വടകര : വടകര നഗരത്തിൽ പൊതുസ്ഥലത്ത് രണ്ടിടങ്ങളിലായി കക്കൂസ്‌മാലിന്യം തള്ളി. മാലിന്യംതള്ളിയ വാഹനം പിന്തുടർന്നവരെ ഇടിച്ചുവീഴ്ത്തുകയും ചെയ്തു. നമ്പർപ്ലേറ്റില്ലാത്ത ടാങ്കർലോറിയാണ് ഫയർസ്റ്റേഷന് സമീപവും കോട്ടക്കടവ് റെയിൽവേ ഗേറ്റിനു സമീപവും മാലിന്യംതള്ളിയത്.

To advertise here,

മാലിന്യം തള്ളുന്നതുകണ്ട് നാട്ടുകാരും ഓട്ടോറിക്ഷാഡ്രൈവർമാരും വാഹനം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വടകര നഗരസഭാ ആരോഗ്യവിഭാഗം ഇരുസ്ഥലങ്ങളിലും പരിശോധന നടത്തി. കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് ഇവർ അറിയിച്ചു.

ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും മാലിന്യംതള്ളിയ വാഹനം പിന്തുടരാൻ ശ്രമിച്ചു. എന്നാൽ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് ടി.ടി. ജനീഷ് ബ്ലോക്ക് കമ്മിറ്റി അംഗം രോഹിത് എന്നിവരെ ടാങ്കർ ഇടിപ്പിച്ച്‌ അപകടപ്പെടുത്താൻ ശ്രമിച്ച് കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ഇതിൽ ജനീഷിന് വീഴ്ചയിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്നും ഇവർ ടാങ്കറിനെ പിന്തുടർന്നു. തൊണ്ടയാട് ബൈപ്പാസ് വരെ പിന്നാലെ പോയെങ്കിലും ഇരുചക്രവാഹനത്തിലെ എണ്ണ തീർന്നതിനാൽ പിന്നീട് സാധിച്ചില്ല.

മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലായിരുന്നു ടാങ്കർ സഞ്ചരിച്ചത്. പയ്യോളി, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിലും കൺട്രോൾറൂമിലും ബന്ധപ്പെട്ടെങ്കിലും കൃത്യസമയത്ത് സഹായം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.

വടകര ക്വീൻസ് റോഡിലെ വൺ ടൂ ത്രീ മാളിൽനിന്നുള്ള മാലിന്യമാണിത്. നിശ്ചിത തുക നൽകി കെട്ടിടത്തിലെ മാലിന്യംകൊണ്ടുപോകാൻ സ്വകാര്യവ്യക്തികൾ കരാറെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ കരാറെടുക്കുന്നവർ മാലിന്യം ഇത്തരത്തിൽ പൊതുസ്ഥലത്ത് തള്ളുകയാണ് പതിവ്.

കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകണം -ഡി.വൈ.എഫ്.ഐ.

ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് ടി.ടി. ജനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം എസ്. രോഹിത് എന്നിവരെ അപകടപ്പെടുത്തുകയും പൊതുസ്ഥലത്ത് മാലിന്യം തള്ളുകയുംചെയ്ത വിഷയത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. വിഷയത്തിൽ അധികാരികൾക്കും പോലീസ് സ്റ്റേഷനിലും ഡി.വൈ.എഫ്.ഐ. പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു. കൃത്യമായ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇവർ അറിയിച്ചു.