ക്യാമറകള്‍ പെട്ടെന്ന് നിങ്ങളുടെ മുഖത്തിന് നേരെ വരുന്നതിന് പകരം ശരീരത്തിന് താഴേക്ക് ആകുന്പോള്‍ ആര്‍ക്കായാലും അസ്വസ്ഥത തോന്നും.

മലയാള സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. തനിക്കെതിരെ ഉയർന്ന വസ്ത്രധാരണ വിവാദങ്ങളിലും ട്രോളുകളിലും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും തെറാപ്പിയിലൂടെയും ആത്മസ്‌നേഹത്തിലൂടെയും നടത്തിയ തിരിച്ചുവരവിനെക്കുറിച്ചും രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.
ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ഡയമണ്ട് എക്‌സിബിഷനിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രത്തെച്ചൊല്ലി ഉണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. എന്നാൽ താൻ പറയുന്നത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിശദീകരണമല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. താൻ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും അവൾ പറയുന്നുണ്ട്.
'ക്യാമറകൾ പെട്ടെന്ന് നിങ്ങളുടെ മുഖത്തിന് നേരെ വരുന്നതിന് പകരം ശരീരത്തിന് താഴേക്ക് ആകുമ്പോൾ ആർക്കായാലും അസ്വസ്ഥത തോന്നും. ആ വസ്ത്രത്തിൽ എനിക്ക് യാതൊരു കുഴപ്പവും തോന്നിയിരുന്നില്ല, എന്നാൽ ആളുകളുടെ കണ്ണുകൾ എവിടേക്കാണ് നോക്കുന്നത് എന്നതിലാണ് പ്രശ്‌നം. സംസ്‌കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ അല്ല, മറിച്ച് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ്.' ഐശ്വര്യ പറയുന്നു. ഓഫ്‌വൈറ്റ് വെസ്റ്റേൺ വസ്ത്രമായിരുന്നു ചടങ്ങിൽ ഐശ്വര്യ അണിഞ്ഞിരുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിറകേ വസ്ത്രത്തെച്ചൊല്ലി വിമർശനവും ആരംഭിച്ചു. യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഇന്റർനെറ്റിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് സമയം കളയുന്ന രീതിയെ താരം വിമർശിച്ചു.
മുൻപ് ചെന്നൈയിൽ ഒരു ഉദ്ഘാടനത്തിന് ഐശ്വര്യ ധരിച്ച വസ്ത്രവും ഇതുപോലെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ആ വസ്ത്രം തിരഞ്ഞെടുത്തതിൽ തനിക്ക് അബദ്ധം പറ്റിയെന്ന് ഐശ്വര്യ പറയുന്നുണ്ട്. ആ വസ്ത്രം ധരിക്കുമ്പോൾ പ്രശ്‌നമൊന്നും തോന്നിയില്ലെന്നും എന്നാൽ കാറിൽനിന്ന് ഇറങ്ങിയപ്പോൾ തന്നെ അത് വേണ്ടിയിരുന്നെന്ന് തോന്നിയിരുന്നെന്നും ഐശ്വര്യ പറയുന്നു. കൂട്ടുകാർ ഉപദേശിച്ചിട്ടും അത് തിരഞ്ഞെടുത്തത് തന്റെ തെറ്റായിരുന്നുവെന്നും അത് ഇപ്പോൾ സുഹൃത്തുക്കൾക്കിടയിലെ തമാശയാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. 'സുഹൃത്തുക്കളും സ്റ്റൈലിസ്റ്റും അത് ധരിക്കരുത് എന്ന് പറഞ്ഞിരുന്നു. പക്ഷെ ഞാനത് തന്നെ ധരിച്ചു. അത് വലിയ അബദ്ധമായിരുന്നു. എന്റെ കയ്യിൽ വേറെ വസ്ത്രങ്ങൾ ഉണ്ടായിട്ടും അതുതന്നെ തരഞ്ഞെടുക്കുകയായിരുന്നു.'
കങ്കണ റണൗട്ടിനെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കങ്കണയുടെ രാഷ്ട്രീയത്തോടോ പാർലമെന്റിലെ പ്രസംഗങ്ങളോടോ തനിക്ക് യോജിപ്പില്ലെങ്കിലും ഒരു നടിയെന്ന നിലയിൽ അവരുടെ അതിജീവനത്തെയും യാത്രാവഴികളെയും ബഹുമാനിക്കുന്നു. സ്വാഗതമില്ലാത്ത ഇടങ്ങളിൽ പോലും സ്വന്തമായി കസേരയിട്ട് ഇരിക്കാൻ ധൈര്യം കാണിച്ച വ്യക്തിയാണ് കങ്കണയെന്ന് താരം അഭിപ്രായപ്പെട്ടു. എന്നാൽ ഖാൻമാർക്കൊപ്പം അഭിനയിക്കില്ലെന്ന കങ്കണയുടെ നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും, നല്ല കഴിവുള്ള എല്ലാ നടന്മാർക്കൊപ്പവും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു.
Published: 06 Sept 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented