പേരാമ്പ്ര : നഗരമധ്യത്തിലെ ബൈപ്പാസ് റോഡിന്റെ സമീപമുള്ള തണ്ണീർത്തടങ്ങൾ മണ്ണിട്ടുനികത്തുന്നതിൽ നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് പേരാമ്പ്ര മേഞ്ഞാണ്യം വില്ലേജ് ഓഫീസർ രാജീവനുമായി ചർച്ചനടത്തി. രാത്രികാലങ്ങളിലും അവധിദിവസങ്ങളിലും വ്യാപകമായി അനധികൃതമായി തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരേ റവന്യൂ വിഭാഗം നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
തരംമാറ്റം ലഭിച്ച സ്ഥലമുടമകളും അനുമതിയില്ലാതെ സ്ഥലം മണ്ണിട്ടുനികത്തുന്നതായി പരാതിയുണ്ട്. പെർമിറ്റില്ലാതെ മണ്ണടിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഇത്തരത്തിൽ മണ്ണടിച്ചവർക്ക് നോട്ടീസ് നൽകുന്നതിനും മണ്ണ് തിരികെയെടുപ്പിക്കുന്നതിനുള്ള നിയമാനുസൃതനടപടികൾ സ്വീകരിക്കുന്നതിനും ചർച്ചയിൽ തീരുമാനിച്ചു. വിഷയത്തിൽ കൊയിലാണ്ടി തഹസിൽദാർ, ആർ.ഡി.ഒ., കളക്ടർ എന്നിവർക്ക് പരാതിയും നൽകും.
ചർച്ചയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രായി, പഞ്ചായത്ത് സെക്രട്ടറി ജെ.ആർ. അബ്ദുള്ള മിഥ്‌ലാജ്, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ ആർ.കെ. രജീഷ് കുമാർ, വി.കെ. നാസിദ, മെമ്പർമാരായ കെ.എം. ശ്രീനിവാസൻ, കെ.പി. യൂസഫ് എന്നിവരും പങ്കെടുത്തു. വെള്ളിയാഴ്ച വില്ലേജ് ഓഫീസർ മണ്ണിട്ടുനികത്തിയ സ്ഥലങ്ങൾ പരിശോധിച്ചു. ഒരിടത്ത് തരംമാറ്റിയ ഭൂമിയാണ് മണ്ണിട്ടുനികത്തിയത്. ആർ.ഡി.ഒ. ഓഫീസിൽനിന്ന് തരംമാറ്റാനുള്ള അപേക്ഷ തള്ളിയതിനുശേഷം കളക്ടർക്ക് അപ്പീൽ നൽകിയ ശേഷമാണ് ഇവിടെ തരംമാറ്റം അനുവദിച്ചുകിട്ടിയതെന്നാണ് വിവരം. ഈ സ്ഥലത്ത് മണ്ണിട്ടുനികത്തിയതിൽ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. മറ്റൊരിടത്തും ബൈപ്പാസ് റോഡിന് സമീപം മണ്ണിട്ടിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.
കുറെക്കാലമായി കൃഷിചെയ്യാതിട്ടിരുന്ന തണ്ണീർത്തട, വയൽ പ്രദേശത്തുകൂടിയാണ് 2023-ൽ ബൈപ്പാസ് റോഡ് വന്നത്. ഇതിനുശേഷം റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ടുനികത്തൽ തകൃതിയായി നടക്കുകയാണ്. ചിലയിടത്ത് മണ്ണിട്ടുനികത്തിയത് എടുത്തുമാറ്റാൻ നോട്ടീസ് നൽകിയിട്ട് നടപ്പാക്കാൻ റവന്യൂ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. സ്ഥലം തരംമാറ്റാനും മണ്ണിട്ടുനികത്തി പ്ലോട്ടാക്കി മാറ്റിനൽകാനുമെല്ലാം ചില സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബൈപ്പാസ് വന്നതോടെ ഇവിടെ സ്ഥലവിലയിൽ വലിയവർധനയാണ് അടുത്തകാലത്തുണ്ടായത്. സ്ഥലം നികത്തിയെടുക്കുന്നതോടെ വലിയവില ലഭിക്കുകയും ചെയ്യും.
Published: 24 Oct 2026, 03:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented