നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

To advertise here,

കല്പറ്റ : കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്നത്തിൽ നിയമപരമായ ശാശ്വതപരിഹാരം കണ്ടെത്താൻ റിട്ട. ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. മന്ത്രിമാരായ ഷിബു ബോബി ജോൺ, ടി. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി കല്പറ്റ റസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെനൽകാനുള്ള നിയമസാധ്യതകൾ പരിശോധിക്കുകയാണ് പ്രധാനലക്ഷ്യം. തൊണ്ടർനാട് പഞ്ചായത്തിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ വിലകൊടുത്തുവാങ്ങിയ പന്ത്രണ്ടേക്കർ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെതിരേയാണ് കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി കാഞ്ഞിരത്തിനാൽ കുടുംബം പോരാട്ടം നടത്തുന്നത്. കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം 4056 ദിവസം പിന്നിട്ടിരിക്കുകയാണ്.

പരിശോധനകൾ കാര്യക്ഷമമാക്കാൻ റിട്ട. ജഡ്ജിയെ സഹായിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. നിയമസാധ്യതകൾ പരിശോധിച്ച് ഒരുമാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.

ട്രിബ്യൂണൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ചുകളുടെ വ്യത്യസ്ത വിധികൾ, വിധിന്യായങ്ങൾ നിലവിലുള്ളതിനാലാണ് കേസ് നിയമപരമായി സങ്കീർണമായത്. ഭൂമിപ്രശ്നത്തിൽ ശാശ്വതപരിഹാരം ലക്ഷ്യമിട്ടാണ് ജില്ലയിലെത്തിയതെങ്കിലും കോടതിവിധിയുള്ള സാഹചര്യത്തിൽ സമിതി വിഷയം പഠിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

കുടുംബത്തിന്റെ നിസ്സഹായവസ്ഥ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കളക്ടർ വി. ചെൽസാസിനി, അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ജെ. ജസ്റ്റിൻ മോഹൻ, ഉത്തരമേഖലാ ഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻകുമാർ, പാലക്കാട് വൈൽഡ് ലൈഫ് കൺസർവേറ്റർ ടി. ഉമ, എ.ഡി.എം. കെ. അജീഷ്, നേർത്ത് വയനാട് ഡി.എഫ്.ഒ. സന്തോഷ് കുമാർ, സൗത്ത് വയനാട് ഡി.എഫ്.ഒ. ആഷിഖ് അലി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കുടുംബാംഗങ്ങളായ കാഞ്ഞിരത്തിനാൽ ട്രീസ, ജെയിംസ് എന്നിവരുമായി മന്ത്രിമാർ ചർച്ചനടത്തി. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ നടന്ന മുഴുവൻസംഭവങ്ങളും ഇരുവരും മന്ത്രിമാർക്ക് മുന്നിൽ വിശദീകരിച്ചു.

കളക്ടറേറ്റിനു മുന്നിലെ സമരംചെയ്യുന്ന കാഞ്ഞിരത്തിനാൽ ജെയിംസിനോട് സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.

ഇത് കുടുംബം അംഗീകരിച്ചില്ല. നിലവിൽ സമരം തുടരുകയാണെന്നും പ്രായോഗികമായി പരിഹാരമാകുമ്പോൾ സമരം അവസാനിപ്പിക്കാമെന്നുമാണ് കുടുംബം അറിയിച്ചത്.

കാഞ്ഞിരത്തിനാൽ കുടുംബത്തിന് സമ്പൂർണനീതി ഉറപ്പാക്കും -മന്ത്രി ടി. സിദ്ദിഖ്

കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്നത്തിൽ കുടുംബത്തിന് സമ്പൂർണ നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ടി. സിദ്ദിഖ്. ഭൂമിയുടെ മൂന്നുഭാഗവും ജനങ്ങൾ താമസിക്കുകയും കൃഷിഭൂമിയും ഒരുഭാഗത്ത് പുഴയുമായിരുന്നിട്ടും വനഭൂമിയായി പ്രഖ്യാപിച്ച് കുടുംബത്തെ കുടിയൊഴിപ്പിച്ച നടപടി വൈകാരികവും അനീതിനിറഞ്ഞതുമാണെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന്‌ കർഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന നടപടികളുണ്ടാവില്ല. കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തമായ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായ മാർഗത്തിലൂടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പുതിയനീക്കം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.