കോഴിക്കോട് : ഗാന്ധിജിയും ലോഹ്യയും ജെ.പി.യും നയിച്ച പാതയിൽ തന്റെ ജീവിതയാത്ര സമർപ്പിച്ച സ്വാതന്ത്ര്യപ്പോരാളിക്ക് നാട് വിടചൊല്ലി. വാസ്വേട്ടൻ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ച സോഷ്യോ വാസു ഇനി ഒാർമ്മ. ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ മകൻ രമേഷ് ബാബു ചിതയ്ക്ക് തീകൊളുത്തി. ആദർശത്തിൽ വേരുപടർത്തിയ പോരാട്ടജീവിതം എന്നന്നേക്കുമായി അഗ്നിനാവുകൾ ഏറ്റുവാങ്ങി.

To advertise here,

ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ വെള്ളിയാഴ്ച ചെറുവണ്ണൂരിലെ ‘സോഷ്യോ’ വീട്ടിലെത്തി പി. വാസുവിന് അന്ത്യാഞ്ജലിയർപ്പിച്ചു. ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും തങ്ങളുടെ തലമുതിർന്ന മുൻഗാമിയെ അവസാനമായിക്കണ്ടു. രാവിലെ 11 മണിയോടെ പോലീസ് സേന പൂർണ ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുമുറ്റത്തുവെച്ച് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് അന്ത്യകർമങ്ങൾ ആരംഭിച്ചു. മക്കളായ രമേഷ് ബാബുവും രാജനാരായണനും ബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു. 

പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ., ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, കൗൺസിലർമാരായ എം.പി. മുനീർ, സി. സന്ദേശ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ്, മുൻമന്ത്രി കെ.പി. മോഹനൻ, ആർ.ജെ.ഡി. ദേശീയസമിതി അംഗം മനയത്ത് ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.പി. ദാമോദരൻ, എം.പി. ശിവാനന്ദൻ, സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, സംസ്ഥാന ട്രഷറാർ എൻ.സി. മോയിൻകുട്ടി, ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരൻ, ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേംഭാസിൻ, മഹിളാ ജനതാ സംസ്ഥാന ജനറൽ സെക്രട്ടറി വിമല കളത്തിൽ, സി.പി.ഐ. സംസ്ഥാന സമിതി അംഗം ടി.വി. ബാലൻ, ജില്ലാ സെക്രട്ടറി പി. ഗവാസ്, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി പി.കെ. നാസർ, ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, സംസ്ഥാന കൗൺസിൽ അംഗം വി. മോഹനൻ, സംസ്ഥാനസമിതി അംഗം ബി.കെ. പ്രേമൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് പി.എം. ശ്യാമപ്രസാദ്, എൻ.സി.പി.-എസ്.പി. ജില്ലാ പ്രസിഡന്റ് എം. ആലിക്കോയ, മദ്യനിരോധനസമിതി സംസ്ഥാന നേതാക്കളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പ്രൊഫ. ടി.എം. രവീന്ദ്രൻ, ഇയ്യച്ചേരി പത്മിനി, പ്രൊഫ. ഒ.ജെ. ചിന്നമ്മ, സർവോദയ മണ്ഡലം ഭാരവാഹികളായ ടി. ബാലകൃഷ്ണൻ, യു. രാമചന്ദ്രൻ, പി. ശിവാനന്ദൻ, ഇടതുപക്ഷ ചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സർവോദയം ബുക്ക് ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ്കുമാർ, ഫാ. ജിജു പള്ളിപ്പറമ്പിൽ, വിജയരാഘവൻ ചേലിയ, സിവിക് ചന്ദ്രൻ, ആർ. ജയന്ത് കുമാർ തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

വൈകുന്നേരം കോഴിക്കോട് ഗാന്ധിഗൃഹത്തിലും ചെറുവണ്ണൂർ ഗവ. ഹൈസ്‌കൂളിന് സമീപം സ്രാമ്പ്യയിലും അനുശോചനയോഗം ചേർന്നു.

ഗോതീശ്വരത്തും ആദരമർപ്പിച്ചു

ബേപ്പൂർ : ഗോതീശ്വരം ശ്മശാനത്തും സോഷ്യോ വാസുവിന് ആദരമർപ്പിക്കാൻ ഒട്ടേറെപ്പേരെത്തി. എഴുത്തുകാരൻ എം.എൻ. കാരശ്ശേരി, മനുഷ്യാവകാശപ്രവർത്തകൻ ഗ്രോ വാസു, പി.എസ്.സി. മുൻ അംഗം ഇ. രവീന്ദ്രനാഥ്‌, ആർ.ജെ.ഡി. നേതാക്കളായ എൻ.കെ. വത്സൻ, ഹരീന്ദ്രനാഥ്, ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി എം.പി. പത്മനാഭൻ, ഡി.സിസി. വൈസ് പ്രസിഡന്റ് എം. രാജൻ തുടങ്ങിയവർ എത്തി.

എ.കെ. ആന്റണി അനുശോചിച്ചു

കോഴിക്കോട് : സ്വാതന്ത്ര്യസമരസേനാനി സോഷ്യോ വാസുവിന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി അനുശോചിച്ചു. സോഷ്യോ വാസുവിന്റെ വീട്ടിലെത്തിയ മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബുവിന്റെ ഫോണിലൂടെ അദ്ദേഹത്തിന്റെ മക്കളോട് വിവരങ്ങൾ തിരക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.