പ്രശംസനീയം കാർഷികമേഖലയിലെ എടവക മോഡൽ
മാനന്തവാടി : എൽനിനോ പ്രതിഭാസങ്ങളുടെ ഭാഗമായി കാർഷികമേഖലയിൽ വരാൻപോകുന്ന വരൾച്ചാ പ്രതിസന്ധിക്ക് മാതൃകയായി എടവക മോഡൽ. മഴക്കുറവുമൂലം വരണ്ടുണങ്ങിയ എടവക കാക്കഞ്ചേരി, മുക്കത്തവയൽ, എള്ളുമന്ദം പാടശേഖരങ്ങളിലെ നെൽക്കൃഷി ഇനി തഴച്ചു വളരും. നഞ്ച നെൽക്കൃഷി വെള്ളമില്ലാതെ നശിക്കുന്ന സാഹചര്യത്തിൽ തകരാറിലായ മോട്ടോറും അനുബന്ധ ഉപകരണങ്ങളും കനാലും ഉപയോഗയോഗ്യമാക്കി മാതൃകയായിരിക്കുകയാണ് കീസ്റ്റോൺ ഫൗണ്ടേഷൻ.
പരിസ്ഥിതി നീതിയിലൂടെയും കാലാവസ്ഥാ വ്യതിയാന പരിഹാരങ്ങളിലൂടെയും സുസ്ഥിരമായ ഭാവി മുന്നിൽക്കണ്ട് മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയാണ് കീസ്റ്റോൺ ഫൗണ്ടേഷൻ. കാലാവസ്ഥാ വ്യതിയാനം പഠിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുക, തദ്ദേശീയ അവകാശങ്ങൾക്കായി വാദിക്കുക, പാരിസ്ഥിതിക അറിവും ഗോത്ര ചരിത്രങ്ങളും രേഖപ്പെടുത്തുക എന്നിവയിലൂടെ കീസ്റ്റോൺ തദ്ദേശീയ ജനങ്ങളെയും പ്രാദേശിക സമൂഹങ്ങളെയും ആവാസവ്യവസ്ഥയെയും സ്വാധീനിച്ചിട്ടുണ്ട്.
കർഷകർക്ക് യഥാസമയം ലഭിക്കേണ്ട സഹായങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ആശ്വാസമെന്നോണം കീസ്റ്റോൺ ഫൗണ്ടേഷന്റെ ഇടപെടൽ. ഇതുമൂലം 40 ഏക്കർ നെൽക്കൃഷിക്കാണ് ജീവൻ വെച്ചത്.
ജനസേചനം നടത്തുന്നതിനായി തകരാറിലായിരുന്ന മോട്ടോറും തകർന്നു കിടന്ന 100 മീറ്റർ കനാലും ഫൗണ്ടേഷന്റെ സഹായത്തോടുകൂടി കാക്കഞ്ചേരി പാടശേഖര സമിതി ജലസേചന യോഗ്യമാക്കി. സാമ്പത്തികമായി കീ സ്റ്റോൺ ഫൗണ്ടേഷനാണ് കർഷകരെ സഹായിക്കുന്നതിനായി സമയബന്ധിതമായി പ്രവർത്തിച്ചത്. എടവകയിലെ മറ്റു പാടശേഖരങ്ങളിലെയും നിലവിലുള്ള പമ്പ് സെറ്റ് പ്രവർത്തിപ്പിക്കുന്ന ആവശ്യമായ പൈപ്പ്, മോട്ടോർ, കനാൽ എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് ഫൗണ്ടേഷൻ സഹായധനം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
എടവക ഗ്രാമപ്പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ 30 ഹെക്ടർ നെൽക്കൃഷി ചെയ്ത നൂറോളം കർഷകർക്ക് കീസ്റ്റോണിന്റെ ഇടപെടൽ പ്രയോജനമുണ്ടാക്കും. ആകെ ചെലവിന്റെ നിശ്ചിത ശതമാനം കർഷകർ വഹിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കീ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം കോഡിനേറ്റർ കെ.ജി. രാമചന്ദ്രൻ, ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ പി.ബി. സനീഷ്, മുഹമ്മദ് റാഫി, എടവക കൃഷി ഓഫീസർ കെ.ജി. സുനിൽ, പാടശേഖരസമിതി ഭാരവാഹികളായ സണ്ണി ഇടുമാരിയിൽ, വിനോദ് കാക്കഞ്ചേരി, ടി.എ. ജോർജ് തലച്ചിറഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Published: 20 Sept 2026, 03:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented