പുറക്കാട് : തകർന്ന ഗ്രാമീണറോഡുകൾ ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല. കുടിവെള്ളപദ്ധതിക്കായി റോഡരിക് കുഴിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചിടത്തുപോലും കൃത്യമായി റീ ടാറിങ് ചെയ്തു പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. പല റോഡുകളുടെയും പ്രവൃത്തി അനന്തമായി നീളുകയാണ്. തിക്കോടി ഗ്രാമപ്പഞ്ചായത്തിലെ പുറക്കാട്- പറോളി നട റോഡ് നവീകരിക്കാൻവേണ്ടി കുഴിച്ചുമറിച്ചിട്ടത് മാസങ്ങളായിട്ടും ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല.

To advertise here,

വർഷങ്ങളായി ഈ റോഡ് അവഗണനയിലാണ്. കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം ഭാഗത്തേക്കുള്ള തടോളിത്താഴ-കാവുംവട്ടം റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. കുഴിനിറഞ്ഞ റോഡിലൂടെ മഴപെയ്താൽ സഞ്ചരിക്കാൻ കഴിയില്ല. ഈ റോഡ് ഉയർത്തി പുനരുദ്ധരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. തടോളിതാഴെ-കാവുംവട്ടം റോഡിൽ നമ്പൂരികണ്ടി പള്ളിമുതൽ തടോളിതാഴെ മുക്ക് വരെയുള്ള ഭാഗം ടാറിങ് പൂർണമായും തകർന്നിരിക്കുന്നു. ചിലയിടങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാൻ ഓവുചാൽ നിർബന്ധമാണ് ഈ റോഡിൽ. ഓവുചാൽ നിർമിച്ച ഇടങ്ങളിൽ റോഡ് തകർന്നിട്ടില്ല. വയൽഭാഗത്താണ് റോഡ് കൂടുതലായി തകർന്നത്.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടേരി ശാഖ യൂത്ത് ലീഗ് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് പരാതിനൽകി.

മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷറർ പി.ടി. ഷഹദ്, നടേരി ശാഖ പ്രസിഡന്റ് സുഹൈൽ, ജന. സെക്രട്ടറി ടി. ഷമീർ, ട്രഷറർ പി.പി. അഫ്‌സൽ, സലാം ഓടക്കൽ എന്നിവരാണ് പരാതിനൽകിയത്.

പെരുവട്ടൂർ വിയ്യൂർ റോഡ് കുറച്ചുഭാഗംമാത്രമാണ് റീടാർ ചെയ്തു ഗതാഗതയോഗ്യമാക്കിയത്. നടേരിക്കടവ്, കക്കുളം പാടശേഖരം, ഇല്ലത്ത് താഴ ഭാഗങ്ങളിൽ റോഡ് തകർന്നുകിടപ്പാണ്. ജലവിതരണപദ്ധതിക്കായി റോഡ് കുഴിച്ചുമറിച്ചതും മിക്കയിടത്തും നേരേയാക്കിയില്ല. വിയ്യൂർ കൊടക്കാട്ടുംമുറി മുചുകുന്ന് റോഡും തകർന്നുകിടക്കുന്നു. കാലങ്ങളായി ഒരുതരത്തിലുള്ള അറ്റകുറ്റപ്പണിയും ഈ റോഡിലൊന്നും നടന്നിട്ടില്ല.