നാട്ടുകാർ പ്രതിഷേധത്തിന്‌

To advertise here,

ഒറ്റപ്പാലം : പാതിയിൽ നിലച്ച റോഡുപണിമൂലം സഹികെട്ട് നാട്ടുകാർ പ്രതിഷേധത്തിനിറങ്ങുന്നു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡും ഷൊർണൂർ-കുളപ്പുള്ളി റോഡും എത്രയുംപെട്ടെന്ന് നവീകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രണ്ടിടത്തും നാട്ടുകാർ റോഡ് ഉപരോധിക്കും. പണി പുനരാരംഭിക്കുന്ന കാര്യത്തിൽ ഒരു തീരുമാനമാകാതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നാണ് നാട്ടുകാരുടെ കൂട്ടായ്മകൾ പറയുന്നത്.

പ്രതിഷേധമുണ്ടായാൽ മാത്രം ടാറിങ്

ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ ടാർ ചെയ്യുന്നത് പ്രതിഷേധമുണ്ടാക്കുന്നിടത്തുമാത്രമാണെന്ന് പനമണ്ണ ജനകീയക്കൂട്ടായ്മ ആരോപിക്കുന്നു. അനങ്ങനടിയിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കീഴൂർ റോഡുമുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം ടാർ ചെയ്തു. ഇങ്ങനെ എല്ലായിടത്തും പ്രതിഷേധിക്കുന്നിടത്തുമാത്രമാണ് പണി നടക്കുന്നതെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു. പൊടി ശ്വസിച്ച് പലർക്കും അസുഖങ്ങളുണ്ടാകുന്ന സ്ഥിതിയാണ്. വാഹനമെടുത്ത് പുറത്തിറങ്ങാൻ വയ്യ.

ഓരോ കാരണങ്ങൾ പറഞ്ഞ് പൊതുമരാമത്ത് വകുപ്പും കരാർ കമ്പനിയും പണി നീട്ടിക്കൊണ്ടുപോവുകയാണ്. ഇനിയും ഇത് സഹിക്കാനാവില്ല.

അതുകൊണ്ട് പനമണ്ണയിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ റോഡ് നാട്ടുകാർ ഉപരോധിക്കുമെന്നും റോഡ് പൂർണമായും റബ്ബറൈസ് ചെയ്യണമെന്നും ജനകീയക്കൂട്ടായ്മ സെക്രട്ടറി കെ. മുഹമ്മദ് ഫൈസൽ, കെ. മണികണ്ഠൻ, കെ. മോഹൻദാസ് എന്നിവർ പറഞ്ഞു.

ബസ് പണിമുടക്കിനൊപ്പം റോഡ് ഉപരോധവും

“ആകെ പൊടിയാണ്. റോഡരികിലെവിടെയും ഇരിക്കാനാവില്ല. പ്രദേശത്ത് താമസിക്കുന്നവരിൽ പലർക്കും പൊടി ശ്വസിച്ച് അസുഖങ്ങളാണ്. ഇനിയും നോക്കിയിരിക്കാനാവില്ല” -ഷൊർണൂർ-കുളപ്പുള്ളി റോഡിലെ ഒരുപറ്റം നാട്ടുകാരുടെ പരാതിയാണിത്. അഞ്ചുവർഷത്തോളമായി നിർമാണം മുടങ്ങിക്കിടക്കുന്ന റോഡുപണിമൂലം കഷ്ടപ്പെടുകയാണ് പ്രദേശവാസികൾ. വെറും നാലുകിലോമീറ്റർമാത്രമുള്ള റോഡ് നവീകരിക്കുന്ന പണിയാണ് അനന്തമായി നീളുന്നത്. സഹികെട്ട് ഒടുവിലാണ് നാട്ടുകാർ തിങ്കളാഴ്ച പ്രതിഷേധത്തിനിറങ്ങുന്നത്.

രാവിലെ 9.30-ന് ഷൊർണൂർ പൊതുവാൾ ജങ്ഷനും പൊതുമരാമത്ത് ഓഫീസും ഉപരോധിക്കാനാണ് തീരുമാനമെന്ന് പ്രദേശവാസികളായ ടി.കെ. ഷാജുലാൽ, കെ.എ. നിതീഷ്, എസ്. സുദീപ്, ടി.എൻ. അഫ്‌സൽ, കെ. നിപുൺ, നിതീഷ് ദാസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബസ്സുടമകളുടെയും തൊഴിലാളികളുടെയും സംഘടന ഷൊർണൂരിൽ തിങ്കളാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഉപരോധവും നടക്കുക. ഷൊർണൂരിൽ സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ ശാസ്ത്രമേള ശനിയാഴ്ച തുടങ്ങുകയാണ്. ഇവിടേക്ക് കുട്ടികളെത്തേണ്ടതും ഇതേ പാതയിലൂടെയാണ്. പ്രദേശവാസികൾക്കു പുറമേ ഷൊർണൂർ റെയിൽവേ ജങ്ഷനിൽ തീവണ്ടിയിറങ്ങുന്ന ആയിരക്കണക്കിന് യാത്രക്കാരും ഇതേ ദുരിതം താണ്ടണം.

ഇനി പാറപ്പൊടിയിട്ടുള്ള അറ്റകുറ്റപ്പണി അനുവദിക്കില്ലെന്നും പൂർണമായും ടാർ ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം പാറപ്പൊടിയിട്ടുള്ള നവീകരണം നാട്ടുകാർ തടഞ്ഞിരുന്നു.