തിരുവമ്പാടി : കനത്തമഴ പെയ്താൽ അങ്ങാടി വെള്ളക്കെട്ടിലകപ്പെടും. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം ഇനിയും അകലെ. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജങ്ഷൻ എന്നിവിടങ്ങളിലാണ് മഴപെയ്തതോടെ വെള്ളക്കെട്ടുണ്ടായത്. ഇതോടെ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരേപോലെ ബുദ്ധിമുട്ടി. പരിസരത്തെ താഴ്ന്നസ്ഥലങ്ങൾ മണ്ണിട്ടുനികത്തിയതാണ് പൊടുന്നനെയുള്ള പ്രളയത്തിന് കാരണമാകുന്നതെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. സമീപപ്രദേശങ്ങളിൽനിന്നുള്ള വെള്ളം ടൗണിലേക്ക് കുത്തിയൊലിച്ച് ഒഴുകിപ്പോകാതെ തളംകെട്ടിക്കിടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയിൽ ബസ്‌ സ്റ്റാൻഡിലേക്കും കൂടരഞ്ഞി റോഡിലേക്കും വെള്ളം ഇരച്ചുകയറിയെത്തി. ഒട്ടേറെ കടവരാന്തകളിലും മഴവെള്ളം പാഞ്ഞെത്തി. വെള്ളക്കെട്ട് ദുരിതത്തിൽ നാട്ടുകാർ ഏറെ വലഞ്ഞു. വാഹനഗതാഗതം മുടങ്ങിയില്ലെന്നുമാത്രം.

To advertise here,

താഴ്ന്നപ്രദേശത്താണ് അങ്ങാടിയും ബസ് സ്റ്റാൻഡും. നാലുദിക്കുകളിലെ കുന്നിൻഭാഗങ്ങളിൽനിന്നും മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതിനൊപ്പം കക്കുണ്ട് തോട് ഉൾപ്പെടെയുള്ള താഴ്ന്നപ്രദേശങ്ങളിൽനിന്നും വെള്ളം കുതിച്ചെത്തുന്നത് അങ്ങാടിയിലേക്കാണ്. മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ അഴുക്കുചാലുകൾ നവീകരിക്കുന്നതൊഴിച്ചുനിർത്തിയാൽ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി ശാശ്വതമായ നടപടികളൊന്നുംതന്നെ ആവിഷ്കരിക്കുന്നില്ല. ഭാരിച്ച സാമ്പത്തികബാധ്യതയാണ് ഇതിനുകാരണമായി പറയുന്നത്. വ്യാപാരസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും മറ്റും പുറന്തള്ളുന്ന മലിനജലം സുഗമമായി ഒഴുകിപ്പോകാൻ നിലവിലെ അഴുക്കുചാൽസംവിധാനം പര്യാപ്തമല്ല. കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡിന്റെ ഭാഗമായി ഈയിടെ പണിത അഴുക്കുചാലുകളും വെള്ളം പുറത്തേക്കുതള്ളാതെ ഒഴുകിപ്പോകാൻ പര്യാപ്തമല്ല. അഴുക്കുചാലുകളുടെ മുകളിലെ പൈപ്പ് ഗ്രില്ലുകളിൽനിന്നടക്കം വെള്ളം പുറത്തേക്ക് പരന്നൊഴുകുകയാണ്. 2018-ലും 19-ലും ഉണ്ടായ മഹാപ്രളയത്തിൽ ദിവസങ്ങളോളം വെള്ളത്തിലായിരുന്നു ഈ അങ്ങാടി. കോടികളുടെ നഷ്ടമാണ് അന്ന് വ്യാപാരികൾക്കുണ്ടായത്.

വലിയപദ്ധതികൾ ഫയലിൽത്തന്നെ, പുതിയ മാസ്റ്റർപ്ലാൻ ആവശ്യം ശക്തം

ടൗൺ വികസനത്തിനും വെള്ളക്കെട്ടൊഴിവാക്കാനും മുൻ എം.എൽ.എ. ജോർജ് എം. തോമസ്. 3.5 കോടിയുടെ മാസ്റ്റർ പ്ലാൻ മുന്നോട്ടുവെച്ചിരുന്നു. ഈ പദ്ധതിയാകട്ടെ എട്ടുവർഷമായി ഫയലിൽ കിടക്കുകയാണ്. പൊതുമരാമത്ത് എ.ഇ.യുടെ നേതൃത്വത്തിൽ സ്വകാര്യ സർവേയറെയും സംഘത്തെയും ഈ കാര്യത്തിന് ചുമതലപ്പെടുത്തിയിരുന്നു. ഒരുമാസത്തോളം പഠനവും സർവേയും നടത്തുകയുണ്ടായി. ടൗണിൽ അഞ്ചുകലുങ്കുകൾ നിർമിക്കുകയും നിലവിലുള്ളതിന്റെ ശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മാസ്റ്റർപ്ലാനിന്റെ പ്രധാന പദ്ധതി. എന്നാൽ, ഇത് പ്രഖ്യാപനത്തിലൊതുങ്ങിയതോടെ തുടർന്നുവന്ന എം.എൽ.എ. ലിന്റോ ജോസഫ് അഞ്ചുകോടി രൂപയുടെ പുതിയ മാസ്റ്റർപ്ലാനുമായി രംഗത്തുവരുകയുണ്ടായി. മഴവെള്ളം അങ്ങാടിയിൽ എത്താതെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുവിടുന്ന പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, അഞ്ചുവർഷം പിന്നിട്ടിട്ടും ഈ പദ്ധതിയും നടപ്പാക്കാനായില്ല.