ഹിമാചൽ പ്രദേശിലെ മഞ്ഞുമൂടിയ താഴ്വരയിൽ ഒരു പ്രഭാതം ‘സോംബൽ’ മുറിച്ചുണർന്നു. വിശുദ്ധമായ മണിമുഴക്കങ്ങളും പ്രാർഥനാ ചക്രങ്ങളും നിറഞ്ഞ ധർമ്മശാലയിലെ മക്‌ലിയോഡ് ഗഞ്ചിലെ നിശബ്ദമായ ആശ്രമമുറിയിൽ മൂന്നു ബുദ്ധ ഭിക്ഷുക്കളുടെ മൃതദേഹം ചോരയിൽ കുളിച്ചു കിടക്കുന്നു.

To advertise here,

1997-ൽ ദലൈലാമയുടെ വസതിക്ക് തൊട്ടടുത്തുള്ള ആശ്രമമുറിയിൽ നടന്ന ആ കൂട്ടക്കൊല ഇന്ത്യയെ മാത്രമല്ല, ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളെ ഞെട്ടിച്ചു. അവിടെ കണ്ടത് സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമായ ടിബറ്റൻ ബുദ്ധ മതത്തിനുള്ളിലെ നിഗൂഢവും ഭയാനകവുമായ ഒരു വിഭാഗീയതയുടെ കഥയായിരുന്നു.

കൊല്ലപ്പെട്ടത് ദലൈലാമയുടെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ എഴുപതുകാരൻ ലോബ്‌സാങ് ഗ്യാത്‌സോ എന്ന ബുദ്ധസന്യാസിയും രണ്ട് യുവസന്യാസിമാരുമായിരുന്നു. അവരുടെ ശരീരത്തിൽ പതിനഞ്ചു മുതൽ ഇരുപതു തവണ വരെ കഠാര കുത്തിയിറക്കിയിരുന്നു. കൊലപാതകം നടന്ന ഇടുങ്ങിയ മുറിയുടെ ഭിത്തികളിലാകെ രക്തം തെറിച്ചു കിടന്നു.

അഞ്ചു മുതൽ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് നിഗമനത്തിലെത്തി. എന്നാൽ, അവിടെയുണ്ടായിരുന്ന സ്വർണം പൂശിയ ബുദ്ധപ്രതിമകളോ പണമോ അക്രമികൾ തൊട്ടിരുന്നില്ല. കവർച്ചയല്ല ലക്ഷ്യമെന്ന് ആദ്യമേ വ്യക്തമായി. അന്വേഷണത്തിനൊടുവിൽ പോലീസ് വിരൽ ചൂണ്ടിയത് ടിബറ്റൻ ബുദ്ധമതത്തിനുള്ളിലെ ഒരു തീവ്രവിഭാഗത്തിലേക്കാണ്. 'ഡോർജെ ഷുഗ്ദെൻ'.

വാളേന്തി, മനുഷ്യത്തലയോട്ടികൾ കോർത്ത മാലയണിഞ്ഞു ഒരു സിംഹത്തെ ചാരി നിൽക്കുന്ന ഭീകരരൂപിയായ കാവൽദൈവമാണ് ‘ഡോർജെ ഷുഗ്ദെൻ’. മനുഷ്യന്റെ തിന്മകളെയും പാപങ്ങളെയും നിഗ്രഹിച്ചതിന്റെ പ്രതീകമായാണ് ഈ രൂപത്തെ വിശ്വാസികൾ കാണുന്നതെങ്കിലും, ഈ ദൈവത്തിന്റെ പേരിലുള്ള വിഭാഗം പുലർത്തിയിരുന്നത് തികച്ചും യാഥാസ്ഥിതികവും, തീവ്രവുമായ മത നിലപാടുകളായിരുന്നു.

ദലൈലാമയുടെ സുഹൃത്തും പ്രമുഖ അമേരിക്കൻ ബുദ്ധ പണ്ഡിതനുമായ റോബർട്ട് തുർമാൻ (‘കിൽ ബിൽ’ താരം ഉമ കരുണ തുർമാന്റെ പിതാവ്) അന്ന് തുറന്നു പറഞ്ഞു. "ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഷുഗ്ദെൻ വിഭാഗമാണെന്നതിൽ യാതൊരു സംശയവുമില്ല. അവരുടെ കുത്തുകളിലും മുറിവുകളിലും ഒരുതരം ‘എക്‌സോർസിസ’ത്തിന്റെ സ്വഭാവമുണ്ടായിരുന്നു."

ഷുഗ്ദെൻ അനുയായികൾ തങ്ങളെ ടിബറ്റൻ ബുദ്ധമതത്തിന്റെ യഥാർത്ഥ കാവൽക്കാരായാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഇതര ബുദ്ധമത ധാരകളോട് സഹിഷ്ണുത പുലർത്താൻ ശ്രമിച്ച ദലൈലാമയെ കടുത്ത 'ദ്രോഹി' എന്നവർ മുദ്ര കുത്തി. ഷുഗ്ദെൻ ആരാധന വിഘടനവാദപരമാണെന്നും അത് ടിബറ്റൻ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നുവെന്നും ദലൈലാമ വ്യക്തമാക്കി. ദോർജി ഷുഗ്ദെൻ എന്നത് അപകടകരമായ ഒരു കൾട്ടായി അദ്ദേഹം പ്രഖ്യാപിച്ചു.

ഇതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ശത്രുത ആളിക്കത്തി. വർഷങ്ങളോളം രഹസ്യമായി പുകഞ്ഞുനിന്ന ഈ ആഭ്യന്തര തർക്കം തൊണ്ണൂറുകളുടെ തുടക്കത്തിൽ ആഗോളതലത്തിലേക്ക് പടർന്നു. 1991-ൽ മുതിർന്ന സന്യാസിയായ കെൽസാങ് ഗ്യാത്‌സോ ഇംഗ്ലണ്ട് ആസ്ഥാനമാക്കി 'ന്യൂ കദംബ ട്രെഡീഷൻ' (NKT) എന്ന പേരിൽ ഷുഗ്ദെൻ വിഭാഗം സ്ഥാപിച്ചു. വൻതോതിൽ പണപ്പിരിവ് നടത്തി ആത്മീയ വരദാനങ്ങൾ വാഗ്ദാനം ചെയ്ത ഈ സംഘടന വളരെ വേഗം പാശ്ചാത്യ രാജ്യങ്ങളിൽ ശക്തി പ്രാപിച്ചു.

മതപരമായ ഭിന്നത മാത്രമല്ല ഇതിനുണ്ടായിരുന്നത്. രാഷ്ട്രീയവും അതിലേക്ക് കലർന്നു. ചൈനയിൽനിന്ന് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിന് പകരം സ്വയംഭരണ പദവി മതിയെന്ന ദലൈലാമയുടെ നിലപാട് ടിബറ്റിനെ ഒറ്റിക്കൊടുക്കലാണെന്ന് ഷുഗ്ദെന്മാർ ആരോപിച്ചു. ഈ കൾട്ട് മതസ്വാതന്ത്ര്യത്തെത്തന്നെ നശിപ്പിക്കുകയാണെന്ന് ദലൈലാമ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ തുറന്നടിച്ചു.

1997-ലെ കൊലപാതകത്തിന് തൊട്ടുമുൻപ് ടിബറ്റൻ ബുദ്ധമതക്കാർ ഷുഗ്ദെൻ ആരാധനയിൽനിന്ന് വിട്ടു നിൽക്കണമെന്ന് ദലൈലാമ പരസ്യമായി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ തങ്ങളുടെ അനുയായികൾ വേട്ടയാടപ്പെടുന്നുവെന്ന് ‘ന്യൂ കദംബ ട്രഡീഷൻ’ ആരോപിച്ചു. ഇതിനു പിന്നാലെ ധർമശാലയിലെ ടിബറ്റൻ വിമൻസ് അസോസിയേഷന് ഒരു ഭീഷണിക്കത്തെത്തി: "ആശ്രമങ്ങളിൽ രക്തം ചിന്തപ്പെടും."

ദിവസങ്ങൾക്കുള്ളിൽ ആശ്രമത്തിൽ കൊലക്കളമൊരുങ്ങി. ദലൈലാമയുടെ വിശ്വസ്തരായ പതിനാലോളം പ്രമുഖർക്ക് വധ ഭീഷണിയുണ്ടാകുകയും, അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ധർമ്മശാല കൊലപാതകവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് എൻ.കെ.ടി തലവൻ കെൽസാങ് ഗ്യാത്‌സോ വാദിച്ചു.

ഇംഗ്ലണ്ടിലെ ആൽഡർഷോട്ട് ഫുട്ബോൾ സ്റ്റേഡിയം. സമാധാനത്തിന്റെ ആഗോള മുഖമായ ദലൈലാമയെ കാണാനും, അദ്ദേഹത്തിന്റെ ശാന്തിവചനങ്ങൾ കേൾക്കാനുമായി ആയിരക്കണക്കിന് വിശ്വാസികൾ. പക്ഷെ സ്റ്റേഡിയത്തിന് പുറത്ത് അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നു.

"Dalai Lama, Stop Lying ..."

മെഗാഫോണുകളിലൂടെയും പ്രാർഥനാ ഡ്രമ്മുകളുടെ താളത്തിനൊപ്പവും ഉയർന്ന ആ മുദ്രാവാക്യം മുഴക്കിയത് ബുദ്ധമത വേഷമണിഞ്ഞ ഒരുപറ്റം വിദേശികളും ടിബറ്റൻ വംശജരുമായിരുന്നു.

ഉപരിപ്ലവമായി നോക്കിയാൽ ബുദ്ധമതത്തിനുള്ളിലെ ആഭ്യന്തര തർക്കമെന്ന് ഇതെന്ന് തോന്നാമെങ്കിലും, അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നത് അഹിംസയുടെയും ആത്മീയതയുടെയും ആൾരൂപമായ ദലൈലാമയുടെ സ്വാധീനം തകർക്കാൻ ചൈനീസ് ഭരണകൂടം പണവും അധികാരവും ഒഴുക്കി നടത്തുന്ന ഒരു അന്താരാഷ്ട്ര ചാരക്കളിയാണെന്നാണ്.

ദോർജെ ഷുഗ്ദേൻ തർക്കം മനസ്സിലാക്കാൻ ടിബറ്റൻ ബുദ്ധമതത്തിലെ സങ്കീർണ്ണമായ വിശ്വാസ ധാരകളെ അല്പം സിമ്പിളായി കാണേണ്ടതുണ്ട്.

ടിബറ്റൻ ബുദ്ധമതത്തിൽ രണ്ട് തരം അദൃശ്യശക്തികളെക്കുറിച്ചുള്ള സങ്കല്പങ്ങളുണ്ട്.

പൂർണ്ണ ജ്ഞാനോദയം ലഭിച്ച കാരുണ്യമൂർത്തികളായ ബുദ്ധന്മാരും ബോധിസത്വന്മാരും.

ലൗകികതലത്തിൽ വിഹരിക്കുന്ന, അമാനുഷിക ശക്തിയുണ്ടെങ്കിലും വികാരങ്ങൾക്കും പ്രതികാരബുദ്ധിക്കും അടിമപ്പെടാവുന്ന ആത്മാക്കൾ.

ഡോർജെ ഷുഗ്ദെൻ എന്നത് ജ്ഞാനോദയം നേടിയ ഒരു വിശുദ്ധ മൂർത്തിയല്ലെന്നും മറിച്ച് അകാലത്തിൽ കൊല്ലപ്പെട്ട ഒരു പഴയ സന്യാസിയുടെ പ്രതികാരദാഹിയായ അതൃപ്താത്മാവാണെന്നുമാണ് (Gyalpo / worldly spirit) ദലൈലാമയും വിമർശകരും വാദിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ അഞ്ചാമത്തെ ദലൈലാമയുടെ കാലത്ത് ജീവിച്ചിരുന്ന ഡ്രാഗ്പ ഗ്യാൽറ്റ്സെൻ (Drakpa Gyaltsen) എന്ന ലാമ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും അദ്ദേഹത്തിന്റെ ആത്മാവ് ദോർജെ ഷുഗ്ദെൻ ആയി പുനർജനിച്ചുവെന്നും കരുതപ്പെടുന്നു. ടിബറ്റൻ ബുദ്ധമതത്തിലെ ഒരു പ്രത്യേക ശാഖ ഈ ദൈവത്തെ ആരാധിക്കുന്നു.

ഇത്തരം അതൃപ്താത്മാക്കളെ ഭയത്തോടെ പൂജിക്കുന്നത് ബുദ്ധദർശനത്തിന് വിരുദ്ധമാണെന്നും അത് ബുദ്ധമതത്തെ വെറുമൊരു പ്രേതാരാധനയാക്കി തരംതാഴ്ത്തുമെന്നും പതിനാലാമത് ദലൈലാമ പരസ്യമായി മുന്നറിയിപ്പ് നൽകി. ഇതിനെ "ഇരുട്ടിന്റെ ശക്തി" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 1970-കളിൽ പുറത്തിറങ്ങിയ 'യെല്ലോ ബുക്ക്' എന്ന വിവാദരചനയാണ് ഈ ഭയം കൂട്ടിയത്. ടിബറ്റൻ ബുദ്ധമതത്തിലെ ‘ഗെലുഗ്’ പാരമ്പര്യം മറ്റ് സന്യാസി ധാരകളുടെ ആചാരങ്ങളുമായി കൂടിച്ചേരരുതെന്നും അങ്ങനെ ചെയ്യുന്നവരെ ഡോർജെ ഷുഗ്ദെൻ അതിക്രൂരമായി ശിക്ഷിക്കുമെന്നുമായിരുന്നു ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.

ചരിത്രപണ്ഡിതനായ ജോർജ്ജ് ഡ്രെയ്ഫസിന്റെ നിരീക്ഷണപ്രകാരം, അക്രമത്തിലൂടെ ഉണ്ടായ ഇത്തരം ആരാധനാമൂർത്തികൾ തങ്ങളെ എതിർക്കുന്നവരോട് അതേ അക്രമംതന്നെ തിരികെ പ്രയോഗിക്കുന്ന അപകടകരമായ സ്വഭാവം പുലർത്തുന്നുണ്ടെന്നു പറയപ്പെടുന്നു.

എന്നാൽ, ഷുഗ്ദെൻ ആരാധകർ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ബുദ്ധമതത്തിലെ ജ്ഞാനത്തിന്റെ പ്രതീകമായ 'മഞ്ജുശ്രീ'യുടെ അവതാരമാണ് ഡോർജെ ഷുഗ്ദെൻ എന്നാണ് ഇവരുടെ വിശ്വാസം. ഈ വിഭാഗത്തിന്റെ പ്രചാരണങ്ങളിൽ പ്രധാനമായും ഊന്നുന്നത് ദുർമന്ത്രവാദങ്ങളിൽനിന്നും ദുർഭൂതങ്ങളിൽ നിന്നുമുള്ള രക്ഷയാണ്. തങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങൾ, ശാപങ്ങൾ, രോഗങ്ങൾ, ശത്രു ദോഷങ്ങൾ എന്നിവ അകറ്റാൻ ഡോർജെ ഷുഗ്ദെന്റെ ഉഗ്രരൂപമായ 'ത്രക്സെ'യെ പ്രാർത്ഥിച്ചാൽ മതിയെന്ന് ഇവർ അവകാശപ്പെടുന്നു. ഇതിനായി പ്രത്യേക മന്ത്രങ്ങളും, പൂജാവിധികളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്.

ഔദ്യോഗികമായി നിരീശ്വരവാദം ഉയർത്തിപ്പിടിക്കുകയും സ്വന്തം നാട്ടിൽ ബുദ്ധ മതത്തെയും ടിബറ്റിനെയും അടിച്ചമർത്തുകയും ചെയ്യുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിദേശത്ത് ഈ ഷുഗ്ദെൻ വിഭാഗത്തിന്റെ രക്ഷാധികാരികളായി മാറുന്നത് ലോകം കണ്ട ഏറ്റവും വലിയ വൈപരീത്യമായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടിബറ്റ് സ്വയം ഭരണ സമിതിയുടെ ചില രഹസ്യരേഖകൾ ചോർന്നു.

"ദലൈലാമ പക്ഷവുമായുള്ള നമ്മുടെ പോരാട്ടത്തിലെ ഏറ്റവും നിർണായകമായ ഒരു യുദ്ധമുഖമാണ് ഷുഗ്ദെൻ വിഷയം" എന്നാണ് ആ രേഖകളിൽ പാർട്ടി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. ദലൈലാമയെ സ്വന്തം ജനതയ്ക്കിടയിലും പാശ്ചാത്യ ലോകത്തും ഒറ്റപ്പെടുത്താനും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കാനും ഇതിലും മികച്ചൊരു ആയുധം ചൈനയ്ക്ക് കിട്ടാനില്ലായിരുന്നു.

ഷുഗ്ദെൻ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി പ്രവർത്തിക്കുകയും, പിന്നീട് ആ വഴി ഉപേക്ഷിച്ച് അമേരിക്കയിൽ അഭയം തേടുകയും ചെയ്ത ലാമ ത്സേത വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. "ദലൈലാമയെ ഒരു കപടവേഷധാരിയായി ലോകത്തിന് മുന്നിൽ ചിത്രീകരിക്കാനും ടിബറ്റൻ ബുദ്ധമതത്തെ ശിഥിലീകരിക്കാനും ചൈന ഇവരെ ചട്ടുകമാക്കുകയാണ്." 

നേപ്പാൾ വഴി ഇന്ത്യയിലെ ഷുഗ്ദെൻ കേന്ദ്രങ്ങളിലേക്ക് ചൈനയിൽനിന്ന് വൻതോതിൽ പണമെത്തുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് അനുകൂല നിലപാടുള്ള ഷുഗ്ദെൻ മുതിർന്ന സന്യാസിമാർക്ക് ബെയ്ജിങ്ങിൽ വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നത്.

ഈ പ്രചാരണത്തിന്റെ ഏറ്റവും വിചിത്രമായ വശം, തെരുവിലിറങ്ങി ദലൈലാമയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവരിൽ ഭൂരിഭാഗവും ടിബറ്റുകാരല്ല, മറിച്ചു പാശ്ചാത്യരായ വെള്ളക്കാരാണ്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ന്യൂ കദംബ ട്രെഡീഷൻ' (NKT) പോലുള്ള സംഘടനകളിലൂടെ ബുദ്ധമതത്തിലേക്ക് ആകർഷിക്കപ്പെട്ട വിദേശികളാണ് ഇതിൽ പലരും. ദലൈലാമ സന്ദർശനം നടത്തുന്ന രാജ്യങ്ങളിലേക്ക് വിമാന ടിക്കറ്റും താമസ സൗകര്യവും സൗജന്യമായി നൽകി ചൈന ഇവരെ പ്രക്ഷോഭങ്ങൾക്ക് എത്തിക്കുന്നു.

യഥാർത്ഥത്തിൽ എന്തിനു വേണ്ടിയാണ് സമരം ചെയ്യുന്നതെന്നു പോലും അറിയാതെ, മതസ്വാതന്ത്ര്യത്തിന്റെ പേരിലിറങ്ങി ചൈനീസ് അജണ്ടയുടെ വെറും ചട്ടുകങ്ങളായി ഈ വിദേശികൾ മാറുന്നുവെന്ന് മുൻ അംഗങ്ങൾതന്നെ സാക്ഷ്യപ്പെടുത്തുന്നു.

2015 ഡിസംബറിൽ റോയിട്ടേഴ്‌സ് ഷുഗ്ദൻ കമ്മ്യൂണിറ്റിയെ പറ്റി ഒരു റിപ്പോർട്ട്‌ പുറത്തിറക്കി. ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'യുണൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്‌മെന്റ്' (UFWD) ആണെന്ന് രേഖകൾ സഹിതം വെളിപ്പെടുത്തി. ഇതോടെ 2016-ൽ ഇന്റർനാഷണൽ ഷുഗ്ദെൻ കമ്മ്യൂണിറ്റി തങ്ങളുടെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുകയും സംഘടന പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, ഇപ്പോഴും പരസ്യമായിതന്നെ ഈ വിഭാഗം ഇന്ത്യയിലുൾപ്പെടെ നിലകൊള്ളുന്നു.

ന്യൂയോർക്കിൽ ദലൈലാമ സംസാരിക്കാനെത്തിയ വേദിയുടെ തൊട്ടടുത്ത് വലിയ ബോർഡുകൾ സ്ഥാപിച്ചതും നെതർലൻഡ്‌സിൽ അദ്ദേഹം തങ്ങിയ ഹോട്ടലിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചതുമെല്ലാം ഈ അദൃശ്യകരങ്ങളുടെ സഹായത്തോടെയായിരുന്നു.

ഷുഗ്ദെൻ പ്രക്ഷോഭകരെ മുന്നിൽ നിർത്തി പൊതു ഇടങ്ങളിൽ ദലൈലാമയെ അപകീർത്തിപ്പെടുത്താനും തങ്ങളുടെ സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് ലോകനേതാക്കളെ ദലൈലാമയിൽനിന്നും അകറ്റാനും ചൈനയ്ക്ക് സാധിക്കുന്നുണ്ട്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട് തുടങ്ങിയ പ്രമുഖ നേതാക്കൾ ചൈനീസ് വ്യാപാര കരാറുകൾക്കായി ദലൈലാമയുമായുള്ള കൂടിക്കാഴ്ചകളിൽനിന്ന് വിട്ടുനിന്നിരുന്നു.

ഇന്ന് ദലൈലാമയുടെ ജീവനുതന്നെ ഷുഗ്ദെൻ തീവ്ര വിഭാഗത്തിൽനിന്ന് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്നാണ് യു.എസ്, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.

ചില കലാസൃഷ്ടികൾ പ്രവചനപരമാവാറുണ്ട്. അത് പോലെ ഒന്നാണ് 1992-ൽ ഇറങ്ങിയ ‘യോദ്ധ’ എന്ന മലയാള സിനിമ. സിനിമയിൽ നേപ്പാളിലെ കുട്ടിയായ ഒരു ബുദ്ധിസ്റ് റിമ്പോച്ചെയെ ‘ബോൺ’ മതക്കാർ തട്ടിക്കൊണ്ടു പോകുന്നതാണ് കഥ. ടിബറ്റൻ ബുദ്ധിസത്തിൽ ദലൈലാമ കഴിഞ്ഞാൽ പിന്നെ സ്‌ഥാനം ‘പഞ്ചൻ ലാമയ്ക്കാണ്’. പ്രകാശത്തിന്റെയും ആയുസ്സിന്റെയും ബുദ്ധനായ അമിതാഭ ബുദ്ധന്റെ പുനർജന്മമായാണ് ഓരോ പഞ്ചൻ ലാമയും കണക്കാക്കപ്പെടുന്നത്. 1959-ൽ പതിനാലാമത് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോൾ, പത്താമത് പഞ്ചൻ ലാമ സ്വന്തം ജനതയെ സംരക്ഷിക്കാനായി ടിബറ്റിൽതന്നെ തുടർന്നു. 1989 ജനുവരിയിൽ ചൈനീസ് നയങ്ങളെ പരസ്യമായി വിമർശിച്ച അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു.

1995-ൽ ഗെദുൻ ചോക്യി നിയാമ എന്ന കുട്ടിയെ പതിനൊന്നാമത് ‘പഞ്ചൻ ലാമ’യായി ദലൈലാമ തിരഞ്ഞെടുത്തു. ഇത് ചൈനീസ് ഭരണകൂടത്തെ പ്രകോപിപ്പിച്ചു. 1995 മെയ് 17-ന് ആറു വയസ്സുകാരനായ നിയാമയെയും മാതാപിതാക്കളെയും ചൈനീസ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. അതിൽപിന്നെ ഇന്നേ വരെ ആ കുട്ടി ലാമയെയോ ആദ്ദേഹത്തിന്റെ മാതാപിതാക്കളെയോ ലോകം കണ്ടിട്ടില്ല. ചരിത്രപരമായി അടുത്ത ദലൈലാമയെ കണ്ടെത്തുന്നത് പഞ്ചൻ ലാമയാണ്.

യഥാർത്ഥ കുട്ടിയെ തടങ്കലിലാക്കിയ ശേഷം ചൈന തങ്ങളുടെ സ്വന്തം തിരഞ്ഞെടുപ്പിലൂടെ ഗ്യാൽറ്റ്സെൻ നോർബു എന്ന മറ്റൊരു കുട്ടിയെ ഔദ്യോഗിക പഞ്ചൻ ലാമയായി അവരോധിച്ചു. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു രാഷ്ട്രീയ കളിപ്പാവയായിട്ടാണ് ഭൂരിഭാഗം ടിബറ്റുകാരും ലോകവും ഇദ്ദേഹത്തെ കാണുന്നത്. ഈ ചൈനീസ് അനുകൂല ‘പാവ പഞ്ചൻ ലാമ’യെ ഉപയോഗിച്ച് അടുത്ത ദലൈലാമയെ തങ്ങൾക്ക് അനുകൂലമായി തിരഞ്ഞെടുക്കുക എന്നതാണ് ചൈനയുടെ തന്ത്രം.

അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും ടിബറ്റൻ ബുദ്ധമത സമൂഹത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ ഇടപെടുന്ന ഏതൊരു ചൈനീസ് ഉദ്യോഗസ്ഥനും മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും 2020-ൽ യു.എസ് പാസാക്കിയ 'ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട്' (TPSA) പ്രകാരം അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ദലൈലാമ നിലവിൽ ജീവിക്കുന്നത് ഇന്ത്യയിലെ ധർമ്മശാലയിലാണ്. 1959-ൽ ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത് ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു മുതൽ, അദ്ദേഹത്തെ ഇന്ത്യ കാണുന്നത് പൂർണ്ണമായും ഒരു ആത്മീയ നേതാവായി മാത്രമാണ്. ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യയുടെ വിദേശ നയത്തെ ബാധിക്കുന്ന തരത്തിലുള്ള പരസ്യമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളോ വിഘടന വാദ പ്രവർത്തനങ്ങളോ നടത്താൻ ഈ ടിബറ്റൻ പ്രവാസി സർക്കാരിന് അനുവാദമില്ല എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നയം.

2007-ൽ ചൈന പാസാക്കിയ ഉത്തരവ് പ്രകാരം, ചൈനീസ് സർക്കാരിന്റെ അനുമതിയില്ലാതെ രാജ്യത്ത് ഒരു ജീവിക്കുന്ന ബുദ്ധനും (Living Buddha / Tulku) പുനർജനിക്കാൻ പാടില്ല. പുനർജന്മം എന്നത് ചൈനീസ് ഭരണകൂടം കരുതുന്നതു പോലെ ഒരു രാഷ്ട്രീയ പദവിയല്ലെന്നും അത് ഒരു ആത്മീയ പ്രക്രിയയാണെന്നും ദലൈലാമയും ടിബറ്റൻ പ്രവാസി സമൂഹവും വിശ്വസിക്കുന്നു.

താൻ ഒരു സ്വതന്ത്ര രാജ്യത്തു മാത്രമേ പുനർജ്ജനിക്കൂ എന്ന് പതിനാലാമതു ദലൈലാമ വ്യക്തമാക്കുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള അടിച്ചമർത്തപ്പെട്ട ടിബറ്റിൽ ജനിച്ചാൽ തന്റെ മുൻഗാമികളുടെ അപൂർണ്ണമായ ആത്മീയ മാനുഷിക ദൗത്യങ്ങൾ പൂർത്തിയാക്കാനും ജനങ്ങളെ സേവിക്കാനും കഴിയില്ല. അതിനാൽ ഇന്ത്യയിലോ അല്ലെങ്കിൽ ടിബറ്റൻ ബുദ്ധമതം പിന്തുടരുന്ന മറ്റ് സ്വതന്ത്ര സമൂഹങ്ങളിലോ നിന്നായിരിക്കും ആ പിൻഗാമി വരിക.