വർണാഭമായ എംബ്രോയ്ഡറി വർക്കുകളുള്ള ലെഹങ്കയ്‌ക്കൊപ്പം മിറർ വർക്ക് ചോളിയും പതിവിൽനിന്ന് വ്യത്യസ്തമായ കുഞ്ഞൻ ദുപ്പട്ടയും. ദീപാവലി ആഘോഷത്തിനായി അനന്യ പാണ്ഡെ തിരഞ്ഞെടുത്ത ഈ വേഷം ഇപ്പോൾ ഫാഷൻ ലോകത്ത് ശ്രദ്ധ നേടുകയാണ്. പരമ്പരാഗത ലെഹങ്കയ്ക്ക് പുതിയൊരു ഭാവം നൽകുകയാണ് താരം ഈ മൈക്രോ ദുപ്പട്ടയിലൂടെ.പരമ്പരാഗത വസ്ത്രങ്ങൾക്ക് പുതുമ നൽകാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് അവയുടെ രൂപത്തിലും അളവുകളിലും ചെറിയ മാറ്റങ്ങൾ വരുത്തുക എന്നതാണ്. മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള ലെഹങ്ക, ശ്രദ്ധാകേന്ദ്രമാകുന്ന ബ്ലൗസ്, തോളുകൾ മറയ്ക്കാൻ മാത്രം നീളമുള്ള ചെറിയ ദുപ്പട്ട. ഈ കോമ്പിനേഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.ദീപാവലി ആഘോഷത്തിനിടെയാണ് അനന്യ പാണ്ഡെ ഈ വ്യത്യസ്തമായ ഫാഷൻ പരീക്ഷണവുമായി എത്തിയത്. അർപിത മേത്ത ഡിസൈൻ ചെയ്ത ചുവപ്പ് ലെഹങ്കയായിരുന്നു താരത്തിന്റെ വേഷം. കാന്ത സ്റ്റിച്ചിങ് രീതിയിലുള്ള വർണാഭമായ പൂക്കളുടെ എംബ്രോയ്ഡറി വർക്കുകളാണ് ലെഹങ്കയുടെ പ്രധാന ആകർഷണം. മിറർ വർക്ക് ചെയ്ത ബസ്റ്റിയർ ബ്ലൗസും ചെറിയ ദുപ്പട്ടയും വേഷത്തിന് കൂടുതൽ ഭംഗി നൽകി.ലെഹങ്കയിലെ മുൻകൂട്ടി തയ്യാറാക്കിയ പ്ലീറ്റുകൾ സാരിയുടെ ഡ്രേപ്പിങ് ശൈലിയിലുള്ള ഭംഗി നൽകുന്നവയായിരുന്നു. പരമ്പരാഗത വസ്ത്രത്തിന്റെ ഭംഗിക്കൊപ്പം ആധുനിക ഫാഷന്റെ പുതുമയും ഈ വേഷത്തിൽ കാണാം.

To advertise here,

എന്താണ് മൈക്രോ ദുപ്പട്ട?

സാധാരണ ദുപ്പട്ടയെക്കാൾ നീളവും വീതിയും കുറഞ്ഞ രൂപമാണ് മൈക്രോ ദുപ്പട്ട. തോളുകളിലോ കൈകളിലോ അലങ്കാരമായി അണിയാവുന്ന രീതിയിലാണ് ഇത് സ്‌റ്റൈൽ ചെയ്യുന്നത്. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾക്ക് കൂടുതൽ മോഡേണും വ്യത്യസ്തവുമായ ലുക്ക് നൽകാൻ മൈക്രോ ദുപ്പട്ട സഹായിക്കും.പരമ്പരാഗത ഇന്ത്യൻ കരകൗശലവിദ്യയും പുതുമയുള്ള വസ്ത്രരൂപവും ഒരുമിപ്പിക്കുന്നതാണ് അനന്യയുടെ ഈ ലുക്ക്. പതിവായി കാണുന്ന കനത്ത അലങ്കാരങ്ങളുള്ള ലെഹങ്കകളിൽനിന്ന് വ്യത്യസ്തമായി ഈ സ്‌റ്റൈൽ പരീക്ഷിക്കാനും കഴിയും. അനന്യയുടെ ലുക്ക് അതേപടി പകർത്താതെ തന്നെ അതിലെ ചില ഫാഷൻ ഘടകങ്ങൾ സ്വന്തം വേഷത്തിൽ ഉൾപ്പെടുത്താം.

അനന്യയുടെ വേഷത്തിൽ ആദ്യം ശ്രദ്ധ ആകർഷിക്കുന്നത് ലെഹങ്കയാണ്. ചുവപ്പ് നിറത്തിലുള്ള തുണിയിൽ നീല, ഓറഞ്ച്, വെള്ള, പച്ച തുടങ്ങിയ നിറങ്ങളിലുള്ള പൂക്കളുടെ ഡിസൈനുകളാണ് കാന്ത സ്റ്റിച്ചിങ് രീതിയിൽ ചെയ്തിരിക്കുന്നത്. കൈകൊണ്ട് തുന്നിയെടുത്തതുപോലുള്ള എംബ്രോയ്ഡറി വർക്കുകൾ വേഷത്തിന് മനോഹരമായ പരമ്പരാഗത ഭംഗി നൽകുന്നു.

ഇത്തരമൊരു ലുക്ക് പരീക്ഷിക്കാൻ വർണാഭമായ ത്രെഡ് വർക്ക്, പൂക്കളുടെ ഡിസൈനുകൾ, പരമ്പരാഗത മോട്ടിഫുകൾ എന്നിവയുള്ള ലെഹങ്ക തിരഞ്ഞെടുക്കാം. ചുവപ്പ് നിറം തന്നെ വേണമെന്നില്ല. കടും പിങ്ക്, റസ്റ്റ്, മസ്റ്റർഡ്, എമറാൾഡ് ഗ്രീൻ, കൊബാൾട്ട് ബ്ലൂ തുടങ്ങിയ നിറങ്ങളും ആഘോഷവേളകളിൽ മനോഹരമായി ഇണങ്ങും.ലെഹങ്കയിലെ എംബ്രോയ്ഡറി വർക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോൾ വ്യത്യസ്തമായ ബ്ലൗസ് പരീക്ഷിച്ചാലും വേഷം അമിതമായി അലങ്കരിച്ചതായി തോന്നില്ല. ലളിതമായ ലുക്ക് ഇഷ്ടപ്പെടുന്നവർ ഒരേ നിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകളുള്ള ലെഹങ്ക തിരഞ്ഞെടുക്കാം. ബ്ലൗസിലൂടെയോ ആഭരണങ്ങളിലൂടെയോ കൂടുതൽ നിറങ്ങൾ ഉൾപ്പെടുത്താം.

മിറർ വർക്ക് ചോളിയെ ശ്രദ്ധാകേന്ദ്രമാക്കും

സാധാരണ ലെഹങ്ക ബ്ലൗസുകളിൽനിന്ന് വ്യത്യസ്തമായിരുന്നു അനന്യയുടെ ചോളി. ബസ്റ്റിയർ മാതൃകയിലുള്ള ബ്ലൗസിൽ ക്വീൻ ആൻ ബോട്ടം നെക്ക്ലൈനും ചെറിയ ടാസൽ അലങ്കാരങ്ങളുമുണ്ടായിരുന്നു. കണ്ണുനീർത്തുള്ളിയുടെ ആകൃതിയിലുള്ള മിററുകൾ വേഷത്തിന് തിളക്കം നൽകി. ക്രോപ്പ് ചെയ്ത ഡിസൈൻ പരമ്പരാഗത വേഷത്തിന് ആധുനിക ഭാവവും നൽകി.നേരത്തെയുള്ള ലെഹങ്കയ്ക്ക് പുതുമ നൽകാൻ ആഗ്രഹിക്കുന്നവർക്ക് മിറർ വർക്ക് ബ്ലൗസ് പരീക്ഷിക്കാം. താരതമ്യേന ലളിതമായ ലെഹങ്കയ്ക്കുപോലും ഇത്തരം ബ്ലൗസ് ആഘോഷവേളകളിലെ വേഷമാക്കി മാറ്റാൻ കഴിയും.സ്ട്രക്‌ചേർഡ് ബസ്റ്റിയർ, സ്ലീവ്ലെസ് ബ്ലൗസ്, സ്വീറ്റ്ഹാർട്ട് നെക്ക്ലൈൻ, ബാക്ക്ലെസ് ഡിസൈൻ തുടങ്ങിയവ പരീക്ഷിക്കാം. പരമ്പരാഗത ഡിസൈനുകൾ ഇഷ്ടപ്പെടുന്നവർക്ക് മിറർ അലങ്കാരങ്ങളുള്ള ഇറുകിയ ഷോർട്ട് സ്ലീവ് ചോളിയും തിരഞ്ഞെടുക്കാം.ബ്ലൗസിലാണ് കൂടുതൽ അലങ്കാരങ്ങളെങ്കിൽ കഴുത്തിന് ചുറ്റും അധികം ആഭരണങ്ങൾ അണിയുന്നത് ഒഴിവാക്കാം. ബ്ലൗസിന് ശ്രദ്ധ ലഭിക്കും.

മൈക്രോ ദുപ്പട്ട പരീക്ഷിക്കാം

അനന്യയുടെ വേഷത്തിലെ ഏറ്റവും വ്യത്യസ്തമായ ഘടകം മൈക്രോ ദുപ്പട്ടയാണ്. തല മറയ്ക്കുകയോ തോളിലൂടെ നീളത്തിൽ ഇടുകയോ ചെയ്യുന്ന പതിവ് ദുപ്പട്ടയ്ക്ക് പകരം കൈകളിലൂടെ അലസമായി ഇട്ടിരിക്കുന്ന ചെറിയ എംബ്രോയ്ഡറി ദുപ്പട്ടയാണ് താരം തിരഞ്ഞെടുത്തത്.ലെഹങ്കയുടെ ഭംഗി ഇഷ്ടമാണെങ്കിലും നീളമുള്ള ദുപ്പട്ട കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പരീക്ഷിക്കാവുന്ന സ്‌റ്റൈലാണിത്.ലെഹങ്കയുടെ അതേ നിറത്തിലോ വ്യത്യസ്തമായ നിറത്തിലോ ഉള്ള ചെറിയ ദുപ്പട്ട തിരഞ്ഞെടുക്കാം. നടുഭാഗത്ത് എംബ്രോയ്ഡറി വർക്കുകളോ മനോഹരമായ ബോർഡറോ ചെറിയ ടാസലുകളോ ഉള്ളവ കൂടുതൽ ഭംഗിയാകും. കൈകളിലൂടെയോ കൈമുട്ടുകൾക്ക് മുകളിലൂടെയോ അയഞ്ഞ രീതിയിൽ ഇത് അണിയാം. മനോഹരമായ ബ്ലൗസിനൊപ്പം മൈക്രോ ദുപ്പട്ട കൂടുതൽ ആകർഷകമായി തോന്നും. എന്നാൽ ഉയരത്തിനും ലെഹങ്കയുടെ വലുപ്പത്തിനും അനുസരിച്ചുള്ള ദുപ്പട്ടയുടെ നീളവും വീതിയും തിരഞ്ഞെടുക്കണം.

പരമ്പരാഗത ആഭരണങ്ങൾക്കൊപ്പം മാക്‌സിമലിസ്റ്റ് ലുക്ക്

ആഭരണങ്ങളുടെ കാര്യത്തിൽ അനന്യ തിരഞ്ഞെടുത്തത് ശ്രദ്ധേയമായ ഡിസൈനുകളായിരുന്നു. കുന്ദൻ വർക്കുകളും പച്ചക്കല്ലുകളും പതിപ്പിച്ച വലിയ മാംഗ് ടിക്ക, പൂക്കളുടെ ഡിസൈനിലുള്ള കമ്മലുകൾ, പവിഴനിറത്തിലുള്ള അലങ്കാരങ്ങൾ, മുത്തുകൾ പതിപ്പിച്ച ഹെയർ ചെയിൻ എന്നിവയാണ് താരം അണിഞ്ഞത്.എന്നാൽ മാല ഒഴിവാക്കുകയായിരുന്നു. അതിലൂടെ തലയിൽ അണിഞ്ഞ ആഭരണങ്ങൾക്കും കമ്മലുകൾക്കും കൂടുതൽ പ്രാധാന്യം ലഭിച്ചു.

ഇതേ രീതിയിൽ സ്‌റ്റൈൽ ചെയ്യാൻ വലിയ മാംഗ് ടിക്കയ്‌ക്കൊപ്പം ജുംകകൾ, ചാന്ദ്ബാലികൾ, പൂക്കളുടെ ഡിസൈനിലുള്ള കമ്മലുകൾ എന്നിവ തിരഞ്ഞെടുക്കാം. കുന്ദൻ, പോൾക്കി, നിറമുള്ള കല്ലുകൾ എന്നിവ എംബ്രോയ്ഡറി വർക്കുകൾക്കും മിറർ വർക്കുകൾക്കും മനോഹരമായി ഇണങ്ങും.ബ്ലൗസിന്റെ കഴുത്തിൽ ധാരാളം അലങ്കാരങ്ങളുണ്ടെങ്കിൽ മാല ഒഴിവാക്കുന്നതാണ് നല്ലത്. ഒന്നോ രണ്ടോ വലിയ ആഭരണങ്ങൾ തിരഞ്ഞെടുത്ത് ബാക്കിയുള്ളവ ലളിതമാക്കാം.

ധാരാളം നിറങ്ങളും എംബ്രോയ്ഡറി വർക്കുകളും മിറർ അലങ്കാരങ്ങളുമുള്ള വേഷത്തിന് യോജിക്കുന്ന രീതിയിൽ മേക്കപ്പ് താരതമ്യേന ലളിതമായിരുന്നു. പിങ്ക് നിറത്തിലുള്ള സ്‌മോക്കി ഐ മേക്കപ്പ്, ഷാംപെയ്ൻ ബ്ലഷ്, ലൈറ്റ് പിങ്ക് ലിപ്സ്റ്റിക് എന്നിവയാണ് അനന്യ തിരഞ്ഞെടുത്തത്.ഔട്ട്ഫിറ്റ് തന്നെ കൂടുതൽ ശ്രദ്ധ നേടുന്നുണ്ടെങ്കിൽ മേക്കപ്പ് ലളിതമാക്കുന്നതാണ് നല്ലത്. മുഖത്തിന് ഫ്രഷ് ലുക്ക് നൽകുന്ന ബേസ് മേക്കപ്പിനൊപ്പം കണ്ണുകളിൽ അൽപം തിളക്കവും ലെഹങ്കയോട് ഇണങ്ങുന്ന ലിപ് കളറും നൽകാം. ഹാഫ് അപ്പ് ഹെയർസ്‌റ്റൈലോ ലോ ബണ്ണോ പരീക്ഷിക്കാം. മാംഗ് ടിക്കയോ വലിയ കമ്മലുകളോ അണിയുന്നുണ്ടെങ്കിൽ അവ വ്യക്തമായി കാണുന്ന രീതിയിൽ മുടി ക്രമീകരിക്കാനും ശ്രദ്ധിക്കണം.