ഒഞ്ചിയം: തുലാം പിറന്നു, ഇനി കടത്തനാടിന്റെ മടിത്തട്ടിൽ തിറയാട്ടങ്ങളുടെ കാലം. കാക്കുനി ഉമയംകുന്നുമ്മൽ പരദേവതാ കുട്ടിച്ചാത്തൻക്ഷേത്രത്തിൽ തുലാം ഒന്നിന് നേർച്ച വെള്ളാട്ടിന് തിരിതെളിയുന്നതോടെയാണ് കടത്തനാട്ടിലെ തെയ്യപ്പറമ്പുകൾ ഉണരുക. ചാലോറ കുട്ടിച്ചാത്തൻ, തലച്ചില്ലോൻ പരദേവത, കരിയാത്തൻ പരദേവത, ഗുളികൻ, വിഷ്ണുമൂർത്തി എന്നീ കുലദൈവങ്ങൾ കെട്ടിയാടുന്ന ഇവിടുത്തെ തിറയുത്സവം 23, 24, 25 ദിവസങ്ങളിലാണ്.
തെയ്യക്കുടുംബം എന്നത് പരമ്പരാഗത തെയ്യം തൊഴിൽ അനുഷ്ഠാനമാക്കിയവർ മാത്രമല്ല, ഒാരോ ക്ഷേത്രങ്ങളിലും അവയുടെ നടത്തിപ്പുകാരായവർ, ക്ഷേത്രസംരക്ഷണസമിതികൾ, പ്രദേശത്തിന്റെ കുലദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് പോരുന്ന ഭക്തജനങ്ങൾ എന്നിവരെല്ലാം ചേരുന്നതാണ്. ഇവരെല്ലാം മൂന്നുദിവസങ്ങളിലായി നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ കൂടുതൽ ജനകീയമാക്കി നടത്താൻ വേണ്ടുന്ന മുന്നൊരുക്കങ്ങളിലാണ്.
ഉമയംകുന്ന് കഴിഞ്ഞാൽ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ കോമത്ത് ഭഗവതീക്ഷേത്രം, തിരുവള്ളൂർ പൂക്കോട്ടുമ്മൽ ക്ഷേത്രം, കൊളങ്ങാട്ട് ക്ഷേത്രം, പരോന്റവിട, ഒതയോത്ത് ചാമുണ്ഡി ക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, ചെരണ്ടത്തൂർ മൂഴിക്കൽ ക്ഷേത്രം തുടങ്ങിയ ദേശങ്ങളിൽ തിറയുത്സവങ്ങൾ നടക്കും.
ആധുനിക സാങ്കേതികവിദ്യ വളർന്നതോടെ തെയ്യപ്രേമികളുടെ കൂട്ടായ്മയും തെയ്യങ്ങളുടെ പ്രചാരവും വർധിച്ചുവരുന്നുണ്ട്. കടമേരി പരദേവതാ ക്ഷേത്രത്തിൽ മേടം (ഏപ്രിൽ) മാസത്തിൽ തിറയുത്സവം കഴിയുന്നതോടെ കടത്തനാട്ടിൽ ചെണ്ടമേളങ്ങളുടെയും ചിലമ്പൊലികളുടെയും ആരവത്തിന് സമാപനമാകും. അതുവരെ ആറുമാസക്കാലം വ്യത്യസ്തങ്ങളായ നൂറുകണക്കിന് തെയ്യങ്ങളാണ് കടത്തനാടൻ മണ്ണിൽ കെട്ടിയാടുക.
പ്രകൃതിയിൽനിന്ന് തെയ്യച്ചമയം...
തെയ്യച്ചമയങ്ങൾ കേവലം അലങ്കാരം മാത്രമല്ല, പ്രകൃതിയുമായി മനുഷ്യനുളള ആത്മബന്ധവും തലമുറകളായി കൈമാറിവന്ന പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുമാണ്. ഓരോ തെയ്യകാലം വരുമ്പോഴും ഏറെ മുന്നൊരുക്കങ്ങൾ നടത്തിവേണം തെയ്യച്ചമയങ്ങൾ ഒരുക്കാൻ. തെങ്ങ്, കവുങ്ങ്, മുള തുടങ്ങിയവയുടെ വിവിധ ഭാഗങ്ങൾ തെയ്യച്ചമയങ്ങളുടെ പ്രധാനഘടകങ്ങളാണ്. മനോഹരമായ മുഖമെഴുത്തിന് ഈർക്കിളും മുളയും ബ്രഷായി ഉപയോഗിക്കുന്നു. നാഗഭഗവതിയുടെ നാല്പതടിയോളം വലുപ്പമുള്ള മുടികെട്ടാൻ ഫ്രെയിമിനുള്ള വാട, കെട്ടാനുള്ള പാന്തോൻ, കുരുത്തോല തുടങ്ങിയവയെല്ലാം ജൈവവസ്തുക്കൾ മാത്രം. ഘണ്ടാകർണൻ, ഗുളികൻ, വിഷ്ണുമൂർത്തി, ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉടയാട കുരുത്തോല കൊണ്ടാണ്. വിഷ്ണുമൂർത്തി, ഗുളികൻ തെയ്യങ്ങളുടെ മുഖംമൂടി കവുങ്ങിൻപാളകൊണ്ട് രൂപപ്പെടുത്തുന്നതാണ്. വിവിധ തെയ്യങ്ങളുടെ മുഖമെഴുത്തുകൾ തികച്ചും ജൈവികവസ്തുക്കൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. മിക്കതും വെളിച്ചണ്ണയിൽ ചാലിച്ചാണ് ഉപയോഗിക്കുക. ചുവപ്പിന് മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചായില്യം, മഞ്ഞയ്ക്ക് മഞ്ഞൾ, മനയോല, കറുപ്പിന് കരി, വെളുപ്പിന് അരിപ്പൊടി എന്നിവയാണ് ഉപയോഗിക്കുന്നത്. മിക്ക തെയ്യച്ചമയത്തിനും കഞ്ഞിവെള്ളത്തിൽ മുക്കിയ കോട്ടൻ കോറത്തുണി പ്രധാന ഘടകമാണെന്ന് തീക്കുനി ഉമയംകുന്നിലെ തെയ്യം കലാകാരനായ ഹരീഷ് പണിക്കർ പറയുന്നു.
Published: 24 Oct 2026, 03:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented