ജന്തർമന്തറിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പകർന്ന് സംഗമങ്ങൾ

To advertise here,

കോഴിക്കോട് : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ജന്തർമന്തറിൽനടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചും ശനിയാഴ്ച കോഴിക്കോട്ട് രാപകൽ ഭേദമില്ലാതെ പ്രതിഷേധങ്ങൾ നടന്നു.

പകൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധങ്ങൾക്കു പുറമേ സി.ജെ.പി.യുടെയും വിവിധ വിദ്യാർഥിസംഘടനകളുടെയും നേതൃത്വത്തിൽ വൈകീട്ടും രാത്രിയിലും ബീച്ച് കേന്ദ്രീകരിച്ച് പ്രതിഷേധസംഗമങ്ങളുമുണ്ടായി.

ജന്തർ മന്തർ പ്രതിഷേധത്തിനെത്തിയ സി.പി.എം. നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സി.പി.എം. ജില്ലാകമ്മിറ്റി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ. മുഹമ്മദ്‌ റിയാസ്‌ എം.എൽ.എ. ഉദ്‌ഘാടനംചെയ്തു. ജില്ലാസെക്രട്ടറി എം. മെഹബൂബ്‌, സംസ്ഥാനകമ്മിറ്റിയംഗം എ. പ്രദീപ്‌ കുമാർ‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, ടി. വിശ്വനാഥൻ, എം. ഗിരീഷ്‌, സി.പി. മുസാഫർ അഹമ്മദ്‌, പി. നിഖിൽ എന്നിവർ പങ്കെടുത്തു.

സി.ജെ.പി. സംസ്ഥാനഘടകത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ വൈകീട്ട് സമരപരിപാടി നടത്തി. വേക്ക് അപ് കേരള അടക്കമുള്ള നിരവധി സംഘടനകൾ പിന്തുണയുമായി എത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും പ്രധാനമന്ത്രിയുടെയും രാജിയാവശ്യപ്പെട്ടും സി.ജെ.പി. നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചുമായിരുന്നു പരിപാടി.

വിദ്യാർഥി യുവജനപ്രക്ഷോഭത്തെ അടിച്ചമർത്തുന്നനെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ബീച്ചിൽ ജന്തർമന്തർ പ്രതിഷേധം സംഘടിപ്പിച്ചു. വെൽെഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പരിപാടി ഉദ്ഘാടനംചെയ്തു. സാമൂഹിക പ്രവർത്തകരായ ഗ്രോ വാസു, ഒ.പി. രവീന്ദ്രൻ, ഗാർഗി, എസ്.ഐ.ഒ. സംസ്ഥാനപ്രസിഡന്റ് അബ്ദുൽ വാഹിദ്, ജി.ഐ.ഒ. സംസ്ഥാന ജനറൽസെക്രട്ടറി റിസ്വാന ഷെറിൻ, തുടങ്ങിയവർ സംസാരിച്ചു.

ഡൽഹിയിൽ ഇടതുപക്ഷ മുന്നണി നേതാക്കൾക്കു നേരേ നടന്ന ഭരണകൂടവേട്ടയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.

എൽ.ഐ.സി. കോർണറിൽനടന്ന പരിപാടി ജില്ലാപ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യങ് ഡിമോക്രാറ്റ്‌സ് കോഴിക്കോട് ജില്ലാ ഓർഗനൈസിങ്‌ കമ്മിറ്റി കോഴിക്കോട് നഗരത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു.

ഐ.എൻ.എൽ. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ നേതൃത്വത്തിൽനടന്ന ഐക്യദാർഢ്യ സംഗമം സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു.

മുതലക്കുളം മൈതാനം പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം കിഡ്‌സൺ കോർണറിൽ സമാപിച്ചു.