അയിലൂർ : തകർന്ന പാതയുടെ ദുരിതവും പൊടിശല്യവും അനുഭവിക്കുന്ന അയിലൂരുകാരുടെ മൂന്നുവർഷത്തെ വിഷമം മാറ്റാൻ വഴികാണുന്നില്ല. ജനപ്രതിനിധികളുടെ പ്രതിഷേധം തുടരുമ്പോഴും മറുഭാഗത്ത് കരാറുകാരനും പൊതുമരാമത്ത് വകുപ്പും തമ്മിൽ നിയമങ്ങൾ പറഞ്ഞ് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.
2023 ആഗസ്റ്റിൽ ആരംഭിച്ച പ്രവൃത്തി ഒരു വർഷത്തിനുള്ളിൽ കലുങ്കുകളും വെള്ളച്ചാലുകളും നിർമിച്ച് ഒരു വർഷത്തിനുള്ളിൽ 10.8 കിലോമീറ്റർ ഒലിപ്പാറവരെ പൂർത്തീകരിക്കാനായിരുന്നു പദ്ധതി. നവീകരണത്തിനായി നിലവിലുള്ള പാത പൊളിക്കുകയും ചെയ്തു. നാലുതവണ കരാർ നീട്ടി നൽകിയെങ്കിലും 3.2 കിലോമീറ്റർ മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്.
സെപ്തംബർ 19-ന് അയിലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരിയുടെയും ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ ദേശീയപാത വിഭാഗം കോഴിക്കോട് സൂപ്രണ്ടിങ് എൻജിനിയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് കരാറുകാരനെ വിളിച്ചുവരുത്തി ചർച്ചചെയ്തു. സെപ്തംബർ 24-നകം നവീകരണം തുടങ്ങാമെന്ന് കരാറുകാരൻ അറിയിച്ചതോടെ സൂപ്രണ്ടിങ് എൻജിനിയർ ഇതുകാണിച്ച് കത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനു നൽകുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഒത്താശ ചെയ്ത് പൊതുമരാമത്ത് വകുപ്പ്
ജനപ്രതിനിധികൾ പ്രതിഷേധിച്ചദിവസം കരാറുകാരൻ പണി പൂർത്തിയാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട് സൂപ്രണ്ടിങ് എൻജിനിയർക്ക് കത്ത് നൽകിയിരുന്നു. ഇത് മറച്ചുവെച്ചാണ് ഒരാഴ്ചക്കകം പണി നടത്തുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കാമെന്ന് സൂപ്രണ്ടിങ് എൻജിനിയർ കത്ത് നൽകിയതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സാവകാശം ആവശ്യപ്പെട്ട കത്തിൽ, സൂപ്രണ്ടിങ് എൻജിനിയറോട് തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കരാറുകാരൻ ഹൈക്കോടതിയിലും പരാതി നൽകി.
പരാതിയിൽ കരാറുകാരനെ നേരിട്ട് കേട്ടശേഷം ഉചിതമായ തീരുമാനമെടുക്കാൻ നിർദേശം നൽകി പരാതി തീർപ്പാക്കുകയും ചെയ്തു. ഇതോടെ നഷ്ടം ഈടാക്കി കരാറിൽനിന്ന് ഒഴിവാക്കാൻ കഴിയാത്ത സ്ഥിതിയായെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും പറയുന്നു. ഇനി കരാറുകാരന് നോട്ടീസ് നൽകി കൂടിക്കാഴ്ച നടത്തിയശേഷമാണ് തുടർനടപടികൾ സ്വീകരിക്കുകയെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നതെന്ന് നെന്മാറ-ഒലിപ്പാറ പാത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മന്ത്രിക്ക് പരാതിയും നൽകി.
കൂടിക്കാഴ്ചയിൽ ഉൾപ്പെടുത്തണമെന്ന് അയിലൂർ ഗ്രാമപ്പഞ്ചായത്ത്
കരാറുകാരനെ കേൾക്കുന്നതോടൊപ്പം ഗ്രാമപ്പഞ്ചായത്തിനെയും കേൾക്കണമെന്നാവശ്യപ്പെട്ട് അയിലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി സൂപ്രണ്ടിങ് എൻജിനിയർക്ക് കത്ത് നൽകി.
ജനങ്ങളുടെ യാത്രദുരിതവും പൊടിപടങ്ങൾ മൂലമുണ്ടായിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച് നിരവധി പരാതികൾ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. കരാറുകാരനെതിരേ നടപടി സ്വീകരിച്ച് നവീകരണം അടിയന്തിരമായി പൂർത്തിയാക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
Published: 03 Oct 2026, 02:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented