ഒരു റിയാലിറ്റി ഷോയിലെ മത്സരവും തർക്കങ്ങളും അവിടെ അവസാനിക്കേണ്ടതാണ്. എന്നാൽ മത്സരാർഥികളുടെ കുടുംബത്തെയും കുട്ടികളെയും വ്യക്തിജീവിതത്തെയും പരാമർശിച്ച് അധിക്ഷേപിക്കുന്നത് ശരിയായ കാര്യമല്ല. ബിഗ് ബോസ് ഹിന്ദി പതിപ്പിലെ പുതിയ സംഭവവികാസങ്ങളാണ് ഇപ്പോൾ ഈ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. മുൻഭാര്യയും നടിയുമായ മഹി വിജിന്റെ മക്കളെ മത്സരത്തിനിടെ പരാമർശിച്ച സംഭവത്തിൽ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജയ്ഭാനുഷാലി. ബിഗ് ബോസിലെ മത്സരങ്ങളെയോ ഓരോ മത്സരാർഥിയുടെയും ഗെയിം പ്ലേയെയോ കുറിച്ച് ഇതുവരെ അഭിപ്രായം പറയാതിരുന്ന ജയ്, മക്കളെക്കുറിച്ചുള്ള പരാമർശങ്ങൾ പുറത്തുവന്നതോടെയാണ് പ്രതികരിച്ചത്. ഇനി തന്റെ കുട്ടികളെ ബിഗ് ബോസ് കാണാൻ അനുവദിക്കില്ലെന്നും ഷോയുമായി ബന്ധപ്പെട്ട നെഗറ്റീവ് പോസ്റ്റുകളിൽ തന്നെയും മക്കളെയും ടാഗ് ചെയ്യരുതെന്നും താരം അഭ്യർഥിച്ചു.

To advertise here,

മക്കളെക്കുറിച്ച് പരാമർശം

ബിഗ് ബോസ് വീട്ടിൽ നടന്ന ക്യാപ്റ്റൻസി ടാസ്‌കിനിടെയാണ് വിവാദത്തിന് തുടക്കമായത്. മത്സരാർഥികൾ പരസ്പരം പ്രകോപിപ്പിച്ച് അവരുടെ വികാരങ്ങൾ പുറത്തുകൊണ്ടുവരികയെന്നതായിരുന്നു ടാസ്‌കിന്റെ ലക്ഷ്യം. മഹി വിജിന്റെ ഊഴമെത്തിയപ്പോൾ യുങ് ഡിഎസ്എയും കനിക മന്നും അവരുടെ മക്കളെക്കുറിച്ച് പരാമർശിക്കുകയായിരുന്നു. റിയാലിറ്റി ഷോയിൽ അമ്മയുടെ പെരുമാറ്റം കാണുമ്പോൾ മക്കൾക്ക് വളരുമ്പോൾ നാണക്കേട് തോന്നുമെന്നായിരുന്നു യുങിന്റെ പരാമർശം. മഹിയുടെ മക്കളെ ഒരിക്കലും കാണാൻ ആഗ്രഹിക്കില്ലെന്നായിരുന്നു കനിക പറഞ്ഞത്. എന്നാൽ ഈ പരാമർശങ്ങളോട് പ്രതികരിക്കാതെ വികാരങ്ങൾ നിയന്ത്രിച്ച മഹി ടാസ്‌കിൽ വിജയിക്കുകയും ചെയ്തു.

എന്നാൽ ഏഴ് വയസ്സുകാരിയായ മകൾ താരയെപ്പോലും തർക്കത്തിലേക്ക് വലിച്ചിഴച്ചത് ജയ്‌യെ ചൊടിപ്പിച്ചു. എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'താരയ്ക്ക് ഏഴ് വയസ്സേ ആയിട്ടുള്ളൂ'

തന്റെ മക്കളെ ഇനി ബിഗ് ബോസ് കാണാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ജയ, യുങ് ഡിഎസ്എയുടെയും കനിക മന്നിന്റെയും പരാമർശങ്ങളെ പ്രത്യേകം വിമർശിച്ചു. ലവ് ഗില്ലിന്റെ അമ്മയും തന്റെ മകളെ പരാമർശിച്ചതിലുള്ള അതൃപ്തി താരം പങ്കുവെച്ചു.'ഒരു ടാസ്‌കിന് വേണ്ടി മാത്രമാണ് ഇതെല്ലാം! യുങ് ഡിഎസ്എ എന്റെ കുട്ടികൾ വളരുമ്പോൾ അവരുടെ അമ്മയുടെ പ്രവൃത്തികളിൽ ലജ്ജിക്കുമെന്ന് പറയുന്നു. കനിക മഹിയുടെ മക്കളെ കാണാൻ ആഗ്രഹിക്കില്ലെന്ന് പറയുന്നു. ലവ് ഗില്ലിന്റെ അമ്മയാകട്ടെ, മറ്റാരെങ്കിലും തന്റെ മകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞാൽ എങ്ങനെയായിരിക്കും തോന്നുകയെന്ന് ചോദിച്ചുകൊണ്ട് എന്റെ മകളെയും ഈ സംഭാഷണത്തിലേക്ക് കൊണ്ടുവരുന്നു.

താരയ്ക്ക് വെറും ഏഴ് വയസ്സാണ്. അവൾ ബിഗ് ബോസിലെ മത്സരാർഥിയല്ല. മറ്റൊരാളെ താഴ്ത്തിക്കെട്ടാൻ ഒരു കുട്ടിയെ ഉപയോഗിക്കുന്നത് തീർത്തും അസംബന്ധമാണ്' എന്നായിരുന്നു ജയ്‌യുടെ കുറിപ്പ്.മഹിയുടെ തീരുമാനങ്ങളോട് വിയോജിക്കാനും അവരുടെ ഗെയിം പ്ലേയെ ചോദ്യം ചെയ്യാനും എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അതിനായി കുട്ടികളെയും മാതൃത്വത്തെയും വ്യക്തിജീവിതത്തെയും വലിച്ചിഴയ്ക്കുന്നത് അതിരുകടക്കലാണെന്നും ജയ പറഞ്ഞു.

'നമ്മുടെ കുട്ടികൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും എന്തിനാണ് അവരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്? ബിഗ് ബോസ് ഒരു ഗെയിമാണ്. മഹിയോട് വിയോജിക്കാം, അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാം. പക്ഷേ മക്കളെയും മാതൃത്വത്തെയും വ്യക്തിജീവിതത്തെയും ഇതിലേക്ക് കൊണ്ടുവരുന്നത് അതിരുകടക്കലാണ്' എന്നും താരം കുറിച്ചു.

'ഇത് ഞങ്ങൾക്ക് വ്യക്തിപരമായ കാര്യമാണ്'

ഒരു അച്ഛനെന്ന നിലയിൽ മക്കൾക്ക് ഇത്തരം അനുഭവങ്ങൾ മാനസികമായി മുറിവേൽപ്പിക്കുമെന്ന് ജയ് ആശങ്ക പ്രകടിപ്പിച്ചു. ഓരോ തവണയും മഹിയെ വിമർശിക്കാൻ താരയുടെ പേര് ഉപയോഗിക്കുന്നത് മക്കളുടെ മനസ്സിൽ ആഘാതമുണ്ടാക്കുമെന്നാണ് തന്റെ ഭയമെന്നും താരം പറഞ്ഞു.'എന്റെ കുട്ടികൾ വളരുമ്പോൾ മഹിയെ താഴ്ത്തിക്കെട്ടാനുള്ള ഓരോ വാചകത്തിലും താരയുടെ പേര് ഉപയോഗിക്കപ്പെടുന്നതിലൂടെ അവർക്ക് മാനസികമായ മുറിവുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവർക്ക് ഈ ഗെയിം വിനോദമായിരിക്കാം. പക്ഷേ ഞങ്ങൾക്ക് ഇത് വ്യക്തിപരമായ കാര്യമാണ്. എന്റെ കുട്ടികളുടെ സമാധാനത്തിനും നിഷ്‌കളങ്കതയ്ക്കുമായിരിക്കും എപ്പോഴും മുൻഗണന' എന്നായിരുന്നു ജയ്‌യുടെ വാക്കുകൾ.കുട്ടികൾ ബിഗ് ബോസ് കാണുന്നുണ്ടെന്നും പരിപാടിയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് തന്നോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. അതിനാൽ ഇത്തരം നെഗറ്റീവ് ചർച്ചകളിൽ തന്നെയും മക്കളെയും ടാഗ് ചെയ്യരുതെന്നും അഭ്യർഥിച്ചു.'ഈ കുറിപ്പ് ഒരു നടനായ ജയ്ഭാനുഷാലിയുടേതല്ല, മറിച്ച് എന്റെ കുട്ടികളുടെ അച്ഛനെന്ന നിലയിലാണ് എഴുതുന്നത്' എന്നും താരം വ്യക്തമാക്കി.

മഹിയും ലവ് ഗില്ലും തമ്മിലും തർക്കം

ബിഗ് ബോസ് വീട്ടിൽ മഹിയും ലവ് ഗില്ലും തമ്മിലുണ്ടായ മറ്റൊരു തർക്കവും ഇതിനിടെ ശ്രദ്ധ നേടിയിരുന്നു. നോമിനേഷൻ ടാസ്‌കിനിടെ മഹി തന്നെ 'ഹോംബ്രേക്കർ' എന്ന് വിളിച്ചുവെന്ന് അറിഞ്ഞതോടെയാണ് ലവ് പ്രതികരിച്ചത്. മറ്റൊരാളുടെ കുടുംബജീവിതം തകർത്തുവെന്ന അർഥം വരുന്ന പരാമർശത്തിന് മറുപടിയായി, അത്തരം അനുഭവം മഹിക്ക് ഉണ്ടായിട്ടുള്ളതുകൊണ്ട് അവർക്കായിരിക്കും കൂടുതൽ അറിയുകയെന്നായിരുന്നു ലവിന്റെ വാക്കുകൾ.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പരാമർശമായാണ് മഹി ഇതിനെ കണ്ടത്. ജയുമായുള്ള വേർപിരിയലിനെ ഉദ്ദേശിച്ചാണ് ലവ് സംസാരിച്ചതെന്ന് കരുതിയ മഹി വികാരാധീനയായി കരയുകയും ചെയ്തു.

2026 ജനുവരിയിലാണ് മഹി വിജും ജയ്ഭാനുഷാലിയും വേർപിരിയുന്ന വിവരം പ്രഖ്യാപിച്ചത്. 14 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ അവസാനമായത്. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. 2019-ൽ ജനിച്ച താരയാണ് ഇരുവരുടെയും സ്വന്തം മകൾ. 2017-ൽ കുടുംബത്തിന്റെ ഭാഗമാക്കിയ ഖുഷിയും രാജ്വീറും വളർത്തുമക്കളാണ്.