ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോലിയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ കോലി ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും, 10 വർഷത്തിനുശേഷം ഈ തീരുമാനത്തിൽ അദ്ദേഹം പശ്ചാത്തപിക്കുമെന്നും കപിൽ ദേവ് പറഞ്ഞു. ദേഷ്യപ്പെട്ട് വിരമിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ഫിറ്റ്നസ് ഉള്ള 36-കാരനായ കോലിക്ക് ടെസ്റ്റ് ഫോർമാറ്റിൽ ഇനിയും ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

To advertise here,

123 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി, 2025 മേയ് 12-നാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 2025 ജനുവരി മൂന്നിന് സിഡ്‌നിയിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9,230 റൺസായിരുന്നു കോലിയുടെ സമ്പാദ്യം.

മിഡ്-ഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കപിൽ ദേവ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ''വിരാട് കോലി ചെയ്തത് ഏറ്റവും വലിയ തെറ്റാണെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പാടില്ലായിരുന്നു. 10 വർഷത്തിന് ശേഷം തന്റെ തീരുമാനത്തിൽ അദ്ദേഹം ഖേദിക്കും. ഫിറ്റ്നസ് അദ്ദേഹത്തിന്റെ വലിയ ശക്തിയാണ്, മറ്റ് ഏത് കളിക്കാരനേക്കാളും മികച്ച ഫിറ്റ്നസ് അദ്ദേഹത്തിനുണ്ട്.'' - കപിൽ പറഞ്ഞു. 25 വയസുള്ള ഒരു യുവ കളിക്കാരനെ പോലും ഫിറ്റ്നസിന്റെ കാര്യത്തിൽ വെല്ലുവിളിക്കാൻ കോലിക്ക് സാധിക്കുമെന്ന് കപിൽ ചൂണ്ടിക്കാട്ടി. തിരിച്ചടികളുണ്ടാകുമ്പോൾ ദേഷ്യപ്പെട്ട് വിരമിക്കുന്നതിന് പകരം പോരാടി ടീമിലേക്ക് തിരിച്ചെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ നിലപാടിന് ഉദാഹരണമായി മുൻ താരം മൊഹീന്ദർ അമർനാഥിന്റെ കരിയർ കപിൽ ഓർമിപ്പിച്ചു. ടീമിൽ നിന്ന് പലതവണ ഒഴിവാക്കപ്പെട്ടിട്ടും കഠിനാധ്വാനത്തിലൂടെ തിരിച്ചെത്തി വിമർശകർക്ക് മറുപടി നൽകിയ കളിക്കാരനാണ് അമർനാഥ് എന്ന് കപിൽ വ്യക്തമാക്കി.