' ലോക തീപ്പെട്ടി ചരിത്രത്തെ ക്കുറിച്ച്സാഹിബിന് അറിയാത്തതോണ്ടാ ഇത്രേം പ്രശ്‌നങ്ങള് '
തീപ്പെട്ടിക്കെന്ത് ചരിത്രം? സാഹിബ് അന്തം വിട്ടു. ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്ന മെഷിനിലേക്ക് തടികള്‍ തിരുകിക്കയറ്റി വെച്ച് ഒരേ വലിപ്പത്തിലുള്ള ഉരുളുകളാക്കി മുറിച്ചെടുക്കുമ്പോള്‍  ഭാസുരന്‍ തന്റെ സഹായിയായ സാഹിബിനെ ഏറുകണ്ണിട്ടു നോക്കി. സംഗതി ഏറ്റിട്ടുണ്ടെന്ന മട്ടില്‍ കണ്ണിലൊരു ചിരി മിന്നി. നര്‍മ്മം കൊണ്ട് കമ്പനിയാകെ നിറഞ്ഞ് നില്‍ക്കുന്ന ഭാസുരന്റെ തമാശകളിലെ ഇപ്രാവശ്യത്തെ ഇര സാഹിബായിരുന്നെങ്കിലും ഭാസുരന്‍ പറയാന്‍ ബാക്കി വെച്ച തീപ്പെട്ടി ചരിത്രം എന്തായിരിക്കും എന്നൊരു ആകാംക്ഷയില്‍ പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ കുഞ്ഞു മനസ്സ് ഉദ്വേഗഭരിതമായി'.

To advertise here,

ദേവി തീപ്പെട്ടി കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ച എന്റെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസമായിരുന്നു അത്. കമ്പനിയിലെ ഫോര്‍മാനായിരുന്നു ഭാസുരന്‍. ഉറച്ച ശരീരമുള്ള യൗവ്വനത്തിന്റെ തുടക്കത്തിന്റെ ചുറുചുറുക്കോടെ ഒരേ താളത്തില്‍ ജോലിയില്‍ വ്യാപൃതനായ ഭാസുര ചലനങ്ങളിലെ വഴക്കവും തഴക്കവും കണ്ട് സ്‌കെയിലില്‍ കൊള്ളികള്‍ നിരത്താന്‍ മറന്ന് ഞങ്ങള്‍ കുട്ടികളുടെ സംഘം അത്ഭുതപരതന്ത്രരായി നോക്കിയിരുന്നിട്ടുണ്ട്. നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും മനസ്സില്‍ പതിഞ്ഞുകിടക്കുന്ന അവരുടെ സംഭാഷണ ശകലങ്ങളില്‍ നിന്ന് ഭാസുരന്‍ സാഹിബിനോട് പറയാന്‍ തുടങ്ങിയതീപ്പെട്ടി ചരിത്രത്തെ അന്വേഷണാത്മകമായ മനസ്സോടെ സമീപിക്കുമ്പോള്‍  തീയുടെ വെളിച്ചം മനുഷ്യന് സമ്മാനിച്ചത് കൊണ്ട് മാത്രം മലകള്‍ക്ക് നടുവില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് കഴുകന്‍മാരുടെ ഭക്ഷണമായി തീര്‍ന്ന ഗ്രീക്ക് പുരാണങ്ങളിലെ പ്രോമിത്യൂസിനെയും തീയുടെ ചരിത്രത്തിലെ എളുപ്പവഴികള്‍ ഉപയോഗിക്കാതെ കല്ലുകള്‍ കൂട്ടിയുരസി പാറുന്ന തീപ്പൊരികളില്‍ നിന്നും സൃഷ്ടി ച്ചെടുക്കുന്ന അഗ്‌നിയെ ഇന്നും സൂക്ഷ്മതയോടെയും പ്രാര്‍ഥനയോടെയും സമീപിക്കുന്ന മസായി ഗോത്രക്കാരെക്കുറിച്ചും ഹൃദയത്തിലൂറുന്ന വിശുദ്ധിയോടെ  ഓര്‍ത്തു പോകുന്നു.
 
നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പെരിങ്ങാല ദേശത്തനികത്തെ മിക്ക സ്ത്രീകളും സ്വയംപര്യാപ്തരായിരുന്നു. പെട്ടെന്നൊരു മുട്ടു വന്നാല്‍ ചെലവാക്കാന്‍ മുണ്ടിന്റെ കോന്തലക്കല്‍ കെട്ടിവച്ച നാണയത്തുട്ടുകളുണ്ടെന്നുള്ളൊരു ഹുങ്ക് മിക്ക സ്ത്രീകളുടേയുംചെറു ചലനങ്ങളില്‍ പോലും പ്രകടമായിരുന്നു. സീസണുകള്‍ അനുസരിച്ച് തഴപ്പായ നെയ്ത്ത്. ചെമ്പന്‍ പാക്ക് പൊളിക്കല്‍. പുളി കുത്തല്‍ അങ്ങനെ വീട്ടിലിരുന്ന് ജോലി ചെയ്ത് മിച്ചം പിടിച്ച കാശ് കൊണ്ട് വീടിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊണ്ട് പോകുമ്പോള്‍ ഒന്നര മീറ്റര്‍ തുണിയില്‍ തുന്നിയെടുത്ത ഒരു ജംബര്‍ പോലും സ്വന്തമായി ആഗ്രഹിച്ചില്ല. പരാതിയോ പരിഭവങ്ങളോ ഇല്ലാത്ത കൊച്ചു കൂരകളുടെ അകത്തളങ്ങളില്‍ അവര്‍ പണിഞ്ഞ അതിരുകളില്ലാത്ത സാമ്രാജ്യങ്ങളില്‍ പട്ടിണിയും പരിവട്ടവും കടന്ന് വന്നിരുന്നെങ്കിലും എന്തിനേയും നേരിടാനുള്ളൊരു നിശ്ചയദാര്‍ഢ്യം അവരെ കൂടുതല്‍ കരുത്തുറ്റവരാക്കി. ദേശത്തിനകത്ത് ചെമ്പന്‍ കച്ചവടവും പുളി കച്ചവടവും നടത്തിയിരുന്ന പൊന്നുണ്ണി ഇക്ക വില പറഞ്ഞുറപ്പിച്ച മരങ്ങളില്‍ നിന്നും പറിച്ചെടുത്ത വാളന്‍പുളികളും അടക്കകളും കൂട്ടം കൂടിയിരുന്ന് കുത്തിയെടുക്കുമ്പോള്‍ ജീവിതത്തെ നിര്‍വ്വചിക്കാന്‍ കഴിയുന്ന ഒരു ഭാരമില്ലായ്മയോടെ അപ്പൂപ്പന്‍ താടികള്‍ പോലെ അവര്‍  അന്തരീക്ഷത്തില്‍ പറന്ന് നടക്കുകയായിരുന്നെന്ന്  എനിക്കിന്ന് തോന്നാറുണ്ട്. നാഴി പുളിങ്കുരു കുത്തുന്നതിന് അന്‍പത് പൈസ കൂലിയില്‍ പെണ്ണുങ്ങള്‍ ഒരു ദിവസം നാല് നാഴി പുളിങ്കുരു വരെ കുത്തിയിരുന്നു . അങ്ങനെയിരിക്കയാണ് അദ്ധ്വാനശീലരാ യ സ്ത്രീകള്‍ക്ക് പുതിയൊരു തൊഴില്‍ സാധ്യതയുമായി ദേശത്തിനകത്തൊരു  തീപ്പെട്ടി കമ്പനി വരുന്നത്. എണ്‍പത്തി നാലുകളിലാണന്ന് തോന്നുന്നു രണ്ടാകുറ്റിയില്‍ ബേക്കറി നടത്തിയിരുന്ന സലാമിക്കയുടെ 'ബിസ്മി എന്ന വീട് വാടകക്കെടുത്തായിരുന്നു തീപ്പെട്ടി കമ്പനിയുടെ തുടക്കം. മെഴുകുതിരി നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ തമിഴ് പാരമ്പര്യമുള്ള കുടുംബത്തിലെ സഹോദരന്‍മാരില്‍ മൂത്തയാളായ രാജേന്ദ്രനാണ് കമ്പനിക്ക് തുടക്കമിട്ടത്.

placeholder
ദേവി തീപ്പെട്ടിക്കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടം

കമ്പനിയുടെ രൂപത്തിലായിരുന്നില്ല തുടക്കം. കുടില്‍ വ്യവസായം എന്നത് പോലെ വളരെ കുറഞ്ഞ അളവില്‍ തീപ്പെട്ടിക്കാവശ്യമായ കൂടുകള്‍ മുതല്‍ കൊള്ളികള്‍ വരെ പുറത്ത് നിന്നും വാങ്ങി കൊണ്ട് വരുകയും മരുന്ന് നിറച്ച തീപ്പെട്ടി കൊള്ളികള്‍ കൂടുകളില്‍ നിറച്ച്ബണ്ടിലുകളായി പല സ്ഥലങ്ങളിലേക്കും കയറ്റി അയക്കുകയും അതില്‍ നിന്നും മോശമില്ലാത്ത വരുമാനം ലഭിക്കുകയും ചെയ്തതോടു കൂടി കമ്പനി വളര്‍ന്നു.  കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിച്ചു.' തീപ്പെട്ടിക്കാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ വരെ ഉത്പാദിപ്പിച്ചെടുക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുമായി  സ്വന്തമായി വാങ്ങിയ പുരയിടത്തില്‍ ഓടും ഷീറ്റും മേഞ്ഞ് ഷെഡുകളില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതോടെ തീപ്പെട്ടിക്ക് അണ്ണാച്ചിയുടെ മൂത്ത മകളായ ദേവിയുടെ പേര് നല്‍കുകയായിരുന്നു. ദേവി ജനിച്ചതിനുശേഷം ലഭിച്ച ഐശ്വര്യങ്ങളാണ് തന്റെ വിജയത്തിന് കാരണമെന്ന് അണ്ണാച്ചി ഉറച്ച് വിശ്വസിച്ചിരുന്നു. വീടിനും ഒരു വിളിപ്പാടകലെ പുതിയ കമ്പനി വന്നതോടെ നാട്ടിലതൊരു പുതിയ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചു.

തീപ്പെട്ടി നിര്‍മാണത്തിന് പല ഘട്ടങ്ങളുണ്ട്. അന്‍പത് സ്‌കെയിലുകളടങ്ങിയ ഫ്രെയിം നിരത്തലാണ് ആദ്യ ഘട്ടം. ഒരു ഫ്രെയിം നിരത്തുന്നതിന് അന്‍പത് പൈസയായിരുന്നു അന്നത്തെ കൂലി. ഫ്രെയിം നിരത്താന്‍ താത്പര്യമുണ്ടെങ്കില്‍ കമ്പനിയുടെ ഓഫീസില്‍ ചെന്ന് രാജേന്ദ്രന്‍ അണ്ണാച്ചിയില്‍ നിന്ന് വളരെ ചെറിയ ബുക്ക് ഒപ്പിട്ട് വാങ്ങണം. ബുക്കില്‍ രേഖപ്പെടുത്തിയ ഫ്രെയിമുകളുടെ എണ്ണം നോക്കി ആഴ്ചാവസാനത്തിലാണ് കൂലി ലഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു വീട്ടിലേക്ക് ബുക്കില്‍ രേഖപ്പെടുത്തി അഞ്ച് ഫ്രെയിമുകളും അത് നിറക്കാനാവശ്യമായ കൊള്ളിയും അളന്ന് നല്‍കും. രാജേന്ദ്രന്‍ അണ്ണാച്ചിയുടെ അനുജന്‍മാരായ ടാഗോറിന്റെയും പിള്ളയുടെയും മേല്‍നോട്ടത്തില്‍ സ്‌കെയിലുകള്‍ എണ്ണി തിട്ടപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്ന ഫ്രെയിമുകള്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. കൈക്കണക്കും മനക്കണക്കും കണിശതയും കൃത്യതയും കൂട്ടായ്മയും ചേര്‍ന്ന് ചിട്ടയായ രീതിയില്‍ സാങ്കേതികവിദ്യകള്‍ വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രവര്‍ത്തിച്ച് വന്‍ വിജയം നേടിയ കമ്പനിയുടെ ചരിത്രവഴികളില്‍ തൊഴിലിനോട് ആത്മാര്‍ത്ഥത പുലര്‍ത്തിയ ഒരു കൂട്ടം പെണ്ണുങ്ങളുടെ നിറഞ്ഞ മനസ്സും അടയാളപ്പെട്ട് കിടന്നിരുന്നു. ചാരിവെച്ച തീപ്പെട്ടിഫ്രെയിമും , കൂട്ടിയിട്ട തീപ്പെട്ടികൊള്ളികളും. കൊള്ളികള്‍ നിറച്ചും നിറക്കാതെയും അടുക്കിവെച്ച സ്‌കെയിലുകളുമൊക്കെ വീട്ടുമുറ്റങ്ങളിലെ സ്ഥിരം കാഴ്ച്ചയായിരുന്നു. അവരവര്‍ക്ക് ലഭിച്ച ഫ്രെയിമുകള്‍ നിരത്താനായി മുതിര്‍ന്നവര്‍ ഏതെങ്കിലും ഒരു വീട്ടില്‍ ഒരുമിച്ച് കൂടും. അവര്‍ക്കൊപ്പം ചേരുന്ന കുട്ടികളുടെ കലപിലകളും കളിയും ചിരിയും വര്‍ത്തമാനങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി കയ്യില്‍ ഒതുക്കിയെടുത്ത കൊള്ളികള്‍ വെച്ച് സ്‌കെയില്‍ നിരത്തി തുടങ്ങുമ്പോള്‍ ഞാനാദ്യം എന്നൊരു മത്സരം എല്ലാവരിലും ഉടലെടുത്തിരുന്നു. അതിവേഗം സ്‌കെയില്‍ നിരത്താന്‍ കഴിയുന്നവരും വളരെ പതുക്കെ ജോലി ചെയ്യുന്നവരുടേയും കൂട്ടത്തില്‍ വേഗം തീരുന്നവര്‍ പിന്നിലായവരെ സഹായിക്കുമായിരുന്നു.

കൊതയുള്ള ഫ്രെയിമുകളെ അന്ന് വെള്ള ഫ്രെയിമുകള്‍ എന്നാണ് വിളിച്ചിരുന്നത്. വെള്ള ഫ്രെയിമുകള്‍ നിരത്താന്‍ എളുപ്പമാണ് ' എന്നാല്‍ കൊതയില്ലാത്ത സ്‌കെയിലില്‍ വെക്കുന്ന കൊള്ളികള്‍ സ്ഥാനം തെറ്റിപ്പോകുന്നത് കൊണ്ട് കൊതകള്‍ തേഞ്ഞ് തുടങ്ങിയ പഴയ ഫ്രെയിമുകള്‍ കാണുന്നതേ മടിയാണ്.
അട്ടിയിട്ട് വെച്ച ഫ്രെയിമുകള്‍ക്കിടയില്‍ തലയെടുപ്പോടിരുക്കുന്ന വെള്ള ഫ്രെയിമില്‍ നോട്ടമിട്ട് നില്‍ക്കുന്ന കുട്ടികളെ നോക്കി ഇടക്ക്ന്ന് ഫ്രെയിമുകള്‍ വലിച്ചൂരിയെടുക്കരുതെന്ന് അണ്ണാച്ചി താക്കീത് ചെയ്യും.' അടുക്കിവെച്ചതിന് അനുസരിച്ച് മാത്രം ഫ്രെയിമുകള്‍ എടുക്കുക. അതും അണ്ണാച്ചിയുടെ ഒരു ചിട്ടയായിരുന്നു. 
കമ്പനിയിലിരുന്നും ഫ്രെയിമിലെ സ്‌കെയിലുകള്‍ നിരത്താനുള്ള സൗകര്യമുണ്ട്. ഒരോ വേനലവധിക്കാലത്തും കമ്പനി ജോലി ചെയ്യാനെത്തുന്ന കുട്ടികളെ കൊണ്ട് നിറയും. തീപ്പെട്ടിക്കൊള്ളി നിര്‍മിക്കുന്ന
മിഷ്യനുകള്‍ക്കരികിലായി ഒഴിഞ്ഞുകിടന്ന സ്ഥലത്തും കമ്പനിവളപ്പിലെ തണലിടങ്ങളിലുമിരുന്നാണ് കുട്ടി സംഘം ഫ്രെയിമുകള്‍ നിരത്തിയിരുന്നത്. സ്‌കെയില്‍ നിരത്താനായി അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികള്‍ വരെ അന്ന് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. ഏത് പ്രായക്കാര്‍ക്കും ചെയ്യാന്‍ കഴിയുന്ന വലിയ അധ്വാനം ആവശ്യമില്ലാത്ത ജോലിയാണ് ഫ്രെയിം നിരത്തല്‍. കമ്പികളുടെ രണ്ട് സൈഡുകളിലായി ഘടിപ്പിച്ചിരിക്കുന്ന കൊങ്കി അഴിച്ചിട്ട് സ്‌കെയിലുകള്‍ തറയിലേക്ക് കുടഞ്ഞിടും... ഫ്രെയിമിന്റെ കമ്പികള്‍ ചാരി നിര്‍ത്തി ഒരോ സ്‌കെയിലുകളുമെടുത്ത് കൊള്ളികള്‍ നിരത്തി സ്‌കെയിലിന്റെ അറ്റത്തുള്ള ദ്വാരങ്ങളിലൂടെ കമ്പിയിലേക്ക് ഒന്നൊന്നായി ഇട്ട് അന്‍പത് സ്‌കെയിലിലെത്തുമ്പോള്‍ കൊങ്കിയിട്ട് ഉറപ്പിക്കും. നിരത്തി നല്‍കുന്ന ഫ്രെയിമുകള്‍ ബുക്കില്‍ പതിക്കും.

വെക്കേഷന്‍ കഴിയുമ്പോഴേക്ക് ബുക്കില്‍ കുറിച്ചിട്ട ഫ്രെയിമുകള്‍ കൂട്ടി രാജേന്ദ്രന്‍ അണ്ണാച്ചിയില്‍ നിന്ന് പൈസ വാങ്ങി കഴിയുമ്പോള്‍ ലോകം കീഴടിക്കിയ സന്തോഷത്തോടെയാണ് വീട്ടിലേക്ക് പോയിരുന്നത്. തീപ്പെട്ടി നിര്‍മാണത്തിലെ രണ്ടാം ഘട്ടം നിറച്ച് നല്‍കിയ ഫ്രെയിമില്‍ കലക്കിവെച്ച രാസമിശ്രിതം മുക്കി ഉണക്കിയെടുക്കലാണ്. ഒരു കാലിന് സ്വാധീനമില്ലാത്ത രാമചന്ദ്രനും അംബികയുമായിരുന്നു മരുന്നുമുറിയുടെ അമരക്കാര്‍. ഒരു സര്‍ക്കസ് അഭ്യാസിയെ പോലെ പ്രത്യേക സ്റ്റെലില്‍ ഫ്രെയിമുകളെടുത്ത് മരുന്നില്‍ മുക്കി അംബികക്ക് കൈമാറുമ്പോള്‍ അവരുടെ കണ്ണുകള്‍ പരസ്പരം പ്രണയമരുന്ന് കൈമാറാറുണ്ടെന്ന് കമ്പനിയിലെ മുതിര്‍ന്ന ജോലിക്കാര്‍ തമ്മില്‍ അടക്കംപറഞ്ഞത് ഞങ്ങള്‍ കുട്ടികളുടെ ചെവിയിലുമെത്തിയിരുന്നു. പ്രണയമെന്നാല്‍ വളരെ മോശമാണന്ന തെറ്റിദ്ധാരണയോടെ നോക്കിക്കാണുന്ന കാലമായിരുന്നു അത്. പ്രണയകഥകള്‍ വളരെ അപൂര്‍വവും. കനലുകള്‍ കോരി ജിവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഒരുപക്ഷേ രാമചന്ദ്രനും അബികയും സ്വന്തം പ്രണയകഥകള്‍ അറിഞ്ഞിരിക്കാനിടയുണ്ടാവില്ല. വിഷമരുന്ന് പുരണ്ട കൈപ്പത്തിയിലെ രേഖകളില്‍ മരുന്ന്, പുരയില്‍ ആളിക്കത്തി കൊണ്ടിരുന്ന തീയില്‍ വരണ്ട് പോയ ജീവിതത്തെ ക്രമപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു ആ മനുഷ്യരെന്ന് ഇന്ന് തിരിച്ചറിയുമ്പോള്‍ മെനഞ്ഞെടുത്ത പ്രണയകഥകളിലൂടെ അവരെ ഒളികണ്ണിട്ട് നോക്കിയ നിമിഷങ്ങളുടെ പുച്ഛത്തില്‍ ഇന്ന് ഞാന്‍ തീരെ ചെറുതായി പോകുന്നു.

placeholder
ദേവി തീപ്പെട്ടിയുടെ കവർ

ഫ്രെയിമിലെ സ്‌കെയിലില്‍ നിന്നും കൊള്ളിയൂരി കവറുകളില്‍ നിറക്കലാണ് അടുത്ത ഘട്ടം. കൊങ്കിയൂരി രണ്ട് തട്ട് തട്ടുന്നതോടെ സ്‌കെയില്‍ ഉറച്ച് നില്‍ക്കുന്ന കൊള്ളികള്‍ക്ക് ഇളക്കം സംഭവിക്കും. ഒരു സ്‌കെയിലിലെ കൊള്ളികളാണ് ഒരു തീപ്പെട്ടി. ഫ്രെയിം മലര്‍ത്തിയിട്ട് സ്‌കെയിലില്‍ നിന്നും കൊള്ളികള്‍ ഊരിയെടുത്ത് തീപ്പെട്ടി കവറുകള്‍ നിറച്ച് മുന്നിലേക്കോ പിന്നിലേക്കോ എറിയും. കൂമ്പാരമാക്കുന്ന തീപ്പെട്ടികളില്‍ ദേവി തീപ്പെട്ടിയുടെ ലേബലൊടിച്ച് ചെറിയ തട്ടുകളില്‍ അടുക്കും. കവറിന്റെ രണ്ട് വശത്തും രാസമിശ്രിതം പുരട്ടി ഉണക്കിയെടുക്കുന്നതോടെ ഒരു തീപ്പെട്ടി ജനിക്കുകയായി. തീപ്പെട്ടി നിര്‍മ്മാണങ്ങളിലെ ഒരോ ഘട്ടവും  പൂര്‍ത്തിയാകുമ്പോഴും അണ്ണാച്ചിയുടേയും സഹോദരന്‍മാരുടേയും പരിശോധനകളുണ്ടാവും. കൊള്ളികള്‍ പുറത്ത് കാണുന്ന രീതിയില്‍ തീപട്ടിക്കൂടുകള്‍ കണ്ടാല്‍ അത് ശരിയാക്കി വരാനുള്ള നിര്‍ദേശത്തോടെ മടക്കി അയക്കും. നിമിഷനേരം കൊണ്ട് തീപ്പെട്ടി നിറയ്ക്കുന്നതില്‍ വിദഗ്ധരായിരുന്ന സഹോദരിമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ആ കമ്പനിയുടെ തന്നെ നെടും തൂണായിരുന്നു.
 
അനുദിനം വളര്‍ന്ന് വന്ന ദേവീ തീപ്പെട്ടി കമ്പനിയുടെ ഉയര്‍ച്ചയില്‍ പ്രചോദനം കൊണ്ട് അയല്‍ നാട്ടില്‍ തുടങ്ങിയൊരു തീപ്പെട്ടി കമ്പനിയില്‍ നിന്ന് ഒരു വണ്ടി നിറയെ ഫ്രെയിമുകള്‍ വീട്ടിലെത്തിച്ച് നല്‍കി കൂലി വര്‍ധിപ്പിച്ച് സഹോദരിമാര്‍ ഉള്‍പ്പടെയുള്ള കമ്പനി ജോലിക്കാരെ പാട്ടിലാക്കാനൊരു ശ്രമം അന്ന് നടന്നെങ്കിലും ദേവീ തീപ്പെട്ടി കമ്പനിയോടുള്ള കൂറും കൃപയും കൊണ്ട് അവരുടെ ശ്രമം വിജയിച്ചില്ല. കൊള്ളി നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന പെരുമരതടികളുടെ വേസ്റ്റ് കുപ്പയെന്ന പേരില്‍ ആഴ്ചയിലെ അവസാന ദിവസം കമ്പനി മുറ്റത്ത് വില്പനക്കായി കൂട്ടിയിട്ടും. ഗ്യാസ് സ്റ്റൗ കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് കുപ്പ വന്‍ ഡിമാന്റില്‍ വിറ്റ് പോയിരുന്നു. ഒരു കൊട്ട കുപ്പക്ക് ഒരു രൂപ. ആദ്യം പൈസ കൊടുത്ത് പേരെഴുതിക്കുന്നവരെ അണ്ണാച്ചി ക്രമത്തില്‍ വിളിക്കും. ലിസ്റ്റില്‍ ആദ്യം പേര് വരാന്‍ വേണ്ടി അണ്ണാച്ചിക്ക് ചുറ്റും കൂടിനില്‍ക്കുന്ന പെണ്ണുങ്ങള്‍ തമ്മില്‍ പലപ്പോഴും ഉന്തും തള്ളും നടക്കാറുണ്ടായിരുന്നു. പേര് വിളിക്കുന്നവര്‍ തന്നെ അലുമിനിയം കൊട്ടയെടുത്ത് കുപ്പ നിറച്ചെടുക്കണം എന്നാരു നിബന്ധനയുണ്ടായിരുന്നു. സാമര്‍ഥ്യമുള്ളവര്‍ രണ്ട് കൊട്ട കുപ്പ ഒരു കുട്ടയില്‍ ഇടിച്ചൊതുക്കി എടുക്കും. പുലര്‍ച്ചകളില്‍ പലഹാര കച്ചവടമുണ്ടായിരുന്ന എന്റെ വീട്ടില്‍ കുപ്പയ്ക്ക് വളരെ ആവശ്യമുള്ളതിനാല്‍ ഞാനും കുപ്പ വാങ്ങാനായി ഉമ്മിച്ചക്കൊപ്പം പോകുമായിരുന്നു. പക്ഷേ, എന്റെ കുട്ട ഒരിക്കലും നിറഞ്ഞിരുന്നില്ല. കുപ്പ നിറയ്ക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നത് കണ്ട്  രണ്ട് കൊട്ട കുപ്പയെടുക്കാന്‍ അണ്ണാച്ചി എന്നെ അനുവദിച്ചിരുന്നു. അങ്ങനെ രണ്ട് കൊട്ട കുപ്പ ചേര്‍ത്ത് വച്ചിട്ടും ഒരു കുട്ടയാക്കാന്‍ കഴിയാതെ ചണചാക്കില്‍ ഒതുങ്ങി കിടന്ന കുപ്പ നോക്കി 'നിന്നെ എന്തോത്തിന് കൊള്ളാം' എന്ന കൂടെയുള്ളവരുടെ കളിയാക്കലുകളില്‍ പലപ്പോഴും ഒരു പത്ത് വയസ്സുകാരിയുടെ അഭിമാനം മുറിഞ്ഞു.

പണ്ടത്തെ സന്ധ്യകള്‍ പ്രാര്‍ഥനാനിര്‍ഭരമായിരുന്നു.  ദേശത്തിനകത്തെ എല്ലാ വീടുകളുടേയും സന്ധ്യകള്‍ക്ക് ഒരേ ചിട്ടയായിരുന്നു. എവിടെ ആയിരുന്നാലും മഗ്‌രിബ് ബാങ്കിന് മുന്‍പ് മുതിര്‍ന്നവരും കുട്ടികളും വീടണയും. ചെറിയ അലുമിനിയം പുട്ടുകുടത്തിലോ സ്റ്റീല്‍ മൊന്തയിലോ ഒരോ കുടം വെള്ളം നിറച്ച് വീടുകള്‍ക്ക് മുന്നില്‍ വെക്കും. ചെറ്റയും പലകയും ഇഷ്ടികയും കൊണ്ടൊക്കെ മറച്ച വീടിന്റെ ഉമ്മറച്ചുവരുകളില്‍ കുത്തിവെച്ച ചന്ദനതിരിയുടെ മണത്തില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുമിച്ചിരുന്ന് ദിക്ക്‌റുകള്‍ ചൊല്ലുകയും ഒരോ വീടുകളും സ്‌നേഹത്താല്‍ നിറയുകയും ചെയ്യും. പതിവ് പോലൊരു ദിവസം വീടിന്റെ  ഉമ്മറത്ത് വെക്കാന്‍ സ്റ്റീല്‍ മൊന്തയില്‍ വെള്ളം നിറക്കാനായി കിണറിന്റടുത്തേക്ക് പോകുമ്പോഴാണ് വെപ്രാളത്തോടെ കമ്പനിയുടെ ഭാഗത്തേക്ക് ആളുകള്‍ ഓടുന്നത് കണ്ടത്. എന്താണ് സംഭവമെന്നറിയാതെ അന്തിച്ച് നില്‍ക്കുമ്പോള്‍ ഓട്ടത്തിനിടയില്‍ ആരോ പറയുന്നത് കേട്ടു. 'തെങ്ങിന്റെ മണ്ടേല് ഒരാള് കേറി ഇരിക്കുന്ന് ' 
അത് കേട്ടതും അവരുടെ കൂട്ടത്തില്‍ ഉമ്മിച്ചക്കൊപ്പം ഞാനും ഓടാന്‍ തുടങ്ങി. കദിയാത്താടെ വീട്ടുമുറ്റവും കോളഭാഗത്തെ കാവും കഴിഞ്ഞ് റോഡിലേക്ക് ഓതികിതച്ചെത്തി നില്‍ക്കുമ്പോള്‍ റോഡില്‍ ഒരുത്സവത്തിനുള്ള ആള്‍കൂട്ടം. നാട്ടുകാര്‍ നൂറുമീറ്റര്‍ അകലെ ചെമ്മണ്‍ റോഡിനോട് ചേര്‍ന്ന് നിറയെ കായ്ച്ചു നില്‍ക്കുന്നൊരു തെങ്ങിന്റെ മണ്ടയിലേക്കും നോക്കി നില്‍ക്കുകയാണ് . അര്‍ദ്ദനഗ്‌നനനായ ഒരു യുവാവ് തെങ്ങിന്റെ മണ്ടയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. 'നിന്റെ പേരെന്തുവാടാ' 'നാട്ടുകാരിലൊരാള്‍ തെങ്ങിന്റെ മുകളിലേക്ക് നോക്കി വിളിച്ചു ചോദിച്ചു. 'മനോഹരന്‍ ' തെങ്ങിന്റെ മണ്ടയില്‍ നിന്നും ഉത്തരമെത്തി. മനോഹരനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള പല ശ്രമങ്ങളും നാട്ടുകാര്‍ നടത്തിയെങ്കിലും ഇതൊന്നും നമ്മളെ ഏശൂല്ലാ എന്നൊരു മട്ടില്‍ ഇളിയില്‍ കരുതിയിരുന്ന തീപ്പെട്ടിക്കോലുരച്ച് മനോഹരന്‍ ഇടക്കിടക്ക്
താഴേക്കിടാനും തുടങ്ങി . അതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി . തൊട്ടടുത്ത് തീപ്പെട്ടി കമ്പനിയാണ് മനോഹരനിടുന്ന തീപ്പൊരിയിൽ തീപ്പെട്ടി കമ്പനിയും നാടും മനുഷ്യരും വെന്ത് നശിക്കുമോ എന്ന ഭയത്താല്‍ ജനകൂട്ടം സ്റ്റേഷനിലേക്ക് പാഞ്ഞു. സംഭവസ്ഥലത്തേക്കെത്തിയ പോലീസുകാരിലൊരാള്‍ കോളാമ്പി പോലുള്ള മൈക്ക് ആകാശത്തേക്കുയര്‍ത്തി തെങ്ങിന്റെ മണ്ടയിലേക്ക് നോക്കി വിളിച്ചു. 'മനോഹരാ' 
തെങ്ങിന്റെ മുകളില്‍ നിന്നും ഉടന്‍ ഉത്തരമെത്തി. 'യെസ് സാര്‍' താഴെയിറങ്ങടാ
'നോ സാര്‍' 'തലയ്ക്ക് സുഖവില്ലാത്തോനാന്ന് തോന്നുന്നു , അവിടിരുന്ന് എന്തേലും അധര്‍മ്മം കാണിക്കാതിരുന്നാ മതിയാരുന്ന് '. 

കൈകള്‍ കൂപ്പി തെങ്ങിന്റെ മണ്ടയിലേക്കും നോക്കി മണിക്കൂറുകളായി ഒരൊറ്റ നില്‍പ് നില്‍ക്കാന്‍ തുടങ്ങിയ നബീസാത്ത മനമുരുകി പ്രാര്‍ത്ഥിക്കുന്നത് കണ്ട് ഞാനും നബീസത്തക്കൊപ്പം പ്രാര്‍ത്ഥിച്ചു .
തെങ്ങിന്റെ മണ്ടയിലിരുന്ന് ബീഡി വലിക്കാന്‍ തുടങ്ങിയ മനോഹരന്‍ തനിക്ക് താഴെ പോലീസും ജനങ്ങളും വളഞ്ഞ് നില്‍ക്കുന്നത് കണ്ട് പരിഭ്രമിച്ചിട്ടാവണം തെങ്ങില്‍ നിന്നും വെള്ളക്കകള്‍ അടര്‍ത്തി താഴേക്കെറിയാന്‍ തുടങ്ങി.  'മനോഹരാ നിനക്ക് ഒരു കെട്ട് ബീഡി ഞങ്ങള് തരാം ഒന്നിറങ്ങി വാ'
പോലീസുകാരിലൊരാളുടെ പ്രലോഭനം ബീഡിപ്രാന്തനായ മനോഹരനെ ഉലച്ചില്ല' 
'പുല്ലാണേ പുല്ലാണേ ബീഡിയും പോലീസും പുല്ലാണേ' മനോഹരന്റെ മുദ്രാവാക്യം വിളി കേട്ടു നിന്നവരില്‍ ചിരി ഉണര്‍ത്തിയെങ്കിലും ക്ഷമനശിച്ച പോലീസുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തെങ്ങിന് താഴെ വല വലിച്ച് കെട്ടി തെങ്ങിലേക്ക് കയറി മനോഹരന്റെ കാലില്‍ പിടിച്ച് വലയിലേക്ക് വലിച്ചിട്ടു. വലയില്‍ കിടന്നും മനോഹരന്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. 'പോടാ പന്ന പോലീസേ'. പോലീസ് ജീപ്പിലേക്ക് കയറാന്‍ വിസമ്മതിച്ച മനോഹരനെ ബലപ്രയോഗത്തിലൂടെ ജീപ്പിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മനോഹരന്‍ പോലിസുകാരെയും നാട്ടുകാരെയും പുലഭ്യം പറഞ്ഞ് കൊണ്ടേയിരുന്നു. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലപ്പോഴും എന്റെ ചിന്തയിലേക്ക് മനോഹരന്‍ കടന്ന് വന്നു. മറ്റേതോ നാട്ടില്‍ വന്ന് തെങ്ങിന്റെ മണ്ടയില്‍ കയറി ഇരുന്ന മനോഹരന്റെ മുഖം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ലങ്കിലും ഭാവനയില്‍ ഒരു മനോഹരനെ ഞാന്‍ സൃഷ്ടിച്ചെടുക്കുകയും മനോഹരന്‍ ഇപ്പോള്‍ എവിടെയായിരിക്കും എന്ന ചിന്തയില്‍ ഒരു കഥ തന്നെ എഴുതിവര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ റേഡിയോ 91.2 FM ല്‍ ഞാന്‍ അവതരിപ്പിക്കുകയുമുണ്ടായി. 
 
കഥയെഴുതി റേഡിയോയില്‍ അവതരിപ്പിച്ച് കുറച്ച് ദിവസങ്ങള്‍ക്കുശേഷം  ഒരു വൈകുന്നേരം വവ്വാക്കാവില്‍ ഞാന്‍ നടത്തുന്ന ഫാര്‍മസിയിലേക്ക് ദശമൂലാരിഷ്ടം വാങ്ങാനായി വന്ന മധ്യവയസ്ക്കൻ തന്റെ ജീവിതത്തെക്കുറിച്ച് എന്നോട് പറയാന്‍ തുടങ്ങി. എല്ലാ സൗകര്യങ്ങളോടെയും ജീവിക്കുന്ന തന്റെ കൂടെപിറപ്പുകള്‍ക്കൊപ്പം പോകാതെ ഇന്നും ഭക്ഷണം പാകം ചെയ്ത് നല്‍കി തനിക്കൊപ്പം കഴിയുന്ന അമ്മയെ ക്കുറിച്ച് . സഹോദരങ്ങളെക്കുറിച്ച്, തന്നെ ഭ്രാന്തനെന്ന് മുദ്രകുത്തിയ സമൂഹത്തെക്കുറിച്ചൊക്കെ സ്വയം മറന്ന് സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരു രഹസ്യമെന്ന പോലെ സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു. 'പണ്ട് ഞാന്‍ പോലീസിനെ വട്ടം ചുറ്റിച്ചതാ, രണ്ടാംകുറ്റിയിലൊരിടത്ത് തെങ്ങിന്റെ മണ്ടേ കേറി ഇരുന്ന് '. അത് കേട്ടതും ഇത് മനോഹരന്‍ തന്നെയെന്ന് എന്റെ മനസ്സ് ആര്‍ത്തു വിളിച്ചു. 
'മനോഹരന്‍ എന്നാണോ പേര്'?
എന്റെ ചോദ്യം കേട്ട് വ്യദ്ധന്‍ അമ്പരന്നു.
പിന്നീട് തുടര്‍ന്ന സംസാരത്തിലൂടെ പഴയ സംഭവങ്ങള്‍ പറഞ്ഞ് മനോഹരന്‍ എന്റെ മുന്നില്‍ നിന്ന് പൊട്ടിച്ചിരിച്ചു.
കാഴ്ച്ചക്കാരിയായി നിന്ന അന്നത്തെ അനുഭവങ്ങള്‍ ഞാന്‍ മനോഹരനോടും വിവരിച്ചു . 
'എന്തിനായിരുന്നു അന്ന് തെങ്ങിന്റെ മണ്ടേ കേറി ഇരുന്നേ' 
സംസാരമദ്ധ്യേയുള്ള എന്റെ ചോദ്യം കേട്ടതും മനോഹരന്റെ മുഖം മുറുകുകയും ഭീകരമായ ഒരു കാഴ്ച്ച കണ്ടത് പോലെ കണ്ണുകള്‍ ചുവക്കുകയും ചെയ്തു.
'അന്ന് രണ്ടാം കുറ്റിയിലെ തോട്ടിനരികിലൂടെ നടന്ന് പോയപ്പം തോട്ടിന്റെയടുത്തൊരു പറമ്പില് ഒരു കാളയെ അറുക്കുന്നത് കണ്ടു. അതിന്റെ ചോര ചീറ്റിത്തെറിക്കുന്നത് കണ്ട് പേടിച്ചോടി ഞാന്‍ തെങ്ങിന്റെ മണ്ടേ കേറിയതാ. അത് കഴിഞ്ഞ് പിന്നെ കൊറേ ദിവസം ഞാന്‍ ആശുപത്രിയിലായിരുന്ന് 'ഇപ്പോഴും നിയന്ത്രണത്തിലല്ലാത്ത മനസ്സുമായി നില്‍ക്കുന്ന മനോഹരനോട് പിന്നീട് ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല.

വവ്വാക്കാവ്കാരനായ മനോഹരന്‍ പിന്നീട് ഫാര്‍മസിയിലെ സ്ഥിര സന്ദര്‍ശകനായി. ഇടക്കൊരു ദിവസം വവ്വാക്കാവില്‍ തന്നെയുള്ള മൂത്ത സഹോദരിയേയും കൂട്ടി അയാള്‍ ഫാര്‍മസിയിലെത്തി. മനോഹരന് ആവശ്യമായ മരുന്നുകള്‍ നല്‍കണം, പൈസ താന്‍ നല്‍കാമെന്ന് സഹോദരി പറഞ്ഞത് കേട്ട് മനോഹരന്റെ മുഖം തെളിഞ്ഞു. എന്നില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ദശമൂലാരിഷ്ടം കടം വാങ്ങാനെത്തുന്ന മനോഹരന്‍ എനിക്ക് തലവേദനയായി . കടം വര്‍ദ്ധിച്ചതോടെ മരുന്നു നല്‍കുന്നതില്‍ സഹോദരി നിയന്ത്രണങ്ങള്‍ വെച്ചു. ദശമൂലാരിഷ്ടം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഫാര്‍മസിക്ക് മുന്നില്‍ നിന്ന് പലപ്പോഴും ബഹളം വെക്കാന്‍ തുടങ്ങിയ മനോഹരന്‍ പിന്നെ ഫാര്‍മസിയിലേക്ക് വരാതെയായി. അര്‍ധരാത്രിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വവ്വാക്കാവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മനോഹരന്‍ മരണപ്പെട്ടു എന്ന ദുഃഖകരമായ വാര്‍ത്ത കേട്ടാണ് ഒരു ദിവസം നാടുണര്‍ന്നത്.

മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും മാറി തൊഴിലാളികളോടുള്ള അനുഭാവം കൊണ്ട് കൂടി വളര്‍ന്നുവന്ന ദേവി തീപ്പെട്ടികമ്പനി ഇന്നില്ലങ്കിലും ഓര്‍മകളുടെ കൊള്ളിമുനയില്‍ കൊരുത്തിട്ട് വെട്ടം ചൊരിഞ്ഞ കാലങ്ങളിലെ അണ്ണാച്ചിയുടെ ചെറിയ ഓഫീസ് മുറിയും നാണയക്കിലുക്കങ്ങള്‍ നിറഞ്ഞ മേശയും. ഫ്രെയിം നിരത്തിയതിന് കൂലിയായി കിട്ടിയ അന്‍പത് പൈസാ തുട്ടുകളും കൈപ്പിടിയിലൊതുങ്ങാതെ ഹൃദയവഴികളില്‍ ഇന്നും ഊര്‍ന്ന് വീണ് കൊണ്ടേയിരിക്കുന്നു.