കോഴിക്കോട് : ബി.ജെ.പി. പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിനുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തെ ബി.ജെ.പി. സംസ്ഥാനകാര്യാലയത്തിനുനേരേയും ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനത്തിനുനേർക്കും കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
മാനാഞ്ചിറയിലെ ടീച്ചേഴ്‌സ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം റോഡിൽ ബാരിക്കേഡുകൾവെച്ച് പോലീസ് പ്രകടനം തടഞ്ഞു. മുതലക്കുളത്തേക്കാണ് പ്രകടനം നടത്താൻ നിശ്ചയിച്ചിരുന്നത്. മുതലക്കുളത്ത് കോൺഗ്രസ് പ്രവർത്തകർ നൈറ്റ്മാർച്ചിനായി സംഘംചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. സംഘർഷസാധ്യതയൊഴിവാക്കാൻ പോലീസിന്റെ ഉചിതമായ ഇടപെടൽ സഹായകമായി.
പ്രകടനമായെത്തിയ ബി.ജെ.പി. പ്രവർത്തകർ ബാരിക്കേഡുകളിലൊന്ന് മറിച്ചിട്ടു. ഇതേത്തുടർന്ന് കൂടുതൽ സംഘർഷാവസ്ഥയുണ്ടായി.
തുടർന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം പ്രതിഷേധക്കാർ പിരിഞ്ഞുപോകുംവരെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധയോഗം ബി.ജെ.പി. സംസ്ഥാനസമിതി അംഗം പി. രഘുനാഥ് ഉദ്ഘാടനംചെയ്തു.
സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു അധ്യക്ഷതവഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് നവ്യാ ഹരിദാസ്, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണൻ, കൗൺസിലർ സരിത പറയേരി, എൻ.പി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Published: 02 Oct 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented