കടവുകളിൽ വലകൊണ്ട് സംരക്ഷണവേലികൾ സ്ഥാപിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം

To advertise here,

ആറുവർഷമായിട്ടും ആരും നടപടി​െയ​ടുക്കുന്നില്ല

കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും നീർനായകൾ ആളുകളെ ആക്രമിക്കാനും കടിച്ചു പരിക്കേൽപ്പിക്കാനും തുടങ്ങിയിട്ട്‌ ആറു വർഷത്തോളം ആയിട്ടും ആക്രമണംതടയാൻ നടപടിയില്ല. ഇതിനോടകം 500-ഓളം ആളുകൾക്ക് ചാലിയാറിൽനിന്നും ഇരുവഞ്ഞി പുഴയിൽനിന്നും ചെറുപുഴയിൽനിന്നുമായി കടിയേൽക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ മഴ മാറി, പുഴകളിൽ വെള്ളം താണു, കടുത്ത ചൂടുംകൂടിയായപ്പോൾ പുഴയിലേക്ക് കുളിക്കാനും അലക്കാനും എത്തുന്നവരുടെ എണ്ണം കൂടിത്തുടങ്ങി. നീർനായ ആക്രമണവും വർധിച്ചു.

​കഴിഞ്ഞ രണ്ടുദിവസത്തിനിടെ നാലുപേർക്കാണ് നീർനായയുടെ കടിയേറ്റത്. കൊടിയത്തൂർ, ചേന്ദമംഗല്ലൂർ സ്വദേശികളായ നാലുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി റൗഫിനും ഒരു മറുനാടൻ തൊഴിലാളിക്കും കാലിൽ മൂന്നിടങ്ങളിലായി ആഴത്തിലുള്ള മുറിവുകളുണ്ടായി. റൗഫിന്റെ രണ്ടുകാലിലും കടിയേറ്റു. ഇരുവഞ്ഞിപ്പുഴയിലെ കാരശ്ശേരി, ചോണാട്, വൈശ്യംപുറം,

കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയോട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻവീട്ടിൽ തുടങ്ങിയ ഭാഗങ്ങളിലാണ് നീർനായ ആക്രമണം ഏറ്റവും കുടുതൽ ഉണ്ടാവുന്നത്. നീർനായകൾ പെറ്റുപെരുകി പുഴയിൽ എല്ലായിടത്തും ഇവയുടെ സാന്നിധ്യമുണ്ട് . ഇവ പുഴകളിൽ കൂട്ടമായി നീന്തിത്തുടിക്കുന്നതും ഇടയ്ക്ക് കരയ്ക്കുകയറി ഓടിക്കളിക്കുന്നതും സാധാരണ കാഴ്ചയാണ്.

​ജോലി കഴിഞ്ഞ് അധികം മറുനാടൻ തൊഴിലാളികളും കുളിക്കാൻ പുഴയെയാണ് ആശ്രയിക്കുന്നത്. ഇവരിൽ ഒട്ടേറേപ്പേർക്ക് നീർനായകളുടെ കടിയേൽക്കുന്നുണ്ട്. എന്നാൽ ഇവർ പലരും ചികിത്സിക്കാൻ നാട്ടിലേക്ക് പോകുന്നതിനാൽ എത്രപേർക്ക് കടിയേൽക്കുന്നുണ്ട് എന്ന് വ്യക്തമല്ല. കടിയേറ്റാൽ ഒന്നൊന്നര മാസമെങ്കിലും പണിയെടുക്കാൻ കഴിയില്ലെന്ന സാഹചര്യംകൊണ്ടു കൂടിയാണ് അവർ നാട്ടിലേക്ക് മടങ്ങുന്നത്.

​2023-ൽ വനംവകുപ്പ് അധികൃതർ നീർനായകളെ പിടികൂടാൻ പരീക്ഷണാർഥം രണ്ടുമൂന്നുസ്ഥലത്ത് പുഴയിൽ കൂടുകൾ സ്ഥാപിച്ചിരുന്നു. പക്ഷേ ഒന്നുപോലും കൂട്ടിൽ കയറിയില്ല. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീടും ആക്രമണം തുടരുകയും നാട്ടുകാരുടെ പരാതി ശക്തമാവുകയും ചെയ്തപ്പോൾ

വനംവകുപ്പിന്റെ ആർ.ആർ.ടി. അംഗങ്ങൾ കടവുക ളിൽ രണ്ടുതവണ പരിശോധന നടത്തിയെങ്കിലും തുടർനടപടി ഒന്നുമുണ്ടായില്ല. നീർ നായകളെ കൊല്ലാൻ പാടില്ലാത്തതിനാൽ പിടികൂടി ജനവാസമില്ലാത്ത പ്രദേശത്തെ ജലാശയങ്ങളിൽ കൊണ്ടിടുക മാത്രമേ പരിഹാരമുള്ളുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ ഒരെണ്ണത്തിനെപ്പോലും ഇന്നേവരെ ആർക്കും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

മറ്റെന്തു പരിഹാരമുണ്ടാക്കാൻ കഴിയും എന്ന് ഒരു പഠനമോ പരിശ്രമമോ ഒന്നും ഉണ്ടാകുന്നില്ല.

പുഴയുടെ പരിസരത്തേക്ക് പോകാതിരിക്കുകയാണ് ഇന്നത്തെ ഏക പരിഹാരമാർഗം. എന്നാൽ പുഴയോരവാസികൾക്ക് അത് കഴിയാത്ത കാര്യവുമാണ്.

പുഴ സദസ്സും വെറുതേയായി

​നീർനായ ആക്രമണം അസഹ്യമായപ്പോൾ 2024 ഒക്ടോബറിൽ എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കാരശ്ശേരി, കൊ ടിയത്തൂർ, മാവൂർ പഞ്ചായത്തുകളി​െലയും മുക്കം മുനിസിപ്പാലിറ്റിയി​െല​യും ഭരണസമതി അംഗങ്ങളടക്കം ജനപ്രതിനിധികളും നീർനായയുടെ കടിയേറ്റവരും നാട്ടുകാരും പങ്കെടുത്ത പുഴസദസ്സ് കൊടിയത്തൂരിൽ നടത്തി. ഇതിൽ പരിഹാരനിർ​േദശങ്ങളും ആവശ്യങ്ങളും ഉയർത്തിയിരുന്നു. പ​േക്ഷ, അവയൊന്നും പരിഗണിക്കുകയോ നടപടികൾ എടുക്കുകയോ ഉണ്ടായില്ല. പലതവണ നൽകിയ നിവേദനങ്ങൾക്കും പരാതികൾക്കും ഒരു നടപടിയും അധികൃതരാരും സ്വീകരിച്ചില്ല.

കടവുകളിൽ സംരക്ഷണവലകൾ സ്ഥാപിക്കണം

കുളിക്കടവുകളിൽ നീർനായകൾ കടക്കാതെ സംരക്ഷണവലകൾ സ്ഥാപിച്ചാൽ ആളുകൾക്ക് കടിയേൽക്കാതെ കുളിക്കാനും തുണി അലക്കാനും ഒക്കെ കഴിയുമെന്നാണ് എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ ഭാരവാഹികൾ പറയുന്നത്.

കാരശ്ശേരിയിൽ അടിതൃക്കോവിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവത്തിന് കടവിൽ ഇതേപോലെ വലകൾ സ്ഥാപിച്ചപ്പോൾ നീർനായകളുടെ ആക്രമണം ഉണ്ടായില്ലെന്നത് ഇതിന് തെളിവാണ്.

ഈ ആവശ്യം ഉന്നയിച്ച് മുൻ സർക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ., വനം മന്ത്രി തുടങ്ങിയവർക്കെല്ലാം നിവേദനം നൽകിയിരുന്നതായും കാര്യമൊന്നും ഉണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

കടിയേറ്റാൽ കുടുംബം പട്ടിണിയാകും

വെള്ളത്തിനടിയിൽക്കൂടിവന്ന്‌ ആളുകളുടെ കാലിൽ നീർനായകൾ കൂർത്തുവളഞ്ഞ പല്ലുകൾകൊണ്ട് മാംസം മുറിച്ചെടുക്കുന്ന തരത്തിലാണ് കടിക്കുന്നത്. ഇത് അതികഠിനമായ വേദന ഉണ്ടാക്കുന്നതാണ്. ചികിത്സലഭിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തണം. ആശുപത്രിയിൽ ഇഞ്ചക്‌ഷൻ എടുക്കുന്നത് കടിയേറ്റ മുറിവുകൾക്ക് ചുറ്റുമാണ്. ഇത് കടിയേൽ ക്കുന്നതിനേക്കാളും കഠിനമായവേദനയാണ് ഉണ്ടാക്കുന്നതെന്ന് അനുഭവസ്ഥർ പറഞ്ഞു.

സാരമായി പരിക്കേൽക്കുന്നതിനാൽ ഒരു മാസത്തിലധികം വിശ്രമം തന്നെ വേണ്ടിവരും.ഇതു കാരണം വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനാവില്ല. മുതിർന്നവർക്ക് ജോലിക്ക് പോകാനും കഴിയില്ല. ചികിത്സക്കും വീട്ടുചെലവിനും വരുമാനമില്ലാത്ത സ്ഥിതിയുണ്ടാക്കി പലവീട്ടുകാരും ദുരിതത്തിലാവുകയും ചെയ്യുന്നു.