ചെന്നൈ : തമിഴ്നാട്ടിൽ സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യമായി യാത്രചെയ്യാൻ സൗകര്യമൊരുക്കുന്ന ‘വെട്രി പയനം’ പദ്ധതിയുടെ വിപുലീകരണം മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തിദിനമായ വെള്ളിയാഴ്ച ചെന്നൈയിൽ ബസിൽ യാത്രചെയ്ത മുഖ്യമന്ത്രി യാത്രക്കാരുമായി സംവദിക്കുകയും സ്ത്രീകൾക്ക് നേരിട്ട് സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ ഏഴ് ഗതാഗത കോർപ്പറേഷനുകൾക്കു കീഴിലുള്ള 12,695 ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യയാത്രാ സൗകര്യം ലഭിക്കുക. പ്രതിദിനം ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും.

To advertise here,

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധിയുണ്ടാകില്ല. ഒരു ദിവസം എത്രതവണ യാത്ര ചെയ്യാമെന്നതിനും നിയന്ത്രണമില്ല. മുൻപ് ഓർഡിനറി ബസുകളിൽ മാത്രമായിരുന്നു സ്ത്രീകൾക്ക് സൗജന്യയാത്ര നടത്താനായിരുന്നത്. എന്നാൽ, ഇനിമുതൽ ഡീലക്സ്, എക്സ്പ്രസ് ബസുകളിലും യാത്രചെയ്യാം. സാമ്പത്തിക തടസ്സങ്ങളില്ലാതെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള സ്ത്രീകൾക്ക് യാത്രാ സൗകര്യം ലഭ്യമാക്കുകയും സാമൂഹികനീതി ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. ടി.വി.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണ് ‘വെട്രി പയനം’, തായ്‌മാമൻ തങ്കമോതിരം പദ്ധതി, സ്കൂളുകളിലെ പ്രാതൽ പരിപാടി തുടങ്ങിയവയ്ക്ക് പിന്നാലെയാണ് സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതി വിപുലീകരിച്ചത്. പ്രതിവർഷം ആറായിരം കോടിയോളം രൂപയാണ് സർക്കാർ പദ്ധതിക്കായി മാറ്റിവെക്കുക.

കോയമ്പത്തൂർ : എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിക്ക് കോയമ്പത്തൂർ മേഖലയിൽ തുടക്കമായി. കോയമ്പത്തൂർ ഡിവിഷനിലെ ജില്ലകൾക്കായി 2,108 ബസുകൾ സർവീസ് നടത്തും. കോയമ്പത്തൂർജില്ലയിൽ മാത്രം 790 ബസുകളിൽ സൗജന്യയാത്ര ലഭ്യമാവും. പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ മന്ത്രി വി. സമ്പത്ത്കുമാർ നിർവഹിച്ചു.

കോയമ്പത്തൂർ മേഖലയിൽ നാലുലക്ഷം സ്ത്രീകൾക്കും ട്രാൻസ് വിഭാഗത്തിനും സൗജന്യയാത്ര പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ബസ് സർവീസ് തുടങ്ങിയെങ്കിലും ചിലേടങ്ങളിൽ പ്രായോഗികപ്രശ്നങ്ങളുണ്ട്. വരുംദിവസങ്ങളിൽ അതെല്ലാം പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.