കൊടിയത്തൂർ : കായികമേളകൾ, കായിക പരിശീലനങ്ങൾ, ചെറുവാടി ഫെസ്റ്റ്, ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങളുടെയും സമ്മേളനങ്ങളുടെയും ഘോഷയാത്രകൾ, വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്ന ഖിലാഫത്ത് മിനിസ്റ്റേഡിയം നവീകരണപ്രവൃത്തി ഉടൻ പുനരാരംഭിക്കണമെന്ന് ജനകീയ കൂട്ടായ്മ . ഈ ആവശ്യം ഉന്നയിച്ച് കൂട്ടായ്മ സ്റ്റേഡിയത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു .

To advertise here,

നവീകരണപ്രവൃത്തി തുടങ്ങിയതുമുതൽ സ്റ്റേഡിയം ഉപയോഗിക്കാൻപറ്റാത്ത നിലയിലാണ് . ഒരു വർഷത്തോളമായി പ്രവൃത്തി നിലച്ചുകിടക്കുകയുമാണ്. സ്റ്റേഡിയം നവീകരണപ്രവൃത്തി മുടങ്ങി ഉപയോഗിക്കാനാവാതെ കിടക്കുന്നത് കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

സ്റ്റേഡിയത്തിന്റെ നവീകരണം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ജനകീയകൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്റ്റേഡിയത്തിന്റെ നവീകരണപ്രവർത്തനങ്ങൾ വൈകുന്നത് കായികപ്രേമികളിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രവൃത്തികൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. നാടിന്റെ പൊതുവായ ആവശ്യത്തിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

ജനകീയകൂട്ടായ്മ പ്രവർത്തകരായ ജമാൽ ചെറുവാടി, ഹസ്സൻ ചെറുവാടി, റഹീം കണിച്ചാടിക്കുയ്യിൽ, ഷറഫലി പുത്തലത്ത്, ഷൈബിൻ പൊറ്റമ്മൽ, സലാഹുദ്ദീൻ വേണയിക്കോട്, അസ്കർ കൊട്ടുപുറത്ത്, അസ്സു കണിച്ചാടി, ഇബ്രാഹിം, അഷ്റഫ് കൊളക്കാടൻ, സലീം കുറുവാടങ്ങൽ, ഇർഷാദ്, കണ്ണൻ ചെറുവാടി, സി.വി. ലുക്കുമാൻ, നിയാസ് ചെറുവാടി എന്നിവർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്ക് നേതൃത്വംനൽകി.