സംഘനൃത്തത്തിനു തൊട്ടുമുൻപ് വിദ്യാർഥിനിക്ക് ബൈക്കപകടത്തിൽ പരിക്ക്, എന്നിട്ടും പതറാതെ തകർത്താടി ആറംഗസംഘം

To advertise here,

കോഴിക്കോട്: ഒരുമിച്ച് ചുവടുവെക്കേണ്ടത് ഏഴുപേർ. എന്നാൽ, വേദിയിലെത്തിയത് ആറുപേർ മാത്രം. അവസാന നിമിഷംവരെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വരവും കാത്തിരുന്ന അവർക്ക് ഒടുവിൽ അവളില്ലാതെ ചുവടുവെക്കേണ്ടിവന്നു. ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനത്തിൽ ജെ.ഡി.ടി. ഇസ്‌ലാം സ്കൂൾ ഫോർ ഡിഫറന്റ്‌ലി ഏബിളിലെ വിദ്യാർഥിനി സി.കെ. അശ്വതിക്ക് നഷ്ടമായത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യവേദി. മത്സരത്തിന് മണിക്കൂറുകൾക്കുമുൻപുണ്ടായ അപകടമാണ് 18-കാരിയുടെ സംഘനൃത്തസ്വപ്നങ്ങൾക്ക് താത്കാലികമായി തടസ്സമായത്.

രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അച്ഛൻ ടി.കെ. കുഞ്ഞനോടും അമ്മ പി. റീജയോടുമൊപ്പം ബൈക്കിൽ മാനാഞ്ചിറ ബി.ഇ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവവേദിയിലേക്ക് വരുകയായിരുന്നു അശ്വതി. മാനാഞ്ചിറയിലെത്തുന്നതിന് തൊട്ടുമുൻപ് ബൈക്ക് ഒാട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അശ്വതിക്കും അച്ഛനും പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഇരുവരെയും അതേ ഓട്ടോയിൽ ബീച്ച് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചു.

അശ്വതിയുടെ വലതുകാലിന്റെ പാദത്തിലുണ്ടായ ആഴത്തിലുള്ള മുറിവിന് മൂന്ന് സ്റ്റിച്ചിട്ടു. വലതുകാലിലെ മുട്ടിനും പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതോടെ അശ്വതിക്ക് സംഘനൃത്തത്തിൽ പങ്കെടുക്കാനായില്ല. റിൻഷ ഫാത്തിമ, നെഹല ജാസ്, ആതിര, അമൃത, നന്ദൻ, സഫ എന്നിവരായിരുന്നു വേദിയിലെത്തിയ ആറുപേർ.

അധ്യാപിക രമ്യ കുട്ടികളെ ആശ്വസിപ്പിച്ചു. ആറുപേരെയും ഒരുമിച്ചുനിർത്തി ഒരിക്കൽക്കൂടി നൃത്തം പരിശീലിപ്പിച്ചു. ആത്മവിശ്വാസം പകർന്നതോടെ കൂട്ടുകാരിയുടെ അസാന്നിധ്യത്തിലുള്ള സങ്കടം മാറ്റിവെച്ച് അവർ വേദിയിലേക്ക് കയറി. ആദിവാസി സമൂഹത്തിന്റെ ജീവിതത്തിലേക്ക് രാഷ്ട്രീയ പ്രവർത്തകരുടെ കടന്നുവരവോടെ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു സംഘനൃത്തത്തിന്റെ പ്രമേയം.