കാക്കൂർ: ജീവിതപ്രതിസന്ധികളെ അതിജീവിച്ച് ബിൻസി ഡോക്ടറായി. സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളുടെ രോഗങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലാണ് കാക്കൂർ തീർത്ഥങ്കര മീത്തൽ ബേബി-സുലോചന ദമ്പതിമാരുടെ മകൾ ബിൻസി, പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയത്.
നീറ്റ് പരീക്ഷയിൽ ഉന്നത റാങ്കോടെയാണ് ബിൻസി എം.ബി.ബി.എസ്. പ്രവേശനം നേടിയത്. ബിൻസിയുടെ അച്ഛൻ ബേബി വർഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലാണ്. അതിനാൽ വല്ലപ്പോഴുംമാത്രമേ കൂലിപ്പണിക്കുപോലും പോകാൻ കഴിയാറുള്ളൂ. മൂത്തസഹോദരൻ നബിൻ ഭിന്നശേഷിക്കാരനാണ്. ഇതുമൂലം അമ്മ സുലോചനയ്ക്ക് ജോലിക്ക് പോകാനും കഴിയാറില്ല. അനുജത്തി പി.ജി. വിദ്യാർഥിയാണ്. ഈ സാഹചര്യങ്ങൾക്കിടയിലാണ് ബിൻസി പഠിച്ചത്. ഡോക്ടറാവണമെന്ന മോഹം ചെറുപ്പംമുതൽക്കേ ബിൻസി ഉള്ളിൽ കൊണ്ടുനടന്നിരുന്നു. ജീവിതപ്രയാസങ്ങൾക്കിടയിലും ഇതിനായി കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. പ്രതിസന്ധികൾക്കിടയിൽ ബിൻസി നേടിയ എം.ബി.ബി.എസ്. പ്രവേശനം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ പഠനകാലത്ത് ഏറെ സഹായങ്ങൾ നൽകി. ഒപ്പം നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്ന് ബിൻസി പറയുന്നു. എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ ബിൻസിക്ക് ജോലിചെയ്യുന്നതിനോടൊപ്പം നീറ്റ് പി.ജി. പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്നുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ തുടർപഠനം നടത്തണമെന്നാണ് ആഗ്രഹം. അസുഖങ്ങൾക്കും കഷ്ടതകൾക്കും നടുവിൽ കഴിയുന്ന തന്റെ കുടുംബത്തെ നോക്കണം. അതോടൊപ്പം തന്നെപ്പോലെ പഠനകാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് ആഗ്രഹവും ബിൻസി പങ്കുവെക്കുന്നു.
Published: 02 Oct 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented