മക്കള് എത്ര ദൂരെയായിരുന്നാലും പരിചരണം അടുത്തുണ്ടാകുന്ന ഒരു കേരളമാണ് നമുക്കാവശ്യം.

നമ്മുടെ നാട്ടിൽ പ്രായമായ മാതാപിതാക്കളുടെ കാര്യത്തിൽ ഏറ്റവും സാധാരണമായി കേൾക്കുന്ന മറുപടിയാണ്, 'മക്കളുണ്ടല്ലോ നോക്കാൻ..' മക്കളുണ്ടാകുന്നത് വലിയൊരു ആശ്വാസമാണ്. എന്നാൽ മക്കളുണ്ടെന്നതും ആവശ്യമായ പരിചരണം ലഭിക്കുന്നതും എല്ലായ്പ്പോഴും ഒന്നല്ല. പഠനത്തിനും ജോലിക്കുമായി മക്കൾ നാടുവിട്ടുപോകുന്ന കേരളത്തിൽ ഈ വ്യത്യാസത്തിന് വലിയ പ്രസക്തിയുണ്ട്. മകൻ എല്ലാ ദിവസവും അമ്മയെ വിളിച്ചേക്കാം, മകൾ അച്ഛന് മരുന്നിനും ചികിത്സയ്ക്കുമുള്ള പണം അയച്ചുകൊടുത്തേക്കാം. പക്ഷെ, രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ സഹായം വേണ്ടിവരുമ്പോഴോ രാത്രിയിൽ പെട്ടന്ന് ശാരീരികാസാസ്ഥമുണ്ടാകുമ്പോഴോ, ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയേശഷം ദിവസങ്ങളോളം പരിചരണം ആവശ്യമായി വരുമ്പോഴോ ആരുണ്ടാകും? വാർധക്യത്തിലെ പരിചരണം സ്നേഹം കൊണ്ടുമാത്രം നിറവേറ്റാനാകുന്ന ഒന്നല്ല. അതിന് സമയവും പരിശീലനവും പണവും മനുഷ്യരും സിസ്റ്റവും വേണം. ജപ്പാൻ ഈ യാഥാർഥ്യം നേരേത്ത തിരിച്ചറിഞ്ഞ രാജ്യമാണ്.
കുടുംബത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സമൂഹത്തിന്റെ ഉത്തരവാദിത്വത്തിേലക്ക് 2000-ൽ ജപ്പാൻ ആരംഭിച്ച ദീർഘകാല പരിചരണ ഇൻഷുറൻസ് സംവിധാനമായ കയ്ഗോ ഹൊകെൻ വയോജന സംരക്ഷണത്തിൽ വലിയൊരുമാറ്റം കൊണ്ടുവന്നു. പ്രായമായ മാതാപിതാക്കളെ പരിചരിക്കുക എന്നത് മക്കളുടെ മാത്രം ഉത്തരവാദിത്വമെല്ലന്നും അതിൽ സർക്കാരിനും സമൂഹത്തിനും പങ്കുണ്ടെന്നും അംഗീകരിക്കുന്ന സംവിധാനമാണിത്. ജപ്പാനിലെ പൊതു ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെട്ടവർ സാധാരണയായി 40 വയസ്സുമുതൽ ദീർഘകാല പരിചരണ ഇൻഷുറൻസിലേക്കും വിഹിതം അടയ്ക്കുന്നു. 65 വയസ്സിനു മുകളിലുള്ളവർക്ക് അവരുടെ പരിചരണാവശ്യങ്ങൾ വിലയിരുത്തി വേണ്ട സേവനങ്ങൾ ലഭ്യമാക്കുന്നു. 40 മുതൽ 64 വയസ്സുവരെയുള്ളവർക്ക് നിശ്ചിത പ്രായബന്ധിതരോഗങ്ങളുെട സാഹചര്യങ്ങളിലും ഈ പരിരക്ഷ ലഭിക്കാം. സഹായം ആവശ്യമായ ഒരാളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നില്ല.
സ്വന്തമായി നടക്കാൻ കഴിയുന്നുണ്ടോ, കുളിക്കാനും വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും എത്രത്തോളം സഹായം വേണം, ഓർമക്കുറവുണ്ടോ, വീട്ടിൽ ഒറ്റയ്ക്കു കഴിയുന്നത് സുരക്ഷിതമാേണാ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് പരിചരണത്തിന്റെ തോത് നിശ്ചയിക്കുന്നത്. തുടർന്ന് കെയർ മാനേജരുടെ സഹായത്തോടെ വ്യക്തിഗത പരിചരണ പദ്ധതി തയ്യാറാക്കുന്നു. ഒരാൾക്ക് ആഴ്ചയിൽ ഏതാനും ദിവസത്തെ ഹോംഹെൽപ്പറുടെ സഹായം മതിയായേക്കാം. മറ്റൊരാൾക്ക് വീട്ടിലെ നഴ്സിങ് പരിചരണമോ, പുനരധിവാസമോ ആവശ്യമായേക്കാം. ചിലർക്ക് പകൽസമയത്ത് പരിചരണകേന്ദ്രത്തിൽ പോയി വൈകുന്നേരം സ്വന്തം വീട്ടിലേക്ക് മടങ്ങാം. കുടുംബാംഗങ്ങൾക്ക് കുറച്ചുദിവസം വിശ്രമം ആവശ്യമുള്ളപ്പോൾ താൽക്കാലിക താമസപരിചരണവും ലഭ്യമാണ്. എല്ലാവരെയും ഒരേ പരിചരണ രീതിയിലേക്ക് കൊണ്ടുവരുന്നതിനുപകരം ഓരോരുത്തർക്കും ആവശ്യമായ സഹായം കണ്ടെത്തുകയാണ് ലക്ഷ്യം.
രാവിലെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി വൈകുന്നേരം തിരിച്ചെത്തിക്കും
ജപ്പാനിലെ വയോജന പരിചരണത്തിൽ ശ്രദ്ധേയമായ മറ്റൊരു സംവിധാനമാണ് ഡേ സർവീസ് എന്ന പകൽപരിചരണം. രാവിലെ ഒരു ചെറിയ വാഹനം വീട്ടുമുറ്റത്തെത്തുന്നു. പ്രായമായ അച്ഛനേയോ അമ്മയെയോ പരിചരണകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ഭക്ഷണവും കുളിക്കാനുള്ള സഹായവും ലഘുവ്യായാമങ്ങളും ആവശ്യമായ ശാരീരിക പരിശീലനവും ലഭിക്കുന്നു.
സമപ്രായക്കാരുമായി സംസാരിക്കാനും വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിക്കുന്നു. എല്ലാ കേന്ദ്രങ്ങളിലും ഒരേ സൗകര്യങ്ങളല്ല ലഭിക്കുന്നത്. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചാണ് സേവനങ്ങൾ തിരഞ്ഞെടുക്കുന്നത്. ഇത് വൃദ്ധസദനത്തിലേക്കുള്ള മാറ്റമല്ല. സ്വന്തം വീട്ടിൽ താമസിച്ചുകൊണ്ടുതന്നെ പകൽസമയത്ത് പരിചരണവും കൂട്ടായ്മയും ലഭിക്കുന്ന സംവിധാനമാണ്.
ഒറ്റയ്ക്കു വീട്ടിലിരിക്കുന്ന ഒരാൾക്ക് ആഴ്ചയിൽ ഏതാനും ദിവസം മറ്റുള്ളവരോടൊപ്പം ചെലവഴിക്കാനാകുന്നു. നടക്കാനും സംസാരിക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനുമുള്ള ശേഷി നിലനിർത്താനുള്ള പരിശീലനം ലഭിക്കുന്നു. അതേസമയം, വീട്ടിലെ മക്കൾക്കോ ജീവിതപങ്കാളികകോ ജോലിചെയ്യാനും സ്വന്തം ആവശ്യങ്ങൾ നിറേവറ്റാനും കുറച്ചുസമയം ലഭിക്കുന്നു. ആവശ്യമായവർക്ക് പുനരധിവാസത്തിൽ കൂടുതൽ ശ്രദ്ധേകന്ദ്രീകരിക്കുന്ന ഡേ റിഹാബിലിറ്റേഷൻ സേവനങ്ങളുണ്ട്. ചികിത്സാപരമായ പുനരധിവാസത്തിനാണ് ഇവ കൂടുതൽ പ്രാധാനം നൽകുന്നത്. ഇവിടെ പ്രധാനപ്പെട്ടത് ഒരു പരിചരണകേന്ദ്രം സ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. അവിടൈയത്താൻ കഴിയാത്ത ഒരാൾക്ക് ആ കേന്ദ്രംകൊണ്ട് എന്തുപ്രയോജനം? അതുകൊണ്ടുതന്നെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും സാധാരണയായി ഡേ സർവീസിന്റെ ഭാഗമാക്കുന്നു.
പൊതുഗതാഗത ബസുകളിൽനിന്ന് വ്യത്യസ്തമായി പരിചരണസേവനദേതാക്കൾ ക്രമീകരിക്കുന്ന വീൽചെയർ ഉൾപ്പെടെ കയറ്റാവുന്ന വാഹനങ്ങളാണിവ.
കേരളത്തിലെ പഞ്ചായത്തുകളിലും നഗരസഭകളിലും ഇത്തരം പകൽപരിചരണ കേന്ദ്രങ്ങൾ വികസിപ്പിക്കാവുന്നതാണ്. നിലവിലുള്ള കമ്യൂണിറ്റി ഹാളുകൾ, കുടുംബശ്രീ ശൃംഖലകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച് ചെറിയതോതിൽ തുടങ്ങാം. പരിശീലനം ലഭിച്ച ജീവനക്കാരെയും സുരക്ഷിതമായ വാഹനസേവനത്തെയും
ഉറപ്പാക്കണം. പ്രത്യേകിച്ച് മക്കൾ വിദേശത്തും മറ്റുനഗരങ്ങളിലുമായി കഴിയുന്ന കുടുംബങ്ങൾക്ക് ഇത്തരം കേന്ദ്രങ്ങൾ വലിയ ആശാസമാകും. പ്രായമായ ഒരാൾക്ക് ദിവസം മുഴുവൻ കിടക്കാനും ഭക്ഷണം കഴിക്കാനും മരുന്നെടുക്കാനും സ്വന്തം വീട് മതിയായേക്കാം. എന്നാൽ മനുഷ്യന് അതുമാത്രം മതിയാകുമോ? വീട്ടിൽനിന്ന് പുറത്തിറങ്ങാനും മറ്റുള്ളവരെ കാണാനും സംസാരിക്കാനും ചിരിക്കാനും എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരങ്ങൾ കൂടി വാർധക്യത്തിൽ ആവശ്യമാണ്.
പരിചരണം ഒരാളെ ജീവനോടെ നിലനിർത്തുന്നതിൽ മാത്രം ഒതുങ്ങരുത്. ജീവിക്കുന്നതിന്റെ സന്തോഷവും കഴിയുന്നത്ര നിലനിർത്തണം.
വീട്ടിലെത്തുന്ന പരിചരണം
എല്ലാവർക്കും ഡേകെയർ കേന്ദ്രങ്ങളിലേക്ക് പോകാൻ കഴിയണമെന്നില്ല. ചിലർക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടാകും. ചിലർക്ക് കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും സഹായം ആവശ്യമായി വന്നേക്കാം. അവർക്കായി ജപ്പാനിൽ വീട്ടിലെത്തുന്ന വിവിധ പരിചരണ സേവനങ്ങളുണ്ട്.
ഹോം ഹെൽപർ- സേവനത്തിലൂടെ പരിശീലനം ലഭിച്ച പരിചരണപ്രവർത്തകർ വീട്ടിലെത്തി കുളിക്കാനും വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനും സഹായിക്കുന്നു. അർഹമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കൽ, വൃത്തിയാക്കൽ തുടങ്ങിയ വീട്ടുജോലികൾക്കും സഹായം ലഭിക്കാം.
ഹോം നഴ്സിങ് - ആരോഗ്യസ്ഥിതി നിരീക്ഷിക്കൽ, ആവശ്യമായ നഴ്സിങ് പരിചരണം, ചികിത്സയുമായി ബന്ധപ്പെട്ട സഹായങ്ങൾ എന്നിവ ലഭിക്കുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക് പ്രത്യേക ഉപകരണങ്ങളുമായി എത്തി കുളിപ്പിക്കുന്ന ഹോം വിസിറ്റിങ് ബാത്തിങ് കെയർ എന്ന സേവനവുമുണ്ട്.
വീൽചെയർ, പ്രത്യേക കിടക്കകൾ, നടക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ, തുടങ്ങിയവ അർഹതയ്ക്കനുസരിച്ച് വാടകയ്ക്ക് ലഭ്യമാക്കുന്ന സംവിധാനവും നിലവിലുണ്ട്. വീടിനുള്ളിൽ കൈവരികൾ സ്ഥാപിക്കാനും ഉയർന്ന പടികൾ ഒഴിവാക്കാനും സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ ചില മാറ്റങ്ങൾ വരുത്താനും ഇൻഷുറൻസ് സഹായം ലഭിക്കാം. സ്വന്തം വീട്ടിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ആ ജീവിതം സാധ്യമാക്കുക എന്നതാണ് ഇത്തരം
സേവനങ്ങളുടെ ലക്ഷ്യം.
സഹായം തേടാൻ ഒരിടം
ടോക്യോവിലെ എദേഗവ സിറ്റിയിൽ Jukunen Sodan-shitsu എന്നറിയപ്പെടുന്ന വയോജനസഹായ കേന്ദ്രങ്ങളുണ്ട്. ജപ്പാനിലെ കമ്യൂണിറ്റി ബേസ്ഡ് ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം എന്ന വിപുലമായ പരിചരണ സംവിധാനത്തിന്റെ പ്രാദേശിക മുഖമാണിവ. പ്രായമായവർക്ക് പരിചരണസേവനങ്ങളെക്കുറിച്ച് അന്വേഷിക്കാനും ആരോഗ്യപ്രശ്നങ്ങളിൽ മാർഗനിർദേശം തേടാനും ആവശ്യമായ സഹായം കണ്ടെത്താനും ഈ കേന്ദ്രങ്ങളെ സമീപിക്കാം.
ആരോഗ്യപ്രവർത്തകരും സാമൂഹികപ്രവർത്തകരും പരിചരണരംഗത്തെ വിദഗ്ധരും ചേർന്ന് പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ ആശുപത്രി,ഹോം കെയർ, സാമൂഹിക സേവനങ്ങൾ എന്നിവയെ ബന്ധിപ്പിക്കാൻ സഹായിക്കുന്നു. വയോജനങ്ങളുടെ അവകാശ സംരക്ഷണവും കുടുംബാംഗങ്ങളുടെ അവകാശ സംരക്ഷണവും കുടുംബാംഗങ്ങൾ നേരിടുന്ന പരിചരണ ഭാരവും ഇവയുടെ പരിഗണനയിലാണ്. വയോജനങ്ങളോടുള്ള അവഗണന, പീഡനം, സാമ്പത്തിക ചൂഷണം തുടങ്ങിയ പ്രശ്നങ്ങൾ സംശയിക്കപ്പെടുമ്പോൾ അവ തിരിച്ചറിയാനും ആവശ്യമായ സംരക്ഷണത്തിലേക്കും സഹായത്തിലേക്കും ബന്ധിപ്പിക്കാനും ഇത്തരം കേന്ദ്രങ്ങൾക്ക് പങ്കുണ്ട്. ഒരു സർക്കാർ ഓഫീസിൽ അപേക്ഷ നൽകി മറുപടിക്കായി കാത്തിരിക്കുന്നതിൽനിന്ന് വ്യത്യസ്തമായി, ഒരാളുടെ ജീവിതസാഹചര്യം മനസ്സിലാക്കി ആവശ്യമായ സേവനങ്ങളിലേക്ക് വഴികാട്ടുന്ന സംവിധാനമാണിത്.
പരിചരണം ആശുപത്രിയിൽ മാത്രം ഒതുങ്ങുന്നില്ല
പ്രായമായ ഒരാൾക്ക് വേണ്ടത് എല്ലായ്പ്പോഴും ആശുപത്രി ചികിത്സയായിരിക്കണമെന്നില്ല.ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത ഒരാൾക്ക് ഉച്ചഭക്ഷണം വീട്ടിലെത്തിക്കുന്നതായിരിക്കാം ഏറ്റവും വലിയ സഹായം. എദോഗവയിൽ അർഹരായ വയോജനങ്ങൾക്ക് ഭക്ഷണം വീട്ടിലെത്തിക്കുന്ന ഹൈഷൊകു എന്ന പദ്ധതിയുണ്ട്. ഭക്ഷണം നേരിട്ട് കൈമാറുന്ന ഈ സേവനം, വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ഒരാളുടെ ക്ഷേമസ്ഥിതി ശ്രദ്ധിക്കാനുള്ള അവസരവും നൽകുന്നു.അടിയന്തരസാഹചര്യങ്ങളിൽ ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി എദോഗവ സിറ്റി SOS Sheet എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ വിവരങ്ങളും ബന്ധപ്പെടേണ്ട ആളുകളുടെ ഫോൺ നമ്പറുകളും രേഖപ്പെടുത്തി വീട്ടിൽ എളുപ്പത്തിൽ കാണാവുന്നിടത്ത് സൂക്ഷിക്കാവുന്ന ലളിതമായൊരു വിവരപത്രമാണിത്.
വലിയ ചെലവോ സങ്കീർണമായ സാകങ്കേതികവിദ്യയോ ഇല്ലാതെ നടപ്പാക്കാവുന്ന ഇത്തരം ചെറിയ ആശയങ്ങൾക്കും വാർധകൃത്തിൽ വലിയ പ്രാധാന്യമുണ്ട്. ഓർമക്കുറവും ഡിമെൻഷ്യയും ബാധിച്ചവരുടെ പരിചരണത്തിലും പ്രത്യേക ശ്രദ്ധയുണ്ട്. രോഗം തിരിച്ചറിയുന്നതുമുതൽ അതിന്റെ വിവിധ ഘട്ടങ്ങളിൽ ലഭ്യമായ സഹായങ്ങളെക്കുറിച്ച് കുടുംബങ്ങൾക്ക് മാർഗനിർദേശം നൽകുന്ന Dementia Care Path പോലുള്ള സംവിധാനങ്ങൾ എദോഗവയിലുണ്ട്.രോഗം ബാധിച്ച ഒരാളെ പരിചരിക്കുന്നതിനൊപ്പം, അയാളുടെ കുടുംബം നേരിടുന്ന ആശങ്കകളും ബുദ്ധിമുട്ടുകളും പരിഗണിക്കപ്പെടുന്നു.
പരിചരണച്ചെലവ് ആരുവഹിക്കും?
വാർധക്യത്തിലെ പരിചരണത്തിന് പലപ്പോഴും വർഷങ്ങളോളം പണം ചെലവഴിക്കേണ്ടിവരും. ആശുപത്രിച്ചെലവിനേക്കാൾ വലിയ ബാധ്യതയായി ചില കുടുംബങ്ങൾക്ക് അനുഭവപ്പെടുന്നത് ദിവസേനയുള്ള പരിചരണച്ചെലവുകളാണ്. ജപ്പാനിലെ ദീർഘകാല പരിചരണ ഇൻഷുറൻസിൽ അംഗീകൃത സേവനങ്ങളുടെ ചെലവിന്റെ സാധാരണയായി 70 മുതൽ 90 ശതമാനം വരെ ഇൻഷുറൻസ് വഹിക്കുന്നു. ശേഷിക്കുന്ന 10 മുതൽ 30 ശതമാനം വരെ ഗുണഭോക്താവ് വരുമാനത്തിനനുസരിച്ച് നൽകണം.പരിചരണനില അനുസരിച്ച് സേവനങ്ങൾക്ക് ഉപയോഗപരിധിയുണ്ട്. അതിനുപുറമെ അർഹമായ സേവനങ്ങൾക്കായി ഗുണഭോക്താവ് സ്വന്തം നിലയിൽ വഹിക്കുന്ന ചെലവിനും വരുമാനത്തിനനുസരിച്ച് പ്രതിമാസ പരിധി നിശ്ചയിക്കുന്ന സംവിധാനമുണ്ട്. നിശ്ചിത വ്യവസ്ഥകൾക്കു വിധേയമായി പരിധിക്കുമുകളിലുള്ള തുക തിരികെ ലഭിക്കും.എല്ലാ ചെലവുകളും ഇൻഷുറൻസ് വഹിക്കണമെന്നില്ല. ഭക്ഷണം, താമസം, പരിധിക്കുമുകളിലുള്ള ചില സേവനങ്ങൾ എന്നിവയ്ക്ക് അധികചെലവ് വരാം. കുറഞ്ഞ വരുമാനമുള്ളവർക്കായി ചില പ്രത്യേക ഇളവുകളും സഹായങ്ങളും ലഭ്യമാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് പരിചരണം പൂർണമായും സൗജന്യമാണെന്നല്ല. അതിന്റെ സാമ്പത്തികഭാരം കുടുംബത്തിനുമേൽ മാത്രം പതിക്കാതിരിക്കാൻ ഒരു പൊതുസംവിധാനം പ്രവർത്തിക്കുന്ന എന്നതാണ്.
രോഗിക്കൊപ്പം രാവും പകലും കുടുംബാംഗം വേണ്ട
ജപ്പാനിലെ ആശുപത്രികളിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം, രോഗിക്കൊപ്പം ഇരുപത്തിനാലു മണിക്കൂറും ഒരു കുടുംബാംഗം കൂട്ടിരിക്കേണ്ടതില്ല എന്നതാണ്. ആശുപത്രിയിൽ കഴിയുമ്പോൾ ഭക്ഷണം, ശുചിത്വം, കളിക്കൽ, നടക്കാനും കിടക്കയിൽനിന്ന് എഴുന്നേൽക്കാനുമുള്ള സഹായം തുടങ്ങിയ ദൈനംദിന പരിചരണങ്ങൾ നദ്സമാരും മറ്റ് ആശുപത്രി ജീവനക്കാരുമാണ് നിർവഹിക്കുന്നത്. രോഗവിവരങ്ങൾ അറിയുന്നതിനും ഡിസ്ചാർജിനുശേഷമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനും കുടുംബത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നേക്കാം. പക്ഷേ ഒരാൾ ആശുപത്രിയിലായാൽ കുടുംബത്തിലെ മറ്റൊരാൾ ജോലി മാറ്റിവച്ച് രാവും പകലും കൂടെയിരിക്കണമെന്നത് ഈ സംവിധാനത്തിന്റെ അടിസ്ഥാന പ്രതീക്ഷയല്ല. പ്രായമായ മാതാപിതാക്കളുടെ ആശുപത്രിവാസം മക്കളുടെ സമയത്തെയും തൊഴിൽജീവിതത്തെയും പൂർണമായി ആശ്രയിച്ചാകരുത് എന്ന ആശയത്തിന്റെ മറ്റൊരു പ്രായോഗിക രൂപമാണിത്.
പരിചരണം മാത്രമല്ല, സ്വന്തം തീരുമാനത്തിനും ഇടം
വാർധക്യത്തിൽ ഒരാൾക്ക് എന്തു സഹായം ലഭിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ്, സ്വന്തം ജീവിതത്തെയും ചികിത്സയെയും കുറിച്ച് അയാൾക്ക് എന്തു തീരുമാനമെടുക്കാൻ കഴിയുന്നു എന്നതും. ജപ്പാനിൽ 'Jinsei Kaigi' അഥവാ Advance Care Planning എന്ന ആശയത്തിലൂടെ, ഗുരുതരമായ അസുഖമോ തീരുമാനങ്ങൾ സ്വയം അറിയിക്കാ9 കഴിയാത്ത സാഹചര്യമോ വരുന്നതിനു മുമ്പുതന്നെ, തനിക്ക് എങ്ങനെയുള്ള ചികിത്സയും പരിചരണവും വേണം, അവസാനകാലം എവിടെ ചെലവഴിക്കാനാണ് ആഗ്രഹം തുടങ്ങിയ കാര്യങ്ങൾ കുടുംബത്തോടും ആരോഗുപ്രവർത്തകരോടും സംസാരിച്ചുവയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വാർധകൃത്തിലെ അന്തസ്സ് ഒരാളെ നന്നായി പരിചരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; കഴിയുന്നിടത്തോളം സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങളിൽ അയാളുടെ ശബ്ദം നിലനിൽക്കുന്നതിലും കൂടിയാണ്.
ആശുപത്രിയിൽനിന്ന് വീട്ടിലേക്കും പരിചരണം തുടരണം
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്താൽ ചികിത്സയുടെ ഒരു ഘട്ടം അവസാനിച്ചേക്കാം. എന്നാൽ പരിചരണം അവിടെ അവസാനിക്കുന്നില്ല.ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തുന്ന എൺപതുകാരന് മരുന്നുകൾ കൃത്യമായി കഴിക്കാനും നടക്കാനും കളിക്കാനും തുടർചികിത്സയ്ക്ക് പോകാനും സഹായം ആവശ്യമായേക്കാം. ആശുപത്രിയിൽനിന്ന് വീട്ടിലേക്കുള്ള ഈ മാറ്റം കുടുംബങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.ജപ്പാനിലെ പ്രാദേശിക പരിചരണസംവിധാനത്തിൽ ആശുപത്രികൾ, വീട്ടിലെ ചികിത്സാസേവനങ്ങൾ, നഴ്സിങ്, കെയർ മാനേജർമാർ, സാമൂഹികസേവനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനത്തിന് പ്രാധാന്യമുണ്ട്.ആശുപത്രിയിൽനിന്ന് മടങ്ങുന്ന ഒരാൾക്ക് വീട്ടിൽ എന്തെല്ലാം സഹായങ്ങൾ വേണമെന്നു മുൻകൂട്ടി ആലോചിക്കുന്നതിലൂടെ ചികിത്സയുടെ തുടർച്ച ഉറപ്പാക്കാൻ ശ്രമിക്കുന്നു.അതുപോലെ, രോഗം ഗുരുതരമായശേഷം മാത്രം ഇടപെടുന്നതിനു പകരം ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താനുള്ള പ്രതിരോധപരിചരണത്തിനും പ്രാധാന്യം നൽകുന്നു. വ്യായാമം, പോഷകാഹാരം, വീഴ്ചകൾ ഒഴിവാക്കാനുള്ള പരിശീലനം, സാമൂഹികപങ്കാളിത്തം എന്നിവയും വയോജനപരിചരണത്തിന്റെ ഭാഗമാണ്. മാതാപിതാക്കളെ നോക്കാൻ ജോലി ഉപേക്ഷിക്കേണ്ടിവരുമ്പോൾ വാർധക്യത്തിലെ പരിചരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരാളുണ്ട്. പരിചരണം നൽകുന്ന കുടുംബാംഗം. അമ്മയ്ക്ക് അസുഖം വന്നാൽ അവധിയെടുക്കേണ്ടിവരുന്നത് പലപ്പോഴും മകളായിരിക്കും. അച്ഛന് തുടർച്ചയായ പരിചരണം ആവശ്യമായി വന്നാൽ കുടുംബത്തിലെ ഒരാൾ ജോലി ഉപേക്ഷിക്കേണ്ടിവന്നേക്കാം.
സ്വന്തം വരുമാനവും തൊഴിൽജീവിതവും നഷ്ടപ്പെടുത്തി മറ്റൊരാളുടെ വാർധക്യത്തിന് താങ്ങാകേണ്ടിവരുന്നത് നമ്മുടെ സമൂഹത്തിൽ അപൂർവമല്ല. ജപ്പാനിൽ ഈ പ്രശ്ശം തൊഴിൽനിയമമത്തിന്റെ പരിധിയിലും പരിഗണിക്കുന്നു. Child Care and Family Care Leave Act (59 - 780352) പ്രകാരം, അർഹരായ കുടുംബാംഗങ്ങളെ പരിചരിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഓരോ കുടുംബാംഗത്തിനും പരമാവധി 93 ദിവസത്തെ ദീർഘകാല പരിചരണാവധി മൂന്ന് ഘട്ടങ്ങളിലായി എടുക്കാം.ഇതിനുപുറമെ അടിയന്തര പരിചരണാവശ്യങ്ങൾക്കായി ഒരു കുടുംബാംഗത്തിന് വർഷത്തിൽ അഞ്ച് ദിവസവും രണ്ടോ അതിലധികമോ കുടുംബാംഗങ്ങൾക്ക് പത്ത് ദിവസവും പ്രത്യേക അവധി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്കനുസരിച്ച് മണിക്കൂർ അടിസ്ഥാനത്തിലും ഈ അവധി ഉപയോഗിക്കാം.
ദീരഘകാല പരിചരണാവധി നിർബന്ധമായും പൂർണശമ്പളത്തോടുകൂടിയതല്ല. എന്നാൽ തൊഴിൽ ഇൻഷുറൻസിന്റെ നിബന്ധനകൾ പാലിക്കുന്നവർക്ക് അവധിക്കാലത്ത് മുൻവേതനത്തിന്റെ 67 ശതമാനം അടിസ്ഥാനമാക്കിയുള്ള സാമ്പത്തികസഹായം ലഭിക്കാം. ഇതിന് നിയമപരമായ പരിധികളും വ്യവസ്ഥകളുമുണ്ട്.93 ദിവസത്തെ അവധി വർഷങ്ങളോളം നേരിട്ട് പരിചരണം നൽകാനുള്ള സംവിധാനമല്ല. മാതാപിതാക്കൾക്ക് തുടർപരിചരണം എങ്ങനെ ഉറപ്പാക്കണം, ഏതെല്ലാം സേവനങ്ങൾ ലഭ്യമാണ്, ജോലിയും കുടുംബ ഉത്തരവാദിത്തങ്ങളും എങ്ങനെ ക്രമീകരിക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാനുള്ള സമയം കൂടിയായാണ് ഈ അവധി വിഭാവനം ചെയ്തിരിക്കുന്നത്.
ജോലിസമയത്തിലെ ഇളവുകൾ, ഓവർടൈം നിയന്ത്രണങ്ങൾ തുടങ്ങിയ സൗകര്യങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നു. 2025 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന നിയമഭേദഗതികൾ പ്രകാരം, പരിചരണാവധിയെയും ലഭ്യമായ തൊഴിൽസൗകര്യങ്ങളെയും കുറിച്ച് ജീവനക്കാരെ അറിയിക്കാനും അവ ഉപയോഗിക്കാൻ അനുകൂലമായ തൊഴിൽസാഹചര്യം ഒരുക്കാനും കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. വയോജനപരിചരണം ആരോഗ്യവകുപ്പിന്റെ മാത്രം വിഷയമമല്ലെന്നും തൊഴിൽനിയമങ്ങളുമായും സാമൂഹികസുരക്ഷയുമായും നേരിട്ട് ബന്ധപ്പെട്ടതാണെന്നും ജപ്പാന്റെ ഈ സമീപനം ഓർമിപ്പിക്കുന്നു. മാതാപിതാക്കളെ പരിചരിക്കേണ്ടിവരുന്നത് മക്കളുടെ തൊഴിൽജീവിതത്തിന്റെ അവസാനമായി മാറരുത്.
കേരളത്തിന് എന്തു പഠിക്കാം?
ജപ്പാനിലെ സംവിധാനങ്ങൾ അതേപടി കേരളത്തിലേക്ക് കൊണ്ടുവരണമെന്നില്ല. നമ്മുടെ സാമ്പത്തികശേഷിയും കുടുംബഘടനയും ആരോഗ്യസംവിധാനങ്ങളും വ്യത്യസ്തമാണ്.കേരളം പൂജ്യത്തിൽനിന്ന് തുടങ്ങേണ്ടതുമില്ല.കുടുംബാരോഗ്യ, കേന്ദ്രങ്ങൾ, ആശാ പ്രവർത്തകർ, പാലിയേറ്റീവ് പരിചരണ ശൃംഖലകൾ, വയോമിത്രം, കുടുംബശ്രീ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ വയോജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഇതിനകം ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് പാലിയേറ്റീവ് പരിചരണത്തിൽ കേരളത്തിന് ശ്രദ്ധേയമായ അനുഭവസമ്പത്തുണ്ട്. എന്നാൽ ഈ സേവനങ്ങൾക്കിടയിൽ പലപ്പോഴും വിടവുകളുണ്ട്.രോഗം ഗുരുതരമായശേഷം ലഭിക്കുന്ന സഹായത്തിനപ്പുറം, ദിവസേന ചെറിയ സഹായങ്ങൾ ആവശ്യമുള്ളവർക്കും വിശ്വസനീയമായ പരിചരണം ലഭിക്കണം.
ഓരോ പഞ്ചായത്തിലും വയോജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു ഏകജാലക സഹായകേന്ദ്രം ആരംഭിക്കാം. ഹോം കെയർ, നഴ്നിങ്, ഫിസിയോതെറാപ്പി, ഡിമെൻഷ്യ പരിചരണം, ഭക്ഷണസഹായം, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയിലേക്ക് ആവശ്യക്കാരെ ബന്ധിപ്പിക്കുന്ന കേന്ദ്രം.
പകൽസമയത്ത് വയോജനങ്ങൾക്ക് ഒത്തുചേരാനും പരിചരണം ലഭിക്കാനുമുള്ള ഡേ കെയർ കേന്ദ്രങ്ങളും വികസിപ്പിക്കാം. അവിടെയെത്താൻ കഴിയാത്തവർക്കായി വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി തിരികെ എത്തിക്കുന്ന വാഹനസൗകര്യവും ഒരുക്കണം.
ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങുന്ന മുതിർന്നവർക്കായി തുടർപരിചരണപകഭ്ധതി തയ്യാറാക്കുന്നതും പതിവാക്കണം. വീട്ടിൽ ഒറ്റയ്ക്കു കഴിയുന്നവരുടെ ആവശ്യങ്ങൾ അവരുടെ സമ്മതത്തോടെയും സ്വകാര്യത മാനിച്ചും കണ്ടെത്താം. അടിയന്തരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട വിവരങ്ങൾ സൂക്ഷിക്കുന്ന ലളിതമായ സംവിധാനങ്ങൾ പോലും പ്രയോജനപ്പെടും. കുടുംബശ്രീയിലൂടെ പരിശീലനം ലഭിച്ച പരിചരണപ്രവർത്തകരുടെ ശൃംഖല വികസിപ്പിക്കാം. ഇത് വയോജനങ്ങൾക്ക് സഹായമാകുന്നതിനൊപ്പം പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിക്കും. എന്നാൽ കുറഞ്ഞ വേതനത്തിൽ സ്ത്രീകളുടെ അധ്വാനത്തെ വീണ്ടും ആശ്രയിക്കുന്ന മറ്റൊരു സംവിധാനമായി അത് മാറരുത്. മാന്യമായ പ്രതിഫലവും പരിശീലനവും തൊഴിൽസുരക്ഷയും ഉറപ്പാക്കണം. ദീർഘകാല പരിചരണത്തിനുള്ള സാമ്പത്തികസുരക്ഷയും കേരളം ഗൌരവമായി ആലോചിക്കേണ്ട വിഷയമാണ്. ആരോഗ്യ ഇൻഷുറൻസ് ആശുപത്രിബില്ലുകൾക്ക് സഹായിച്ചേക്കാം. എന്നാൽ വർഷങ്ങളോളം നീളുന്ന വീട്ടിലെ പരിചരണച്ചെലവ് സാധാരണ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ്.
കുറഞ്ഞ വരുമാനമുള്ളവർക്ക് കൂടുതൽ പൊതുസഹായം ലഭിക്കുന്നതും മറ്റുള്ളവർക്ക് വരുമാനത്തിനനുസരിച്ച് വിഹിതം നൽകാവുന്നതുമായ ഒരു ദീർഘകാല പരിചരണധനസഹായ സംവിധാനം ഘട്ടംഘട്ടമായി പരീക്ഷിക്കാം. ഇതിനായി സംസ്ഥാന സർക്കാർ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സാമൂഹികസുരക്ഷാ സംവിധാനങ്ങൾ എന്നിവ തമ്മിൽ ഏകോപനം ആവശ്യമാണ്.
ഇതിനൊപ്പം തൊഴിൽനിയമങ്ങളിലും മാറ്റങ്ങൾ ആലോചിക്കണം. പ്രസവാവധിയും ശിശുപരിചരണാവധിയും പോലെ, പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടിവരുന്ന ജീവനക്കാർക്കും നിയമപരമായ അവധിയും തൊഴിൽസുരക്ഷയും ലഭിക്കേണ്ടതല്ലേ?ഇത്തരം അവകാശങ്ങൾ സർക്കാർ ജീവനക്കാർക്കോ വലിയ കമ്പനികളിലെ ജീവനക്കാർക്കോ മാത്രമായി പരിമിതപ്പെടരുത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെയും ദിവസവേതനക്കാരുടെയും പരിചരണ ഉത്തരവാദിത്തങ്ങളും പരിഗണിക്കപ്പെടണം.അതേസമയം, ജപ്പാനിലെ സംവിധാനം കുറ്റമറ്റതല്ല. പരിചരണപ്രവർത്തകരുടെ ക്ഷാമം, ഉയരുന്ന ചെലവ്, സേവനങ്ങൾ ലഭിക്കുന്നതിലെ പ്രാദേശിക വ്യത്യാസങ്ങൾ, കുടുംബാംഗങ്ങൾ നേരിടുന്ന മാനസികവും ശാരീരികവുമായ സമ്മർദം എന്നിവ അവിടെയും വെല്ലുവിളികളാണ്.എങ്കിലും ജപ്പാൻ നൽകുന്ന പ്രധാന പാഠം വൃക്തമാണ്.
വാർധക്യത്തിലെ പരിചരണം ഒരു കുടുംബത്തിന്റെ സ്വകാര്യപ്രശ്ലം മാത്രമല്ല. അതൊരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്.മക്കൾ മാതാപിതാക്കളെ സ്നേഹിക്കുന്നുണ്ടോ എന്നതല്ല ഇവിടെ ചോദ്യം. ആ സ്നേഹത്തിന് പ്രായോഗികമായൊരു താങ്ങ് സമൂഹം ഒരുക്കുന്നുണ്ടോ എന്നതാണ്. വീട്ടിൽ പ്രായമായ അമ്മ ഒറ്റയ്ക്കാണെന്ന ആശങ്കയിൽ വിദേശത്തോ മറ്റു നഗരങ്ങളിലോ ഉള്ള മകൾക്ക് ഉറങ്ങാനാകാത്ത രാത്രികളുണ്ടാകരുത്. അച്ഛന്റെ ചികിത്സയ്ക്കായി ജോലി ഉപേക്ഷിക്കേണ്ടിവരുന്ന മകന്റെ ജീവിതവും പ്രതിസന്ധിയിലാകരുത്. മക്കൾക്ക് ബുദ്ധിമുട്ടാകുമെന്നു കരുതി സ്വന്തം ആവശ്യങ്ങൾ പറയാൻ മടിക്കുന്ന വാർധക്യവും ഉണ്ടാകരുത്. കുടുംബബന്ധങ്ങൾക്ക് പകരമാകാനല്ല പൊതുപരിചരണസംവിധാനം വേണ്ടത്. കുടുംബങ്ങൾക്ക് താങ്ങാകാനും പ്രായമായവരുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാനുമാണ്. മക്കൾ എത്ര ദൂരെയായിരുന്നാലും പരിചരണം അടുത്തുണ്ടാകുന്ന ഒരു കേരളമാണ് നമുക്കാവശ്യം. വാർധക്യത്തിൽ ഒരാൾക്ക് ലഭിക്കുന്ന കരുതൽ മക്കളുടെ സാന്നിധ്യത്തെയോ സാമ്പത്തികശേഷിയെയോ മാത്രം ആശ്രയിച്ചിരിക്കരുത്. സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സഹായം ലഭിക്കുമെന്ന ഉറപ്പും ഓരോ മനുഷ്യനും ഉണ്ടാകണം.
Content Highlights: An overview of Japan's long-term care insurance system, highlighting its role in shifting elderly care from family responsibility to societal responsibility.
Published: 22 Oct 2026, 11:54 am IST
ABOUT THE AUTHOR
ജനനം കൊണ്ട് മലപ്പുറം ജില്ലയിലെ ഏറനാട്ടുകാരി. 2007 മുതൽ ജപ്പാനിലെ ടോക്യോയിലാണ്. IT management & Strategy മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം കഥകളും ലേഖനങ്ങളും എഴുതുന്നു. 2025 ലെ മികച്ച ചെറുകഥക്കുള്ള ഹൈദരാബാദിന്റെ ഗോൾഡൻ ക്യാറ്റ് പുരസ്കാരവും , ലോക കേരള സഭയുടെ 2020 ലെ മികച്ച പ്രവാസി കഥക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
.
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented