ഇരുമ്പുഗ്രിൽ സ്ഥാപിക്കണമെന്ന് ആവശ്യം

To advertise here,

വടകര : ദേശീയപാതാ സർവീസ് റോഡിലെ മഴവെള്ളം ഓവുചാലിനുള്ളിലേക്ക് പോകാത്തത് വ്യാപാരസ്ഥാപനങ്ങൾക്ക് ഇരുട്ടടി. സർവീസ് റോഡിനേക്കാൾ താഴ്ന്നസ്ഥാപനങ്ങളിലേക്കാണ് മഴവെള്ളം ഒഴുകുന്നത്. അടയ്ക്കാത്തെരു ജങ്ഷന് സമീപം പി.കെ.ബി. ബിൽഡിങ്ങിലെ താഴത്തെനിലയിലെ കടകളിൽ മഴപെയ്താൽ വെള്ളംകയറുന്നത് പതിവായി. പൂട്ടിയിട്ട മുറികളും ഇവിടെയുണ്ട്. ഇതിനുള്ളിലും വെള്ളംകയറുന്നുണ്ടെന്നാണ് സംശയം.

സർവീസ് റോഡ് അടുത്തിടെ ടാർചെയ്ത് നവീകരിച്ചിരുന്നു. ഇതോടെ റോഡ് ഉയർന്നു. ഓവുചാൽ സ്ലാബ് റോഡിനെക്കാൾ താഴെയായി. റോഡിലെ വെള്ളം ഓവുചാലിനുള്ളിലേക്ക് ഒഴുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും സ്ലാബിന് മുകളിലെ മിക്കദ്വാരങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇതോടെ വെള്ളം മുഴുവൻ സ്ലാബും കടന്ന് താഴത്തെഭാഗത്തേക്ക് മറിയുകയാണ്. ഇവിടെയാണ് വ്യാപാരസ്ഥാപനങ്ങളുള്ളത്.

പൂത്തോളി ട്രേഡേഴ്‌സിന്റെ ഇരുവശത്തുമുള്ള എൽകോ ഏജൻസീസ് ഗോഡൗൺ, മലബാർ പെയിന്റ്‌സ് ആൻഡ് ഹാർഡ്‌വെയർ എന്നീ സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം പെയ്ത മഴയിൽ വെള്ളംകയറിയത്.

അടഞ്ഞ ദ്വാരങ്ങൾ ഇടയ്ക്ക് തുറക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. ഒരു സ്ലാബിൽ ചെറിയ ആറ് ദ്വാരങ്ങളാണുള്ളത്. മഴപെയ്യുമ്പോൾ ഇതുവഴി വെള്ളം ഉള്ളിലേക്ക് പോകുന്നത് കുറവാണ്. ഇതിലേറെ വെള്ളം പുറത്തേക്ക് മറിയുന്നുണ്ട്. ദേശീയപാതയിൽ മൊത്തം ഇതാണ് സ്ഥിതി. പുറത്തേക്ക് മറിയാൻ സൗകര്യമില്ലാത്ത സ്ഥലത്ത് റോഡ് വഴി വെള്ളം പരന്നൊഴുകും. അവസാനം എവിടെയാണോ ഒഴുകാൻ വഴിയുള്ളത് ഇതിലൂടെ ഒഴുകും. ഓവുചാലിനുള്ളിലേക്ക് വളരെക്കുറച്ച് വെള്ളമേ പോകുന്നുള്ളൂ. റോഡിലെ വെള്ളം മുഴുവൻ ചാലിലേക്ക് ഒഴുക്കാവുന്ന വിധത്തിലല്ല ഓവുചാൽ രൂപകല്പനചെയ്തത്. ഓവുചാൽ നിർമിക്കുന്ന സമയത്തുതന്നെ വെള്ളം എങ്ങനെ ചാലിനുള്ളിലേക്ക് പോകുമെന്ന ചോദ്യം ഉയർന്നിരുന്നു. അതൊന്നും ആരും ചെവിക്കൊണ്ടില്ല. എവിടെ പരാതിപറയണമെന്നറിയാത്ത സ്ഥിതിയിലാണ് വ്യാപാരികൾ. വെള്ളം ചാലിനുള്ളിലേക്ക് ഒഴുകാൻ ഇടവിട്ടുള്ള സ്ഥലത്ത് സ്ലാബിന് പകരം ഇരുമ്പുഗ്രിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.