പുതിയ വീടുകള് വയോജനസൗഹൃദപരമായി നിര്മ്മിക്കുമ്പോള് ജപ്പാനിലെ പല പഴയ വീടുകളിലും പ്രായമായവരുടെ ആവശ്യങ്ങള്ക്കനുസരിച്ച് മാറ്റങ്ങള് വരുത്തുന്നത് സാധാരണമാണ്.

ഭൂമിശാസ്ത്രപരമായി ആയിരക്കണക്കിന് കിലോമീറ്ററുകളുടെ വ്യത്യാസം ഉണ്ടെങ്കിലും വയോജനങ്ങളുടെ അനുപാതത്തിൽ ടോക്യോയും കേരളവും തമ്മിൽ വലിയ സാമ്യമുണ്ട്. ടോക്യോയിൽ 65 വയസ്സിനു മുകളിലുള്ളവർ ജനസംഖ്യയുടെ 23.5 ശതമാനമാണെങ്കിൽ, കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവർ ഏകദേശം 21 ശതമാനമാണ്. ആയുർദൈർഘ്യത്തിലും ഇരുദേശങ്ങളും മുന്നിലാണ്. കേരളത്തിൽ ശരാശരി ആയുർദൈർഘ്യം 75 വർഷവും ജപ്പാനിൽ 85 വർഷവുമാണ്. ആയുസ്സ് വർധിക്കുന്നതിനൊപ്പം ആ അധികവർഷങ്ങൾ ആരോഗ്യത്തോടെയും സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇരുസമൂഹങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി.
ജപ്പാനിൽനിന്ന് കേരളത്തിന് പഠിക്കാനുള്ളത്
ഇന്ത്യയിൽ നിലവിൽ ജനസംഖ്യയുടെ ഏകദേശം ഏഴുശതമാനമാണ് 65 വയസ്സിനു മുകളിലുള്ളവർ. 2049-ഓടെ അത് 14 ശതമാനമായും 2065-ഓടെ 21 ശതമാനമായും ഉയരുമെന്നാണ് മൂഡീസ് റിപ്പോർട്ട് നൽകുന്ന സൂചന. ജനസംഖ്യയിൽ 65 വയസ്സിനു മുകളിലുള്ളവർ ഏഴുശതമാനമാകുമ്പോൾ ഏജിങ് സൊസൈറ്റി, 14 ശതമാനമാകുമ്പോൾ ഏജ്ഡ് സൊസൈറ്റി, 21 ശതമാനമാകുമ്പോൾ സൂപ്പർ ഏജ്ഡ് സൊസൈറ്റി എന്നിങ്ങനെയാണ് ജനസംഖ്യാശാസ്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന വർഗീകരണം. 2049-ൽ 14 ശതമാനത്തിലെത്തുന്ന ഇന്ത്യ വെറും പതിനാറു വർഷത്തിനുള്ളിൽ 21 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. ജനനനിരക്കിലെ കുറവും ആയുർദൈർഘ്യത്തിലെ വർധനവുമാണ് ഈ മാറ്റത്തിനു പിന്നിൽ. ഒരുകാലത്ത് ഒരു സ്ത്രീക്ക് ശരാശരി 3.3 കുട്ടികളുണ്ടായിരുന്ന ഇന്ത്യയിൽ ഇന്ന് ജനനനിരക്ക് ഏകദേശം 1.9 ആയി കുറഞ്ഞിരിക്കുന്നു.
യൂറോപ്പിലെയും ജപ്പാനിലെയും ഉൾപ്പടെയുള്ള പല സമൂഹങ്ങളും സാമ്പത്തികമായി വികസിച്ചശേഷമാണ് വലിയ തോതിലുള്ള ജനസംഖ്യയിലെ പ്രായഘടനാമാറ്റത്തെ അഭിമുഖീകരിച്ചത്. എന്നാൽ ഇന്ത്യ സമാനമായ സാമ്പത്തിക സമൃദ്ധി കൈവരിക്കുന്നതിനു മുമ്പുതന്നെ പ്രായമായവരുടെ അനുപാതം ഗണ്യമായി ഉയരാനുള്ള പ്രവണതയാനുള്ളത്. ഇത് പെൻഷന്റെയോ ആരോഗ്യപരിചരണത്തിന്റെയോ മാത്രം പ്രശ്നമല്ല. തൊഴിൽശക്തി, പൊതുധനകാര്യം, കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി, ദീർഘകാല പരിചരണസംവിധാനങ്ങൾ എന്നിവയെയെല്ലാം ബാധിക്കുന്ന മാറ്റമാണ്. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുക, മുതിർന്നവർക്ക് താൽപര്യവും ആരോഗ്യവും അനുവദിക്കുന്നിടത്തോളം തൊഴിൽരംഗത്ത് തുടരാൻ അവസരമൊരുക്കുക, സാങ്കേതികവിദ്യയിലൂടെ ഉൽപ്പാദനക്ഷമത ഉയർത്തുക തുടങ്ങിയവയും അതുകൊണ്ടുതന്നെ പ്രസക്തമാകുന്നു. എന്നാൽ പ്രായമേറുന്ന സമൂഹം ഒരു സാമ്പത്തിക പ്രശ്നം മാത്രമായി കാണാനാവില്ല. പ്രായമാകുന്ന മനുഷ്യർ എവിടെ ജീവിക്കും? ആരു പരിചരിക്കും? പരാശ്രയമില്ലാതെ എത്രകാലം സ്വതന്ത്ര ജീവിതം നയിക്കാൻ സാധിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങൾ ഭാവിയുടേതാണെങ്കിൽ, കേരളത്തിൽ ഈ ചോദ്യങ്ങൾക്ക് ഇപ്പോൾത്തന്നെ ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. യുവജനങ്ങളുടെ കുടിയേറ്റവും പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന ഗ്രാമങ്ങളും വീടുകളും കേരളത്തിന്റെ സാമൂഹികജീവിതത്തിൽ ഇതിനകം സാധാരണമായിരിക്കുന്നു. ഒരു രണ്ടുനില വീടിന്റെ മുകളിലത്തെ നിലയിൽ രണ്ടു കിടപ്പുമുറികളുണ്ട്. ഒരുകാലത്ത് കുട്ടികളുടെ ചിരിയും ബഹളവും നിറഞ്ഞിരുന്ന മുറികൾ. പഠനവും ജോലിയും വിവാഹവുമൊക്കെയായി മക്കൾ ദൂരദേശങ്ങളിലേക്ക് പോയി. ഇപ്പോൾ ആ മുറികൾ മിക്കവാറും അടഞ്ഞുകിടക്കുന്നു. താഴത്തെ നിലയിൽ പ്രായമായ അച്ഛനും അമ്മയും മാത്രം. അച്ഛന് മുട്ടുവേദന കാരണം കോണിപ്പടികൾ കയറാൻ ബുദ്ധിമുട്ടാണ്. അമ്മക്കോ കുളിമുറിയിലെ നനഞ്ഞ തറയിൽ കാലുതെറ്റുമോ എന്ന പേടിയും. ജീവിതകാലം മുഴുവൻ അധ്വാനിച്ച് പണിത സ്വന്തം വീട്, വാർധക്യത്തിൽ അവർക്കുതന്നെ അന്യമായിത്തുടങ്ങുന്നു.
വീടിനു പുറത്തേക്കിറങ്ങിയാലും പ്രയാസങ്ങൾ തീരുന്നില്ല. അടുത്തുള്ള കടയിലേക്ക് നടക്കാൻ നല്ല നടപ്പാതയില്ല. റോഡ് മുറിച്ചുകടക്കാൻ ഭയമാണ്. പല ബസ് സ്റ്റോപ്പുകളിലും ഇരിക്കാൻ ഒരു ബെഞ്ചുപോലുമില്ല. കേരളത്തിലുടനീളം പല നാടുകളിലെയും പരിചിതമായൊരു ചിത്രമാണിത്. ലോകത്ത് ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ ജീവിക്കുമ്പോൾ, വാർധക്യത്തെക്കുറിച്ചുള്ള നമ്മുടെ ചില ധാരണകൾ മാറ്റേണ്ടതുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്. വാർധക്യത്തിൽ മനുഷ്യന് എന്തെല്ലാം സഹായങ്ങൾ നൽകണം എന്നതിനൊപ്പം, മറ്റുള്ളവരുടെ സഹായമില്ലാതെ എത്രത്തോളം സ്വതന്ത്രമായി ജീവിക്കാൻ സാഹചര്യമൊരുക്കാം എന്ന ചോദ്യത്തിനും ഇവിടെ പ്രാധാന്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ആശയമാണ് ഏജിങ് ഇൻ പ്ലേസ്( Ageing in Place) പ്രായമായതുകൊണ്ടുമാത്രം ഒരാൾ സ്വന്തം വീടും അയൽപ്പക്കവും പരിചിതമായ ജീവിതവും ഉപേക്ഷിക്കേണ്ടിവരരുത്. കഴിയുന്നത്ര കാലം സ്വന്തം നാട്ടിൽ, സ്വന്തം ഇഷ്ടങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഇടയിൽ ജീവിക്കാൻ കഴിയണം. അതിനുവേണ്ടി മനുഷ്യനെ മാത്രമല്ല, അയാൾ ജീവിക്കുന്ന വീടിനേയും നാടിനേയും മാറ്റിയെടുക്കണം.
വാർധക്യത്തിന് അനുയോജ്യമായ വീട്
പുതിയ വീടുകൾ വയോജനസൗഹൃദപരമായി നിർമ്മിക്കുമ്പോൾ ജപ്പാനിലെ പല പഴയ വീടുകളിലും പ്രായമായവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നത് സാധാരണമാണ്.
കോണിപ്പടികളിലും ഇടനാഴികളിലും പിടിച്ചുനടക്കാൻ കൈവരികൾ സ്ഥാപിക്കുന്നു. കുളിമുറികളിലെ വഴുക്കൽ കുറയ്ക്കുന്നു. ഉയർന്ന പടികൾക്ക് പകരം റാമ്പുകൾ ഒരുക്കുന്നു. വീൽചെയറിനും വാക്കറിനും കടന്നുപോകാൻ കഴിയുന്നവിധം വാതിലുകളും വഴികളും ക്രമീകരിക്കുന്നു. കാഴ്ചശക്തി കുറഞ്ഞവർക്ക് അനുയോജ്യമായ വെളിച്ചം, എഴുന്നേൽക്കാൻ സഹായിക്കുന്ന കിടക്കകൾ, ഇരുന്ന് കുളിക്കാനുള്ള സൗകര്യങ്ങൾ എന്നിവയും. സുരക്ഷിതമായ വീടെന്നാൽ വീഴാതിരിക്കാൻ കൈവരികൾ സ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ജപ്പാനിൽ ശൈത്യകാലത്ത് ചൂടുള്ള മുറിയിൽനിന്ന് തണുത്ത കുളിമുറിയിലേക്കു കടക്കുമ്പോഴുണ്ടാകുന്ന താപനിലയിലെ വ്യത്യാസങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലാകട്ടെ കടുത്ത ചൂടും മഴക്കാലത്തെ ഈർപ്പവും കണക്കിലെടുത്തുള്ള വീടുകളുടെ രൂപകൽപ്പനയും പ്രധാനമാണ്. ഇവയൊന്നും വലിയ സാങ്കേതികവിദ്യകളല്ല. എന്നാൽ പ്രായമായ ഒരാളുടെ ദൈനംദിന ജീവിതത്തിൽ വലിയ വ്യത്യാസമുണ്ടാക്കാൻ ഇവയ്ക്കാകും.
ജപ്പാനിലെ ദീർഘകാല പരിചരണ ഇൻഷുറൻസ് സംവിധാനമായ ലോങ് ടേം കെയർ ഇൻഷുറൻസ് വഴി, ഇത്തരം ചില ഭവനപരിഷ്കാരങ്ങൾക്കായി സബ്സിഡിയും സാമ്പത്തിക സഹായവും ലഭ്യമാണ്. ടോക്യോയിലെ ഞാൻ താമസിക്കുന്ന എദോഗവ സിറ്റിയിൽ, അംഗീകൃത ഭവനപരിഷ്കാരങ്ങൾക്ക് സാധാരണയായി രണ്ടു ലക്ഷം യെൻ വരെയുള്ള ചെലവ് പരിധിയിൽ, വ്യക്തിയുടെ അർഹതയും സാമ്പത്തിക സാഹചര്യവും അനുസരിച്ച് 70 മുതൽ 90 ശതമാനം വരെ ഇൻഷുറൻസ് സഹായം ലഭിക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, വീട് പ്രായമായവർക്കായി പരിഷ്കരിക്കുന്നത് അവരെ രോഗികളായി കാണുന്നതുകൊണ്ടല്ല മറിച്ചു അവരുടെ സ്വാതന്ത്ര്യം കഴിയുന്നത്ര നിലനിർത്താനാണ്. തൊണ്ണൂറ്റിയഞ്ചുകാരിയായ ഒരാൾക്ക് മറ്റൊരാളുടെ സഹായമില്ലാതെ കുളിമുറിയിൽ പോകാനും അടുക്കളയിൽ ചായയുണ്ടാക്കാനും കഴിയുന്നത് ചെറിയ കാര്യമല്ല. സ്വന്തം ജീവിതത്തിനുമേലുള്ള നിയന്ത്രണം ഇപ്പോഴും തനിക്കുണ്ടെന്ന ആത്മവിശ്വാസമാണത്. വാർധക്യത്തിലെ അന്തസ്സിന് ഇത്തരം ചെറിയ സ്വാതന്ത്ര്യങ്ങളുമായി വലിയ ബന്ധമുണ്ട്.
വീടിന്റെ വാതിലിനപ്പുറവും ജീവിതമുണ്ട്
വീട് എത്ര സുരക്ഷിതമായാലും അതിന്റെ നാലുചുവരുകൾക്കുള്ളിൽ മാത്രമായി ജീവിതം ചുരുങ്ങിയാൽ എന്തു പ്രയോജനം? പ്രായമായ ഒരാൾക്ക് രാവിലെ പുറത്തിറങ്ങി നടക്കാനും അടുത്തുള്ള കടയിൽ പോകാനും സുഹൃത്തിനെ കാണാനും പാർക്കിൽ കുറച്ചുനേരം ഇരിക്കാനും കഴിയണം. വീടിനുള്ളിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഗേറ്റിനു പുറത്തേക്കിറങ്ങാൻ ഉയർന്നൊരു പടിയോ കുത്തനെയുള്ള വഴിയോ തടസ്സമായാൽ ആ സ്വാതന്ത്ര്യത്തിന് എന്തർത്ഥം? വയോജനസൗഹൃദ നഗരാസൂത്രണം വീടിന്റെ വാതിൽക്കൽനിന്നുതന്നെ തുടങ്ങണം. ജപ്പാനിലെ നഗരാസൂത്രണത്തിൽ ബാരിയർ ഫ്രീ എന്ന ആശയത്തിന് പ്രാധാന്യമുണ്ട്. ശാരീരിക പരിമിതികളുള്ളവർക്കും പ്രായമായവർക്കും പൊതുസ്ഥലങ്ങൾ ഉപയോഗിക്കാൻ തടസ്സങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ജപ്പാനിലെ ബാരിയർ ഫ്രീ ആക്ട് (Barrier-Free Act )പൊതുഗതാഗത സംവിധാനങ്ങളും കെട്ടിടങ്ങളും പൊതുസ്ഥലങ്ങളും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ പ്രാപ്യമാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാണ്.
ടോക്യോയിലെ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും കാണാം. വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രവേശനകവാടങ്ങളും ടിക്കറ്റ് ഗേറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പല പ്ലാറ്റ്ഫോമുകളിലും സുരക്ഷാവാതിലുകളും ആവശ്യമായിടത്ത് യാത്രക്കാരെ കയറാനും ഇറങ്ങാനും സഹായിക്കുന്ന സംവിധാനങ്ങളുമുണ്ട്.
പൊതുശൗചാലയം
കാഴ്ചപരിമിതിയുള്ളവർക്ക് വഴികാട്ടുന്ന സ്പർശസൂചക ടൈലുകൾ, ട്രാഫിക് സിഗ്നലുകളിൽ ഉൾപ്പടെ ശബ്ദസൂചനകൾ, ഉപയോഗിക്കാൻ എളുപ്പമുള്ള ശൗചാലയങ്ങൾ എന്നിവയും പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമാണ്. ട്രെയിനുകളിലും ബസുകളിലും പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും പരിക്കുകളുള്ളവർക്കുമായി മുൻഗണനാ ഇരിപ്പിടങ്ങളുണ്ട്. ടോക്യോയിൽ ഗർഭിണികൾക്കുള്ള ബാഗിൽ തൂക്കാൻ
Materntiy Mark, പുറത്തുനിന്ന് തിരിച്ചറിയാനാകാത്ത ആരോഗ്യപ്രശ്നങ്ങളോ പരിമിതികളോ ഉള്ളവർക്ക് സഹായം ആവശ്യമായേക്കാമെന്ന് അറിയിക്കുന്ന ഹെൽപ് മാർക്ക് തുടങ്ങിയവയും ഉപയോഗിക്കുന്നു.
സഹായം ആവശ്യമുള്ള എല്ലാവരുടെയും ബുദ്ധിമുട്ടുകൾ പുറത്തുനിന്ന് കാണണമെന്നില്ല എന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ. വയോജനസൗഹൃദമായി ഒരുക്കുന്ന സൗകര്യങ്ങൾ പ്രായമായവർക്കുമാത്രമല്ല പ്രയോജനപ്പെടുന്നത്. വീൽചെയർ ഉപയോഗിക്കുന്നവർക്കും കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്കും ഗർഭിണികൾക്കും പരിക്കേറ്റവർക്കും അവ ഒരുപോലെ സഹായകരമാണ്. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്നവിധം പൊതുസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുക എന്ന യൂണിവേഴ്സൽ ഡിസൈനിങ്ങിന്റെ പ്രസക്തിയും ഇവിടെയാണ്.
ജപ്പാനിലെ എല്ലാ തെരുവുകളും സ്റ്റേഷനുകളും ഒരുപോലെ സൗകര്യപ്രദമാണെന്നല്ല ഇതിനർഥം. പഴയ കെട്ടിടങ്ങൾ, ഇടുങ്ങിയ നടപ്പാതകൾ, ഗ്രാമപ്രദേശങ്ങളിലെ ഗതാഗതപരിമിതികൾ എന്നിവ ഇന്നും വെല്ലുവിളികളാണ്. എങ്കിലും നഗരാസൂത്രണത്തിന്റെ അടിസ്ഥാനതത്വം ശ്രദ്ധേയമാണ്. ഒരു നാടിന്റെ സൗകര്യങ്ങൾ അളക്കേണ്ടത് ആരോഗ്യമുള്ള യുവാവിന് എത്ര വേഗത്തിൽ സഞ്ചരിക്കാനാകുന്നു എന്നതുകൊണ്ടുമാത്രമല്ല. വാക്കറിന്റെ സഹായത്തോടെ നടക്കുന്ന എൺപതുകാരന് എത്ര സുരക്ഷിതമായി സഞ്ചരിക്കാനാകുന്നു എന്നതുകൊണ്ടുകൂടിയാണ്. നടപ്പാതയിൽ ഒരു ബെഞ്ച് സ്ഥാപിക്കുന്നത് ചെറിയ നഗരവികസന പ്രവർത്തനമായി തോന്നാം. എന്നാൽ കുറച്ചുദൂരം നടന്നാൽ വിശ്രമിക്കേണ്ടിവരുന്ന ഒരാൾക്ക് ആ ബെഞ്ച് വീടിനു പുറത്തിറങ്ങാനുള്ള ധൈര്യമായേക്കാം.
ഡ്രൈവിങ് നിർത്തുമ്പോൾ ജീവിതവും നിർത്തണോ?
ജപ്പാനിൽ പലപ്പോഴും പ്രായമായ ഡ്രൈവർമാരുടെ അപകടങ്ങൾ വലിയ സാമൂഹികചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ജപ്പാനിൽ പ്രായമായവർ വാഹനമോടിക്കുമ്പോൾ, മറ്റു ഡ്രൈവർമാർക്ക് അവരെ തിരിച്ചറിയാനും കൂടുതൽ ശ്രദ്ധ പുലർത്താനും സഹായിക്കുന്ന പ്രത്യേക അടയാളം വാഹനത്തിൽ പതിപ്പിക്കുന്ന സംവിധാനമുണ്ട്. 70 വയസ്സിനു മുകളിലുള്ള ഡ്രൈവർമാർക്കായാണ് ഈ അടയാളം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് കാഴ്ച, പ്രതികരണവേഗം, ശാരീരികക്ഷമത എന്നിവയിൽ മാറ്റങ്ങൾ സംഭവിക്കാം. അതുകൊണ്ടുതന്നെ മുതിർന്ന ഡ്രൈവർമാരുടെ സുരക്ഷയും ഡ്രൈവിങ് ലൈസൻസ് സ്വമേധയാ തിരികെ നൽകുന്നതും ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
ലൈസൻസ് തിരികെ നൽകിയശേഷം എന്ത് സംഭവിക്കും?
സ്വന്തമായി വാഹനമോടിച്ചിരുന്ന ഒരാൾക്ക് പെട്ടെന്നൊരു ദിവസം അതിനുള്ള അവസരം ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്നത് യാത്രാസൗകര്യം മാത്രമല്ല. എപ്പോൾ പുറത്തിറങ്ങണം, എവിടെ പോകണം, ആരെ കാണണം എന്നൊക്കെ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. ജപ്പാനിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ ലൈസൻസ് സ്വമേധയാ തിരികെ നൽകുന്ന മുതിർന്നവർക്ക് യാത്രാ ആനുകൂല്യങ്ങളും മറ്റു പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. കമ്മ്യൂണിറ്റി ബസുകളും ആവശ്യാനുസരണം ബുക്ക് ചെയ്യാവുന്ന ഗതാഗതസേവനങ്ങളും പ്രവർത്തിക്കുന്നു. ടോക്യോയിൽ എഴുപത് വയസ്സിനു മുകളിലുള്ള യോഗ്യതയുള്ള താമസക്കാർക്ക് Silver Pass എന്ന പൊതുഗതാഗത പദ്ധതിയുണ്ട്. ഇതിന്റെ പ്രാധാന്യം യാത്രാച്ചെലവിലെ ഇളവിൽ മാത്രമല്ല. പുറത്തിറങ്ങാനും സുഹൃത്തുക്കളെ കാണാനും ആശുപത്രിയിലോ കടയിലോ പോകാനും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുമുള്ളഅവസരം എന്നതിലാണ്. പൊതു സുരക്ഷയുടെ പേരിൽ ഒരാളോട് വാഹനമോടിക്കുന്നത് നിർത്താൻ ആവശ്യപ്പെടുമ്പോൾ, അതിനു പകരം അനായാസമായി സഞ്ചരിക്കാനുള്ള മാർഗവും സമൂഹം ഒരുക്കേണ്ടതാണല്ലോ.
വീട്ടിൽ കഴിയാം, ഒറ്റപ്പെടാതെ
വീട്ടിൽത്തന്നെ ജീവിക്കാൻ കഴിയുക എന്നതും വീട്ടിൽ ഒറ്റപ്പെട്ടുപോകുക എന്നതും രണ്ടാണ്. ജപ്പാനിലെ കമ്യൂണിറ്റി ബേസ്ഡ് ഇന്റഗ്രേറ്റഡ് സിസ്റ്റം (Community-Based Integrated Care System) പ്രായമായവർക്ക് ആരോഗ്യപരിചരണം, ദൈനംദിന സഹായം, പ്രതിരോധസേവനങ്ങൾ, സാമൂഹികപങ്കാളിത്തം എന്നിവ സ്വന്തം പ്രദേശത്തുതന്നെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.
- എദോഗവ സിറ്റിയിലെ Jukunen Sodan-shitsu(ജുകുനെൻ സോദാൻ ഷിത്സു ) എന്ന വയോജന സഹായകേന്ദ്രങ്ങൾ പരിചരണസേവനങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, അവകാശസംരക്ഷണം എന്നിവയിൽ പൗരന്മാർക്കും കുടുംബങ്ങൾക്കും മാർഗനിർദേശം നൽകുന്നു.
- Nagomi no Ie (നഗോമി നൊ ഇഎ) എന്ന സാമൂഹികക്ഷേമ കേന്ദ്രങ്ങൾ പ്രായഭേദമില്ലാതെ ആളുകൾക്ക് ഒത്തുചേരാനും സംസാരിക്കാനും സാമൂഹികപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും സഹായം തേടാനും അവസരമൊരുക്കുന്നു.
- Kusunoki Clubs (കുസുനോക്കി ക്ലബ്സ്) പോലുള്ള കൂട്ടായ്മകൾ വ്യായാമം, വിനോദം, പഠനം, സന്നദ്ധപ്രവർത്തനം എന്നിവയിലൂടെ വിരമിച്ച ശേഷവും സമൂഹത്തിൽ സജീവമായി തുടരാൻ സഹായിക്കുന്നു.
ജപ്പാനിലെ സിൽവർ ഹ്യൂമൻ റിസോഴ്സ് സെൻറേഴ്സ് വിരമിച്ചവർക്കും പ്രായമായവർക്കും അവരുടെ കഴിവിനും താൽപര്യത്തിനും അനുയോജ്യമായ താൽക്കാലിക ജോലികളിലും സാമൂഹികപ്രവർത്തനങ്ങളിലും ഏർപ്പെടാൻ അവസരമൊരുക്കുന്നു. ജോലിയിൽനിന്ന് വിരമിച്ചതുകൊണ്ട് സമൂഹത്തിൽനിന്നും വിരമിക്കേണ്ടതില്ല എന്ന ചിന്തയാണിതിന് പിന്നിൽ.
പുറത്തിറങ്ങാൻ കഴിയാത്തവരുടെ അടുത്തേക്ക് ജീവിതമെത്തുമ്പോൾ
എല്ലാവർക്കും വീടിനു പുറത്തിറങ്ങാൻ കഴിയണമെന്നില്ല. ശാരീരിക പരിമിതികളും രോഗങ്ങളും കാരണം വീടിനുള്ളിൽത്തന്നെ കഴിയേണ്ടിവരുന്നവരുമുണ്ട്.അവർക്കുവേണ്ടി എദോഗവ സിറ്റി മുന്നോട്ടുവച്ച ഇകിഗയ് ഒയെൻദാൻ (Ikigai Oendan) എന്ന ആശയം ശ്രദ്ധേയമാണ്. പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ളവരുടെ വീടുകളിലെത്തി സംഗീതം, കലാസ്വാദനം, ഫോട്ടോഗ്രഫി, ജന്മദിനാഘോഷം തുടങ്ങിയ ഇഷ്ടപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സഹായിക്കുന്ന സന്നദ്ധപ്രവർത്തന പദ്ധതിയാണിത്. ഒരു വശത്ത് പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കി പ്രായമായവരെ വീടിനു പുറത്തേക്കു കൊണ്ടുവരാൻശ്രമിക്കുന്നു. മറുവശത്ത് പുറത്തിറങ്ങാൻ കഴിയാത്തവരുടെ ജീവിതത്തിലേക്ക് സമൂഹത്തെ എത്തിക്കാനും ശ്രമിക്കുന്നു. രണ്ടിന്റെയും പിന്നിലുള്ള ചിന്ത ഒന്നാണ്.
പ്രായമായതുകൊണ്ടോ ശാരീരിക പരിമിതികൾ വന്നതുകൊണ്ടോ ഒരാളുടെ ജീവിതം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ അവസാനിക്കരുത്. പ്രായമായ ഒരാൾക്ക് വേണ്ടത് മരുന്നും ഭക്ഷണവും പരിചരണവും മാത്രമല്ല. സംസാരിക്കാൻ ഒരാളും, സ്വന്തം സാന്നിധ്യം മറ്റൊരാൾക്ക് പ്രധാനമാണെന്ന തോന്നലും കൂടിയാണ്. അതേസമയം, ജപ്പാനിൽ വയോജനങ്ങളുടെ ഏകാന്തതയും ഒറ്റപ്പെട്ട മരണങ്ങളും ഇപ്പോഴും ഗുരുതരമായ സാമൂഹികപ്രശ്നങ്ങളാണ്. മികച്ച സംവിധാനങ്ങളുണ്ടെന്നതുകൊണ്ടുമാത്രം മനുഷ്യബന്ധങ്ങളുടെ അഭാവം പരിഹരിക്കപ്പെടുന്നില്ല.
ജപ്പാനിൽനിന്ന് കേരളത്തിന് എന്തു പഠിക്കാം?
വയോജനസംരക്ഷണത്തിൽ കേരളത്തിന് ജപ്പാനിൽനിന്ന് പഠിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, പ്രായമായവരെ പരിചരിക്കുന്നതും അവർക്ക് സ്വതന്ത്രമായി ജീവിക്കാൻ സാഹചര്യമൊരുക്കുന്നതും രണ്ടാണെന്ന തിരിച്ചറിവാണ്. കേരളത്തിൽ പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം പ്രധാനമായും കുടുംബത്തിന്റെ ഉത്തരവാദിത്തമായാണ് കാണുന്നത്. മക്കൾ കൂടെയുണ്ടാകുക, ആവശ്യങ്ങൾക്ക് സഹായിക്കുക, രോഗാവസ്ഥയിൽ പരിചരിക്കുക എന്നിങ്ങനെ. നമ്മുടെ കുടുംബബന്ധങ്ങളുടെ വലിയൊരു ശക്തിയാണത്. എന്നാൽ മക്കൾ വിദേശത്തും മറ്റു നഗരങ്ങളിലുമായി ജീവിക്കുന്ന ഇന്നത്തെ കേരളത്തിൽ കുടുംബത്തെ മാത്രം ആശ്രയിച്ചുള്ള വയോജനപരിചരണത്തിന് പരിമിതികളുണ്ട്. ജപ്പാനിലും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യമുണ്ട്. എന്നാൽ വയോജനങ്ങളുടെ ജീവിതം കുടുംബത്തിന്റെ ഉത്തരവാദിത്തം മാത്രമായി കാണാതെ സർക്കാരിന്റെ, പൊതുസംവിധാനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്.
കേരളത്തിലും ഈ ചിന്ത വീടുകളുടെ രൂപകൽപ്പനയിൽനിന്നുതന്നെ തുടങ്ങാം. മുപ്പതാം വയസ്സിൽ മനോഹരമായി തോന്നുന്ന വീട് എഴുപതാം വയസ്സിലും അതുപോലെ സൗകര്യപ്രദമായിരിക്കണമെന്നില്ല. പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ തന്നെ വയോജനസൗഹൃദ രൂപകൽപ്പന പരിഗണിക്കാം. നിലവിലുള്ള വീടുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായപദ്ധതികളും ആലോചിക്കാവുന്നതാണ്. എന്നാൽ വീടിന്റെ വാതിലിനപ്പുറത്തേക്കും ഈ കരുതൽ നീളണം. നടപ്പാതകളും വിശ്രമിക്കാനുള്ള ബെഞ്ചുകളും പൊതുശൗചാലയങ്ങളും സുരക്ഷിതമായ റോഡ് ക്രോസിങ്ങുകളും മുതിർന്നവർക്ക് എളുപ്പത്തിൽ കയറാവുന്ന ബസുകളും നഗരാസൂത്രണത്തിന്റെ ഭാഗമാകണം. പൊതുഗതാഗതത്തിൽ മുൻഗണനാ ഇരിപ്പിടങ്ങൾ വ്യക്തമായി അടയാളപ്പെടുത്തുകയും അവ ആവശ്യമുള്ളവർക്ക് വിട്ടുകൊടുക്കുന്ന സംസ്കാരം വളർത്തുകയും വേണം. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും റാമ്പുകൾ, ലിഫ്റ്റുകൾ, കൈവരികൾ, കാഴ്ചപരിമിതിയുള്ളവർക്കുള്ള വഴികാട്ടികൾ, ഉപയോഗിക്കാൻ എളുപ്പമുള്ള ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കണം. സ്വന്തം വാഹനമോടിക്കാൻ കഴിയാത്ത മുതിർന്നവർക്കായി കുറഞ്ഞ ചെലവിലുള്ള പ്രാദേശിക യാത്രാസൗകര്യങ്ങളും ആലോചിക്കാവുന്നതാണ്. പ്രത്യേകിച്ച് പൊതുഗതാഗതം പരിമിതമായ ഗ്രാമപ്രദേശങ്ങളിൽ.
പഞ്ചായത്തുകൾക്ക് എന്തുചെയ്യാനാകും?
വയോജനസൗഹൃദ കേരളം എന്ന ആശയം സംസ്ഥാനതല നയങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ല. ഓരോ പഞ്ചായത്തിനും നഗരസഭയ്ക്കും സ്വന്തം പ്രദേശത്തെ വയോജനങ്ങളുടെ ജീവിതത്തിൽ നേരിട്ടുള്ള മാറ്റങ്ങളുണ്ടാക്കാൻ കഴിയും.
- ആദ്യമായി ചെയ്യേണ്ടത് പ്രദേശത്തെ വയോജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്നവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, സ്ഥിരമായി ചികിത്സ ആവശ്യമുള്ളവർ, പൊതുഗതാഗത സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ കഴിയുന്നവർ തുടങ്ങിയവരുടെ ആവശ്യങ്ങൾ അവരുടെ സമ്മതത്തോടെയും സ്വകാര്യത സംരക്ഷിച്ചും വിലയിരുത്താം.
- കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടികൾ, സന്നദ്ധസംഘടനകൾ, നിലവിലുള്ള പാലിയേറ്റീവ് പരിചരണ ശൃംഖലകൾ എന്നിവയെ ഇതുമായി ബന്ധിപ്പിക്കാം.
- വീടുകളിൽ സുരക്ഷാപരിശോധന നടത്തി ആവശ്യമായ കൈവരികൾ, റാമ്പുകൾ, കുളിമുറി പരിഷ്കാരങ്ങൾ എന്നിവയ്ക്ക് മാർഗനിർദേശവും സഹായവും നൽകാം.
- പഞ്ചായത്ത് ഓഫീസുകൾ, ആശുപത്രികൾ, പൊതുമാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുതിർന്നവർക്ക് സുരക്ഷിതമായി എത്താൻ കഴിയുന്നുണ്ടോ എന്നതും പരിശോധിക്കണം.
- എദോഗവയിലെ Nagomi no കല പോലുള്ള സാമൂഹികകേന്ദ്രങ്ങൾ കേരളത്തിലെ വായനശാലകൾ, കമ്മ്യൂണിറ്റി ഹാളുകൾ, കുടുംബശ്രീ സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച് വികസിപ്പിക്കാം.
- വിരമിച്ച അധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും കർഷകരുടെയും മറ്റു അനുഭവസമ്പന്നരുടെയും അറിവ് പ്രാദേശിക സമൂഹത്തിന് പ്രയോജനപ്പെടുത്താനും കഴിയും.
ഇത്തരം പ്രവർത്തനങ്ങൾ വയോജനങ്ങൾക്ക് സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവരെ സമൂഹത്തിന്റെ സജീവമായ ഭാഗമായി നിലനിർത്തുകയും ചെയ്യുന്നു.
പണം എവിടെനിന്ന് കണ്ടെത്തും?
ഇത്തരം പദ്ധതികളെക്കുറിച്ച് പറയുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ് ചെലവ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകൾക്കും വലിയ സാമ്പത്തികശേഷിയില്ല. എന്നാൽ വയോജനസൗഹൃദ മാറ്റങ്ങൾ എല്ലാം വലിയ നിർമ്മാണപ്രവർത്തനങ്ങളാകണമെന്നില്ല. നിലവിലുള്ള തദ്ദേശഭരണ വികസനപദ്ധതികളിലും വാർഷിക പദ്ധതികളിലും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങൾക്ക് മുൻഗണന നൽകാം. ബന്ധപ്പെട്ട സർക്കാർ പദ്ധതികളുടെ മാർഗനിർദേശങ്ങൾക്കും ഫണ്ട് വിനിയോഗ നിബന്ധനകൾക്കും വിധേയമായി വീടുകളുടെ സുരക്ഷാപരിഷ്കാരങ്ങളും പൊതുസ്ഥലങ്ങളിലെ പ്രവേശനസൗകര്യങ്ങളും പരിഗണിക്കാം.
സംസ്ഥാന-കേന്ദ്ര സർക്കാർ പദ്ധതികൾ, നിയമപരമായി അനുവദനീയമായ തദ്ദേശഭരണ ഫണ്ടുകൾ, സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിലൂടെയുള്ള കോർപ്പറേറ്റ് സഹായം എന്നിവയും പരിശോധിക്കാവുന്നതാണ്.
കേരളത്തിലെ കുടുംബശ്രീ, വായനശാലകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയ നിലവിലുള്ള സംവിധാനങ്ങളുമായി സഹകരിക്കുന്നത് പുതിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമ്മിക്കേണ്ട ആവശ്യം കുറയ്ക്കും.
ഒരു പഞ്ചായത്തിലെ എല്ലാ വീടുകളും ഒരേസമയം പരിഷ്കരിക്കേണ്ടതില്ല. ആദ്യം ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള വീടുകൾ കണ്ടെത്തി അവിടെനിന്ന് തുടങ്ങാം.
അതുപോലെ എല്ലാ റോഡുകളും ഒരേസമയം മാറ്റിപ്പണിയുന്നതിന് പകരം ആശുപത്രി, മാർക്കറ്റ്, ബസ് സ്റ്റോപ്പ്, പഞ്ചായത്ത് ഓഫീസ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന വഴികൾ വയോജനസൗഹൃദമാക്കാം.
പദ്ധതികൾ നടപ്പാക്കുന്നതിനു മുമ്പ് വയോജനങ്ങളോട് നേരിട്ട് സംസാരിക്കണം. എന്താണ് അവർക്ക് ഏറ്റവും ആവശ്യമെന്ന് അവരോടുതന്നെ ചോദിക്കണം.
ഒരു പഞ്ചായത്തിൽ ഏറ്റവും വലിയ പ്രശ്നം ആശുപത്രിയിലേക്കുള്ള യാത്രയായിരിക്കാം. മറ്റൊരിടത്ത് സുരക്ഷിതമായ കുളിമുറികളായിരിക്കാം. വേറൊരിടത്ത് ഏകാന്തതയായിരിക്കാം.
എല്ലാ പ്രദേശങ്ങൾക്കും ഒരേ പരിഹാരം ആവശ്യമില്ല.
പദ്ധതികളുടെ വിജയം അളക്കേണ്ടതും ചെലവഴിച്ച തുകകൊണ്ടോ നിർമ്മിച്ച സൗകര്യങ്ങളുടെ എണ്ണംകൊണ്ടോ മാത്രമാകരുത്. കൂടുതൽ പേർക്ക് വീടിനു പുറത്തിറങ്ങാൻ കഴിയുന്നുണ്ടോ, വീഴ്ചകൾ കുറയുന്നുണ്ടോ, ചികിത്സയ്ക്കും ദൈനംദിന ആവശ്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയുന്നുണ്ടോ, സാമൂഹികപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം.
വാർധക്യത്തിലും ജീവിതം സ്വന്തം ഇഷ്ടപ്രകാരം
വാർധക്യത്തെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ പലപ്പോഴും ചികിത്സാച്ചെലവിലും പെൻഷനിലും മക്കളുടെ ഉത്തരവാദിത്തത്തിലും ഒതുങ്ങിപ്പോകുന്നു.എന്നാൽ വാർധക്യത്തിലെ ജീവിതനിലവാരത്തിന് മറ്റൊരു അളവുകോലുണ്ട്. രാവിലെ എഴുന്നേറ്റ് സ്വന്തം ഇഷ്ടത്തിന് ചായയുണ്ടാക്കാൻ കഴിയുന്നുണ്ടോ? ആരുടെയും സഹായമില്ലാതെ വീടിനു പുറത്തിറങ്ങാനാകുമോ? അടുത്തുള്ള കടയിൽ പോയി ഇഷ്ടമുള്ള സാധനം വാങ്ങാനാകുമോ? സുഹൃത്തിനെ കാണാനോ പാർക്കിൽ കുറച്ചുനേരം ഇരിക്കാനോ കഴിയുമോ? ഇത്തരം സാധാരണ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോഴാണ് പലർക്കും വാർധക്യം ഒരു വലിയ പരിമിതിയായി അനുഭവപ്പെടുന്നത്. എല്ലാവർക്കും ജീവിതാവസാനം വരെ സ്വന്തം വീട്ടിൽ കഴിയാൻ സാധിക്കണമെന്നില്ല. ചിലർക്ക് തുടർച്ചയായ വൈദ്യപരിചരണമോ പ്രത്യേക പരിചരണകേന്ദ്രങ്ങളുടെ സഹായമോ ആവശ്യമായി വരും. ചിലർ കുടുംബത്തോടൊപ്പമോ മറ്റൊരു താമസസൗകര്യത്തിലോ കഴിയാൻ ആഗ്രഹിച്ചേക്കാം.
ജപ്പാനിൽ ആവശ്യാനുസരണം പരിചരണസേവനങ്ങളോടുകൂടിയ താമസസൗകര്യങ്ങളും പ്രത്യേക പരിചരണകേന്ദ്രങ്ങളുമുണ്ട്. സ്വന്തം വീട്ടിൽ തുടരാൻ കഴിയാത്തവർക്കും അവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ തിരഞ്ഞെടുപ്പുകൾ ലഭ്യമാകണം. അതുകൊണ്ട് ഏജിങ് ഇൻ പ്ലേസ് എന്നത് എന്തുവിലകൊടുത്തും സ്വന്തം വീട്ടിൽത്തന്നെ കഴിയണമെന്ന നിർബന്ധമല്ല. സാധ്യമായിടത്തോളം സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വയം എടുക്കാനും പരിചിതമായ സമൂഹവുമായി ബന്ധം നിലനിർത്താനും അവസരം നൽകുക എന്നതാണ്.തുടക്കത്തിൽ പറഞ്ഞ ആ രണ്ടുനില വീടിനെക്കുറിച്ച് വീണ്ടും ഓർക്കാം. മുകളിലത്തെ നിലയിലെ മക്കളുടെ മുറികൾ അടഞ്ഞുകിടന്നാലും താഴത്തെ നിലയിലെ ജീവിതം അടഞ്ഞുപോകേണ്ടതില്ല. സുരക്ഷിതമായ കുളിമുറിയും പിടിച്ചുനടക്കാൻ ഒരു കൈവരിയും അടുത്തുള്ള കടയിലേക്ക് നടക്കാൻ നല്ല വഴിയും ആശുപത്രിയിലേക്ക് പോകാൻ യാത്രാസൗകര്യവും ഉണ്ടായാൽ ആ അച്ഛനും അമ്മയ്ക്കും സ്വന്തം വീട്ടിൽ കൂടുതൽ കാലം സ്വതന്ത്രമായി ജീവിക്കാനാകും.
അയൽപ്പക്കത്ത് സംസാരിക്കാൻ ആളുകളും പോകാൻ ഒരിടവും കൂടിയുണ്ടെങ്കിൽ അവരുടെ ലോകം ആ വീടിന്റെ നാലുചുവരുകളിൽ ഒതുങ്ങുകയുമില്ല.മക്കൾ എത്ര ദൂരെയായിരുന്നാലും പ്രായമായ മാതാപിതാക്കൾക്ക് സ്വന്തം നാട്ടിൽ സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാൻ കഴിയുന്ന ഒരു കേരളത്തെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.പണിയുന്ന വീടുകൾക്ക് എത്ര വർഷം ആയുസ്സുണ്ടാകുമെന്ന് നാം ആലോചിക്കാറുണ്ട്. എന്നാൽ ആ വീടുകളിൽ ജീവിക്കുന്ന മനുഷ്യർക്ക് പ്രായമാകുമ്പോൾ അവിടെ എത്രത്തോളം സ്വതന്ത്രമായി ജീവിക്കാൻ കഴിയുമെന്ന് എത്രപേർ ചിന്തിക്കാറുണ്ട്?വാർധക്യം മനുഷ്യന്റെ ജീവിതത്തിൽ സ്വാഭാവികമാണ്. അതിനൊപ്പം വീടുകളും തെരുവുകളും ഗതാഗതവും പൊതുസേവനങ്ങളും മാറേണ്ടതുണ്ട്. വയസ്സായപ്പോൾ മനുഷ്യനെ വീടിനനുസരിച്ച് മാറ്റുകയല്ല വേണ്ടത്; വീട് മനുഷ്യനനുസരിച്ച് മാറണം. നാടും.
Content Highlights: Japan and Kerala share demographic similarities in aging populations, with Japan's elderly at 23.5% and Kerala's at 21%, highlighting aging challenges.
Published: 14 Oct 2026, 02:23 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented