് വസ്ത്രം വിറ്റത്. 

വസ്ത്രം വിൽപനയ്ക്കുവെക്കുന്നുവെന്ന പോസ്റ്റ് പങ്കുവെച്ച് അധികമാവുംമുമ്പേ വിറ്റഴിയുകയും ചെയ്തു. പോസ്റ്റ് പങ്കുവെച്ച് ഇരുപതുമിനിറ്റിനുള്ളിൽ വസ്ത്രം വിറ്റുപോയെന്ന് ദീപികയുടെ ടീമം​ഗങ്ങൾ പറഞ്ഞു. 

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ദീപികയും നടനും ഭർത്താവുമായ രൺവീർ സിങ്ങും. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് താരദമ്പതികള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. 

2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുന്നത്. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി. 

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'ഫൈറ്റര്‍' എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. 'കല്‍കി 2898' എഡി, 'സിംഗം എഗൈന്‍' എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.