മിസ് യൂണിവേഴ്സ് 2026 വേദിയിൽ പാകിസ്താന്റെ പിങ്ക് ലില്ലിയായി തിളങ്ങി മിസ്ബ അർഷാദ്. പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന മത്സരത്തിനായി പൂവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വ്യത്യസ്തമായ വേഷത്തിലാണ് താരം എത്തിയത്. പൂക്കൾ പരസ്പരം മത്സരിക്കുന്നില്ലെന്നും അവ ഓരോന്നും അവയുടെ സമയത്ത് മനോഹരമായി വിരിയുകയാണെന്നും ഓർമിപ്പിക്കുന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം മിസ്ബ പങ്കുവച്ചു.

To advertise here,

പിങ്ക് ലില്ലി പൂവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വേഷമാണ് മിസ്ബ മിസ് യൂണിവേഴ്സ് വേദിക്കായി തിരഞ്ഞെടുത്തത്. വിയറ്റ്‌നാമീസ് ഡിസൈനറായ എൻഗുയെൻ ടിയൻ ട്രുയെൻ ആണ് ഈ വസ്ത്രം ഒരുക്കിയത്. പാകിസ്താനിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പിങ്ക് ലില്ലിയാണ് വസ്ത്രത്തിന്റെ പ്രചോദനമെന്ന് മിസ്ബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പൂക്കളോടും അവ പ്രതിനിധീകരിക്കുന്ന ആശയങ്ങളോടും തനിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും അതിനാൽ തന്റെ പല വേഷങ്ങളിലും പൂക്കളുടെ സ്വാധീനമുണ്ടാകാറുണ്ടെന്നും താരം വ്യക്തമാക്കി.

പിങ്ക് ലില്ലി പ്രതിരോധശേഷിയുടെയും സ്ത്രീത്വത്തിന്റെയും പ്രതീകമാണെന്നും മിസ് യൂണിവേഴ്സ് സംഘടന ആഘോഷിക്കുന്ന മൂല്യങ്ങളുമായി ഇവ ചേർന്നുനിൽക്കുന്നുവെന്നും മിസ്ബ പറഞ്ഞു. പിങ്കും പച്ചയും ചേർന്ന വേഷമാണ് താരം അണിഞ്ഞത്. പിങ്ക് കോർസെറ്റ് ടോപ്പിനൊപ്പം പിങ്ക്-പച്ച നിറങ്ങളിലുള്ള പാന്റ്സും അണിഞ്ഞിരുന്നു. മനോഹരമായ അലങ്കാരപ്പണികളുള്ള ടോപ്പിനൊപ്പം അതേ നിറങ്ങളിലുള്ള കേപ്പും വേഷത്തിന് മാറ്റുകൂട്ടി. കാറ്റിൽ പാറിപ്പറക്കുന്ന കേപ്പിനൊപ്പം നിൽക്കുന്ന ചിത്രത്തിൽ വിരിഞ്ഞുനിൽക്കുന്ന പിങ്ക് ലില്ലിയെപ്പോലെയാണ് മിസ്ബയുടെ ലുക്ക്.

വസ്ത്രത്തിന്റെ പ്രചോദനമായ പിങ്ക് ലില്ലിക്ക് പിന്നിൽ തനിക്ക് പറയാനുള്ള മറ്റൊരു കഥയുണ്ടെന്നും അത് പിന്നീട് പങ്കുവയ്ക്കുമെന്നും മിസ്ബ കുറിച്ചു.'പൂക്കൾ പരസ്പരം മത്സരിക്കുന്നില്ല. അവ ഓരോന്നും വിരിയുകയാണ് ചെയ്യുന്നത്. നമ്മളെല്ലാവരും മനോഹരമായ പൂക്കളാണ്. ഓരോരുത്തരും അവരവരുടെ സമയത്ത് പൂക്കും. നിങ്ങളുടെ സമയവും വരുമെന്ന് വിശ്വസിക്കുക. പൂത്തുലയുന്നത് തുടരുക. നമുക്കൊരുമിച്ച് മനോഹരമായൊരു പൂന്തോട്ടമായി മാറാം' എന്നായിരുന്നു താരത്തിന്റെ സന്ദേശം.

പ്യൂർട്ടോ റിക്കോയിലേക്ക് അഭിമാനത്തോടെ

മിസ് യൂണിവേഴ്സ് 2026ൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് മിസ്ബ പ്യൂർട്ടോ റിക്കോയിലേക്ക് യാത്ര തിരിച്ചത്. ഏറെക്കാലമായി സ്വപ്നം കണ്ട യാത്രയിലേക്കാണ് താൻ കടക്കുന്നതെന്നും ഓരോ ദിവസവും നന്ദിയോടെ തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും താരം യാത്രയ്ക്കുമുമ്പ് പങ്കുവച്ചിരുന്നു.

'അടുത്ത കുറച്ച് ദിവസങ്ങളിൽ ഞാൻ വെറുമൊരു മിസ്ബ ആയിരിക്കില്ല. എന്നെ പാകിസ്താൻ എന്ന് വിളിക്കും' എന്ന വാക്കുകളും ശ്രദ്ധ നേടിയിരുന്നു. താൻ വളർന്ന ഗ്രാമവും അവിടെനിന്നുള്ള വേരുകളും ഒരു സ്ത്രീയെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയതിൽ അഭിമാനമുണ്ടെന്നും മിസ്ബ പറഞ്ഞു. വ്യത്യസ്ത സംസ്‌കാരങ്ങൾക്കിടയിൽ പാലമായി പ്രവർത്തിച്ചുവരുന്ന താൻ ഇത്തവണ പാകിസ്താനെയും പ്യൂർട്ടോ റിക്കോയെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം കുറിച്ചു.നവംബർ 24-നാണ് മിസ് യൂണിവേഴ്സ് 2026-ന്റെ ഫൈനൽ. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രലോട്ട് കൊളീസിയത്തിലാണ് മത്സരം നടക്കുന്നത്.