പഴയപാലം പൂർണമായും ഒഴിവായി

To advertise here,

വടകര : മൂരാട് പുതിയ റെയിൽപ്പാലവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം പൂർത്തിയാക്കി റെയിൽവേ. ബുധനാഴ്ച രാത്രിമുതൽ വ്യാഴാഴ്ച പുലർച്ചെവരെ ആറരമണിക്കൂർ നീണ്ട പ്രവൃത്തിയിലൂടെയാണ് റെയിൽവേ ട്രാക്കും പാലത്തിലെ ട്രാക്കും യോജിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയത്.

ആദ്യഘട്ട പ്രവൃത്തി 17-ന് നടത്തി പുതിയ പാലത്തിലൂടെ തീവണ്ടി ഓടിത്തുടങ്ങിയിരുന്നു. 125 വർഷം പഴക്കമുള്ള ഏറ്റവും പഴയപാലം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി മധ്യത്തിലുള്ള പാലത്തെ കോഴിക്കോട്, കണ്ണൂർ ട്രാക്കുമായി ബന്ധിപ്പിക്കുന്ന ജോലിയാണ് ബുധനാഴ്ച നടത്തിയത്.

എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ജോലികളെല്ലാം ഏകോപിപ്പിച്ചുകൊണ്ടായിരുന്നു ജോലി. വൈകീട്ട് 7.15 മുതൽ പുലർച്ചെ 1.45 വരെ നീളുന്ന ലൈൻബ്ലോക്ക് സംവിധാനമാണ് ആസൂത്രണംചെയ്തതെങ്കിലും സാങ്കേതികകാരണങ്ങളാൽ ബ്ലോക്ക് തുടങ്ങിയത് രാത്രി എട്ടുമണിക്കാണ്.

ഇലക്‌ട്രിക്കൽ ലൈനിന്റെ അലൈൻമെന്റ് പ്രശ്‌നംകാരണം പ്രവൃത്തി പൂർത്തിയാകാനും വൈകി. മൂന്നുമണിക്കാണ് ലൈൻബ്ലോക്കും പവർബ്ലോക്കും റദ്ദാക്കി തീവണ്ടി ഗതാഗതം പുനരാരംഭിച്ചത്.

നിലവിലുള്ള ഇന്റർലോക്കിങ് സംവിധാനവും സിഗ്നൽസംവിധാനവും താത്കാലികമായി വിച്ഛേ‌ദിച്ചുകൊണ്ടാണ് ‘കട്ട് ആൻഡ് കണക്‌ഷൻ പ്രവൃത്തി നടത്തിയത്.

തീവണ്ടികളുടെ വരവും പോക്കും പൂർണമായും സ്റ്റേഷൻമാസ്റ്റർമാർ നിയന്ത്രിച്ചു. കോഴിക്കോട് ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ് 50 മിനിറ്റും ഭാവ് നഗർ-കൊച്ചുവേളി എക്‌സ്‌പ്രസ് 45 മിനിറ്റും വൈകി ഓടി.

വടകരയിൽനിന്ന്‌ തിക്കോടിക്ക് പോകുന്ന ലൈനിൽത്തന്നെ തിരിച്ച് തിക്കോടിയിൽനിന്ന്‌ വടകരയിലേക്ക് മൂന്ന് തീവണ്ടികൾ കടത്തിവിട്ടു. പ്രവൃത്തി കാരണം കണ്ണൂർ ഭാഗത്തേക്കുള്ള മൂന്ന് തീവണ്ടികൾ ഭാഗികമായി റദ്ദാക്കിയിരുന്നു. കോയമ്പത്തൂർ-കണ്ണൂർ വണ്ടി കൊയിലാണ്ടിയിലും എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ഏലത്തൂരിലും ജനശതാബ്ദി എക്സ്‌പ്രസ്‌ കോഴിക്കോട്ടുമാണ് യാത്ര അവസാനിപ്പിച്ചത്.

പ്രവൃത്തി പൂർത്തിയായതോടെ പടിഞ്ഞാറുവശത്തുള്ള പഴയപാലം തീർത്തും ഓർമ്മയായി. ദാദർ എക്‌സ്‌പ്രസാണ് അവസാനമായി ഈ പാലത്തിലൂടെ ഓടിയത്.

എ.ഡി.ആർ.എം. ജെറിൻ. വി. ആനന്ദ്, ചീഫ് എൻജിനിയർ വിജയ പാണ്ഡ എന്നിവർ പ്രവൃത്തി വിലയിരുത്താനെത്തി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷബിൻ ആസഫ്, സീനിയർ ഡിവിഷണൽ ഇലക്‌ട്രിക്കൽ എൻജിനിയർ സന്ദീപ്, അസിസ്റ്റന്റ് എൻജിനിയർ ജവഹർ, ട്രാഫിക് ഇൻസ്‌പെക്ടർമാരായ വത്സലൻ കുനിയിൽ, വി. അജിത്, രാജേഷ് എന്നിവരും പങ്കെടുത്തു. അസിസ്റ്റൻറ്്‌ എക്‌സിക്യുട്ടീവ് എൻജിനിയർ ഹബീബ് റഹ്‌മാൻ എൻജിനിയറിങ് പ്രവൃത്തിക്ക് നേതൃത്വം നൽകി.