ഓർക്കാട്ടേരി : ഓർക്കാട്ടേരിയിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരുകോടിയോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ഇവ ബ്രൈഡ് ഫാൻസി ആൻഡ് ഫുട് വെയർ സ്ഥാപനത്തിലാണ് കാര്യമായ നഷ്ടമുണ്ടായത്. ഇവിടെയുള്ള സാധനങ്ങളെല്ലാം ഏതാണ്ട് പൂർണമായും കത്തി. തീപ്പിടിത്തത്തിന്റെ ഉറവിടവും ഇവിടെയാണ്. ഇടിമിന്നലിനെത്തുടർന്ന് സി.സി.ടി.വി. കേബിളിലുണ്ടായ ഷോട്‌ സർക്കിറ്റാണ് തീപ്പിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

To advertise here,

കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലയിലാണ് കാര്യമായ നഷ്ടം. രണ്ടുനിലയിലും ഇവ ബ്രൈഡ് ഫാൻസി സ്ഥാപനമാണ്. രണ്ടാംനിലയിൽ വിൽപ്പനശാലയും മൂന്നാംനിലയിൽ ഗോഡൗണും. ഇവിടെയുള്ള സാധനങ്ങൾ ഒന്നൊഴിയാതെ കത്തി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഫാൻസി, ഫുട് വെയർ എന്നിവയുടെ വൻശേഖരം ഇവിടെയുണ്ടായിരുന്നു. കൂടാതെ ഫർണിച്ചറുകളും ഇന്റീരിയറുമെല്ലാം നശിച്ചു. ഏറാമല സ്വദേശി ശർഷാദിന്റെയും മാങ്ങാട്ടുപാറ സ്വദേശി അമീന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

താഴത്തെനിലയിലേക്ക് തീപടരാതെ തടയാനായത് നഷ്ടത്തിന്റെ ആഘാതം കുറച്ചു. ഇവിടെയുള്ള ഏറാമല സഹകരണബാങ്ക്, നീതി മെഡിക്കൽ സ്റ്റോർ, കോട്ടയ്ക്ക‌ൽ ആര്യവൈദ്യശാല, ആർ.ആർ. ഫ്രൂട്ട്‌സ് സ്റ്റാൾ എന്നിവിടങ്ങളിൽ തീപിടിച്ചില്ലെങ്കിലും തീയണയ്ക്കുമ്പോൾ ഷട്ടർ വഴി വെള്ളം ഉള്ളിലേക്കുകയറി നാശം സംഭവിച്ചിട്ടുണ്ട്. ഫ്രൂട്ട്‌സ് കടയിൽ 25,000 രൂപയുടെ നഷ്ടമുണ്ട്. മൂന്നുനില കെട്ടിടത്തിനും കാര്യമായ നാശം സംഭവിച്ചു.

പോലീസിന്റെ ഫൊറൻസിക് വിഭാഗം കെട്ടിടത്തിൽ പരിശോധന നടത്തി. വെളിച്ചക്കുറവ് കാരണം വെള്ളിയാഴ്ച പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ശനിയാഴ്ച ഇത് തുടരും.

ഫയർ ഹൈഡ്രന്റില്ല, തുണയായത് മാഹി കനാൽ

തീപ്പിടിത്തസമയത്ത് അഗ്നിരക്ഷാസേനയ്ക്ക് വെള്ളമെടുക്കാൻ തുണയായത് വടകര-മാഹി കനാൽ. ജല അതോറിറ്റിയുടെ ഫയർ ഹൈഡ്രന്റ് സംവിധാനം ഓർക്കാട്ടേരിയിൽ ഇല്ല. ഇതോടെയാണ് കളിയാംവെള്ളി പാലത്തിനരികിലേക്ക് പോയി വെള്ളംനിറച്ചത്. ഇതേച്ചൊല്ലി വിവാദമുയരുകയും ചെയ്തു. സേനയെത്തി മിനിറ്റുകൾക്കുള്ളിൽ രണ്ട് യൂണിറ്റിലെയും വെള്ളം തീർന്നതാണ് പരാതിക്കിടയാക്കിയത്.

ആവശ്യത്തിന് വെള്ളമില്ലാതെയാണ് വന്നതെന്നായിരുന്നു ആക്ഷേപം. എന്നാൽ, മിനിറ്റിൽ 2850 ലിറ്റർ വെള്ളം പുറന്തള്ളാനുള്ള ശേഷി പൈപ്പിനുണ്ട്. ഒരു യൂണിറ്റിൽ ഉണ്ടായിരുന്നത് 4000 ലിറ്റർ വെള്ളം, മറ്റൊന്നിൽ 3500 ലിറ്ററും. നല്ല തീയായതിനാൽ ശക്തിയിൽത്തന്നെ വെള്ളം തള്ളേണ്ടിവന്നതുകൊണ്ടാണ് ടാങ്കിലെ വെള്ളം പെട്ടെന്ന് തീർന്നതെന്ന് സേന വ്യക്തമാക്കി. ഇതോടെയാണ് വെള്ളം നിറയ്ക്കാൻ കനാലിലേക്ക് കുതിച്ചത്. ഈ സമയത്ത് തീയണയ്ക്കാൻ മറ്റ് യൂണിറ്റുകളൊന്നുമില്ലാത്തത് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് നാദാപുരം, പാനൂർ, തലശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നെല്ലാം ഫയർ യൂണിറ്റുകളെത്തി. മൊത്തം എട്ട് യൂണിറ്റുകളിലായി 50-ഓളം ജീവനക്കാർ തീയണയ്ക്കാൻ നേതൃത്വംനൽകി.

അഗ്നിരക്ഷാസേന എത്താൻ വൈകിയെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, 8.46-ന് കോൾ വന്ന് ഒരുമിനിറ്റിനുള്ളിൽത്തന്നെ സേന ഇറങ്ങിയെന്നും ഒൻപതുമണിയോടെ സ്ഥലത്തെത്തിയെന്നും വടകര അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു. നല്ല തീയാണെന്ന് വ്യക്തമായതോടെതന്നെ മറ്റുള്ള യൂണിറ്റുകൾക്കെല്ലാം വിവരം നൽകി. ജില്ലാ റീജണൽ ഫയർ ഓഫീസർ രഞ്ജിത്ത് കുമാർ സ്ഥലം രാത്രിതന്നെ സന്ദർശിച്ചു.