വടകര : ജന്തർ മന്തറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സി.പി.എം. നേതാക്കൾക്കെതിരേ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് നാടാകെ സി.പി.എം. പ്രതിഷേധം.

To advertise here,

സി.പി.എം. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനവും തെരുവുയോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ, എം.നാരായണൻ എന്നിവർ സംസാരിച്ചു.

പ്രകടനത്തിന് കെ.പുഷ്പജ, കെ.പി. ബിന്ദു, പി.സി. സുരേഷ്, പി.കെ. കൃഷ്ണദാസ്, ടി.സി. രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി. സി.ഐ.ടി.യു.വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് വേണു കക്കട്ടിൽ, സെക്രട്ടറി വി.കെ. വിനു എന്നിവർ നേതൃത്വം നൽകി.

സി.ഐ.ടി.യു., കർഷക ത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ലോക്കൽ, വില്ലേജ്, മേഖലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനവും കോലം കത്തിക്കലും തെരുവുയോഗങ്ങളും നടത്തി.

എടച്ചേരി : ജന്തർമന്തർ സമരത്തിൽ പങ്കെടുത്ത സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, പി.ബി. അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സമരക്കാരെ അകാരണമായി അറസ്റ്റുചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പുതിയങ്ങാടിയിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. ഗ്യാനേഷ് കുമാറിന്റെ കോലംകത്തിച്ചു. സി.പി.എം. ഏരിയാകമ്മിറ്റി അംഗം ടി.വി. ഗോപാലൻ, യു.കെ. ബാലൻ, പി. ഹരീന്ദ്രൻ, എം.എം. അശോകൻ എന്നിവർ നേതൃത്വംനൽകി.

കക്കട്ടിൽ : കക്കട്ടിൽ സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ അധ്യക്ഷനായി.

മുഹമ്മദ് കക്കട്ടിൽ, ജൂലിയസ് മിർഷാദ്, അജിത നടേമ്മൽ, രാധിക ചിറയിൽ, വി. ആർ. വിജിത്ത്, എന്നിവർ സംസാരിച്ചു.