വടകര : തൂൺ തകർന്ന് അപകടാവസ്ഥയിലായ ഇല്ലത്ത് പാലത്തിലൂടെയുള്ള യാത്ര ആശങ്കയുണർത്തുന്നു. ചോറോട്-ഏറാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലമാണ് വൈക്കിലശ്ശേരി-ഓർക്കാട്ടേരി റോഡിലെ ഇല്ലത്ത് പാലം. പാലത്തിന്റെ ഒരുവശത്തെ കരിങ്കൽത്തൂൺ തകർന്നിട്ട് ദിവസങ്ങളായി. ഇതിനുശേഷം ഭാരംകയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഇതുവഴി പോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും തൂണിന്റെ ബാക്കിഭാഗവും അടർന്നുനിൽക്കുന്നത് ഭീഷണി ഉയർത്തുന്നുണ്ട്. തൂൺ തകർന്നാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കും.

To advertise here,

ദേശീയപാതയിലെ ചോറോടുനിന്ന്‌ ചേന്ദമംഗലം-മലോൽമുക്ക്-വൈക്കിലശ്ശേരി വഴി ഒട്ടേറെ വാഹനങ്ങൾ ഓർക്കാട്ടേരിയിലേക്ക് പോകുന്നത് ഇതുവഴിയാണ്. കൂടാതെ, വൈക്കിലശ്ശേരി റോഡ്-കുരിക്കിലാട് വഴിയും വാഹനങ്ങൾ വരും. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഓർക്കാട്ടേരി, നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട പലരും വടകരയിൽനിന്ന് ഇതുവഴിയാണ് ഓർക്കാട്ടേരിയിലേക്ക് കയറുന്നത്. തിരിച്ചും ഒട്ടേറെ വാഹനങ്ങൾ വടകരയിലേക്ക് പോകും. ചിലസമയങ്ങളിൽ സ്വകാര്യബസുകൾവരെ പോയിരുന്നു. ചരക്കുലോറികൾ പോകുന്നതും പതിവാണ്.

നടക്കുതാഴ-ചോറോട് കനാലിന് കുറുകേയാണ് പാലമുള്ളത്. പാലത്തിന്റെ ഒരുവശത്തെ കരിങ്കൽത്തൂണിന്റെ ഭാഗം തകർന്നുവീണനിലയിലാണ്. ഇതിൽ വിള്ളലുണ്ടെന്നും തൂൺ തകർന്നാൽ പാലം അപകടാവസ്ഥയിലാകുമെന്നും ഏറെക്കാലം മുൻപുതന്നെ പി.ഡബ്ല്യു.ഡി. അധികൃതർക്കുൾപ്പെടെ അറിയാമായിരുന്നെങ്കിലും പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിച്ചില്ല. റോഡ് നവീകരിച്ചെങ്കിലും പാലം ഇതിൽപ്പെട്ടില്ല.

ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് കുട്ടികൾ ദിവസവും പോകുന്ന റോഡായതുകൊണ്ടുതന്നെ രക്ഷിതാക്കളും ആശങ്കയിലാണ്. ഭാരംകയറ്റിയതും വലുതുമായ വാഹനങ്ങൾക്ക് പാലത്തിലൂടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പി.ഡബ്ല്യു.ഡി. മുന്നറിയിപ്പുബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

ഡിസൈൻ വിങ് 28-ന് സ്ഥലത്തെത്തും

പാലം പുതുക്കിപ്പണിയുന്നതിനായി പി.ഡബ്ല്യു.ഡി. നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. മണ്ണുപരിശോധന പൂർത്തിയായി.

പാലത്തിന്റെ രൂപകല്പനയ്ക്കായി ഡിസൈൻ വിഭാഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസൈൻ വിങ് ഉദ്യോഗസ്ഥർ 28-ന് സ്ഥലത്തെത്തി പരിശോധന നടത്തും. ഡ്രോയിങ് കിട്ടിയാൽ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് നൽകാൻ സാധിക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ പറഞ്ഞു. സംഘത്തിന്റെ സന്ദർശനത്തിനുശേഷം എന്തെങ്കിലും താത്കാലിക പരിഹാരനടപടി സ്വീകരിക്കാൻ കഴിയുമോ എന്നും പരിശോധിക്കും.